Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അനുയായികൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബാർ കോഴക്കേസിലെ രാഷ്ട്രീയ ഗൂഢാലോചനയ്ക്കുള്ള മറുപടി മാണി പാലായിലും പറഞ്ഞില്ല; അണികളുടെ സ്വീകരണത്തിൽ വികാരനിർഭരമായി മുൻ ധനമന്ത്രിയുടെ പ്രസംഗം; അച്യുതാനന്ദൻ എനിക്കു വേണ്ടി കണ്ണീർ പൊഴിക്കണ്ട; അങ്ങയുടെയും മകന്റെയും കാര്യമോർത്തു കരഞ്ഞാൽ മതിയെന്നും പരാമർശം

അനുയായികൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബാർ കോഴക്കേസിലെ രാഷ്ട്രീയ ഗൂഢാലോചനയ്ക്കുള്ള മറുപടി മാണി പാലായിലും പറഞ്ഞില്ല; അണികളുടെ സ്വീകരണത്തിൽ വികാരനിർഭരമായി മുൻ ധനമന്ത്രിയുടെ പ്രസംഗം; അച്യുതാനന്ദൻ എനിക്കു വേണ്ടി കണ്ണീർ പൊഴിക്കണ്ട; അങ്ങയുടെയും മകന്റെയും കാര്യമോർത്തു കരഞ്ഞാൽ മതിയെന്നും പരാമർശം

പാലാ: അനുയായികൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബാർ കോഴക്കേസിൽ തനിക്കെതിരായി രാഷ്ട്രീയ ഗൂഢാലോചന നടത്തിയത് ആരെന്ന കാര്യം പാലായിലെ സ്വീകരണയോഗത്തിലും കെ എം മാണി മിണ്ടിയില്ല. കെ ബാബുവിന്റെ കാര്യം പറയണമെന്ന് അനുയായികൾ തൊണ്ടപൊട്ടുമാറുച്ചത്തിൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മാണി വഴങ്ങിയില്ല.

പകരം തന്റെ രാഷ്ട്രീയ എതിരാളികൾക്കുള്ള മറുപടിയാണ് തന്റെ പ്രസംഗത്തിലുടനീളം മാണി പറഞ്ഞത്. രാവിലെ തനിക്കെതിരെ പരാമർശം നടത്തിയ വി എസ് അച്യുതാനന്ദനെതിരെയും കോൺഗ്രസ് എംഎൽഎമാർക്കെതിരെയും പി സി ജോർജിനെതിരെയുമാണ് മാണി സംസാരിച്ചത്.

വി എസ് അച്യുതാനന്ദൻ എനിക്കു വേണ്ടി കണ്ണീർ പൊഴിക്കണ്ട. താങ്കളുടെയും മകന്റെയും കാര്യമോർത്തു കരഞ്ഞാൽ മതിയെന്നും വികാരനിർഭരമായ പ്രസംഗത്തിൽ മുൻ ധനമന്ത്രി പറഞ്ഞു.

ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനുമെന്നും കെ എം മാണി പറഞ്ഞു. പാലായ്ക്കുള്ളതു പാലായ്ക്കും കേരളത്തിനുള്ളത് കേരളത്തിനും താൻ നൽകിയിട്ടുണ്ട്. താൻ ധൂർത്തപുത്രനല്ല. അഭിമാനത്തോടെയാണ് ജനപ്രതിനിധിയായി പാലായിലേക്കു മടങ്ങിയെത്തിയിരിക്കുന്നത്. നീതിനിഷ്ഠമായ നിലയിലാണ് താൻ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്.

സ്പീക്കർ അയോഗ്യത കൽപ്പിച്ച പി സി ജോർജിന് എല്ലാ നന്മകളുമുണ്ടാകട്ടെയെന്നും കെ എം മാണി പറഞ്ഞു. പേ പിടിച്ച ഒരു പയ്യൻ പാർട്ടിയിലുണ്ട്. ആ ചെറുക്കനുള്ളത് താൻ കൊടുത്ത പദവികൾ മാത്രം. എംഎൽഎയ്ക്കും നിയമസഭയ്ക്കും ഒരു നിലവാരമുണ്ട്. അതനുസരിച്ചു പ്രവർത്തിക്കാത്ത എംഎൽഎയായിരുന്നു പി സി ജോർജെന്നും മാണി കുറ്റപ്പെടുത്തി. 

പാലായ്ക്കു പുറത്തു ലോകമുണ്ടെന്നു തന്നെ പഠിപ്പിക്കേണ്ടെന്നു കോൺഗ്രസ് എംഎൽഎമാർക്കും മാണി മറുപടി നൽകി. ലോകം കുറേ കണ്ടവനാണു താൻ. പാലായാണ് എന്റെ ലോകം. പാലായേക്കാൾ വലിയ ലോകം തനിക്കില്ല. തനിക്ക് ഊർജം പകർന്ന പാലാക്കാരുടെ സ്‌നേഹം മറക്കാനൊക്കില്ലെന്നും മാണി സ്വീകരണയോഗത്തിൽ പറഞ്ഞു.

ബാർ കോഴക്കേസിൽ ഇരട്ടനീതിയെന്ന ആരോപണം സർക്കാർ പരിശോധിക്കണമെന്നു സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത മന്ത്രി പി ജെ ജോസഫ് ആവശ്യപ്പെട്ടു. സംശയങ്ങൾ ദൂരീകരിച്ച് മാണി തിരിച്ചുവരുമെന്നും ജോസഫ് പറഞ്ഞു.

തനിക്കെതിരായ രാഷ്ട്രീയ ഗൂഢാലോചനയെ കുറിച്ച് സ്വന്തം മണ്ഡലമായ പാലയിൽ മറുപടി നൽകാമെന്ന് ധനമന്ത്രി സ്ഥാനം ഒഴിഞ്ഞ കെ എം മാണി. ഇതുവരെ ഔദ്യോഗിക വസതിയായിരുന്ന പ്രശാന്തിയിൽ നിന്നും പാലയ്ക്ക് തിരിക്കും മുമ്പു മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. സംശയങ്ങൾ ദൂരീകരിച്ച് താൻ മടങ്ങിവരും. ആരോടും പരിഭവും വിദ്വേഷവും ഇല്ല. എല്ലാവർക്കും നന്ദി. അൽപസമയത്തേക്ക് ദുർബലനാക്കിയാലും ദൈവം ശക്തനാക്കും. ഭരണ നേട്ടങ്ങളിലാണ് തന്റെ സംതൃപ്തിയെന്നും മാണി പറഞ്ഞു.

തിരിച്ചുവരവിൽ തനിക്ക് താത്പര്യമില്ലെന്നും തന്നെ കേൾക്കാതെയുള്ള കോടതിവിധി കാര്യമായെടുക്കുന്നില്ലെന്നും കെഎം മാണി എംഎൽഎ പറഞ്ഞു. തന്റെ ഔദ്യോഗിക പദവിയോ പേനയോ ആരെയും ദ്രോഹിക്കാനോ ഉപദ്രവിക്കാനോ ഉപയോഗിച്ചിട്ടില്ല. ഒരു മനസാക്ഷിക്കുത്തുമില്ലാതെ തനിക്ക് കേരളത്തിൽ എവിടെയും കടന്നു ചെല്ലാം. ഹൈക്കോടതി പരാമർശങ്ങൾ തനിക്കെതിരല്ല. തന്നെ കേൾക്കാതെയുള്ള വിധി ഗൗരവമായെടുക്കുന്നില്ല. തനിക്കെതിരായ കോടതി പരാമർശങ്ങൾ നാളെ ഒഴിവാകും എന്നും മാണി പറഞ്ഞു.

സങ്കടത്തോടെയല്ല, സന്തോഷത്തോടെയാണ് താൻ മന്ത്രിപദമൊഴിഞ്ഞതെന്ന് സെക്രട്ടേറിയറ്റിലെ നിയമ, ധന വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ യാത്രയയപ്പു ചടങ്ങിൽ മാണി പറഞ്ഞു. ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടിമാരായ കെ.എം എബ്രഹാം, ജയിംസ് വർഗീസ്, ലോട്ടറി ഡയറക്ടർ മിനി ആന്റണി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

പട്ടം മുതൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് മാണി പാലായിലെത്തിയത്. മാണിയുടേയും കേരളകോൺഗ്രസിന്റെയും ശക്തിപ്രകടനം തന്നെയായിരുന്നു ലക്ഷ്യം. പട്ടത്തുനിന്നു പുറപ്പെട്ട യാത്രയ്ക്ക് കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കിടങ്ങൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. അടൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ കരിങ്കൊടിയുമായി മാണിക്കെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു.

കേരളകോൺഗ്രസ് നേതാക്കൾ തലസ്ഥാനം മുതൽ അനുഗമിച്ചിരുന്നു. പാലായിലെ യോഗത്തിൽ മന്ത്രി പി.ജെ. ജോസഫും പങ്കെടുത്തു. ഇന്നലെ ഗവർണർ പി. സദാശിവത്തെ കണ്ടു മാണി യാത്ര പറഞ്ഞിരുന്നു. ധന, നിയമവകുപ്പിലെ ഉദ്യോഗസ്ഥരും പഴ്‌സനൽ സ്റ്റാഫിലുള്ളവരും രണ്ട് പ്രത്യേക യോഗങ്ങൾ വിളിച്ചു മാണിക്കു വികാരനിർഭരമായ യാത്രയയപ്പു നൽകി. അറിഞ്ഞുകൊണ്ട് തന്റെ ഭാഗത്തുനിന്നു പാഴ്‌വാക്കോ പ്രവൃത്തിയോ ഉണ്ടായിട്ടില്ലെന്നു മാണി പറഞ്ഞു.

മാണിക്കു നൽകുന്ന സ്വീകരണം അഴിമതിക്കുള്ള ഉപഹാരമെന്നു വി എസ്

തിരുവനന്തപുരം: കെ എം മാണി എംഎൽഎയ്ക്ക് നൽകുന്ന ഓരോ ഉപഹാരവും അഴിമതിക്കുള്ള പ്രോത്സാഹനമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. ഇത് കോടതിയെ അപമാനിക്കലിന് തുല്യമാണ്. അണികൾ ഇത് മനസിലാക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും വി എസ് പറഞ്ഞു. മാണിക്ക് നൽകുന്ന ഓരോ സ്വീകരണവും അഴിമതിക്കു നൽകുന്ന സ്വീകരണമാണ്. കോടതിയെ അപമാനിക്കുന്ന ഇത്തരം നീക്കങ്ങളിൽ നിന്ന് അണികൾ പിന്മാറാണമെന്നും വി എസ് പറഞ്ഞു.

പട്ടത്തു നിന്ന് പാലായ്ക്ക് പോയ മാണിക്ക് അടൂരിൽ ഡിവൈഎഫ്‌ഐക്കാരുടെ കരിങ്കൊടി സ്വീകരണം

അടൂർ: മന്ത്രി കെ.എം മാണിയുടെ വാഹനവ്യൂഹം തടഞ്ഞ്് അടൂരിൽ ഡിവൈഎഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തി. തിരുവനന്തപുരത്തു നിന്ന് പാലാക്കു പോയ മുൻ മന്ത്രി കെ.എം മാണിയുടെ അടൂരിലെ സ്വീകരണപരിപാടിയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയതിനെ തുടർന്ന് അലങ്കോലപ്പെട്ടത്.

പ്രതിഷേധത്തിനിടയിലും മാണിയെ പ്രവർത്തകർ ഹാരമണിയിച്ചു സ്വീകരിച്ചു. സംഘർഷാവസ്ഥയെ തുടർന്ന്് പൊലീസ് ലാത്തിവീശി സമരക്കാരെ ഓടിച്ചു. നഗരത്തിൽ ഒന്നര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കൊട്ടരക്കരയിലെ സ്വീകരണത്തിനു ശേഷം ഏനാത്ത് എത്തിയ മാണിയെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് അടൂരിലേക്ക് ആനയിച്ചത്.

അദ്ദേഹം എത്തുന്നതിനു മുമ്പു തന്നെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അഡ്വ.എസ് രാജീവിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐക്കാർ കരിങ്കൊടിയും കറുത്ത ബാനറുമായി നഗരം ചുറ്റി പ്രകടനം നടത്തി. ഡിവൈഎഫ്ഐക്കാർ കെ.എസ്.ആർ.ടി.സി കവലയുടെ പടിഞ്ഞാറുഭാഗത്ത് നിലയുറപ്പിച്ചിരുന്നു.

12 മണിയോടെ ഉച്ചത്തിൽ നീട്ടി ഹോൺ മുഴക്കി മാണിയുടെ വാഹനം പാഞ്ഞെത്തിയതോടെ ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനത്തിനു സമീപത്തേക്ക് ഓടിയടുത്ത് മുദ്രാവാക്യം വിളിച്ച് കരിങ്കൊടി കാട്ടുകയായിരുന്നു. മാണിയുടെ കാറിനു മുന്നിലേക്ക് ഇറങ്ങി കരിങ്കൊടി കാട്ടിയ ഡിവൈഎഫ്ഐ പ്രവർത്തകരെ എതിരിടാൻ വാഹനങ്ങളിൽ നിന്ന് കേരള കോൺഗ്രസ് എം പ്രവർത്തകർ ചാടിയിറങ്ങിയതോടെ ഇരു വിഭാഗവും തമ്മിൽ വാക്കേറ്റവും സംഘർഷാവസ്ഥയുമായി.

പൊലീസ് ലാത്തിവീശി. പ്രവർത്തകർ ചിതറിയോടിയതോടെ ടൗണിൽ പലർക്കും ലാത്തിയടിയേറ്റു. തുടർന്ന് വീണ്ടും ഒരിടത്ത് കേന്ദ്രീകരിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ വേദിക്കരികിലേക്ക് പോകാതിരിക്കാൻ കൈകൾ കോർത്ത് പൊലീസ് വലയം തീർത്തു. ഇതിനിടയിൽ ഒരു പ്രവർത്തകൻ പൊലീസ് വലയം് ഭേദിച്ച് മാണിയുടെ സമീപത്തേക്ക് പാഞ്ഞു. ഇയാളെ പൊലീസ് തടയുകയും ലാത്തികൊണ്ട അടിക്കുകയും ചെയ്തു. സംഘർഷത്തിനിടയിലാണ് കെ.എം മാണിയെ പ്രവർത്തകർ വേദിയിലേക്ക് ആനയിച്ചു. പാർട്ടി പ്രവർത്തകർ ഷാളണിയിച്ച് സ്വീകരിച്ചു. പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി പറഞ്ഞ് ഏതാനും വാക്കുകളിൽ പ്രസംഗം ഒതുക്കിയ ശേഷം അദ്ദേഹം കാറിലേക്ക് കയറി. മകൻ ജോസ്.കെ മാണി എംപിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ഡിവൈഎഫ്ഐക്കാർ മാണിയുടെ കാറിനു നേരെ കരിങ്കൊടികൾ വലിച്ചെറിഞ്ഞു. കെ.എസ്.ആർ.ടി.സി ജങ്ഷനു പടിഞ്ഞാറ് റോഡിന് ഇടതുവശത്തു നിലയുറപ്പിച്ച ഡിവൈഎഫ്ഐക്കാർക്കു മുന്നിലൂടെ പൊലീസ് വലയം തീർത്താണ് വാഹനം കടന്നു പോകാൻ സൗകര്യമൊരുക്കിയത്. വാഹനവ്യൂഹം സാവധാനം മുന്നോട്ടു നീങ്ങിയതോടെ അകമ്പടി വാഹനങ്ങളിലെ കേരള കോൺഗ്രസ് കൊടികൾ ഡിവൈഎഫ്ഐക്കാർ ഒടിച്ചെടുത്ത ശേഷം കരങ്കൊടികൾ കെട്ടി. കൂകിവിളിച്ചും കരിങ്കൊടി ഉയർത്തിയും പ്ലക്കാർഡുകൾ വാഹനങ്ങളിലടിച്ചും പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി. വാഹനങ്ങൾ മുന്നോട്ടു നീങ്ങിയതോടെ പ്രവർത്തകർ മൂന്നൂറു മീറ്ററോളം പിന്നാലെ ഓടി. മറ്റുള്ളവർ കെ.എസ്.ആർ.ടി.സി ജങ്ഷനിലെ വേദിക്കരികിൽ സ്ഥാപിച്ച കെ.എം മാണിയുടെ ചിത്രം പതിച്ച ഫ്‌ളക്‌സ് ബോർഡ് നശിപ്പിക്കുകയം അതിനു മുകളിൽ കരിങ്കൊടികൾ വിതറുകയും ചെയ്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് അടൂർ ഡി.വൈ.എസ്‌പി എ. നസീമിന്റെ നേതൃത്വത്തിൽ 200 പേരടങ്ങുന്ന പൊലീസ് സന്നാഹം നഗരത്തിൽ നിലയുറപ്പിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP