Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറം സീറ്റ് തന്നെ നൽകാം.. പക്ഷേ ഒരു കണ്ടീഷൻ, അഞ്ച് കൊല്ലം എംപിയായി തന്നെ തുടരണം! കേന്ദ്രമന്ത്രിയാകാമെന്ന മോഹവുമായി വീണ്ടും ലോക്‌സഭയിൽ മത്സരിക്കാൻ ഇറങ്ങിയ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയ മോഹങ്ങൾ വെട്ടി ഒരു വിഭാഗം ലീഗ് നേതാക്കൾ; പൊന്നാനിയെ ചൊല്ലിയുള്ള ഉടക്ക് മാറ്റിയത് അഞ്ച് കൊല്ലം കേന്ദ്രത്തിൽ തുടരണമെന്ന ഉറപ്പിൽ; കേന്ദ്രത്തിൽ യുപിഎ ഭരണം വന്നില്ലെങ്കിൽ കേരളത്തിലെത്തി മന്ത്രിയാകാമെന്ന കുഞ്ഞാലിക്കുട്ടിയുടെ മോഹത്തിന് തിരിച്ചടി

മലപ്പുറം സീറ്റ് തന്നെ നൽകാം.. പക്ഷേ ഒരു കണ്ടീഷൻ, അഞ്ച് കൊല്ലം എംപിയായി തന്നെ തുടരണം! കേന്ദ്രമന്ത്രിയാകാമെന്ന മോഹവുമായി വീണ്ടും ലോക്‌സഭയിൽ മത്സരിക്കാൻ ഇറങ്ങിയ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയ മോഹങ്ങൾ വെട്ടി ഒരു വിഭാഗം ലീഗ് നേതാക്കൾ; പൊന്നാനിയെ ചൊല്ലിയുള്ള ഉടക്ക് മാറ്റിയത് അഞ്ച് കൊല്ലം കേന്ദ്രത്തിൽ തുടരണമെന്ന ഉറപ്പിൽ; കേന്ദ്രത്തിൽ യുപിഎ ഭരണം വന്നില്ലെങ്കിൽ കേരളത്തിലെത്തി മന്ത്രിയാകാമെന്ന കുഞ്ഞാലിക്കുട്ടിയുടെ മോഹത്തിന് തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിക്ക് സീറ്റ് അനുവദിച്ചത് അഞ്ച് കൊല്ലവും എംപിയായി തുടരാമെന്ന ഉറപ്പിന്മേൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യം കാട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി ഉറപ്പ് നൽകിയിട്ടുണ്ട്. അബ്ദൾ വഹാബിന്റെ നേതൃത്വത്തിലാണ് കുഞ്ഞാലിക്കുട്ടിയെ കുഴപ്പത്തിലാക്കുന്ന തീരുമാനങ്ങൾ മുസ്ലിം ലീഗ് എടുക്കുന്നത്. കേന്ദ്രത്തിൽ മന്ത്രിയാകാമെന്ന മോഹവുമായാണ് പികെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് പോകാൻ ആഗ്രഹിക്കുന്നത്. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വീണ്ടുമെത്തിയാൽ അധികാരം പിടിക്കാനും മന്ത്രിയാകാനും കുഞ്ഞാലിക്കുട്ടി സംസ്ഥാനത്ത് തിരിച്ചുവരുമെന്ന് മുസ്ലിം ലീഗിലെ ഒരു വിഭാഗം വിലയിരുത്തിയിരുന്നു. ഇതാണ് വഹാബും കൂട്ടരും ചേർന്ന് വെട്ടുന്നത്.

മുസ്ലിംലീഗിൽ കുഞ്ഞാലിക്കുട്ടിക്കുള്ള സ്വാധീനം കുറയുന്നതിന്റെ സൂചനയാണ് ഇത്. പ്രവാസി വ്യവസായി എന്ന നിലയിൽ ലീഗിന്റൈ ഭാഗമായ വഹാബ് ഇപ്പോൾ സംസ്ഥാന ട്രഷററാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി വഹാബിന് അടുത്ത ബന്ധമുണ്ട്. ഇതെല്ലാം ഉപയോഗിച്ചാണ് വഹാബ് പാർട്ടിയിൽ പിടിമുറുക്കുന്നത്. ഇതിന്റെ ഭാഗമായാണ് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വഹാബ് മത്സരിക്കാനും സാധ്യതയുണ്ട്. വഹാബ് മത്സരിച്ചാൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ മന്ത്രിയുമാകും. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ അഞ്ച് മന്ത്രിമാരെയാകും ലീഗിന് കിട്ടുക. ഇതെല്ലാം വഹാബിന് ഇഷ്ടമുള്ളവർക്ക് മാത്രമായി വീതിച്ചു നൽകും. ഇടി മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിയും ലോക്സഭാ അംഗങ്ങളാകുന്നതിനാൽ ഇവർക്ക് നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റ് നൽകുകയുമില്ല. ഇതിലൂടെ ലീഗിലെ പ്രബലാരയ രണ്ട നേതാക്കളെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തുന്നത്.

ലീഗിൽ കുഞ്ഞാലിക്കുട്ടിക്ക് ഭീഷണിയായി ഒരുകാലത്ത് മാറിയത് ഇടിയായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഇടിയെ ലോക്സഭാ അംഗമാക്കി ഡൽഹിയിലേക്ക് അയച്ചത്. ഇതിലൂടെ സംസ്ഥാന രാഷ്ട്രീയം കൂഞ്ഞാലിക്കുട്ടിയുടെ കാൽകീഴിലായി. ഇതേ തന്ത്രമാണ് കുഞ്ഞാലിക്കുട്ടിയെ വെട്ടിവീഴ്‌ത്താൻ മറുവിഭാഗം പരീക്ഷിക്കുന്നത്. മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് എത്തിയപ്പോൾ കുഞ്ഞാലിക്കുട്ടി തന്നെ സ്ഥാനാർത്ഥിയാകാമെന്ന് സ്വയം പ്രഖ്യാപിക്കുകയായിരുന്നു. ഇ അഹമ്മദിന് ദേശീയ തലത്തിൽ കിട്ടിയ അംഗീകാരമായിരുന്നു ഇതിന് കാരണം. എന്നാൽ ഡൽഹിയിൽ വേണ്ടത്ര വിധത്തിൽ ഇടപെടൽ നടത്താൻ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞില്ല. ഇതോടെ കുഞ്ഞാലിക്കുട്ടി നിരാശനായി. ഇത്തവണ കോൺഗ്രസ് അധികാരത്തിൽ എത്തിയില്ലെങ്കിൽ ഡൽഹി രാഷ്ട്രീയം കൊണ്ട് കാര്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി തിരിച്ചറിഞ്ഞു. ഇതോടെയാണ് കേന്ദ്രമന്ത്രി പദവി കിട്ടിയില്ലെങ്കിൽ കേരളത്തിൽ വീണ്ടുമെത്താനുള്ള മോഹം കുഞ്ഞാലിക്കുട്ടിക്കുണ്ടായത്.

നിലവിലുള്ള എംപി.മാർ മണ്ഡലം പരസ്പരം വെച്ചുമാറണമെന്ന ആവശ്യം ചർച്ചയ്ക്കൊടുവിൽ മുസ്ലിം ലീഗ് നേതൃയോഗം തള്ളിയത് കുഞ്ഞാലിക്കുട്ടിയിൽ നിന്ന് ഉറപ്പുകൾ എഴുതി വാങ്ങിയാണ്. പൊന്നാനിയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ നിർത്തി ഇ.ടി. മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റാനായിരുന്നു പാർട്ടിക്കുള്ളിൽനിന്നുള്ള ശക്തമായ സമ്മർദം. പൊന്നാനിയിലേക്ക് മാറ്റുകയാണെങ്കിൽ മത്സരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി ശക്തമായ നിലപാടെടുത്തു. ഇതോടെ അത്തരമൊരു ആലോചന വേണ്ടെന്നുവെച്ചു. ഇതിനൊപ്പമാണ് മലപ്പുറം നൽകിയാൽ നിയമസഭയിലേക്ക് അവകാശം ഉന്നയിക്കരുതെന്ന ആവശ്യം മുന്നോട്ട് വച്ചത്. ഇതോടെ കുഞ്ഞാലിക്കുട്ടി വെട്ടിലായി. മലപ്പുറം വേണ്ടെന്ന് പറയാനും വയ്യാതെയായി. ഇതോടെയാണ് കുഞ്ഞാലിക്കുട്ടി നിയമസഭയിൽ മത്സരിക്കാൻ വരില്ലെന്ന് വ്യക്തമാക്കിയത്.

കഴിഞ്ഞദിവസം മലപ്പുറത്ത് ഉന്നതാധികാര സമിതി ചേർന്ന് സീറ്റിന്റെ കാര്യത്തിൽ ഏകദേശ ധാരണയായിരുന്നു. പൊന്നാനിയിൽ താങ്കളെ മത്സരിപ്പിക്കാൻ പാർട്ടിക്കുള്ളിൽനിന്ന് ആവശ്യമുയർന്നിരുന്നല്ലോ എന്ന ചോദ്യത്തിന് അത്തരമൊരു ചർച്ചയ്ക്കുപോലും പ്രസക്തിയില്ലെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. രാജ്യസഭാ സീറ്റ് വാഗ്ദാനത്തിൽ ലീഗ് തൃപ്തരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശക്തികേന്ദ്രങ്ങളിൽ പാർട്ടി മത്സരിക്കാൻ തയ്യാറാവണമെന്നും പ്രവർത്തകസമിതിയോഗത്തിൽ ആവശ്യമുയർന്നു. എന്നാൽ, രാജ്യസഭാ സീറ്റിൽ തൃപ്തരാവണമെന്നാണ് നേതാക്കൾ നൽകിയ മറുപടി. പാർട്ടി അർപ്പിച്ച ദൗത്യം സന്തോഷപൂർവം ഏറ്റെടുക്കുന്നെന്ന് ഇ.ടി. മുഹമ്മദ് ബഷീറും പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് കെ.എം. ഖാദർമൊയ്തീൻ, കെ. പി.എ. മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരും വഹാബിനൊപ്പം ചേർന്നാണ് കുഞ്ഞാലിക്കുട്ടിയെ പ്രതിരോധത്തിലാക്കിയത്.

മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയാണ് പികെ കുഞ്ഞാലിക്കുട്ടി. ഇ. അഹമ്മദിന്റെ നിര്യാണത്തെത്തുടർന്ന് 2017-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 68-കാരനായ കുഞ്ഞാലിക്കുട്ടി നിലവിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയാണ്. മലപ്പുറം ഊരകം സ്വദേശി. ഏഴുവട്ടം നിയമസഭാംഗം. അഞ്ചുവട്ടമായി 14 വർഷം മന്ത്രിയുമായി. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടി മന്ത്രിയാകും. അല്ലാത്ത പക്ഷം വെറുമൊരു എംപി മാത്രമായി ഡൽഹിയിൽ കഴിയേണ്ടി വരും. ഇതിനിടെ പാർട്ടിയിൽ വഹാബും കൂട്ടരും അതിശക്തമായി പിടിമുറുക്കും. ഒരു കാലത്ത് കുഞ്ഞാലികുട്ടിയായിരുന്നു ലീഗിന്റെ എല്ലാമെല്ലാം. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ മരിച്ചതോടെ സമവാക്യങ്ങളിൽ മാറ്റം വന്നു. ഇതോടെയാണ് ലീഗിൽ കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്താൻ നീക്കങ്ങൾ തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP