Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തന്റെ സർക്കാരിനെ മറിച്ചിടാൻ ബിജെപിയുടെ ശ്രമം; കോൺഗ്രസ്, ജനാതാദൾ (എസ്) അംഗങ്ങളെ വിലയ്‌ക്കെടുത്ത് മന്ത്രിസഭയെ വീഴ്‌ത്താൻ ശ്രമിക്കുന്ന 'സൂത്രധാരന്മാർക്കെതിരെ' നടപടിയെടുക്കും; സർക്കാരിനായി ഏത് വെല്ലുവിളിയും സ്വീകരിക്കാൻ ഒരുക്കമാണെന്നും കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി

തന്റെ സർക്കാരിനെ മറിച്ചിടാൻ ബിജെപിയുടെ ശ്രമം; കോൺഗ്രസ്, ജനാതാദൾ (എസ്) അംഗങ്ങളെ വിലയ്‌ക്കെടുത്ത് മന്ത്രിസഭയെ വീഴ്‌ത്താൻ ശ്രമിക്കുന്ന 'സൂത്രധാരന്മാർക്കെതിരെ' നടപടിയെടുക്കും; സർക്കാരിനായി ഏത് വെല്ലുവിളിയും സ്വീകരിക്കാൻ ഒരുക്കമാണെന്നും കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ബിജെപി നേതൃത്വം തന്റെ സർക്കാരിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും ജനതാദൾ(എസ്), കോൺഗ്രസ് അംഗങ്ങളെ വിലയ്‌ക്കെടുത്ത് തന്റെ മന്ത്രിസഭയെ താഴെയിറക്കാൻ ശ്രമിക്കുന്ന ചില സൂത്രധാരന്മാർക്കെതിരെ നിയമ നടപടി എടുക്കുമെന്നും കർണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി അറിയിച്ചു. ഇപ്പോൾ കോൺഗ്രസിൽ ഉണ്ടായിരിക്കുന്ന ആഭ്യന്തര യുദ്ധം മുതലെടുത്ത് കോൺഗ്രസ്, ജനതാദൾ(എസ്) എംഎൽഎമാരെ താമസിപ്പിച്ച് വിലപേശാൻ ചില റിസോർട്ടുകളിൽ സൗകര്യമൊരുക്കുന്നുവെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'സർക്കാരിനായി ഏതു വെല്ലുവിളിയും അഭിമുഖീകരിക്കാൻ ഒരുക്കമാണ്. റിസോർട്ടുകളോ കുടിലുകളോ എന്തു വേണമെങ്കിലും അവർ ഒരുക്കട്ടെ, നേരിടാൻ ഞാൻ ഒരുക്കമാണ്. മുൻകൂറായാണ് പലർക്കും പണം നൽകുന്നത്. കൂടുതലായി ഒന്നും പറയുന്നില്ല, പിന്നീട് നിങ്ങൾക്ക് എല്ലാം വ്യക്തമാകും' - കുമാരസ്വാമി പറഞ്ഞു.സർക്കാരിനെ മറിച്ചിടാൻ ചില 'സൂത്രധാരന്മാർ' രംഗത്തുണ്ടെന്നും കുമാരസ്വാമി ആരോപിച്ചു. എല്ലാം അറിയുന്നുണ്ടെന്നും ഇത്തരം ശ്രമങ്ങൾക്ക് പിന്നിലുള്ളവർ ആരാണെന്നും ഇവർ എവിടെ നിന്നാണ് പണം സ്വരൂപിക്കുന്നതെന്നും വ്യക്തമായ ധാരണയുണ്ടെന്നും പറഞ്ഞ കുമാരസ്വാമി ഇവർക്കെതിരെ നിയമ നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും ശക്തവും സുതാര്യവുമായ ഒരു സർക്കാരിനായി കഴിയാവുന്ന എല്ലാ തീരുമാനവും കൈകൊള്ളുമെന്നും കൂട്ടിച്ചേർത്തു.

അട്ടിമറിക്കു ശ്രമിക്കുന്നവരിൽ ഭാര്യയെയും മകനെയും കൊല്ലാൻ ഒരു കോഫി പ്ലാന്ററെ സഹായിച്ചവരും ഒൻപതു വർഷങ്ങൾക്കു മുമ്പ് ബെംഗളൂരു മുനിസിപ്പൽ ഓഫിസിന് തീവച്ചവരുമുണ്ടെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് ഇവർക്കെതിരെ നടപടിയുണ്ടാകാത്തതെന്ന ചോദ്യത്തിന് ഒരിക്കലും വിജയ സാധ്യതയില്ലാത്ത നീക്കങ്ങൾ ആസ്വദിക്കുകയാണെന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി.അതേസമയം, സർക്കാരിനെ മറിച്ചിടാൻ ശ്രമിക്കുന്നതായുള്ള ആരോപണങ്ങൾ ബിജെപി നിഷേധിച്ചു.

സർക്കാരിനെ മറിച്ചിടാൻ ഉദ്ദേശമില്ല. ആഭ്യന്തര കലഹങ്ങളെ തുടർന്ന് മന്ത്രിസഭ സ്വയം താഴെ വീണാൽ മാത്രമേ സർക്കാരുണ്ടാക്കാൻ ശ്രമിക്കുകയുള്ളൂ. - മുൻ ഉപമുഖ്യമന്ത്രി ആർ. അശോക് പറഞ്ഞു.'സൂത്രധാരന്മാർ' എന്നു പറയാതെ യഥാർഥ പേരുകൾ പുറത്തുപറയാൻ മുഖ്യമന്ത്രിയെ അദ്ദേഹം വെല്ലുവിളിച്ചു. എംഎൽഎമാരെ സ്വാധീനിക്കാൻ വൻതോതിൽ പണമൊഴുക്കാൻ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ കണക്കിലെടുത്ത് ആദായ നികുതി വകുപ്പിനും അഴിമതി വിരുദ്ധ ബ്യൂറോയ്ക്കും പരാതി നൽകുമെന്ന് സർക്കാരിലെ സഖ്യകക്ഷിയായ കോൺഗ്രസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP