Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അയോധ്യ വിധിയിൽ മുസ്ലിംലീഗ് നിലപാട് മാറ്റുന്നത് മുസ്ലിം യുവാക്കളെ ലക്ഷ്യമിട്ട് പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും പ്രതിഷേധവുമായി കളത്തിൽ ഇറങ്ങിയതോടെ; കോടതി വിധിയെ സ്വാഗതം ചെയ്ത ആദ്യത്തെ നിലപാട് മാറ്റി മുസ്ലിം സംഘടനകളെ ഏകോപിപ്പിച്ച് തുടർപരിപാടികൾ ആസൂത്രണം ചെയ്യാൻ ഒരുങ്ങി ലീഗ്; അനീതിക്കെതിരെ ലീഗ് ശബ്ദമുയർത്തുന്നില്ലെന്ന പ്രചരണവുമായി പോപ്പുലർ ഫ്രണ്ട്

അയോധ്യ വിധിയിൽ മുസ്ലിംലീഗ് നിലപാട് മാറ്റുന്നത് മുസ്ലിം യുവാക്കളെ ലക്ഷ്യമിട്ട് പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും പ്രതിഷേധവുമായി കളത്തിൽ ഇറങ്ങിയതോടെ; കോടതി വിധിയെ സ്വാഗതം ചെയ്ത ആദ്യത്തെ നിലപാട് മാറ്റി മുസ്ലിം സംഘടനകളെ ഏകോപിപ്പിച്ച് തുടർപരിപാടികൾ ആസൂത്രണം ചെയ്യാൻ ഒരുങ്ങി ലീഗ്; അനീതിക്കെതിരെ ലീഗ് ശബ്ദമുയർത്തുന്നില്ലെന്ന പ്രചരണവുമായി പോപ്പുലർ ഫ്രണ്ട്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത മുസ്ലിംലീഗ് നിലപാട് മാറ്റത്തിലാണ്. കോടതി വിധി നിരാശാജനകമെന്നാണ് ഇന്നലെ ലീഗ് വ്യക്തമാക്കിയത്. വിധിയിൽ ആശങ്കയുണ്ടെന്നും കോടതി വിധിയുടെ സാഹചര്യവും തുടർ നിയമ നടപടികളും പരിശോധിക്കുമെന്നും പാർട്ടി വിധിയെ ബഹുമാനിക്കുന്നുവെന്നും നേതാക്കൾ വ്യക്തമാക്കയിരുന്നു. പാണക്കാട്ട് ചേർന്ന ലീഗ് ദേശീയ സമിതിയുടേതാണ് തീരുമാനം. വിധിയിൽ നിരവധി വൈരുദ്ധ്യങ്ങളുണ്ട്. നിയമവിദഗ്ധരുമായി ആലോചിച്ച് വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സുപ്രിംകോടതി നിർദ്ദേശിച്ച സ്ഥലം സ്വീകരിക്കണോയെന്നതിലടക്കം ഓൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡ് അടക്കമുള്ള കക്ഷികളുമായി പാർട്ടി ബന്ധപ്പെട്ടുവരുന്നതായും കേസിലെ കക്ഷികളുടെയും മറ്റു സംഘടനകളുടെയും അഭിപ്രായങ്ങൾകൂടി തേടിയ ശേഷം ഭാവി നടപടികളിലേക്കു കടക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

അതേസമയം ഇത്തരമൊരു നിലപാട് മാറ്റത്തിലേക്ക് ലീഗ് കടന്നത് അയോധ്യ വിഷയം ചൂണ്ടിക്കാട്ടി മുസ്ലിം രാഷ്ട്രീയ ഇടത്തിലേക്ക് നുഴഞ്ഞുകയറാൻ പോപ്പുലർ ഫ്രണ്ടും അവരുടെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐയും ശ്രമം ശക്തമാക്കിയതോടെയാണ്. അയോധ്യ വിധിക്കെതിരെ പോപ്പുലർ ഫ്രണ്ട് ശക്തമായി രംഗത്തു വന്നിട്ടുണ്ട്. പരസ്യമായി തെരുവിൽ പ്രകടനം നടത്തുക വരെ ചെയ്തു. പ്രതിഷേധിക്കുന്നതിനെതിരെ കേസുകൾ വന്നിട്ടുണ്ടെങ്കിലും അതെല്ലാം നേരിട്ട് യുവാക്കളായ മുസ്ലിം രാഷ്ട്രീയക്കാരെ ഒപ്പം നിർത്താമെന്നാണ് പോപ്പുലർ ഫ്രണ്ട് കണക്കുകൂട്ടുന്നത്. മുസ്ലിംങ്ങളെ സംബന്ധിച്ചിടത്തോളം വൈകാരിക വിഷയമാണ് ഇതെന്നതിനാൽ ഇത് മുസ്ലിം ലീഗിന് നേരിയ ഭീഷണിയാണ്. മുസ്ലിം ചെറുപ്പക്കാരെ ആകർഷിക്കാൻ തീവ്രനിലപാട് സ്വീകരിക്കുന്ന പോപ്പുലർ ഫ്രണ്ടിന് സാധിക്കുന്നുണ്ടെന്നത് വ്യക്തമാണ്. അതുകൊണ്ട് കൂടിയാണ് അയോധ്യ വിധിയിൽ തുടർ നടപടികൾ ആലോചിക്കുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കിയതും.

അയോധ്യവിധി നിരാശാജനകമെന്ന് മുസ്ലിംലീഗ്. ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും ക്ഷണിക്കപ്പെട്ട നേതാക്കളുടെയും യോഗത്തിനുശേഷമാണ് ലീഗ് നേതാക്കളുടെ പ്രതികരണം. വിധി മുസ്ലിം സമൂഹത്തിനിടയിൽ മുറിവുണ്ടാക്കിയെന്നും തുടർനടപടികൾ ആലോചിക്കുമെന്നും ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. വിധിയിൽ പൊരുത്തക്കേടുകളുണ്ടെന്നും ലീഗ് നേതൃത്വം പറഞ്ഞു. വിധിപ്പകർപ്പ് പൂർണമായി പഠിച്ചശേഷമാണ് നേതാക്കളുടെ പ്രതികരണം. തുടർകാര്യങ്ങൾ ചർച്ചചെയ്യാൻ ദേശീയ അധ്യക്ഷൻ കെ.എം. ഖാദർ മൊയ്തീൻ അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തി. മറ്റു മുസ്ലിം സംഘടനകളുമായും മതേതര പാർട്ടികളുമായും സമിതി ചർച്ചനടത്തും.

വിധി സന്തുലിതമാണെന്ന കാഴ്ചപ്പാടിനെ എതിർക്കുന്നുവെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി. പറഞ്ഞു. ഒരുവിഭാഗത്തിനു തർക്കഭൂമി പൂർണമായി നൽകി. പള്ളിയുടെ ആവശ്യങ്ങൾ പരിഗണിച്ചില്ല. വിഗ്രഹംവെച്ചതും പൊളിച്ചതും ക്രമിനൽ കുറ്റമെന്നുപറഞ്ഞ കോടതി ക്ഷേത്രം നിർമ്മിക്കാനാണ് അനുമതി നൽകിയത്. രാജ്യത്തെ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നതുകൊണ്ടാണ് വിധി അംഗീകരിക്കുന്നത്. തുടർ നടപടികൾ എന്തുവേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും ഇ.ടി. മുഹമ്മദ്ബഷീർ പറഞ്ഞു.

സുപ്രീംകോടതി വിധിയെ സംയമനത്തോടെ നേരിടുകയും വിഷയത്തിൽ പക്വമായ നിലപാട് സ്വീകരിക്കുകയുംചെയ്ത മുഴുവൻ മതേതര മനസ്സുകളെയും യോഗം അഭിനന്ദിച്ചു. അതേസമയം മറ്റു സംഘടനകളുമായി ചർച്ചനടത്തുമെന്ന് പറഞ്ഞ നേതൃത്വം കോൺഗ്രസുമായി സഹകരിക്കുന്നതിനെക്കുറിച്ച് മറുപടി പറഞ്ഞില്ല. അയോധ്യ വിധിയെ കോൺഗ്രസ് സ്വാഗതം ചെയ്യുകയാണുണ്ടായത്. എന്നാൽ വിധി നിരാശാജനകമായ ലീഗ് മറ്റു സംഘടനകളുമായി ചർച്ച നടത്തുമ്പോൾ കോൺഗ്രസിനെ ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം പറയുന്നില്ലെ എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

ഈ വിഷയത്തിൽ എന്തുകൊണ്ടാണ് നമ്മൾ ബാബരി മസ്ജിദ് മറവിക്ക് വിട്ടുകൊടുക്കാത്തത് എന്നു പറഞ്ഞു കൊണ്ടാണ് പോപ്പുലർ ഫ്രണ്ട് പ്രതിഷേധവുമായി രംഗത്തുള്ളത്. ബബരി മസ്ജിദ് എന്നത് ഒരു പ്രതീകമാണ്. സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിം ന്യുനപക്ഷത്തിന്റെ വിശ്വാസ സ്വാതന്ത്ര്യവും നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയിലെ മതേതര മൂല്യവും നിഷേധിക്കപ്പെട്ടത്തിന്റെ പ്രതീകമാണെന്നാണ് കോടതി വിധിക്കെതിരെ ഇക്കൂട്ടർ പ്രചരിപ്പിക്കുന്ന കാര്യം.

സുപ്രീംകോടതിയുടെ വിധിയിലെ വൈരുധ്യം തന്നെ എടുത്താൽ കോംപ്രമൈസ് എന്ന നിലക്ക് വിശദീകരിക്കപ്പെട്ട ഈ വിധി എത്രമാത്രം പക്ഷപാതപരവും യുക്തിരഹിതവുമാണെന്ന് കാണാനാകുമെന്നും പോപ്പുലർ ഫ്രണ്ട് വ്യക്കമക്കുന്നു. കാശ്മീർ വിഷയത്തിൽ എന്നതും പോലെ ഈ വിഷയത്തിലും ലീഗ് വേണ്ടത്ര നിലപാട് സ്വീകരിക്കുന്നില്ലെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ കുറ്റപ്പെടുത്തൽ. ബാബരി വിധിയെ തുടർന്ന് കാണുന്ന വിശദീകരണങ്ങളിലും ക്ഷമയുടെ ഉൽബോധനങ്ങളിലും കാണാൻ കഴിയുന്നത് ഇതേ ഭീരുത്വമാണെന്നും പോപ്പുലർ ഫ്രണ്ട് നിലപാട് സ്വീകരിക്കുന്നു. ഈ തീവ്രനിലപാട് തിരിച്ചടിയാകുമെന്ന ബോധ്യത്തിലാണ് ലീഗ് അയോധ്യ വിധിയിൽ നിലപാട് മാറ്റുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP