Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻ മന്ത്രി ശങ്കര പിള്ള കോൺഗ്രസ് വിട്ടത് സർക്കാറിനെതിരെ അഴിമതി ആരോപണങ്ങൾ ഉയർത്തി; ശബരിനാഥിന്റെ സ്ഥാനാർത്ഥിത്വത്തിലും അമർഷം: ഇടതുമുന്നണിക്ക് വേണ്ടി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകും

മുൻ മന്ത്രി ശങ്കര പിള്ള കോൺഗ്രസ് വിട്ടത് സർക്കാറിനെതിരെ അഴിമതി ആരോപണങ്ങൾ ഉയർത്തി; ശബരിനാഥിന്റെ സ്ഥാനാർത്ഥിത്വത്തിലും അമർഷം: ഇടതുമുന്നണിക്ക് വേണ്ടി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകും

തിരുവനന്തപുരം: യുഡിഎഫിനെ സംബന്ധിച്ചടത്തോളം അരുവിക്കരയിലെ വിജയം അത്യന്താപേഷിതമാണ്. സർക്കാറിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ കഴുകി കളയാൻ ഇവിടെ കാർത്തികേയന്റെ പുത്രൻ ശബരിനാഥ് വിജയിച്ചേ പറ്റുകയുള്ളൂ. എന്നാൽ, പ്രചരണം തുടങ്ങിയ ഘട്ടത്തിൽ തന്നെ മുൻ മന്ത്രിയും കെപിസിസി എക്‌സിക്യൂട്ടിവ് അംഗവുമായി കെ ശങ്കരപിള്ള കോൺഗ്രസന്റെ പ്രാഥമിക അംഗത്വം രാജിവച്ചത് പാർട്ടിക്കേറ്റ തിരിച്ചടിയായി. അഴിമതി ആരോപണങ്ങളും പാർട്ടിയിലെ ഗ്രൂപ്പിസവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇന്നലെ രാജിവച്ചത്.

പാർട്ടിയുടെ ഇപ്പോഴത്തെ ജീർണ്ണാവസ്ഥ കാരണമാണ് താൻ രാജിവെക്കുന്നതെന്നും ശങ്കരപിള്ള പറയുന്നു. 1960 കളിൽ യൂത്ത് കോൺഗ്രസിനും കെ.എസ്.യുവിനും നേതൃത്വം നൽകിയ ആദർശ ശാലികളാണ് ഇപ്പോൾ പാർട്ടിയെ നയിക്കുന്നതെങ്കിലും അനഭിലഷണീയമായ കാര്യങ്ങളാണ് പാർട്ടിയിൽ നടക്കുന്നതെന്ന് ശങ്കരപിള്ള കെപിസിസി പ്രസിഡന്റ് വി എം.സുധീരന് നൽകിയ കത്തിൽ പറഞ്ഞു. അഴിമതി അവകാശമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽ അർഹമായ പരിഗണന നൽകാതിതിരിക്കുകയും ഗ്രൂപ്പ് പ്രവർത്തനത്തിലെ അസംതൃപ്തിയുമാണു കോൺഗ്രസ് വിടുന്നതിനു അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു വേണ്ടി പ്രവർത്തിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. ഇത് കോൺഗ്രസിന് തിരിച്ചടിയാകുമെന്ന കാര്യവും ഉറപ്പാണ്. തന്റെ രാഷ്ട്രീയ നിലപാട് പ്രമുഖ സിപിഐ(എം) നേതാക്കളെ ശങ്കരപ്പിള്ള അറിയിച്ചിട്ടുണ്ട്. അരുവിക്കര മണ്ഡലത്തിൽ ഏറെ സുപരിചിതനാണ് ശങ്കരപ്പിള്ള. അതുകൊണ്ട് അദ്ദേഹം കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത് യുഡിഎഫിന് ഉപതെരഞ്ഞെടുപ്പു കൂടുതൽ പരീക്ഷണമാകുകയാണ്.

ഏറ്റവും പ്രായം കുറഞ്ഞ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന്ന ഖ്യാതി ഇപ്പോഴും കെ.ശങ്കരനാരായണ പിള്ളയ്ക്കാണ്. യൂത്ത് കോൺഗ്രസിന്റെ സമർത്ഥനായ സംഘാടകനായും പേരെടുത്തിട്ടുള്ള അദ്ദേഹം കോൺഗ്രസ് പാർട്ടി വിട്ടു കോൺഗ്രസ്എസിലേക്കു പോയി. 198791 കാലഘട്ടത്തിൽ ഇ.കെ നായനാർ മന്ത്രിസഭയിൽ ഗതാഗത വകുപ്പു മന്ത്രിയായി. ഇതിനിടെ നീണ്ട കാലം രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിച്ചു. സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടേയും ആവശ്യപ്രകാരം വീണ്ടും രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു.

കേരള വികാസ് പാർട്ടിയെന്ന പ്രസ്ഥാനത്തിനു അദ്ദേഹം രൂപം നൽകി. ഒടുവിൽ വികാസ് പാർട്ടി കോൺഗ്രസിൽ ലയിച്ചതിനെത്തുടർന്നു ശങ്കരപ്പിള്ള വീണ്ടും കോൺഗ്രസിൽ എത്തി. എന്നാൽ ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ളയ്ക്കടക്കം അർഹമായ സ്ഥാനം കോൺഗ്രസ് നൽകിയിട്ടും ശങ്കരപ്പിള്ളയെ അവഗണിച്ചു. ഇതിൽ അസ്വസ്ഥനാണെങ്കിലും പരാതിയുമായി കോൺഗ്രസ് നേതാക്കളെ കാണാനൊന്നും അദ്ദേഹം തുനിഞ്ഞില്ല.

എന്നാൽ കോൺഗ്രസിൽ അധികാരത്തിന്റെ പേരിലുള്ള ഗ്രൂപ്പ് വഴക്കിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. പാർട്ടി യോഗങ്ങളിലെല്ലാം പങ്കെടുക്കുന്ന ശങ്കരപ്പിള്ളയ്ക്കു പ്രസംഗിക്കാൻ പോലും അവസരം ലഭിച്ചിരുന്നില്ല. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായ അദ്ദേഹം ആ ജംബോ കമ്മിറ്റിയിലെ സാധാരണ ഒരംഗം മാത്രമാണ്. അർഹമായ സ്ഥാനം ലഭിക്കാത്തതും പാർട്ടിയിലെ പല വിധത്തിലുള്ള അവഗണനയുമാണു കോൺഗ്രസ് വിടാൻ അദ്ദേഹം തീരുമാനിച്ചത്.

യുഡിഎഫ് രൂപീകരിക്കുന്നതിൽ പ്രധാനിയായിരുന്ന കേരള കോൺഗ്രസ്ബി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ളയും അദ്ദേഹത്തിന്റെ മകനും എംഎൽഎയുമായ കെ.ബി ഗണേശ് കുമാറും യുഡിഎഫിനെ തോൽപ്പിക്കാൻ അരുവിക്കരയിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ജോർജും ബാലകൃഷ്ണപിള്ളയും ഉണ്ടാക്കുന്ന തലവേദനയ്ക്കു പുറമേയാണു ശങ്കരപിള്ളയുടെ രാജിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP