Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഡിഎഫ് മേഖലാ ജാഥയുടെ കാര്യത്തിൽ കേരള കോൺഗ്രസ്-കെപിസിസി യുദ്ധം മുറുകുന്നു; ജാഥ മാറ്റണമെന്ന ആവശ്യം മുഖ്യമന്ത്രിയെ മാണി ഇന്ന് നേരിട്ടറിയിക്കും

യുഡിഎഫ് മേഖലാ ജാഥയുടെ കാര്യത്തിൽ കേരള കോൺഗ്രസ്-കെപിസിസി യുദ്ധം മുറുകുന്നു; ജാഥ മാറ്റണമെന്ന ആവശ്യം മുഖ്യമന്ത്രിയെ മാണി ഇന്ന് നേരിട്ടറിയിക്കും

തിരുവനന്തപുരം: ബാർ കോഴ വിഷയത്തിൽ പ്രതിസന്ധിയിലായ കേരള കോൺഗ്രസ് നേതാവും ധനമന്ത്രിയുമായ കെ എം മാണിയുടെ ആവശ്യങ്ങളോട് യുഡിഎഫ് നേതൃത്വവും മുഖം തിരിച്ചതോടെ ഇരു കൂട്ടരും തമ്മിലുള്ള പോര് മുറുകുന്നു. യുഡിഎഫ് മേഖലാ ജാഥകളെ ചൊല്ലിയാണ് കേരള കോൺഗ്രസ് - കെപിസിസി പോര് കനക്കുന്നത്.

ജാഥ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ഇന്ന് കെ എം മാണി മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കും. പാർട്ടി ആവശ്യത്തെ അംഗീകരിക്കാതെ മുന്നോട്ട് പോയാൽ കടുത്ത നിലപാടിലേയ്ക്ക് നീങ്ങാനാണ് കേരള കോൺഗ്രസിലെ ധാരണ. നിശ്ചയിച്ച പോലെ 19 മുതൽ 25 വരെ ജാഥ നടത്തണമെന്നാണ് കെപിസിസി തീരുമാനം.

ജാഥ മാറ്റിവയ്ക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് വി എം സുധീരൻ പറഞ്ഞു. ഇതിന് തൊട്ടു പിന്നാലെയാണ് ജാഥ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കേരള കോൺഗ്രസ് എം മുഖ്യമന്ത്രിയെയും യുഡിഎഫ് കൺവീനറെയും അറിയിച്ചു. കേരള കോൺഗ്രസ് നേതാക്കൾ നടത്തിയ കൂടിയാലോചനയിൽ നിലപാടിലുറച്ച് നിൽക്കാനാണ് ധാരണയായത് വേണമെങ്കിൽ കോൺഗ്രസ് ഒറ്റയ്ക്ക് ജാഥ നടത്തട്ടെയെന്നാണ് അഭിപ്രായം. അങ്ങനെയെങ്കിൽ മുന്നണി ബന്ധത്തെ ബാധിക്കുന്ന രീതിയിൽ കാര്യങ്ങൾ വഷളാകുമെന്ന മുന്നറിയിപ്പാണ് നേതാക്കൾ നൽകുന്നത്. ഈ സാഹചര്യത്തിലാണ് കെ.എം മാണി ഇന്ന് കോഴിക്കോട്ട് മുഖ്യമന്ത്രിയെ കാണുന്നത്.

കേരളകോൺഗ്രസ് ആവശ്യം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച യുഡിഎഫ് നേതാക്കൾ യോഗം ചേരുന്നുണ്ട് .പക്ഷേ യോഗത്തിൽ കെ.എം മാണി പങ്കെടുക്കില്ല. ദുബായിലേയ്ക്ക് പോകുന്ന അദ്ദേഹം ഈയാഴ്ച അവസാനമേ മടങ്ങിയെത്തൂ. അതേ സമയം ഒരു ഘടകകക്ഷിയെ മാറ്റി നിർത്തി ജാഥ നടത്തുന്നതെങ്ങനെയെന്ന ചോദ്യം കോൺഗ്രസിലും ഉയർന്നിട്ടുണ്ട്. ജാഥ വിഷയത്തിൽ കെപിസിസി നിർവാഹക സമിതിയിൽ ഉമ്മൻ ചാണ്ടി അഭിപ്രായപ്രകടനം നടത്തിയിരുന്നില്ല.

മേഖലാജാഥകളെച്ചൊല്ലി കോൺഗ്രസുമായി ഭിന്നത നിലനിൽക്കുന്നതിനിടെയാണ് മന്ത്രി കെ.എം. മാണി വിദേശത്തേക്ക് പോകുന്നത്. 14നു ദുബായിൽ നടക്കുന്ന ചെറുമകളുടെ വിവാഹനിശ്ചയച്ചടങ്ങിൽ പങ്കെടുക്കാനാണു യാത്ര. ചൊവ്വാഴ്ച നെടുമ്പാശേരിയിൽനിന്നു പുറപ്പെടുന്ന അദ്ദേഹം ഒരാഴ്ച കഴിഞ്ഞേ മടങ്ങിയെത്തൂ.

മേഖലാജാഥകൾ 19നാണ് ആരംഭിക്കേണ്ടത്. മധ്യമേഖലാജാഥ ഉദ്ഘാടനം ചെയ്യേണ്ടതു മാണിയും. അതിനു മുമ്പ് അദ്ദേഹം എത്താനിടയില്ല. സി.എഫ്. തോമസ് പിന്മാറിയ സാഹചര്യത്തിൽ മധ്യമേഖലാജാഥയ്ക്കു പകരം ക്യാപ്റ്റനെ തീരുമാനിക്കുന്നതും ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP