Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗോബാക്ക് മുദ്രാവാക്യം വിളിച്ചതിനു പിന്നിൽ സിപിഎമ്മുകാരാണ്; അഞ്ചോ ആറോ യൂത്ത് ലീഗ് പ്രവർത്തകർ ആ കൂട്ടത്തിലുണ്ടായിരുന്നു; കൂവലുണ്ടായപ്പോൾ മടങ്ങിയെന്ന പ്രചരണം തള്ളി മുസ്ലിംലീഗ് നേതാവ്; എടപ്പറ്റയിലെ യോഗം കലക്കലിൽ കെപിഎ മജീദിന് പറയാനുള്ളത്

ഗോബാക്ക് മുദ്രാവാക്യം വിളിച്ചതിനു പിന്നിൽ സിപിഎമ്മുകാരാണ്; അഞ്ചോ ആറോ യൂത്ത് ലീഗ് പ്രവർത്തകർ ആ കൂട്ടത്തിലുണ്ടായിരുന്നു; കൂവലുണ്ടായപ്പോൾ മടങ്ങിയെന്ന പ്രചരണം തള്ളി മുസ്ലിംലീഗ് നേതാവ്; എടപ്പറ്റയിലെ യോഗം കലക്കലിൽ കെപിഎ മജീദിന് പറയാനുള്ളത്

എംപി റാഫി

മലപ്പുറം: 'കൂവലും ഗോബാക്ക് നടത്തി മുദ്രാവാക്യം വിളിച്ചതിനു പിന്നിൽ സിപിഎമ്മുകാരാണ്, അഞ്ചോ ആറോ യൂത്ത് ലീഗ് പ്രവർത്തകർ ആ കൂട്ടത്തിലുണ്ടായിരുന്നു. യോഗം കലക്കാൻ ശ്രമിച്ചത് സിപിഎമ്മാണ്. സിപിഐ(എം) കുഴപ്പമുണ്ടാക്കുമെന്ന് നേരത്തേ അറിയാമായിരുന്നു'... മഞ്ചേരി എടപ്പറ്റ പഞ്ചായത്തിലെ മുസ്ലിംലീഗ് പൊതുയോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനു നേരെയുണ്ടായ കൂവലും ഗോ ബാക്ക് വിളിയുടെയും പശ്ചാത്തലത്തിൽ വിശദീകരണവുമായി മജീദ് രംഗത്ത്.

മുസ്ലിംലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ കൂവി വിളിച്ച് യോഗം കലക്കിയെന്നു പറയുന്നതും അത്തരത്തിലുള്ള വാർത്തകളും ശരിയല്ല, കൂവലുണ്ടായപ്പോൾ യോഗം നിർത്തി ഞാൻ മടങ്ങിയെന്ന പ്രചരണവും ശരിയല്ലെന്നും മണിക്കൂറുകളോളം പരിപാടി തുടർന്നതായും ലീഗ് സെക്രട്ടറി കെ.പി.എ മജീദ് പറയുന്നു.

കഴിഞ്ഞാഴ്ചയിൽ എടപ്പറ്റയിൽ നടന്ന മുസ്ലിംലീഗ് പൊതുയോഗത്തിലാണ് കെ.പി.എ മജീദ് സംസാരിക്കാൻ തുടങ്ങിയപ്പോൾ കൂവലും ഗോ ബാക്ക് വിളിയും ഉയർന്നത്. യൂത്ത് ലീഗ് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളികളോടെയാണ് മജീദിനു നേരെ സദസ്സിൽ നിന്നും ഗോബാക്ക് വിളിയുണ്ടായത്. നേതാക്കളെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചായിരുന്നു പ്രതിഷേധക്കാരുടെ മുദ്രാവാക്യ വിളികൾ. സിപിഎമ്മും ലീഗും ഒരുമിച്ച് ഭരിക്കുന്ന എടപ്പറ്റ പഞ്ചായത്തിൽ അവിശ്വാസം കൊണ്ടുവരാനുള്ള യു.ഡി.എഫ് തീരുമാനത്തിൽ നിന്നും ലീഗ് അംഗങ്ങൾ വിട്ടു നിന്നു.

ഇതോടെ അവിശ്വാസം കോറം തികയാതെ തളിളിപ്പോയി. ഇതിനു പിന്നാലെയാണ് രാഷ്ട്രീയ വിശദീകരണ യോഗം മുസ്ലിംലീഗ് സംഘടിപ്പിച്ചത്. പൊതുയോഗത്തിനു മുമ്പേ ലീഗ് അണികൾക്കിടയിൽ രണ്ട് ചേരി രൂപപ്പെട്ടിരുന്നു. ഗ്രാമപ്പഞ്ചായത്തിൽ യുഡിഎഫ് സംവിധാനം പുനഃസ്ഥാപിക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ നിർദേശവും പറ്റില്ലെന്ന അണികളുടെ നിലപാടും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് ലീഗിനുള്ളിലെ പിളർപ്പിൽ കലാശിച്ചത്.

തുടർന്നുണ്ടായ പൊതുയോഗത്തിലാണ് അണികൾ മുദ്രാവാക്യവിളികളുമായെത്തി. കെ.പി.എ മജീദ് പ്രസംഗം തുടങ്ങിയതും അണികൾ കൂവാൻ തുടങ്ങി. കൂവിയാലും പിന്മാറില്ലെന്നു പറഞ്ഞ് മജീദ് മൈക്കിനു മുന്നിൽ തന്നെ നിന്നു. ഇതോടെ യൂത്ത് ലീഗ് സിന്ദാബാദ് എന്ന് പറഞ്ഞ് പ്രവർത്തകരിൽ നിന്നും ഗോബാക്ക് മുദ്രാവാക്യമായിരുന്നു ഉയർന്നത്. പ്രസംഗിച്ചേ മടങ്ങൂ എന്ന നിലപാടെടുത്തെങ്കിലും അണികളുടെ ഉഛത്തിലുള്ള മുദ്രാവാക്യം വിളികൾ ഉയർന്നുകൊണ്ടേയിരുന്നു. ഈ സംഭവങ്ങളുടെ ക്ലിപ്പിംങുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും മാദ്ധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്യുകയുണ്ടായി. ഈ സാഹചര്യത്തിലാണ് സംഭവം വിശദീകരിച്ച് വീഡിയോ ക്ലിപ്പിംങിലൂടെ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് എത്തിയിരിക്കുന്നത്.

വീഡിയോ ക്ലിപ്പിംങിൽ കെപിഎ മജീദ് വിശദീകരിക്കുന്നതിങ്ങനെ : ' എടപ്പറ്റയിലെ പൊതുയോഗത്തിൽ ഞാൻ പ്രസംഗിക്കുമ്പോൾ കൂവി വിളിക്കുകയും ഞാൻ പ്രസംഗം നിർത്തി പോകുകയും ചെയ്തുവെന്ന ക്ലിപ്പുകൾ ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇതിനു ശേഷം യു.എ.ഇയിൽ ആയതുകൊണ്ട് ഇതു കണ്ടിരുന്നില്ല. മുസ്ലിംലീഗിന് അവിടെ ചില സംഘടനാ പ്രശ്‌നങ്ങളുണ്ട്. മാർക്‌സിസ്റ്റ് പാർട്ടിയും ലീഗും ഒരുമിച്ച് പഞ്ചായത്ത് ഭരണം നടത്തുന്ന സ്ഥലമാണിവിടെ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ആകാൻ പ്രാദേശിക കമ്മിറ്റികൾ അടക്കം ഇവിടെ തീരുമാനമെടുത്തു. അതനുസരിച്ചാണ് ലീഗും കോൺഗ്രസും അവിശ്വാസം കൊണ്ടുവരാൻ തീരുമാനിച്ചത്. ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് സാദിഖലി തങ്ങൾ വിപ്പ് കൊടുക്കുകയും ചെയ്തു. പക്ഷെ, ചിലമെമ്പർമാർ അവിശ്വാസത്തിൽ പങ്കെടുത്തില്ല. ഇതിനാൽ കോറം തികയാതെ വന്നു. അതുകൊണ്ട് എല്ലാ പാർട്ടികളും അവിടെ വിശദീകരണ യോഗം വച്ചു.

മുസ്ലിം ലീഗും പൊതുയോഗം സംഘടിപ്പിക്കാൻ തീരുമാനിച്ചു. യോഗം സിപിഎമ്മുമായി നടത്താൻ ചിലർ ശ്രമിച്ചിരുന്നു. അതുകൊണ്ട് സിപിഐ(എം) അവിടെ ഒരു കുഴപ്പം ഉണ്ടാക്കുമെന്ന് ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു. എന്ത് വന്നാലും അതിനെ നേരിടാമെന്നാണ് ഞങ്ങൾ തീരുമാനിച്ചത്. മുസ്ലിം യൂത്ത് ലീഗിന്റേതായി പറയുന്ന അഞ്ചോ ആറോ കുട്ടികളുണ്ട്. ഈ കുട്ടികളാണ് ഒരു മുദ്രാവാക്യം വിളിയുണ്ടായത്. ഇവരോടൊപ്പം സിപിഎമ്മുകാരുണ്ടായിരുന്നു. ഞങ്ങൾ അത് കേട്ടു. യോഗം നടത്തിയിട്ടേ പോകൂ എന്ന് തീരുമാനിച്ചു. മുക്കാൽ മണിക്കൂറോളം ഞാനവിടെ സംസാരിച്ചു. ഉമ്മർ എം.എൽഎയും ജില്ലാ സെക്രട്ടറി കെൻ.എൻ.എ ഖാദറും യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അൻവറും സംസാരിച്ചു. സമാധാനപരമായാണ് ആ യോഗം പിരിഞ്ഞത്. മാർക്‌സിസ്റ്റ് പാർട്ടിക്കാർ യോഗം കലക്കാൻ ശ്രമിച്ചെങ്കിലും അവിടത്തെ ആളുകൾ അതിനു സമ്മതിച്ചില്ല.

പ്രവർത്തകർ ഞങ്ങളുടെ കൂടെ നിന്നു. സിപിഎമ്മുകാർ ഭരണം പിടിച്ചെടുക്കുന്നതിനു ഭാഗമായുണ്ടായ ശ്രമമാണിത്. അല്ലാതെ യൂത്ത് ലീഗ് പ്രവർത്തകർ കൂവി വിളിച്ച് യോഗം കലക്കി എന്ന വാർത്തയേ ശരിയല്ല. രണ്ട് മൂന്ന് യൂത്ത് ലീഗ് പ്രവർത്തകർ സ്റ്റേജിന്റെ ഭാഗത്ത് നിന്നും കൂവിയപ്പോൾ ഞങ്ങൾ നിർത്താൻ പറയുകയും അവർ നിർത്തുകയും ചെയ്തു. രാത്രി പത്തരവരെ സമാധാനപരമായി യോഗം നടത്തിയിട്ടാണ് പിരിഞ്ഞത്. ഇതുസംബന്ധമായി സോഷ്യൽ മീഡിയകളിൽ വരുന്ന വാർത്തകൾക്ക് ഒരു അടിസ്ഥാനമില്ല. ഇത് മുസ്ലിംലീഗ് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP