Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസിൽ വീണ്ടും കരുണാകര കൂട്ടായ്മ; സംഘടന പിടിക്കാൻ ഗ്രൂപ്പ് പ്രവർത്തനം ശക്തമാക്കാൻ തീരുമാനം; രമേശ് ചെന്നിത്തലയെ നേതാവായി അംഗീകരിച്ച് മുരളീധരനും പത്മജയും യോഗത്തിൽ

കോൺഗ്രസിൽ വീണ്ടും കരുണാകര കൂട്ടായ്മ; സംഘടന പിടിക്കാൻ ഗ്രൂപ്പ് പ്രവർത്തനം ശക്തമാക്കാൻ തീരുമാനം; രമേശ് ചെന്നിത്തലയെ നേതാവായി അംഗീകരിച്ച് മുരളീധരനും പത്മജയും യോഗത്തിൽ

തിരുവനന്തപുരം: കെ കരുണാകരന്റെ വികാരം നിലനിർത്തി മക്കളും ശിഷ്യന്മാരും കൈകോർക്കുന്നു. സംഘടനാ സംവിധാനം തിരിച്ചുപിടിക്കാൻ ഇത് അനിവാര്യമാണെന്ന തിരിച്ചറിവാണ് കരുണാകര അനുകൂലകളെ എല്ലാം ഒരുമിപ്പിക്കുന്നത്. ഗ്രൂപ്പ് യോഗങ്ങൾ പാടില്ലെന്ന കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ നിലപാടിനെ പരസ്യമായി വെല്ലുവിളച്ച് കൂടിയാണ് ഗ്രൂപ്പ് യോഗം നടന്നത്.

സംഘടനാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് കോൺഗ്രസിലെ പുതിയ ധ്രുവീകരണം. വി എം. സുധീരന്റെ ശക്തമായ നേതൃത്വത്തിലേക്ക് പുതിയ നേതാക്കൾ എത്തുന്നതിന്റെ ആശങ്കയും ഈ നീക്കത്തിനു പിന്നിലുണ്ട്. ഗ്രൂപ്പാണ് പാർട്ടിയുടെ ശക്തിയെന്നാണ് ഐ വിഭാഗത്തിന്റെ നിലപാട്. ഗ്രൂപ്പ് നേതാക്കൾ ഒത്തു ചേരുന്നത് അച്ചടക്ക ലംഘനമല്ലെന്നും വിശദീകരിക്കുന്നു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാകും ഗ്രൂപ്പിന്റെ നായകൻ. കരുണാകരന്റെ മക്കളായ കെ.മുരളീധരനും പത്മജാ വേണുഗോപാലും പാർട്ടിയിൽ മേൽകോയ്മ നേടാനുള്ള ഐ ഗ്രൂപ്പിന്റെ കൂട്ടായ്മയിൽ സജീവമാണ്. ഇതോടെ വിശാല ഐ ഗ്രൂപ്പ് എന്നത് ഐ ഗ്രൂപ്പ് ആയി മാറി. ഗ്രൂപ്പ് നേതാവായി രമേശ് ചെന്നിത്തലയെ അംഗീകരിച്ചു. വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്ത് നടന്ന ഗ്രൂപ്പ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. യുഡിഎഫ് കൺവീനർ പിപി തങ്കച്ചൻ അധ്യക്ഷനായ യോഗത്തിൽ മന്ത്രിമാരുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.

ധ്രൂവീകരണത്തിന്റെ ഭാഗമായി നാലാം ഗ്രൂപ്പും ഐ-യിലെത്തും. കരുണാകരന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ച് മുന്നോട്ടു പോകാനാണ് ഗ്രൂപ്പ് തീരുമാനം. ഗ്രൂപ്പിന്റെ ശക്തി കാണിക്കാനും യോഗത്തിൽ തീരുമാനമായി. സംഘടന തിരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തിലാണ് ഐ ഗ്രൂപ്പ് പുനഃസംഘടിപ്പിക്കാനുള്ള നീക്കം. ഒപ്പം വി എം. സുധീകരന്റെ നേതൃത്വത്തിലേക്ക് പുതിയ നേതാക്കൾ എത്തുന്നത് തടയാനുമാണ് നീക്കം. വിവിധ തലത്തിൽ ഭിന്നിച്ചതിനാൽ വലിയ സ്ഥാനങ്ങൾ കിട്ടുന്നില്ലെന്ന് ഐ ഗ്രൂപ്പ് നേതാക്കൾ വിലയിരുത്തു. കെഡിടിസി ചെയർമാൻ വിജയൻ തോമസിന്റെ വീട്ടിലായിരുന്നു യോഗം. 

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് ശക്തമാണ്. വി എം സുധീരൻ കെപിസിസി പ്രസിഡന്റായതോടെ ഒരു വിഭാഗം നേതാക്കൾ ആ പക്ഷത്തുമെത്തി. ഐ ഗ്രൂപ്പിൽ നിന്നാണ് സുധീരനെ അനുകൂലിക്കുന്നവർ എത്തുന്നത്. ഈ സാഹചര്യത്തിൽ ഗ്രൂപ്പ് ശക്തമായാൽ മാത്രമേ പിടിച്ചു നിൽക്കാനാകു എന്ന് ഐ വിഭാഗം തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെയാണ് ശക്തികാട്ടി കരുണാകരനോട് അടുപ്പമുള്ളവരെ അടുപ്പിച്ച് നിർത്താൻ രമേശ് ചെന്നിത്തലയും കൂട്ടരും ശ്രമിക്കുന്നത്.

മുരളീധരനും പത്മജയുമടക്കമുള്ളവരുടെ പിന്തുണ ഉറപ്പാക്കിയാണ് രമേശ് ചെന്നിത്തല ഗ്രൂപ്പിന്റെ തലപ്പത്ത് എത്തുന്നത്. എല്ലാ ജില്ലകളിലും ഗ്രൂപ്പിനെ നിയന്ത്രിക്കാൻ നേതാവുണ്ടാകും. പുനഃസംഘടനയിൽ നേട്ടമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. സർക്കാരിനെ വിമർശിക്കാതെയാകും പ്രവർത്തനം. കെപിസിസിയുടെ പ്രവർത്തനങ്ങളോടും സഹകരിക്കും. അച്ചടക്കം ലംഘിക്കാതെ തന്നെ ഗ്രൂപ്പ് പ്രവർത്തനം സജീവമാക്കി നേതൃത്വം പിടിച്ചെടുക്കാനാണ് രമേശ് ചെന്നിത്തലയുടെ ലക്ഷ്യം.

എല്ലാ ജില്ലകളിലും സമാന യോഗങ്ങൾ വിളിക്കും. പാർട്ടിക്കുള്ളിൽ ഒന്നിച്ച് നിൽക്കേണ്ട ആവശ്യകത സാധാരണ പ്രവർത്തകരേയും ബോധ്യപ്പെടുത്തും. ഗ്രൂപ്പിലെ നേതാക്കൾക്കെതിരെ ഉയരുന്ന വിമർശനങ്ങളെ ഒറ്റക്കെട്ടായി നേരിടാനും ഐ ഗ്രൂപ്പ് യോഗത്തിൽ ധാരണയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP