Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് കൊല്ലത്തിന് ശേഷം രാജ്യസഭാ സീറ്റ് കോൺഗ്രസിന് മടക്കി കിട്ടുമോ കേന്ദ്രത്തിൽ മന്ത്രിയാകാൻ സാധിച്ചില്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ച് നാട്ടിലേക്ക് മടങ്ങും; പാലയിലോ കടുത്തുരുത്തിയിലോ മത്സരിച്ചു നിയമസഭയിൽ എത്താൻ ആലോചന

മൂന്ന് കൊല്ലത്തിന് ശേഷം രാജ്യസഭാ സീറ്റ് കോൺഗ്രസിന് മടക്കി കിട്ടുമോ കേന്ദ്രത്തിൽ മന്ത്രിയാകാൻ സാധിച്ചില്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ച് നാട്ടിലേക്ക് മടങ്ങും; പാലയിലോ കടുത്തുരുത്തിയിലോ മത്സരിച്ചു നിയമസഭയിൽ എത്താൻ ആലോചന

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജോസ് കെ മാണി രാജ്യസഭയിലേക്ക് വണ്ടികയറുന്നത് രണ്ടും കൽപ്പിച്ചു തന്നെയാണ്. ഒന്നുകിൽ കേന്ദ്രത്തിൽ മന്ത്രി സ്ഥാനം. ഇല്ലെങ്കിൽ കേരളത്തിലേക്ക് മടങ്ങി യുഡിഎഫ് സർക്കാറിൽ മന്ത്രിസ്ഥാനം. ഇതിലെ ആദ്യത്തെ സാധ്യതയാണ് അരികെ എന്ന ബോധ്യത്തിലാണ് അദ്ദേഹം രാജ്യസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നത്. ദേശീയ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ ഗതി പരിശോധിച്ചാൽ യുപിഎ നേതൃത്വം കൊടുക്കുന്ന കൂട്ടു കക്ഷി സർക്കാർ അധികാരത്തിലെത്താനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ സംഭവിച്ചാൽ രാജ്യസഭാ എംപിയെന്ന നിലയിൽ മന്ത്രിസഭയിൽ ഇടംപിടിക്കാനാണ് ജോസ് കെ മാണിയുടെ നീക്കം.

താൻ മത്സരിച്ചു വിജയിച്ച കോട്ടയത്തോ, അല്ലെങ്കിൽ ഇടുക്കിലോ മറ്റൊരു സ്ഥാനാർത്ഥി വിജയിച്ചു ലോക്‌സഭയിൽ എത്തിയാൽ ആ സാധ്യത വർദ്ധിക്കുകയും ചെയ്യും. ജോസ് കെ മാണിക്ക് മന്ത്രിസ്ഥാനം ലഭിക്കാൻ വേണ്ടി മുസ്ലിംലീഗിന്റെ ഭാഗത്തു നിന്നും സമ്മർദ്ദമുണ്ടായേക്കും. അതിനുള്ള നീക്കങ്ങൾ കൂടിയാണ് ഡൽഹി ചർച്ചകളിൽ നടന്നത്. കുഞ്ഞാലിക്കുട്ടിയെ മുന്നിൽ നിർത്തിയാണ് ജോസ് കെ മാണി കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കി രാജ്യസഭാ സീറ്റു നേടിയത്. ജോസ് കെ മാണിയെ സ്ഥാനാർത്ഥിയാക്കുമെന്ന അറിവ് ചെന്നിത്തലക്കും ഉമ്മൻ ചാണ്ടിക്കും ഉണ്ടായിരുന്നു താനും. കെ എം മാണിയെ തിരികെ മുന്നിയിൽ എത്തിക്കുമ്പോൾ വിട്ടുവീഴ്‌ച്ച ആകാമെന്ന നിലപാടിലേക്ക് ഇവർ മാറിയത് ജോസിന്റെ പേരിന് മുന്നിൽ തന്നെയാണ്.

എന്തായാലും പി ജെ ജോസഫിനെ മുന്നിൽ നിർത്തി പാർട്ടിയിലെ മറ്റ് എതിർശബ്ദങ്ങളെ ഒതുക്കിയ ശേഷമാണ് ജോസ് കെ മാണിയെ സ്ഥാനാർത്ഥിയാക്കിയത്. ഇന്നലെ പി ജെ ജോസഫാണ് ജോസിന്റെ പേര് യോഗത്തിൽ അവതരിപ്പിച്ചത്. ഇത് പാർട്ടിയിലും അദ്ദേഹത്തിന്റെ ആധിപത്യം ഉറപ്പിക്കുന്ന ശ്രമങ്ങളുടെ ഭാഗമായായാണ് വിലയിരുത്തപ്പെടുന്നത്. അധികം വൈകാതെ ജോസ് കെ മാണി പാർട്ടി ചെയർമാൻ സ്ഥാനവും ഏറ്റെടുക്കേണ്ടി വരും. അപ്പോഴും പാർലമെന്ററി രംഗത്ത് നിൽക്കേണ്ടത് അത്യാവശ്യമാണെന്ന ബോധ്യം കൂടി ഇപ്പോഴത്തെ നീക്കത്തിന് പിന്നിലുണ്ട്.

അതേസമയം കേന്ദ്രത്തിൽ മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ ജോസ് കെ മാണി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തന്നെ തിരിച്ചു വന്നേക്കും. അതിനുള്ള സാധ്യതയും കൂടുതലാണ്. മൂന്ന് കൊല്ലത്തിന് ശേഷമാകും ഇനി കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. അടുത്ത തവണ പാലയിൽ കെ എം മാണി മത്സരിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. അദ്ദേഹം തന്നെ തനിക്ക് റിട്ടയർമെന്റിന് സമയമായി എന്നു പറയുകയും ചെയ്തിട്ടുണ്ട്. ഈ അഭിപ്രായം അദ്ദേഹം പറഞ്ഞത്, ചില സൂചനകളുമാണ്. താൻ മാറിയാൽ തന്റെ സീറ്റിൽ ജോസ് കെ മാണിയെ തന്നെ മത്സരിക്കാനാകും മാണി ആഗ്രഹിക്കുക. അതുകൊണ്ട് തന്നെ കേന്ദ്രത്തിൽ അധികാരമില്ലെങ്കിൽ ഈ സമയത്ത് ജോസ് കെ മാണി മത്സരിക്കാൻ എത്തിയേക്കും.

പാല സീറ്റു തന്നെയാകും ഈ സാഹചര്യത്തിൽ പരിഗണിക്കുക എന്നതും ഉറപ്പാണ്. എന്നാൽ, കെ എം മാണി മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുകയാണെങ്കിൽ കടുത്തുരുത്തി സീറ്റിലാകും മത്സരിക്കുക, സാഹചര്യം അനുകൂലമായി യുഡിഎഫ് അധികാരത്തിലെത്തിയാൽ ജോസ് കെ മാണിക്ക് മന്ത്രിസ്ഥാനവും ഉറപ്പാണ്. ഇങ്ങനെ രാഷ്ട്രീയത്തിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാണ് കേരളാ കോൺഗ്രസിന്റെ നീക്കം. കോൺഗ്രസ് പ്രവർത്തകരുടെ മുഴുവൻ എതിർപ്പ് ജോസ് കെ മാണിക്കെതിരെ ഉയരുമ്പോഴും ഇപ്പോഴത്തേത് താൽക്കാലികമായി അഡ്ജസ്റ്റ്‌മെന്റാണെന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പറയുന്നതും ഈ കാരണങ്ങൾ കൊണ്ടു തന്നെയാണ്.

നിലവിൽ പാർട്ടിയുടെ വൈസ് ചെയർമാനാണ് ജോസ് കെ മാണി. അദ്ദേഹം തന്നെയാണ് പാർട്ടിയെ ഇപ്പോൾ നിയന്ത്രിക്കുന്നത്. ഇപ്പോഴത്തെ നീക്കങ്ങളോടെ ജോസ് കെ മാണി പാർട്ടിയിൽ കൂടുതൽ ശക്തനായി. പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിനൊപ്പം നിൽക്കുന്നവക്ക് അതിൽ ചെറിയ ആക്ഷേപമുണ്ട് താനും. എന്നാൽ, അതൊന്നും ജോസ് കെ മാണിയുടെ പ്രാധാന്യം കുറയ്ക്കുന്നില്ല. ജോസ് കെ. മാണിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ പ്രതിഷേധിച്ചാണ് പി.സി. ജോർജും ഫ്രാൻസിസ് ജോർജും അടക്കമുള്ളവർ നേതൃത്വവുമായി കലഹിച്ച് പാർട്ടി വിട്ടത്. വിമത ശബ്ദം കുറഞ്ഞതോടെ ജോസ് കെ. മാണി പാർട്ടിയിൽ കൂടുതൽ കരുത്തനായി. ഏറ്റവുമൊടുവിൽ ഒന്നേമുക്കാൽ വർഷത്തെ ഇടവേളക്കുശേഷം രാജ്യസഭ സീറ്റിന്റെ തിളക്കവുമായി യു.ഡി.എഫിലേക്ക് മടങ്ങുമ്പോഴും ചർച്ചകളിൽ ജോസ് കെ. മാണിക്ക് മാത്രമായിരുന്നു പങ്കാളിത്തം. മറ്റാർക്കും അധികം റോളുണ്ടായിരുന്നില്ല.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണക്കാനുള്ള തീരുമാനവും തുടർധാരണകളും ജോസ് കെ. മാണിയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് രൂപപ്പെട്ടത്. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാലായിലെ മാണിയുടെ വീട്ടിൽ യു.ഡി.എഫ് നേതാക്കളെ എത്തിച്ചത് ഈ ചർച്ചകളാണ്. നേരത്തേ, കേരള കോൺഗ്രസ് മഹാസമ്മേളനത്തോടനുബന്ധിച്ച് ജോസ്‌ െക. മാണിയെ ചെയർമാനാക്കാൻ നീക്കവുമുണ്ടായിരുന്നു. എന്നാൽ ജോസഫിനെ പിണക്കേണ്ടെന്ന് കരുതി തൽക്കാലം നീക്കം ഉപേക്ഷിച്ചു. എന്തായാലും ചടുലമായ രാഷ്ട്രീയ നീക്കങ്ങളോടെ രാജ്യസഭാ സീറ്റ് കരസ്ഥമാക്കിയ ജോസ് കെ മാണി പാർട്ടിയിൽ കൂടുതൽ കരുത്തനായി എന്നാണ് പൊതുവിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP