Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോജി ജോൺ എംഎൽഎയ്ക്ക് എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവം; താൻ എന്തു പദ്ധതി തുടങ്ങിയാലും വാർത്താ സമ്മേളനം നടത്തി അതിന്റെ ക്രെഡിറ്റ് സ്വന്തമാക്കുന്നു; സഹികെട്ട് അങ്കമാലി എംഎൽഎയ്‌ക്കെതിരേ പരാതി ഉന്നയിച്ച് ഇന്നസെന്റ് എംപി

റോജി ജോൺ എംഎൽഎയ്ക്ക് എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവം; താൻ എന്തു പദ്ധതി തുടങ്ങിയാലും വാർത്താ സമ്മേളനം നടത്തി അതിന്റെ ക്രെഡിറ്റ് സ്വന്തമാക്കുന്നു; സഹികെട്ട് അങ്കമാലി എംഎൽഎയ്‌ക്കെതിരേ പരാതി ഉന്നയിച്ച് ഇന്നസെന്റ് എംപി

അങ്കമാലി: താൻ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ജനപ്രിയ പദ്ധതികളുടെ ക്രെഡിറ്റ് മുഴുവൻ അടിച്ചെടുക്കാൻ അങ്കമാലി എംഎൽഎ റോജി എം. ജോൺ രാഷ്ട്രീയമര്യാദയില്ലാത്ത കളി കളിക്കുന്നതായി ചാലക്കുടി എംപി ഇന്നസെന്റ്. തനിക്ക് യാതൊരു ബന്ധവുമില്ലാത്ത പദ്ധതികളെക്കുറിച്ച് വാർത്താസമ്മേളനം വിളിച്ച് ജനങ്ങളെ അറിയിക്കുന്ന റോജി എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവമാണു കാണിക്കുന്നതെന്ന് ഇന്നസെന്റിന്റെ വിശ്വസ്തർ പറഞ്ഞു.

ജാതി കർഷകർക്കായി ആവിഷ്‌കരിച്ച നട്‌മെഗ് പാർക്കും അങ്കമാലിയിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനായുള്ള ബൈപാസ് നിർമ്മാണവും അതിരപ്പള്ളി ടൂറിസം സർക്യൂട്ടുമെല്ലാം തന്റെ പദ്ധതിയെന്ന നിലയിലാണ് എംഎൽഎ അവതരിപ്പിക്കുന്നത്. കേന്ദ്രപദ്ധതിയായ ടൂറിസം സർക്യൂട്ടിന്റെ ക്രെഡിറ്റുപോലും എംഎൽഎ ശ്രമിക്കുന്നു.

പദ്ധതികൾ നേരത്തെ ആരംഭിച്ചതാണെന്ന കാര്യം ജനങ്ങൾക്കറിയാവുന്നതാണെന്നും ഇതിന്റെ പേരിൽ അർഹിക്കാത്ത അവകാശവാദങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ മര്യാദയ്ക്ക് ചേർന്നതല്ലെന്നുമാണ് ഇന്നസെന്റിന്റെ നിലപാട്. പദ്ധതികളുടെ 90 ശതമാനവും കഴിയുമ്പോഴാണ് അവകാശവാദം ഉന്നയിച്ചുള്ള എഎംഎൽയുടെ വാർത്താസമ്മേളനങ്ങൾ. എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവമാണ് എംഎൽഎക്ക്. താൻ ചെയ്യാത്ത കാര്യങ്ങൾക്ക് അവകാശ വാദം ഉന്നയിക്കുന്നു. അൽപ്പമെങ്കിലും മാന്യതയും രാഷ്ട്രീ മര്യാദയും ഉണ്ടെങ്കിൽ ഇത് അവസാനിപ്പിക്കണമെന്ന് ഇന്നസെന്റ് ആവശ്യപ്പെടുന്നു.

അങ്കമാലിയിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനായി ബൈപാസ് നിർമ്മിക്കാനുള്ള
ഇന്നസെന്റ് എംപിയുടെ പദ്ധതിയുടെ അവകാശവാദമാണ് റോജി ജോൺ ആദ്യം ഉന്നയിച്ചത്. അങ്കമാലിയിലെ മുൻ എംഎൽഎ ജോസ് തെറ്റയിൽ ബൈപാസിനായി ശ്രമങ്ങൾ നടത്തിയിരുന്നു. പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് പദ്ധതി ചർച്ചകൾ വീണ്ടും സജീവമായത്. പദ്ധതിയുമായി ബന്ധപ്പെട്ട് എംപി നൽകിയ നിവേദനം പരിഗണിച്ച സർക്കാർ പദ്ധതിക്കായി ബജറ്റിൽ തുക വിലയിരുത്തിയിട്ടുമുണ്ട്. എന്നാൽ ഈ പദ്ധതി തന്റേതാണെന്നായിരുന്നു റോജി ജോണിന്റെ അവകാശ വാദമെന്ന് ഇന്നസെന്റിന്റെ അനുയായികൾ ചൂണ്ടിക്കാട്ടുന്നു.

പിന്നീട് അതിരപ്പിള്ളി മുതൽ കോടനാട് വരെ നീണ്ടുനിൽക്കുന്ന എംപിയുടെ ടൂറിസം സർക്യൂട്ട് പദ്ധിയുടെ ക്രെഡിറ്റിന് വേണ്ടിയും എംഎൽഎ വാർത്താ സമ്മേളനം നടത്തി. ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയിണക്കുന്നതാണ് പദ്ധതി. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാ സൗകര്യം വർധിപ്പിക്കുകയും വഴിയോര വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കുകയും പദ്ധതിയുടെ ഭാഗമാണ്. ആലുവ, അങ്കമാലി, പെരുമ്പാവൂർ, ചാലക്കുടി എന്നീ നാല് നിയമസഭാ മണ്ഡലങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് പദ്ധതിക്ക് കീഴിൽ. കേന്ദ്രപദ്ധതിയായിട്ടാണ് ഇത് നടപ്പാക്കുന്നത്.

2015ൽ ഇന്നസെന്റ് എംപി കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശർമ്മയ്ക്ക് പദ്ധതി സംബന്ധിച്ച നിവേദനവും പ്രൊജക്ടും നൽകി. അന്ന് റോജിയല്ല, ജോസ് തെറ്റയിലാണ് അങ്കമാലി എംഎൽഎ. കേന്ദ്രപദ്ധതിയാണ് ടൂറിസം സർക്യൂട്ട് നടപ്പാക്കുന്നതും. ഇതറിഞ്ഞിട്ടും പദ്ധതി തന്റേതാണെന്നാണ് റോജിയുടെ അവകാശവാദം.

ജാതികർഷകർക്കുള്ള എംപിയുടെ നട്മെഗ് പദ്ധതിക്കാണ് പുതുതായി എംഎൽഎ അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. 2014ലാണ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങളുടെ തുടക്കം. അന്ന് എൻഎസ്യു ഓൾ ഇന്ത്യ ഭാരവാഹി ആയിരുന്നു റോജി. നിയമസഭാ തെരഞ്ഞെടുപ്പിലാണ് റോജി അങ്കമാലിയിൽ സജീവമാകുന്നത് തന്നെ. നിരവധി തുടർപ്രക്രിയകൾക്കൊടുവിൽ നട്മെഗ് പദ്ധതിയിൽ ഏതാണ്ട് തീരുമാനമായെന്ന് കണ്ടപ്പോൾ എംഎൽഎ പതിവ് പോലെ ക്രെഡിറ്റിനായി രംഗത്തെത്തി. മണ്ഡലത്തിലെ മറ്റു കോൺഗ്രസ് എംഎൽഎമാർ കാട്ടുന്ന രാഷ്ട്രീയ മര്യാദ ഇനിയെങ്കിലും കാട്ടാൻ റോജി ജോൺ തയ്യാറാകണമെന്നും ഇന്നസെന്റ് ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP