ദേവഗൗഡ വന്നിട്ടും തീരുമാനമായില്ല; അഡ്വ.ജോർജ് തോമസിന് വേണ്ടി മാത്യു.ടി.തോമസും സാബു ജോർജിനായി മന്ത്രി. കെ.കൃഷ്ണൻകുട്ടിയും; ജനതാദൾ സെക്കുലർ സംസ്ഥാന സെക്രട്ടറി ജനറൽ ആരെന്നറിയാൻ വൈകും
September 09, 2019 | 07:26 PM IST | Permalink

പ്രകാശ് ചന്ദ്രശേഖർ
കൊച്ചി :ജനതാദൾ സെക്കുലർ സംസ്ഥാന സെക്രട്ടറി ജനറലിനെ തീരുമാനിക്കാൻ ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗം തീരുമാനമാവാതെ പിരിഞ്ഞു. സംസ്ഥാന സെക്രട്ടറി ജനറൽ സ്ഥാനത്തിന് അഡ്വ. ജോർജ് തോമസിന് വേണ്ടി മുൻ മന്ത്രി മാത്യു ടി.തോമസും, കൊച്ചി മുൻ ഡെപ്യൂട്ടി മേയർ സാബു ജോർജിന് വേണ്ടി മന്ത്രി കെ. കൃഷ്ണൻകുട്ടിയും നില കൊണ്ടതാണ് തർക്കം നീളാൻ കാരണം.
ജില്ലാ നേതാക്കളുമായും സംസ്ഥാന നേതാക്കളുമായും ഈ കാര്യം ചർച്ച ചെയ്തെങ്കിലും തീരുമാനമെടുക്കാനാവാതെ ദേശീയ അധ്യക്ഷൻ ചുമതല പാർട്ടി സംസ്ഥാന പ്രസിഡന്റ് സി.കെ.നാണു എം എൽ എ യെ ചുമതലപ്പെടുത്തി മടങ്ങുകയായിരുന്നു. സംസ്ഥാന സെക്രട്ടറി ജനറൽ അടക്കമുള്ളവരുടെയും കമ്മറ്റി ഭാരവാഹികളുടെയും അന്തിമ ലിസ്റ്റ് ബെംഗളൂരുവിൽ പ്രഖ്യാപിക്കുമെന്നാണ് പുറത്തു വന്നിട്ടുള്ള വിവരം.
ജില്ലാ നേതാക്കളുമായി സംസാരിച്ച ശേഷം,എം എൽ .എ മാരായ മാത്യു ടി.തോമസ്, മന്ത്രി കെ കൃഷ്ണൻകുട്ടി, സി.കെ നാണു ദേശീയ വർക്കിങ് പ്രസിഡന്റ് ബി എം ഫാറൂഖ്, നീലലോഹിതദാസൻ നാടാർ എന്നിവരുടെ സാന്നിധ്യത്തിൽ പിന്നെയും രണ്ട് മണിക്കൂറോളം ചർച്ച നീണ്ടു .സംസ്ഥന സെക്രട്ടേറിയറ്റ് ഭാരവാഹികളടക്കമുള്ളവരുടെ ലിസ്റ്റ് ഏകദേശ ധാരണയായതായിട്ടാണ് അറിയുന്നത്. മന്ത്രി കെ.കൃഷണൻകുട്ടിയും, സംസ്ഥാന പ്രസിഡന്റ് സി.കെ.നാണുവും കമ്മറ്റിയിൽ തുടരുമെന്നാണ് സൂചന.