Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലീഗ് മുഖപത്രം വിമത പ്രസിഡന്റിന്റെയും ഔദ്യോഗിക പ്രസിഡന്റിന്റെയും പടം ഒരുപോലെ പ്രസിദ്ധീകരിച്ചു; കൊച്ചിയിൽ ലീഗ് മണ്ഡലം കമ്മിറ്റിയിൽ കൂട്ടത്തല്ല്; മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ തട്ടകത്തിൽ പാളയത്തിൽ പട

ലീഗ് മുഖപത്രം വിമത പ്രസിഡന്റിന്റെയും ഔദ്യോഗിക പ്രസിഡന്റിന്റെയും പടം ഒരുപോലെ പ്രസിദ്ധീകരിച്ചു; കൊച്ചിയിൽ ലീഗ് മണ്ഡലം കമ്മിറ്റിയിൽ കൂട്ടത്തല്ല്; മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ തട്ടകത്തിൽ പാളയത്തിൽ പട

കൊച്ചി : മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ തട്ടകത്തിൽ മുസ്ലിം ലീഗ് ഭാരവാഹികളുടെ കൂട്ടത്തല്ല്. പഴയ ഗ്രൂപ്പ് നേതാവ് ടി എ അഹമ്മദ് കബീർ പോര് മതിയാക്കി രംഗം വിട്ടെങ്കിലും അണികളിൽ പോരാട്ടവീര്യം കെട്ടടങ്ങിയില്ലെന്നുള്ളതിന്റെ തെളിവാണ് ഇപ്പോഴത്തെ തെരുവുയുദ്ധത്തിനു കാരണം.

ലീഗിൽ വിഭാഗീയതയ്ക്ക് തുടക്കമിട്ട കൊച്ചിയിൽ വീണ്ടും ഗ്രൂപ്പുയുദ്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. നേരത്തെ മന്ത്രി ഇബ്രാഹിം കുഞ്ഞും ടി എ അഹമ്മദ് കബീർ എം എൽ എയും തമ്മിലായിരുന്നു വിഭാഗീയ പോരാട്ടം. സീനിയർ നേതാവായ കബീറിനെ ഒതുക്കിയാണ് ഇബ്രാഹിം കുഞ്ഞ് പാർട്ടിൽ അജയ്യനായത്. ആദർശ രാഷ്ട്രീയത്തിൽ ഉറച്ചുനിന്ന കബീറിന് ഏറെനാൾ ഇബ്രാഹിം കുഞ്ഞിനു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ഇതിനിടെ കിങ് മേക്കറായ കുഞ്ഞാലിക്കുട്ടിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി ഇബ്രാഹിംകുഞ്ഞ് പേരെടുത്തു കഴിഞ്ഞിരുന്നു.

തന്റെ നീക്കങ്ങൾ ഇനി ക്ലച്ച് പിടിക്കില്ലെന്നു കണ്ട കബീർ മനംമടുത്തുകൊച്ചിവിട്ട് മലബാറിലേക്ക് കുടിയേറുകയായിരുന്നു. മലബാറിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ ചേരിയിൽ സജീവമായ കബീറിന് ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം എം എൽ എ പദം ലഭിച്ചു. ഇതോടെ പ്രമുഖ പ്രാസംഗികനും ചിന്തകനും വിദ്യാസമ്പന്നനുമായ കബീറിനെ വിദ്യാഭ്യാസ മന്ത്രിയാക്കണമെന്ന ആവശ്യം ലീഗിൽ ശക്തമായി. കുഞ്ഞാലിക്കുട്ടി - ഇബ്രാഹിം കുഞ്ഞ് കൂട്ടുകെട്ട് നിലനിൽക്കുന്നിടത്തോളം മന്ത്രി പദം ലഭിക്കില്ലെന്ന് അറിയാവുന്ന കബീർ പക്ഷേ അണികളുടെ ആവേശം ഇല്ലാതാക്കാൻ തയ്യാറായില്ല.

ചുണ്ടിനും സ്പൂണിനും ഇടയിൽ കബീറിനെ ഇബ്രാഹിം കുഞ്ഞ് വെട്ടി. പാർട്ടിയിൽ ഉൾപ്പോര് വളർത്തേണ്ടെന്ന് സ്വയം തീരുമാനിച്ച കബീർ രംഗത്തുനിന്നും വിടവാങ്ങിയെങ്കിലും ഒപ്പം നിന്നവർ ഗ്രൂപ്പ് വിട്ടിരുന്നില്ല. കബീറിനെ മനസിൽ ധ്യാനിച്ച് ഗ്രൂപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കിയവരാണ് ഇപ്പോഴത്തെ പെരുവഴി തല്ലിന് നേതൃത്വം നൽകുന്നത്. മുസ്ലിം ലീഗ് മട്ടാഞ്ചേരി മണ്ഡലം കമ്മറ്റിക്കുള്ളിലെ രൂക്ഷമായ വിഭാഗീയതയാണ് ഇന്നലെ കൂട്ടത്തല്ലിൽ കലാശിച്ചത്. 24ന് ചേർന്ന 13-ാം ഡിവിഷൻ ലീഗ് കമ്മറ്റി ഓഫിസിലാണ് ഇരു വിഭാഗങ്ങൾ തമ്മിൽ കൊമ്പുകോർത്തത്. സംഘർഷത്തെ തുടർന്ന് ഡിവിഷൻ സെക്രട്ടറി ഉൾപ്പെടെ മൂന്നു പേർക്ക് മർദ്ദനമേറ്റു. ടി കെ സിദ്ധീഖ് (48), റ്റി യു ഹനീഫ് (56), കെ എച്ച് റിയാസ് (39) എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

മുൻ പ്രസിഡന്റ് എം എ മജീദിന്റെ മരണത്തെ തുടർന്ന് പ്രസിഡന്റ്സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരിന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രഷറർ അനസ് കളരിക്കലിന് താൽക്കാലിക ചുമതല നൽകിയിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം കമ്മിറ്റി വിളിച്ചുകൂട്ടി അനസിൽനിന്നും ചുമതല എടുത്തുനീക്കി വൈസ് പ്രസിഡന്റായിരുന്ന എൻ.എ. താഹയെ പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു.

മരണപ്പെട്ടതും രോഗബാധിതരുമായി കഴിയുന്ന ആളുകളെ ഒഴിവാക്കി 28 പേരിൽ 22 പേർ ചേർന്നാണ് താഹയെ പ്രസിഡന്റാക്കിയത്. ഫോട്ടോ ഉൾപ്പെടെ പാർട്ടി പത്രമായ ചന്ദ്രികയിൽ വന്നിരുന്നു. ഇതോടെ യോഗത്തിൽ പങ്കിടുക്കാതിരുന്നവരും ഒഴിവാക്കിയവരുമായവർ ചേർന്ന് അനസ് കളരിക്കലിനെ ഡിവിഷൻ പ്രസിഡന്റായി പ്രഖ്യാപിച്ചു. അനസിന്റെ ഫോട്ടോയും ചന്ദ്രിക ദിനപത്രത്തിൽ അച്ചടിച്ചുവന്നു. ഈ വാർത്ത ഇത് ഔദ്യോഗിക പക്ഷത്തെ ഞെട്ടിച്ചു. നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട താഹയുടെ സ്ഥാനത്ത് അനസിന്റെ പേരു വന്നത് അണികളെ ചൊടിപ്പു.

മട്ടാഞ്ചേരി മണ്ഡലം പ്രസിഡന്റ് അക്‌ബർ ബാദുഷയുടെ നോമിനിയാണ് വിമത വിഭാഗം നേതാവ് അനസ്. ബാദുഷയുടെ ഒത്താശയോടെയാണ് അനസിന്റെ പടം പാർട്ടി മുഖപത്രത്തിൽ അച്ചടിച്ചുവന്നത്. കഴിഞ്ഞ വ്യാഴാഴ്‌ച്ച വൈകുന്നേരം 6.30ന് കൊച്ചങ്ങാടിയിലെ ഡിവിഷൻ കമ്മറ്റി ഓഫിസിൽ താഹയുടെ നേതൃത്വത്തിൽ കമ്മറ്റികൂടിക്കൊണ്ടിരിക്കെ അക്‌ബർ ബാദുഷയുടെ നേതൃത്വത്തിൽ ഒരു സംഘം എത്തി. കമ്മറ്റി കൂടിക്കൊണ്ടിരിക്കയാണെന്ന് ജനറൽ സെക്രട്ടറി ടി.കെ സിദ്ധീഖ് അവരെ അറിയിച്ചു. ഇതിനിടെ വിമത പ്രസിഡന്റ് അനസ് തങ്ങളും കമ്മറ്റി കൂടാനെത്തിയതെന്ന് അറിയിച്ച് മിനിറ്റ്‌സ് ബുക്ക് വലിച്ചെറിഞ്ഞു. ഇതോടെ രംഗം വഷളായി. പിന്നീട് കൂട്ടത്തല്ലായി മാറി. ഇതിനിടെ ലീഗ് അണികൾ ഇരു ചേരികളായി തിരിഞ്ഞ് പോരാടാൻ തുടങ്ങി. മണ്ഡലം പ്രസിഡന്റ് അക്‌ബർ ബാദുഷയുടെ കൂട്ടത്തിൽ ഗുണ്ടകളുമുണ്ടായിരുന്നായി ജനറൽ സെക്രട്ടറി സിദ്ധീഖ് പറഞ്ഞു.

കൊച്ചിയിലെ പല മണ്ഡലങ്ങളിലും വിഭാഗീയത രൂക്ഷമായിട്ടുണ്ട്. ഇബ്രാഹിം കുഞ്ഞിന്റെ സ്വന്തം തട്ടകമായ മട്ടാഞ്ചേരിയിലാണ് ഇപ്പോൾ വിഭാഗീയ രൂക്ഷമായിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP