Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി സീറ്റിൽ മൽസരിക്കുമോയെന്ന് കെ.ടി.ജലീലിനെ വെല്ലുവിളിച്ച് മുസ്ലിം ലീഗ്; കുറ്റിപ്പുറത്ത് തല തൊട്ടപ്പനായ കുഞ്ഞാലിക്കുട്ടിയെ തറ പറ്റിച്ച കാര്യം മറക്കരുതെന്ന് ജലീൽ; കെടി അദീബിന്റെ രാജിയിലും അവസാനിക്കാത്ത ലീഗ്-ജലീൽ പോര് മുറുകുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി സീറ്റിൽ മൽസരിക്കുമോയെന്ന് കെ.ടി.ജലീലിനെ വെല്ലുവിളിച്ച് മുസ്ലിം ലീഗ്; കുറ്റിപ്പുറത്ത് തല തൊട്ടപ്പനായ കുഞ്ഞാലിക്കുട്ടിയെ തറ പറ്റിച്ച കാര്യം മറക്കരുതെന്ന് ജലീൽ; കെടി അദീബിന്റെ രാജിയിലും അവസാനിക്കാത്ത ലീഗ്-ജലീൽ പോര് മുറുകുന്നു

റിയാസ് ആമി അബ്ദുള്ള

കണ്ണൂർ: മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധുനിയമന വിവാദം കെടി അദീബിന്റെ രാജിയിൽ വരെ എത്തിയെങ്കിലും അതിൽ അവസാനിക്കാതെ ലീഗ്-ജലീൽ പോര് മുറുകുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി സീറ്റിൽ മൽസരിക്കുമോയെന്നാണ് കെ.ടി.ജലീലിനെതിരെ മുസ്ലിം ലീഗിന്റെ വെല്ലുവിളി. എന്നാൽ കുറ്റിപ്പുറം മണ്ഡലത്തിൽ ലീഗിന്റെ തല തൊട്ടപ്പനായ പി.കെ.കുഞ്ഞാലിക്കുട്ടിയെ തറ പറ്റിച്ച കാര്യം മറക്കരുതെന്നും ലീഗിന് തന്നോട് അന്നു തുടങ്ങിയ പകയും ഈർഷ്യയുമാണ് ഇപ്പോഴും തുടരുന്നതെന്നും കെ.ടി.ജലീൽ തിരിച്ചടിച്ചു. കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ ഭാഗമായി ഡിവൈഎഫ്‌ഐ തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റി ടൗണിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജലീൽ. വർഗീയത ആളിക്കത്തിച്ചു ബിജെപിയും മുസ്ലിം ലീഗും കേരളത്തിന്റെ മതനിരപേക്ഷത തകർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു മതത്തിൽ പെട്ടവരെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി രാജ്യം ഭരിക്കണമെന്നു പറയുന്നവർ പാക്കിസ്ഥാന്റെ അനുഭവ പാഠം വിസ്മരിക്കരുത് എന്ന് ജലീൽ കൂട്ടിച്ചേർത്തു. കെ.വി.സുജിത് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സിപിഎം ഏരിയാ സെക്രട്ടറി ഇ.കുഞ്ഞിരാമൻ, പി.എ.റഹ്മാൻ, എം.രാജീവൻ, എം വിസുകുമാരൻ, രേവതി കുമ്പള, എം വിസുജിത്, കെ.കനേഷ് എന്നിവർ പ്രസംഗിച്ചു. തങ്കയം ജംക്ഷനിൽ നിന്നു പുറപ്പെട്ട പ്രകടനത്തിൽ നൂറുക്കണക്കിനാളുകൾ അണിനിരന്നു. വൊളന്റിയർമാരും ബാൻഡ് വാദ്യവും അകമ്പടിയായി.

നേരത്തെ മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധുനിയമന വിവാദത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് രംഗത്ത് വന്നിരുന്നു. മന്ത്രി ജലീൽ ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ നിയമിക്കാൻ നേരിട്ട് ഇടപെട്ടുവെന്നാണ് ഫിറോസിന്റെ ആരോപണം. വിദ്യാഭ്യാസ യോഗ്യതയിൽ ഇളവ് വരുത്താൻ മന്ത്രി കുറിപ്പ് നൽകിയെന്നും ഫിറോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്തിയാണ് ജലീലിന്റെ ബന്ധുവായ അദീബിനെ നിയമിച്ചത്. ഇളവിനായി സ്വന്തം ലെറ്റർപാഡിൽ മന്ത്രി കുറിപ്പ് നൽകി. നിയമനത്തിൽ മന്ത്രിസഭ നിശ്ചയിച്ച യോഗ്യത മന്ത്രി ജലീൽ തിരുത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മന്ത്രിയുടെ കൈയിൽ കറ പുരണ്ടിട്ടില്ലെങ്കിൽ തങ്ങൾ നൽകിയ വിജിലൻസ് അന്വേഷണത്തിൽ ജലീൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെടണം. അല്ലെങ്കിൽ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

അതിനിടെ ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിന്റെ വാദങ്ങൾ പൂർണമായും പൊളിയുന്ന രീതിയിലുള്ള തെളിവുകളാണ് പുറത്ത് വരുന്നത്. കെ.ടി അദീബ് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ജോലി രാജി വച്ചാണ് ന്യൂന പക്ഷ കോർപറേഷനിൽ ജോലിയിൽ പ്രവേശിച്ചത് എന്നാണു പുതിയ രേഖകൾ വ്യക്തമാക്കുന്നത്. ജോലി രാജി വെച്ചത് ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ സ്ഥിരം നിയമനത്തിനാണെന്നും മുസ്ലിം യൂത്ത് ലീഗ് ആരോപിക്കുന്നു. മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവിനു സൗത്ത് ഇന്ത്യൻ ബാങ്കിൽ 1,10,000 രൂപയായിരുന്നു സാലറി എന്ന ജലീലിന്റെ വാദവും പൊളിയുകയാണ്. 85,664 രൂപ മാത്രമാണ് സാലറി എന്നതിന്റെ രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേസിൽ ധനകാര്യ വകുപ്പിലെ പല രേഖകളും മന്ത്രി കെ.ടി ജലീലിന്റെ ഓഫീസിൽ ആണ് ഉള്ളത്. ഇത് രേഖകളിൽ കൃത്രിമം നടത്താനോ നശിപ്പിക്കാനോ ഉള്ള ശ്രമത്തിന്റെ ഭാഗമാണ് എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP