Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചാരക്കേസ് കെട്ടിച്ചമച്ച പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് മുരളിയും പത്മജയും; കരുണാകര വികാരം ഉയർത്തി ഐ ഗ്രൂപ്പിനെ പുനർജീവിപ്പിക്കാൻ ശ്രമം തുടങ്ങി

ചാരക്കേസ് കെട്ടിച്ചമച്ച പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് മുരളിയും പത്മജയും; കരുണാകര വികാരം ഉയർത്തി ഐ ഗ്രൂപ്പിനെ പുനർജീവിപ്പിക്കാൻ ശ്രമം തുടങ്ങി

തിരുവനന്തപുരം: ചാരക്കേസ് കെട്ടിച്ചമച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് കെ മുരളീധരൻ എംഎൽഎയും പത്മജ വേണുഗോപാലും ആവശ്യപ്പെട്ടു. ചാരക്കേസ് കെട്ടിച്ചമച്ചതാണ്. അതിന് പിന്നിലുള്ളവരെ ശിക്ഷിക്കണം. സത്യം ബോധ്യപ്പെടണമെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും മുരളീധരൻ പറഞ്ഞു. പുനരന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്നും കെ മുരളീധരൻ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥർ മറ്റാരുടെയോ ചട്ടുകമായി പ്രവർത്തിക്കുകയായിരുന്നുവെന്ന് പത്മജാ വേണുഗോപാൽ പറഞ്ഞു. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്താലേ സത്യം പുറത്തുവരൂ. ഇതു സംബന്ധിച്ച് മുരളീധരൻ നൽകിയ കത്തിൽ രണ്ട് കൊല്ലമായിട്ടും നടപടി എടുക്കാത്തത് ന്യായീകരിക്കാനാവില്ലെന്നും പത്മജ പറഞ്ഞു. സംഭവം നടന്ന് പതിനഞ്ച് കൊല്ലം കഴിഞ്ഞെന്ന് കരുതി കുറ്റം കുറ്റമല്ലാതാകുന്നില്ല. ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് ഇനിയെങ്കിലും സർക്കാർ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ചാരക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്ന സർക്കാർ തീരുമാനം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. നടപടി എടുക്കുന്ന കാര്യത്തിൽ മൂന്ന് മാസത്തിനകം നിലപാട് അറിയിക്കാനും കോടതി നിർദ്ദേശിച്ചിരുന്നു.

കരുണാകര സ്മൃതികൾ സജീവമാക്കി ഐ ഗ്രൂപ്പ് ഒരുമിച്ചത് കഴിഞ്ഞ ദിവസമാണ്. ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങളേയും സുധീരന്റെ പ്രതിച്ഛായയേയും മറികടക്കാൻ കരുണാകരൻ തന്നെയാകും മികച്ച ആയുധമെന്നാണ് യോഗം വിലയിരുത്തിയത്. അതിന് തൊട്ടടുത്ത ദിവസം തന്നെയാണ് ഐ ഗ്രൂപ്പിന് ഗുണമായി ചാരക്കേസിൽ ഹൈക്കോടതി വിധി വന്നത്.

ചാരക്കേസിൽ എ ഗ്രൂപ്പും ഉമ്മൻ ചാണ്ടിയും കരുണാകരനെ കുടുക്കിയതാണെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. പല നേതാക്കളും ഈ സൂചന നൽകി. നമ്പി നാരായണനെ കുറ്റവിമുക്തനാക്കുന്ന സിബിഐ റിപ്പോർട്ട് വന്നപ്പോൾ അമർഷം പുകഞ്ഞു. പിന്നെയാണ് നഷ്ടപരിഹാരം നൽകണമെന്ന കോടതി വിധി വന്നത്. അതും കരുണാകരന്റെ മകനായ മുരളീധരൻ ഏറ്റെടുത്തു. ഒടുവിൽ ഹൈക്കമാണ്ട് ഇടപെട്ടാണ് വിമർശനങ്ങൾ മുരളി അവസാനിപ്പിച്ചത്. അന്ന് ഐ ഗ്രൂപ്പിന് ഏകീകൃത സ്വഭാവമില്ലായിരുന്നു.

എന്നാൽ ഇന്ന് ഐ ഗ്രൂപ്പ് ഒറ്റക്കെട്ടാണ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തെ മുരളിയും പത്മജയും അടക്കമുള്ളവർ അംഗീകരിക്കുന്നു. അതുകൊണ്ട് തന്നെ ചാരക്കേസിലെ പുതിയ ഹൈക്കോടതി ഉത്തരവ് ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഐഎസ്ആർഒ ചാരക്കേസിൽ സിബി മാത്യൂസുൾപ്പെടെ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്നു വച്ച സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കി. പൊലീസുദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയ തീരുമാനം സർക്കാർ പുനപ്പരിശോധിച്ച് മൂന്നുമാസത്തിനകം പുതിയ ഉത്തരവിറക്കണമെന്നും ആശ്യപ്പെടുന്നു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ചാരക്കേസിന്റെ പ്രസക്തി തിരിച്ചറിഞ്ഞാണ് നടപടി ആവശ്യപ്പെട്ട് കരുണാകരന്റെ മക്കളായ കെ മുരളീധരനും പത്മജാ വേണുഗോപാലും വീണ്ടും രംഗത്ത് എത്തുന്നത്. മുരളിയും പത്മജയും ഇക്കാര്യം പറയുമ്പോൾ രമേശ് ചെന്നിത്തലയ്ക്ക് തള്ളിക്കളയാനും പറ്റില്ല. ഐ ഗ്രൂപ്പിന്റെ പ്രധാന നേതാക്കളാണ് കരുണാകരന്റെ രണ്ട് മക്കളും. അതിനാൽ മന്ത്രിസഭയിൽ പൊലീസുകാർക്കെതിരായ നടപടിക്കായി വാദിക്കാൻ രമേശ് ചെന്നിത്തല നിർബന്ധിതമാകും. ഇതിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പരസ്യമായി പ്രതിരോധിക്കാനും കഴിയില്ല. അതുകൊണ്ട് തന്നെ സിബി മാത്യൂസ് അടക്കമുള്ള ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉറപ്പിക്കാൻ കഴിയുമെന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തൽ.

ഉദ്യോഗസ്ഥർക്കെതിരായ കോടതി വിധിയിൽ സർക്കാർ അപ്പീലന് പോകരുതെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. ഇതു തന്നെയാകും മന്ത്രിസഭയിൽ രമേശ് ചെന്നിത്തല വ്യക്തമാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP