Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപിയുമായി യോജിച്ചു പോവാൻ സാധിക്കുമെന്ന് എനിക്കു തോന്നിയാൽ ഞാൻ പോകും. അതിൽ തർക്കമെന്താ? അത് ഞാൻ ആരേയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല': ചാനൽ അഭിമുഖത്തിലെ കെ സുധാകരന്റെ അഭിപ്രായം കണ്ണൂർ രാഷ്ട്രീയത്തിൽ കൊടുങ്കാറ്റാകുന്നു; കോൺഗ്രസുകാർ മാത്രമല്ല സിപിഎമ്മുകാരും ബിജെപിയിൽ എത്തുമെന്ന് പറഞ്ഞ് എരിതീയിൽ എണ്ണയൊഴിച്ച് സുരേന്ദ്രനും

ബിജെപിയുമായി യോജിച്ചു പോവാൻ സാധിക്കുമെന്ന് എനിക്കു തോന്നിയാൽ ഞാൻ പോകും. അതിൽ തർക്കമെന്താ? അത് ഞാൻ ആരേയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല': ചാനൽ അഭിമുഖത്തിലെ കെ സുധാകരന്റെ അഭിപ്രായം കണ്ണൂർ രാഷ്ട്രീയത്തിൽ കൊടുങ്കാറ്റാകുന്നു; കോൺഗ്രസുകാർ മാത്രമല്ല സിപിഎമ്മുകാരും ബിജെപിയിൽ എത്തുമെന്ന് പറഞ്ഞ് എരിതീയിൽ എണ്ണയൊഴിച്ച് സുരേന്ദ്രനും

കണ്ണൂർ: കോൺഗ്രസിന്റെ കണ്ണൂരിലെ കരുത്താണ് കെ സുധാകരൻ. സിപിഎമ്മിനോട് പട നയിച്ച് കോൺഗ്രസിനെ കണ്ണൂരിൽ പിടിച്ചു നിർത്തുന്ന നേതാവ്. ബിജെപിയുടെ കണ്ണൂരിൽ സിപിഎമ്മുമായാണ് പോരിൽ. കേരളാ രാഷ്ട്രീയത്തിൽ കാലുറപ്പിക്കാൻ ശ്രമിക്കുന്ന ബിജെപി കൂടുതൽ നേതാക്കളെ പാർട്ടിയിലേക്ക് അടുപ്പിക്കാനുള്ള നീക്കത്തിലാണ്. ഇവർ ലക്ഷ്യമിടുന്നതിൽ പ്രധാനി കെ സുധാകരനാണ്. സുധാകരനെ ബിജെപി പാളയത്തിലെത്തിക്കാൻ അണിയറ നീക്കം സജീവമാണ്. ഇത് സുധാകരൻ തന്നെ സ്ഥിരീകരിക്കുന്നു. ബിജെപിയുമായി യോജിച്ചു പോവാൻ സാധിക്കുമെന്ന് എനിക്കു തോന്നിയാൽ ഞാൻ പോകും. അതിൽ തർക്കമെന്താ? അത് ഞാൻ ആരേയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല'- എന്ന സുധാകരന്റെ തുറന്നു പറച്ചിൽ ചർച്ചയാവുകയും ചെയ്യുന്നു. ബിജെപിയോട് അയിത്തമില്ലെന്ന് സുധാകരൻ പറയുമ്പോൾ കണ്ണൂരിലെ രാഷ്ട്രീയം കലങ്ങി മറിയുകയാണ്.

ബിജെപി അധ്യക്ഷൻ അമിത് ഷായുമായി സുധാകരൻ ചെന്നൈയിൽ കൂടിക്കാഴ്ച നടത്തിയെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിച്ചതിനു പിന്നാലെ, തനിക്കു ബിജെപിയിലേക്കു ക്ഷണമുണ്ടായിരുന്നുവെന്നു സുധാകരൻ ടിവി ചാനലിൽ വെളിപ്പെടുത്തിയതോടെയാണു വിവാദത്തിനു കനംവച്ചത്. അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണം താൻ കയ്യോടെ നിരസിച്ചുവെന്നും കോൺഗ്രസ് വിട്ടാൽ തനിക്കു മറ്റൊരു രാഷ്ട്രീയമില്ലെന്നും ചാനൽ അഭിമുഖത്തിൽ സുധാകരൻ വ്യക്തമാക്കി. പക്ഷേ അഭിമുഖത്തിൽ പറഞ്ഞ് മറ്റ് കാര്യങ്ങളാണ് കൈരളി ചർച്ചയാക്കിയത്. ഇതാണ് പ്രശ്‌നത്തിന് കാരണം. ഇതിനിടെ കോൺഗ്രസുകാർ മാത്രമല്ല സിപിഎമ്മുകാരും ബിജെപിയിൽ എത്തുമെന്ന് പറഞ്ഞ് എരിതീയിൽ എണ്ണയൊഴിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രനും ചർച്ചകൾക്ക് പുതിയ തലം നൽകി. കേരളത്തിലെ ഇടത് വലത് നേതാക്കളെ ബിജെപിക്കാരാക്കാൻ ശ്രമം നടക്കുന്നുവെന്ന് പറയുകയാണ് സുരേന്ദ്രൻ.

ഇതിനിടെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം സുധാകരന്റെ ലൈൻ തള്ളിയെന്ന സൂചനയും എത്തി. തന്റെ വാക്കുകൾ സിപിഎം കേന്ദ്രങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തു വളച്ചൊടിച്ചതാണെന്നാണു സുധാകരന്റെ നിലപാട്. വിശദീകരണവുമായി അദ്ദേഹം മാധ്യമങ്ങളെ കാണും. മുസ് ലിം ചെറുപ്പക്കാർക്കെതിരെ സിപിഎം നടത്തുന്ന അക്രമങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാനാണു താൻ ബിജെപിയിലേക്കെന്നു വ്യാജ പ്രചാരണം നടത്തുന്നതെന്നു സുധാകരൻ പിന്നീടു ഡിസിസി നേതൃയോഗത്തിൽ പറഞ്ഞു. സിരകളിൽ രക്തമോടുന്ന കാലത്തോളം താൻ കോൺഗ്രസായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി അഭിമുഖത്തിൽ സുധാകരൻ പറഞ്ഞ വിവാദ വാചകങ്ങൾ ഇതാണ്:

'എനിക്ക് എന്റേതായൊരു പൊളിറ്റിക്കൽ ഇന്റഗ്രിറ്റിയുണ്ട്. എനിക്കൊരു പൊളിറ്റിക്കൽ വിഷനുണ്ട്. ആ വിഷൻ ആത്യന്തികമായി കോൺഗ്രസിന്റേതാണ്. ബിജെപിയുടെ ചാർജുള്ള ചെന്നൈയിലെ രാജ.... അദ്ദേഹത്തിനു കാണാൻ താൽപര്യമുണ്ട്, പറ്റുമോ എന്നു ചോദിച്ചപ്പോ ഞാൻ പറഞ്ഞു, എനിക്കു താൽപര്യമില്ല. അതു കഴിഞ്ഞ്, അമിത് ഷായെ കാണാൻ താൽപര്യമുണ്ടോ എന്നു ചോദിച്ച് കണ്ണൂരിൽ തന്നെയുള്ള ഒരു ബിജെപി നേതാവ് എന്നെ ബന്ധപ്പെട്ടിരുന്നു. ഞാൻ പറഞ്ഞു എനിക്ക് അങ്ങനെ താൽപര്യമില്ല.... അല്ലാതെ ബിജെപിയുടെ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവുമായും ഞാൻ ചർച്ച നടത്തിയിട്ടില്ല. അതു ശുദ്ധ അസംബന്ധമാണ്.

ഞാൻ ചോദിക്കട്ടെ, എനിക്കു ബിജെപിയിൽ പോണമെങ്കിൽ പി.ജയരാജന്റെയോ ഇ.പി.ജയരാജന്റെയോ സർട്ടിഫിക്കറ്റൊന്നും വേണ്ടല്ലോ. ഐ കാൻ ഡിസൈഡ്. എന്റെ പൊളിറ്റിക്കൽ ഫെയ്റ്റ് ഐ കാൻ ഡിസൈഡ്. ആരു ചോദിക്കാൻ പോകുന്നു, ആര് അന്വേഷിക്കാൻ പോകുന്നു? ആർക്കാ എതിർക്കാൻ പറ്റുക? ബിജെപിയുമായി യോജിച്ചു പോകാൻ സാധിക്കുമെന്ന് എനിക്കു തോന്നിയാൽ ഐ വിൽ ഗോ വിത് ബിജെപി. അതിൽ തർക്കമെന്താ? അത് ഞാൻ ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. അത് എന്റെ വിഷനാണ്. എന്റെ കാഴ്ചപ്പാടാണ്.

പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഞാനതു കാറ്റഗോറിക്കലായിട്ടു പറഞ്ഞു. ബിജെപിയിലേക്കു പോകുന്നതിനെക്കുറിച്ചു ചിന്തിക്കുക പോലും ചെയ്തിട്ടില്ല. എന്റെ പൊളിറ്റിക്കൽ അഫിലിയേഷൻ വിത് കോൺഗ്രസ്. എന്റെ പൊളിറ്റിക്കൽ പ്രിൻസിപ്പ്ൾ. ഇറ്റ് ഈസ് അഫിലിയേറ്റഡ് വിത് കോൺഗ്രസ്. അങ്ങനെ ഒരു തിങ്കിങ്ങിനപ്പുറത്ത് എനിക്ക് ഇല്ല. കോൺഗ്രസുമായി പ്രവർത്തന രംഗത്തു നിന്നു മാറി നിൽക്കുന്നുണ്ടെങ്കിൽ പൊളിറ്റിക്‌സ് നിർത്തുക എന്നതിനപ്പുറത്ത് ഒന്നുമില്ല..'.

അതിനിടെയാണ് കോൺഗ്രസ് നേതാവ് കെ. സുധാകരന് ബിജെപിയിലേക്ക് ക്ഷണമുണ്ടായെന്ന വാർത്തകൾക്കിടെ സിപിഎമ്മിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ രംഗത്ത് വന്നത്. സുധാകരൻ ബിജെപിയിൽ ചേർന്നാൽ സിപിഎമ്മിന് എന്താണ് വിഷമമെന്ന് സുരേന്ദ്രൻ പ്രതികരിച്ചു. മറ്റു പാർട്ടിക്കാർ ബിജെപിയിൽ ചേരുന്നതു പുതിയ സംഭവമാണോ?. സിപിഎം എംഎൽഎയായിരുന്ന അൽഫോൻസ് കണ്ണന്താനം ബിജെപി മന്ത്രിയായി. ത്രിപുരയിൽ ബിജെപി വിജയിച്ചത് മറ്റു പാർട്ടിക്കാർ വന്നതുകൊണ്ടല്ലേ?. നല്ല സിപിഎം നേതാക്കളെയും ബിജെപിയിൽ ചേർക്കും- സുരേന്ദ്രൻ എഫ് ബിയിൽ കുറിച്ചു. കേരളത്തിലെ കോൺഗ്രസുകാരെ ബിജെപിയിൽ ചേർക്കാനുള്ള ഏജൻസി പണിയാണ് കെ. സുധാകരൻ നിർവഹിച്ചുകൊണ്ടിരിക്കുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിച്ചിരുന്നു. തനിക്കു ബിജെപിയിലേക്കു ക്ഷണമുണ്ടായിരുന്നുവെന്ന സുധാകരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണു ജയരാജൻ കടുത്ത ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തിയത്. ഇതിനെതിരെയാണ് സുരേന്ദ്രൻ നിലപാട് വിശദീകരിച്ചത്.

കുറിപ്പിന്റെ എഫ്ബി പോസ്റ്റിന്റെ പൂർണ്ണ രൂപം- ഇനി കെ. സുധാകരൻ ബിജെപിയിൽ ചേർന്നാൽ തന്നെ സിപിഎമ്മിനെന്താ ഇത്ര ദണ്ണം. ഇതാദ്യമായിട്ടാണോ മറ്റു പാർട്ടിയിലുള്ളവർ ബിജെപിയിൽ ചേരുന്നത്?. ഇപ്പോൾ കേന്ദ്രമന്ത്രിസഭയിൽ ടൂറിസം മന്ത്രിയായിരിക്കുന്ന അൽഫോൻസ് കണ്ണന്താനം കേരളാ നിയമസഭയിലെ സിപിഎം വിജയിപ്പിച്ച എംഎൽഎ ആയിരുന്നില്ലേ?. ത്രിപുരയിൽ ബിജെപി അധികാരത്തിൽ വന്നത് ബിജെപിയിലേക്ക് പുതുതായി മറ്റു പാർട്ടിക്കാർ വന്നതുകൊണ്ടല്ലേ. ജനാധിപത്യ സംവിധാനത്തിൽ ആളുകൾ പാർട്ടിമാറുന്നത് ഇത്രവലിയ അപരാധമാണോ? എസ്.എം. കൃഷ്ണ കർണാടകയിൽ കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി ആയിരുന്നില്ലേ. കേരളത്തിൽ ബിജെപിക്ക് പതിനഞ്ച് ശതമാനം വോട്ടുകിട്ടിയത് പലരും പുതുതായി പാർട്ടിയിൽ ചേർന്നതുകൊണ്ടല്ലേ. സിപിഎമ്മിന്റെ അനുവാദം വാങ്ങിയിട്ടുവേണോ ആളുകൾക്കു ബിജെപിയിൽ ചേരാൻ? കോൺഗ്രസ്സുകാരെ മാത്രമല്ല നല്ല സിപിഎം നേതാക്കളെ കിട്ടിയാലും ഞങ്ങൾ പാർട്ടിയിൽ ചേർക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP