Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പി.കെ.രാഗേഷിനോട് കൂട്ടുകൂടിയാൽ കണക്കെല്ലാം വരുതിയിൽ വരുമെന്ന് കൂട്ടി കെ.സുധാകരൻ; രാഗേഷ് ഡപ്യൂട്ടി മേയറായി തുടരട്ടെ; ലീഗിന് മേയർ പദവി നൽകിയാൽ കണ്ണൂർ കോർപറേഷൻ പിടിക്കാം; കോർപറേഷൻ കാലാവധി തീരാൻ ഒരുവർഷം ബാക്കി നിൽക്കെ വിമതനെ പാട്ടിലാക്കി എൽഡിഎഫ് ഭരണം അവസാനിപ്പിക്കാൻ കോൺഗ്രസ് നീക്കം തകൃതി

പി.കെ.രാഗേഷിനോട് കൂട്ടുകൂടിയാൽ കണക്കെല്ലാം വരുതിയിൽ വരുമെന്ന് കൂട്ടി കെ.സുധാകരൻ; രാഗേഷ് ഡപ്യൂട്ടി മേയറായി തുടരട്ടെ; ലീഗിന് മേയർ പദവി നൽകിയാൽ കണ്ണൂർ കോർപറേഷൻ പിടിക്കാം; കോർപറേഷൻ കാലാവധി തീരാൻ ഒരുവർഷം ബാക്കി നിൽക്കെ വിമതനെ പാട്ടിലാക്കി എൽഡിഎഫ് ഭരണം അവസാനിപ്പിക്കാൻ കോൺഗ്രസ് നീക്കം തകൃതി

രഞ്ജിത്ത് ബാബു

കണ്ണൂർ: മുസ്ലിം ലീഗിന് മേയർ പദവി നൽകി കണ്ണൂർ കോർപ്പറേഷൻ തിരിച്ച് പിടിക്കാൻ കോൺഗ്രസ്സ് നീക്കം. കോൺഗ്രസ്സ് വിമതനായ പി.കെ. രാഗേഷിനെ ഡപ്യൂട്ടി മേയർ സ്ഥാനത്ത് നിലനിർത്തി കോർപ്പറേഷനിൽ എൽ.ഡി.എഫ് ഭരണം അവസാനിപ്പിക്കാനാണ് കണ്ണൂർ എം. പി. കെ. സുധാകരന്റെ നേതൃത്വത്തിൽ ചർച്ച നടക്കുന്നത്. തദ്ദേശ ഭരണ സ്ഥാപനത്തിന്റെ കാലാവധി ഇനി ഒരു വർഷവും രണ്ട് മാസവും മാത്രം അവശേഷിച്ചിരിക്കേ എൽ. ഡി.എഫ് ഭരണത്തിൽ നിന്നും കണ്ണൂർ കോർപ്പറേഷനെ മാറ്റാനുള്ള ശ്രമമാണ് കോൺഗ്രസ്സ് നേതൃത്വം നടത്തുന്നത്. കഴിഞ്ഞ ദിവസത്തെ കേന്ദ്ര ബജറ്റ് ദിനത്തിൽ പോലും കണ്ണൂരിൽ നിന്നുകൊണ്ട് കോർപ്പറേഷനെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ് കെ. സുധാകരൻ മുൻ തൂക്കം നൽകിയത്.

കഴിഞ്ഞ തവണ യു.ഡി.എഫിന് അധികാരം ലഭിച്ചിരുന്നെങ്കിൽ ആദ്യത്തെ രണ്ടര വർഷം മേയർ സ്ഥാനം കെ.പി.സി. ജനറൽ സെക്രട്ടറിയായ സുമാ ബാലകൃഷ്ണനും പിന്നീടുള്ള രണ്ടര വർഷം മുസ്ലിം ലീഗിനും പങ്കിട്ടെടുക്കാനായിരുന്നു തീരുമാനം. എന്നാൽ കെ. സുധാകരനുമായി ഇടഞ്ഞ് ജനാധിപത്യ സംരക്ഷണ മുന്നണി രൂപീകരിച്ച് പി.കെ. രാഗേഷിന്റെ നേതൃത്വത്തിൽ പള്ളിക്കുന്ന് ഡിവിഷനിലെ വിവിധ വാർഡുകളിൽ വിമത സ്ഥാനാർത്ഥികളായി മത്സരിക്കുകയായിരുന്നു. അതിൽ പി.കെ. രാഗേഷ് വിജയിച്ചു കയറുകയും എൽ.ഡി.എഫിനും യു.ഡി.എഫിനും 27 വീതം അംഗങ്ങളെ ലഭിക്കുകയും ചെയ്തതോടെ കക്ഷി നില തുല്യമായ നിലയിലായി. കോൺഗ്രസ്സ് വിമതനായി ജയിച്ച പി.കെ. രാഗേഷിന് ഡപ്യൂട്ടി മേയർ പദവി നൽകി എൽ.ഡി.എഫിനൊപ്പം കൂട്ടുകയായിരുന്നു. അതോടെയാണ് കണ്ണൂർ കോർപ്പറേഷൻ യു.ഡി.എഫിന് കൈവിട്ടത്. എന്നാൽ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പി.കെ. രാഗേഷ് കെ. സുധാകരനുമായി അടുപ്പം പാലിച്ചിരുന്നു. അതിന്റെ ഭാഗമായി തെരഞ്ഞെടുപ്പിൽ കെ. സുധാകരന് അനുകൂലമായി തന്നെക്കൊപ്പം നിൽക്കുന്നവരെക്കൂടി ഉൾപ്പെടുത്തി പിൻതുണ നൽകുകയും ചെയ്തു. അതോടെ കെ. സുധാകരനും പി.കെ. രാഗേഷും തമ്മിൽ അഞ്ച് വർഷമായി നിലനിൽക്കുന്ന അകൽച്ച ഇല്ലാതാവുകയും ചെയ്തു.

കണ്ണൂർ മുനിസിപ്പാലിറ്റിയെ കോർപ്പറേഷനായി ഉയർത്തിയത് യു.ഡി.എഫ് ഭരണത്തിന്റെ അവസാന കാലത്തായിരുന്നു. എന്നാൽ അതുവരെ മുനിസിപ്പാലിറ്റി ഭരിച്ച യു.ഡി.എഫിന് ആദ്യ കോർപ്പറേഷന്റെ സാരഥ്യം വഹിക്കാനായില്ല. അതിനാൽ കണ്ണൂർ കോർപ്പറേഷന്റെ ആദ്യ ഭരണത്തിന്റെ അവസാനഘട്ടത്തിലെങ്കിലും തങ്ങളുടെ പേർ മേയർ സ്ഥാനത്ത് എഴുതി ചേർക്കണമെന്ന് യു.ഡി.എഫിനും ആഗ്രഹമുണ്ട്. പി.കെ. രാഗേഷിനെ ഡപ്യൂട്ടി മേയർ സ്ഥാനത്തു തന്നെ നിർത്തി മേയർ സ്ഥാനം മുസ്ലിം ലീഗിന് നൽകി അധികാരം പിടിക്കാനാണ് യു.ഡി.എഫിന്റെ ശ്രമം.

രാഗേഷിനെ എത്രയും വേഗം കോൺഗ്രസ്സിലെത്തിക്കണമെന്ന ഉറച്ച നിലപാടിലാണ് ജില്ലാ കോൺഗ്രസ്സിലെ ഭൂരിഭാഗം നേതാക്കളും. രാഗേഷ് പ്രശ്നം ഇനിയും നീട്ടിക്കൊണ്ടു പോയാൽ അതിന്റെ ദോഷം മുഴുവൻ കോൺഗ്രസ്സിനാണെന്ന തിരിച്ചറിവാണ് നേതൃത്വത്തെ അതിന് പ്രേരിപ്പിക്കുന്നത്. പി.കെ. രാഗേഷിനെ ഉടൻ കോൺഗ്രസ്സിലെത്തിച്ചാൽ ഇനിയും ഒരു വർഷത്തിലേറെ ഭരണ കാലാവധിയുള്ള കണ്ണൂർ കോർപ്പറേഷന്റെ ഭരണം പിടിച്ചെടുക്കാനാവുമെന്ന് കണക്ക് കൂട്ടലും കോൺഗ്രസ്സിനുണ്ട്. എൽ.ഡി.എഫിനൊപ്പം ഏറെക്കാലം കൂട്ടുകൂടാനാവില്ലെന്ന നിലപാടിലാണ് രാഗേഷിന്റെ അനുയായികൾ. ഉടൻ തന്നെ വീണ്ടുംകെ.സുധാകരനുമായി ചർച്ച നടത്തുമെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP