Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജ്യത്തെ ഏറ്റവും മികച്ച പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട ഇരവിപേരൂരിൽ സിപിഎം ഭരണ നേതൃത്വത്തിൽ തമ്മിലടി; പിൻസീറ്റ് ഡ്രൈവിങിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ്; നടക്കില്ലെന്ന് വനിതാ പ്രസിഡന്റ്; ദുരിതാശ്വാസകിറ്റ് വിതരണത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി പ്രസിഡന്റിന്റെ തുറന്നു പറച്ചിൽ

രാജ്യത്തെ ഏറ്റവും മികച്ച പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട ഇരവിപേരൂരിൽ സിപിഎം ഭരണ നേതൃത്വത്തിൽ തമ്മിലടി; പിൻസീറ്റ് ഡ്രൈവിങിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ്; നടക്കില്ലെന്ന് വനിതാ പ്രസിഡന്റ്; ദുരിതാശ്വാസകിറ്റ് വിതരണത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി പ്രസിഡന്റിന്റെ തുറന്നു പറച്ചിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: രാജ്യത്തെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള പ്രധാനമന്ത്രിയുടെ അവാർഡ് നേടിയതാണ് ഇരവിപേരൂർ. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് സിപിഎം നേതാവ് അഡ്വ എൻ രാജീവ് പ്രസിഡന്റ് ആയിരിക്കുമ്പോഴായിരുന്നു ഈ നേട്ടം. അതൊക്കെ കൊണ്ടു തന്നെ ഇക്കുറിയും സിപിഎം പഞ്ചായത്ത് ഭരണം നിലനിർത്തി. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായിരുന്നതിനാൽ മുൻ പ്രസിഡന്റ് എൻ രാജീവിന് വൈസ് പ്രസിഡന്റാകേണ്ടിയും വന്നു.

കഴിഞ്ഞ തവണത്തെ പ്രസിഡന്റ് സ്ഥാനത്തിന്റെ ഹാങ് ഓവറിൽ നിന്ന് രാജീവ് ഭരണം നിയന്ത്രിക്കാൻ ശ്രമിച്ചതോടെ ഇപ്പോഴത്തെ പ്രസിഡന്റ് ഗീതാ അനിൽകുമാർ ഇടഞ്ഞു. രാജീവിനും സിപിഎമ്മിനുമെതിരേ ഗുരുതര ആരോപണങ്ങളുമായി അവർ രംഗത്തു വന്നു. ഇതോടെ ഇരവിപേരൂരിൽ സിപിഎമ്മിൽ തമ്മിലടി കൊഴുക്കുകയാണ്. സിപിഎമ്മിലെ ചേരിപ്പോര് പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിയിലേക്കെത്തുമെന്നാണ് സൂചന. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇരവിപേരൂരിൽ കണ്ണൂർ ലോബി പോലെ ഒരു നന്നൂർ ലോബിയുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഇതാകട്ടെ മുൻ ജില്ലാ സെക്രട്ടറിയും ഇപ്പോൾ സംസ്ഥാന സമിതിയംഗവുമായ കെ അനന്തഗോപൻന്റെ അനുയായികളോ ബന്ധുക്കളോ ആണ്.

മുൻ ഏരിയ സെക്രട്ടറി കൂടിയായ അജയകുമാറിന്റെ ആശിർവാദത്തോടെ ഇരവിപേരൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്ന് മത്സരിച്ച് വിജയിച്ച ഗീത അനിൽകുമാറാണ് ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ്. മുൻ പ്രസിഡന്റും ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമായ എൻ രാജീവുമായി മുൻ ഏരിയ സെക്രട്ടറി അജയകുമാറിന് ദീർഘനാളായി നിലനിൽക്കുന്ന പടലപിണക്കങ്ങളാണ് ഇപ്പോൾ പുറത്തുവരുന്ന വിവാദങ്ങൾക്ക് പിന്നിലെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. പഞ്ചായത്തിലെ ദുരിതാശ്വാസ കിറ്റ് വിതരണത്തിൽ അഴിമതിയുണ്ടെന്നും ഒരു വാർഡിലും സാധനങ്ങൾ കൊടുത്തില്ലെന്നുമുള്ള ആരോപണവുമായി പ്രസിഡന്റ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം.

ബിജെപിയും കോൺഗ്രസും പ്രസിഡന്റിന്റെ ആരോപണം ഏറ്റ് പിടിച്ച് രാഷ്ട്രീയ ആയുധമാക്കി മാറ്റിയതോടെ ഏരിയ കമ്മിറ്റി കൂടി ഇപ്പോഴത്തെ ഏരിയ സെക്രട്ടറി പി സി സുരേഷ് ഉൾപ്പെടെയുള്ളവർ പ്രസിഡന്റ് രാജിവയ്ക്കണമെന്ന് നിർദ്ദേശം കമ്മിറ്റിയിൽ വച്ചു. ഇതിനെ മുൻ സെക്രട്ടറിയും പിന്തുണച്ചെങ്കിലും തുടർ നടപടിക്ക് മുൻപ് തന്നെ ഗീത അനിൽകുമാർ രാജിക്ക് സന്നദ്ധതയറിച്ചെന്ന മട്ടിൽ അഴിമതി ആരോപണങ്ങൾ എഴുതി നൽകി. എന്നാൽ ആരോപണങ്ങൾ പാർട്ടിയോ വിജിലൻസോ പൊലീസോ അന്വേഷിച്ച് നിജ സ്ഥിതി ബോധ്യപ്പെടട്ടെ എന്ന നിലപാടാണ് വൈസ് പ്രസിഡന്റും ഏരിയ കമ്മിറ്റി അംഗവുമായ രാജീവ് സ്വീകരിച്ചത്. അല്ലെങ്കിൽ താൻ രാജി വയ്ക്കുമെന്ന് രാജീവ് യോഗത്തെ അറിയിച്ചു.

ഗവ. ആശുപത്രിയിൽ എത്തിയതും അവിടെ സൂക്ഷിച്ചതുമായ മരുന്നുകൾ സർക്കാർ നൽകിയതല്ല. തന്റെ സുഹൃത്തുക്കൾ നൽകിയതാണ്. അത് മറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതുപോലെ വിതരണം ചെയ്യാനുള്ളതല്ല. മെഡിക്കൽ ക്യാമ്പുകൾക്കുള്ളതാണെന്നും രാജീവ് യോഗത്തെ അറിയിച്ചു. മാത്രമല്ല വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രസിഡന്റ് എന്നാണ് എത്തിയതെന്ന് അന്വേഷിക്കണമെന്നും നിർദ്ദേശിച്ചു. ഒൻപതാം വാർഡിലെ ദുരിതാശ്വാസ ക്യാമ്പു നടക്കുന്ന രണ്ടുനില വീട്ടിലെത്തി പഞ്ചായത്ത് പ്രസിഡന്റ് ക്യാമ്പിലുള്ളവരെ പരിഹസിച്ചതും മറ്റൊരു വിവാദമായി മാറി. ഇക്കാര്യത്തിൽ ഒൻപതാം വാർഡ് അംഗം കൂടിയായ സിപിഐ അംഗം പരാതിപ്പെട്ടു.

ഗീതയുടെ ഭർത്താവ് അനിൽകുമാർ അറ്റൻഡറായി ജോലി ചെയ്യുന്ന സഹകരണ ബാങ്കിന്റെ പ്രസിഡന്റ് കൂടിയാണ് മുൻ ഏരിയ സെക്രട്ടറി അജയകുമാർ. അതിനാൽത്തന്നെ പഞ്ചായത്ത് പ്രസിഡന്റിന്റെ ഗോഡ് ഫാദർ കൂടിയായ അജയകുമാർ അറിയാതെ ഇത്തരം വിഭാഗീയ പ്രവണതകളുണ്ടാവില്ലെന്നാണ് മറുപക്ഷത്തിന്റെ വാദം. അടുത്ത തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് പദവി ലക്ഷ്യമിട്ടുള്ള നീക്കമാണ് അജയകുമാർ നടത്തുന്നതെന്നാണ് ഇവരുടെ വാദം. കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് അപ്പോൾ പ്രസിഡന്റായിരുന്ന രാജീവ് സംഘപരിവാറിന്റെ ആളാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ഇത് ഇപ്പോഴും ഒരു വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്. നരേന്ദ്ര മോദിയിൽ നിന്ന് അവാർഡ് വാങ്ങുന്ന ചിത്രമാണ് ഇതിനായി ഉപയോഗിച്ചത്. അവാർഡിനെ തുടർന്ന് സംഘപരിവാറുമായുണ്ടായ തർക്കത്തിൽ രാജീവ് മൗനം പാലിച്ചെന്നും അവർ പറയുന്നു.

എന്തായാലും പ്രസിഡന്റുയർത്തിയ തർക്കങ്ങൾ അവരുടെ കസേര തെറിപ്പിക്കുമെന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞു.  ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി അംഗമായ ഗീത അനിൽകുമാറിന്റെ കുടുംബം പരമ്പരാഗതമായി സിപിഎമ്മുകാരാണ്. എന്നാൽ, പാർട്ടിയിലെ ഒരുവിഭാഗം ഇവർക്കെതിരെ പഞ്ചായത്ത് തിരഞ്ഞെടുപ്പു മുതൽതന്നെ രംഗത്ത് വന്നിരുന്നു. ഈ എതിർപ്പുകളെ അവഗണിച്ചാണ് ലോക്കൽ കമ്മിറ്റി ഗീതയെ പ്രസിഡന്റാക്കിയത്. പാർട്ടിക്കാരാനായ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ അടുത്തകാലത്ത് ഫേസ്‌ബുക് പോസ്റ്റിട്ടതിന്റെ വിരോധമാണ് ഗീതയ്ക്കെതിരെയുള്ള നീക്കത്തിനുപിന്നിലുള്ളതെന്നും ഇതിന് ചില നേതാക്കളുടെ പിന്തുണയുണ്ടെന്നും പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP