Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കസ്തൂരി രംഗനിൽ കോൺഗ്രസ് ഒന്നും ചെയ്തില്ലെന്ന പരാതിയിൽ കോൺഗ്രസ് വിരുദ്ധ വികാരം പുകഞ്ഞപ്പോൾ സഭയുടെ പരസ്യ പിന്തുണയോടെ എംപിയായ ഇടതുസ്വതന്ത്രന് ഇക്കുറി സഭയുടെ പിന്തുണയില്ല; ജോയ്‌സ് ജോർജിനെ സഭാ സ്ഥാനാർത്ഥിയാക്കി ചിലർ പ്രചരണം തുടങ്ങിയതോടെ കർശനമായ വിലക്കേർപ്പെടുത്തി ഇടുക്കി മെത്രാൻ ജോൺ നെല്ലിക്കുന്നേൽ; യുഡിഎഫ് കുത്തക മണ്ഡലത്തിൽ ഇക്കുറി സിപിഎമ്മിന് കാലിടറുമെന്ന് ഉറപ്പായി

കസ്തൂരി രംഗനിൽ കോൺഗ്രസ് ഒന്നും ചെയ്തില്ലെന്ന പരാതിയിൽ കോൺഗ്രസ് വിരുദ്ധ വികാരം പുകഞ്ഞപ്പോൾ സഭയുടെ പരസ്യ പിന്തുണയോടെ എംപിയായ ഇടതുസ്വതന്ത്രന് ഇക്കുറി സഭയുടെ പിന്തുണയില്ല; ജോയ്‌സ് ജോർജിനെ സഭാ സ്ഥാനാർത്ഥിയാക്കി ചിലർ പ്രചരണം തുടങ്ങിയതോടെ കർശനമായ വിലക്കേർപ്പെടുത്തി ഇടുക്കി മെത്രാൻ ജോൺ നെല്ലിക്കുന്നേൽ; യുഡിഎഫ് കുത്തക മണ്ഡലത്തിൽ ഇക്കുറി സിപിഎമ്മിന് കാലിടറുമെന്ന് ഉറപ്പായി

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: ഇക്കുറി ഇടുക്കിയിൽ ഇടതു സ്വതന്ത്രനായി രണ്ടാമൂഴത്തിന് ഇറങ്ങുന്ന ജോയ്‌സ് ജോർജിന് കാലിടറുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. കസ്തൂരിരംഗൻ വിഷയത്തിലൂന്നിയാണ് കഴിഞ്ഞതവണ മലയോര സംരക്ഷണ സമിതിയുടെ പിന്തുണയോടെ ക്രിസ്യൻ വോട്ടുകൾ സമാഹരിച്ച് ജോയ്‌സ് ജോർജ് ഇടുക്കിയിൽ സ്ഥാനാർത്ഥിയാകുന്നത്.

എന്നാൽ ഇക്കുറി ഇടതുസ്വതന്ത്രന് സഭയുടെ പിന്തുണയുണ്ടാവില്ലെന്ന ശക്തമായ സന്ദേശമാണ് വൈദികർ നൽകുന്നതെന്നാണ് സൂചന. ഉമ്മൻ ചാണ്ടി സ്ഥാനാർത്ഥിയാകണമെന്ന് കോൺഗ്രസ് നേതൃത്വം ശക്തമായി ആവശ്യപ്പെടുന്നത് യുഡിഎഫിനൊപ്പം മുൻകാലങ്ങളിൽ നിന്നിരുന്ന സീറ്റ് തിരിച്ചുപിടിക്കാൻ വേണ്ടിത്തന്നെയാണ്. ഉമ്മൻ ചാണ്ടിയല്ലെങ്കിൽ ഡീൻകുര്യാക്കോസോ ജോസഫ് വാഴക്കനോ ആയേക്കും സ്ഥാനാർത്ഥി. എന്നാൽ ഇതിൽ വ്യക്തത വന്നില്ലെങ്കിലും ജോയ്‌സ് ജോർജിന് തന്നെയാണ് എൽഡിഎഫ് സീറ്റ്്. തുടക്കത്തിൽ ജോയ്‌സിന് തന്നെ മലയോര സംരക്ഷണ സമിതി പിന്തുണ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ശക്തനായ സ്ഥാനാർത്ഥി വന്നാൽ ക്രിസ്ത്യൻ വോട്ടുകൾ യുഡിഎഫ് പക്ഷത്തേക്ക് തന്നെ ചായുമെന്നാണ് സ്ഥിതി.

സഭയുടെ ഭാഗത്തുനിന്ന് ഇക്കുറി ഇത്തരം സൂചനകൾ കഴിഞ്ഞദിവസം വന്നതോടെ എൽഎഡിഎഫിന് മത്സരം കടുക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പരസ്യമായി പിന്തുണച്ച ഇടുക്കി രൂപതാ ഇത്തവണ വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിക്കഴിഞ്ഞു. വൈദികർ ഏതെങ്കിലും ഒരു മുന്നണിക്കോ സ്ഥാനർഥിക്കോ വേണ്ടി പ്രവർത്തിക്കാനോ നിലപാടെടുക്കാനോ പാടില്ലെന്നുകാട്ടി ഇടുക്കി രൂപതാ മെത്രാൻ ബിഷപ്പ് ജോൺ നെല്ലിക്കുന്നേൽ വൈദികർക്ക് സന്ദേശമയച്ചിരിക്കുകയാണ്. കഴിഞ്ഞതവണ എൽഡിഎഫിന് വേണ്ടി വൈദികർ തന്നെ പ്രവർത്തനരംഗത്ത് ഇറങ്ങിയരുന്ന സ്ഥാനത്താണ് ഇക്കുറി അങ്ങനെ വേണ്ടെന്ന നിലപാട് രൂപത സ്വീകരിച്ചിരിക്കുന്നത്. ഇത് യുഡിഎഫിന് കുത്തകമണ്ഡലത്തിൽ പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്.

'വൈദികർ ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടവരാണ്. അവരുടെ ജോലി അതാണ്. ജനങ്ങൾക്ക് ബുദ്ധിയുണ്ട്. വിവേചനാധികാരം അവർ വിനിയോഗിക്കട്ടെ. വൈദികർ നിഷ്പക്ഷത പാലിക്കണം. തിരഞ്ഞെടുപ്പ് യോഗങ്ങളിൽനിന്നും പ്രചാരണ പരിപാടികളിൽ നിന്നും വൈദികർ വിട്ടുനിൽക്കണം'- മാർച്ച് ഒമ്പതിന് ബിഷപ്പ് അയച്ച സന്ദേശത്തിൽ പറയുന്നത് ഇങ്ങനെയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.സി.ബി.സി.യുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും വാക്കോ പ്രവൃത്തിയോ കൊണ്ട് സഭയ്ക്ക് യാതൊരു അപവാദവുമുണ്ടാക്കരുതെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുൻ ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയോടെ മത്സരിച്ച ജോയ്‌സ് ജോർജിനുവേണ്ടി പരസ്യമായി പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. ഇതിൽനിന്നു വ്യത്യസ്തമാണ് നിലവിലെ ബിഷപ്പ് ജോൺ നെല്ലിക്കുന്നേൽ ഇപ്പോൾ സ്വീകരിച്ചിട്ടുള്ള നിലപാട്. കഴിഞ്ഞതവണ ജോയ്‌സ് ജോർജിനുവേണ്ടി സജീവമായി പ്രവർത്തിച്ചിരുന്ന വൈദികനാണ് ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ കൂടിയായ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ. രൂപതാ മെത്രാന്റെ നിർദ്ദേശം കർശനമായി പാലിക്കുമെന്ന് ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലും പ്രതികരിച്ചതോടെ ജോയ്‌സ് ജോർജിനും ഇടതുപക്ഷത്തിനും ഇക്കുറി സഭാ പിന്തുണ ഉണ്ടാവില്ലെന്ന സന്ദേശമാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്നത്.

കഴിഞ്ഞ തവണ ജോയ്‌സിന്റെ വിജയം അരലക്ഷം വോട്ടിന്

ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയോടെ 50,400 വോട്ടുകൾ നേടിയാണ് ജോയ്സ് കഴിഞ്ഞ തവണ ജയിക്കുന്നത്. കസ്തൂരിരംഗൻ, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടുകൾ നടപ്പാക്കി മലയോര ജനതയെ തകർക്കുമെന്ന പ്രചാരണം ജില്ലയിൽ ശക്തമാവുകയും കമ്മീഷൻ റിപ്പോർട്ടുകളെ പിന്തുണച്ചെന്ന പേരിൽ എം പിയായിരുന്നു പി ടി തോമസിനെതിരേ സഭ നേതൃത്വം തിരിയുകയും ചെയ്തതോടെയാണ് കുത്തക മണ്ഡലത്തിൽ യുഡിഎഫിന് കാലിടറിയത്.

കഴിഞ്ഞതവണ അത്രയുംകാലംവരെ കോൺഗ്രസുകാരനായിരുന്ന ജോയ്സ് ജോർജ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്ഥാനാർത്ഥിയാകുകയും ഇത് സിപിഎം മുതലെടുക്കുകയും ചെയ്തു. ഹൈറേഞ്ച് സംരക്ഷണ സമിതിയെന്നാൽ ക്രിസ്ത്യൻ വോട്ട്ബാങ്ക് എന്നാണ് അർത്ഥം. അതു മനസിലാക്കിയ സിപിഎമ്മിന് ജോയ്സിന്റെ കാര്യത്തിൽ സംശയമില്ലായിരുന്നു. കത്തോലിക്ക വോട്ടുകൾ വിജയം നിർണയിക്കുന്ന മണ്ഡലത്തിൽ സഭയുടെ താത്പര്യം തന്നെയാണ് എപ്പോഴും നിർണായകം. എന്നാൽ നിഷ്പക്ഷത എന്ന സന്ദേശം സഭ നൽകിയതോടെ ഇത് യുഡിഎഫിന് അനുകൂലമാകുമെന്ന സ്ഥിതിയാകുകയാണ്.

ഇടുക്കി ജില്ലയിലെ ഇടുക്കി, പീരുമേട്, ഉടുമ്പൻ ചോല, ദേവികുളം, തൊടുപുഴ നിയമസഭ മണ്ഡലങ്ങളും എറണാകുളം ജില്ലയിൽപ്പെട്ട കോതമംഗലം, മൂവാറ്റുപുഴ നിയമസഭ മണ്ഡലങ്ങളും ചേർന്നതാണ് ഇടുക്കി ലോക്സഭ മണ്ഡലം. ഇതിൽ ഇടുക്കിയും തൊടുപുഴയും മാത്രമാണ് യുഡിഎഫിന്റേത്. അവ രണ്ടിലും കേരള കോൺഗ്രസ് പ്രതിനിധികളായ പി ജെ ജോസഫും റോഷി അഗസ്റ്റിനും ആണ് വിജയിച്ചത്. ബാക്കി മണ്ഡലങ്ങളിലെല്ലാം എൽഡിഎഫ് എംഎൽഎമാരാണ്. പോരാത്തതിന് പീരുമേട്, ദേവികുളം, ഉടുമ്പൻ ചോല മണ്ഡലങ്ങളിൽ സിപിഎം സംഘടന സംവിധാനം അതിശക്തമാണ്. ഇടുക്കിയിൽ മാത്രമാണ് അൽപ്പം പിന്നോട്ടുള്ളത്. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കസ്തൂരിരംഗൻ വിഷയം ഉയർത്തിത്തന്നെയാണ് ഇടത് എംഎൽഎമാർ ഈ മണ്ഡലങ്ങളിൽ ജയിച്ചത്.

പക്ഷേ ഇടക്കാലത്ത് ഇടതുപക്ഷത്തിന്റെ ഇടപെടലിന് എതിരെ സഭ ശക്തമായി രംഗത്തെത്തിയിരുന്നു. കസ്തൂരിരംഗൻ വിഷയം പരിഹരിക്കാൻ ഇടതുപക്ഷവും കാര്യമായി ഇടപെടുന്നില്ലെന്ന് കാട്ടി പിണറായി സർക്കാരിന്റെ കാലത്തുതന്നെ സമിതി സമരത്തിന് ഇറങ്ങുകുയും ചെയ്തു. അതിനാൽ തന്നെ ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന സ്ഥിതിയിൽ നിന്ന് സഭ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാറുമോ എന്നാണ് കാണേണ്ടത്. ഉമ്മൻ ചാണ്ടിയോ അല്ലെങ്കിൽ ഡീൻ കുര്യാക്കോസോ സ്ഥാനാർത്ഥിയായാൽ സഭാ വോട്ടുകൾ യുഡിഎഫിന് വേണ്ടി മറിയുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP