Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വസ്ത്ര കച്ചവടക്കാരനെന്താ ഈ വീട്ടിൽ കാര്യം? സണ്ണി ആലപ്പാട്ട് എങ്ങനെ കുസാറ്റ് സിൻഡിക്കേറ്റ് അംഗമായെന്ന് ഹൈബി അനുകൂലികളുടെ ചോദ്യം; കയ്യാങ്കളി വൈസ് ചാൻസലർ നിയമന സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്

വസ്ത്ര കച്ചവടക്കാരനെന്താ ഈ വീട്ടിൽ കാര്യം? സണ്ണി ആലപ്പാട്ട് എങ്ങനെ കുസാറ്റ് സിൻഡിക്കേറ്റ് അംഗമായെന്ന് ഹൈബി അനുകൂലികളുടെ ചോദ്യം; കയ്യാങ്കളി വൈസ് ചാൻസലർ നിയമന സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്

കൊച്ചി: വസ്ത്രക്കച്ചവടവുമായി കഴിഞ്ഞു കൂടുന്നയാൾ, കോൺഗ്രസിൽ സജീവമായി പ്രവർത്തിച്ചും പരിചയമില്ല. ഇങ്ങനെയൊരാൾ ഒരു സുപ്രഭാതത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്)യിൽ സെനറ്റ് അംഗമായി. ഒടുവിൽ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ പോലും നിർണ്ണായക സ്വാധീനം ചെലുത്താൻ പോന്ന ആളായി വളരുകയും ചെയ്തു. ഇത് എങ്ങനെ സംഭവിച്ചു എന്നാണ് ഇന്നലെ തല്ലാൻ തുനിഞ്ഞതോടെ ഹൈബി ഈഡന്റെ അനുകൂലികൾ ചോദിക്കുന്നത്. രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായാണ് സണ്ണി ആലപ്പാട്ട് സെനറ്റ് അംഗമായതെന്നാണ് ഹൈബി പക്ഷക്കാർ പറയുന്നത്.

ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുടെ മുറിക്കു മുന്നിൽ പൊലീസ് നോക്കി നിൽക്കേ ഹൈബി ഈഡൻ എം.എൽ.എയ്ക്കു നേരെ സണ്ണി ആലപ്പാട്ട് കൈയേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിൽ ഉള്ളപ്പോൾ തന്നെയാണ് മുറിക്ക് മുന്നിൽ എം.എൽ.എക്കു നേരെ നടന്ന ആക്രമണശ്രമം നടത്തിയത്.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) വൈസ് ചാൻസലർ നിയമനത്തിനുവേണ്ടിയുള്ള സമിതിയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് എം.എൽ.എയ്‌ക്കെതിരേ രംഗത്തുവരാൻ സിൻഡിക്കേറ്റ് അംഗം കൂടിയായ വ്യാപാരിയെ പ്രേരിപ്പിച്ചത്. സമിതിയിലിടം നേടാൻ ഹൈബി ഈഡൻ തയ്യാറെടുപ്പ് നടത്തുന്നതിനിടെ സണ്ണി ആലപ്പാട്ട് അടക്കമുള്ളവർ രഹസ്യമായി രംഗത്തു വരികയും മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിയെ മത്സരരംഗത്ത് ഇറക്കുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. മുഖ്യമന്ത്രി ഉണ്ടായിരുന്ന രണ്ടാം നമ്പർ മുറിക്ക് പുറത്തു പൊലീസും ജനപ്രതിനിധികളും ചാനൽപടയും നോക്കി നിൽക്കെ സണ്ണി പരസ്യമായി പേര് വിളിച്ച് ഹൈബിയോട് അസഭ്യവർഷം നടത്തുകയായിരുന്നു. തുടർന്ന് സണ്ണിയുടെ സമീപത്തെത്തിയ ഹൈബിയുമായി ബഹളം മുഖ്യമന്ത്രിയുടെ മുറിയുടെ മുമ്പിൽ വാക്കുതർക്കമുണ്ടായി. ഇതിനൊടുവിലായിരുന്നു കൈയേറ്റശ്രമം. പൊലീസും മറ്റു നേതാക്കളും പണിപ്പെട്ടാണ് ഹൈബി യെ സംരക്ഷിച്ച് മാറ്റിയത്. ഗസ്റ്റ്ഹൗസിൽ അഡ്വക്കേറ്റ് ജനറൽ അടക്കമുള്ളവരുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഈ സമയം അവിടെയുണ്ടായിരുന്നു. ബഹളം കേട്ട് മുഖ്യമന്ത്രി പുറത്തുവന്നു.

കുസാറ്റ് വി.സിയെ നിയമിക്കാനായി സിൻഡിക്കേറ്റ് പ്രതിനിധിയായി ഹൈബി ഈഡൻ എം.എൽ.എ, ചീഫ് സെക്രട്ടറി, യു.ജി.സി. അംഗം എന്നിവരെ ഉൾപ്പെടുത്തിയ കമ്മിറ്റി മുമ്പു രൂപീകരിച്ചിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പ് വന്നതോടെ കമ്മിറ്റിക്ക് യോഗം ചേരാനായില്ല. കാലാവധി അവസാനിച്ചതോടെ യു.ജി.സി. അംഗം കമ്മിറ്റിയിൽനിന്ന് പിന്മാറി. നേരത്തെ സിൻഡിക്കേറ്റ് പ്രതിനിധിയായി മത്സരിക്കാൻ സണ്ണി ആലപ്പാട്ടും ഹൈബി ഈഡനും പത്രിക നൽകുകയും ഹൈബിയുടെ പത്രിക തള്ളുകയും ചെയ്തിരുന്നു. എന്നാൽ പ്രോ വി.സി. പ്രത്യേക അധികാരത്തിലൂടെ ഈ പത്രിക സ്വീകരിക്കാൻ ഉത്തരവിട്ടു. ഈ സാഹചര്യങ്ങളെല്ലാമാണ് സംഘർഷങ്ങൾക്ക് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP