Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല വിഷയം കൊടുമ്പിരി കൊണ്ടതോടെ ബന്ധുനിയമന വിവാദത്തിൽ താൽക്കാലിക രക്ഷയായെങ്കിലും കെ.ടി.ജലീലിന് മേൽ കുരുക്ക് മുറുകുന്നു; സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ ചട്ടം പാലിക്കാതെ ഇഷ്ടനിയമനത്തിന് ഒത്താശ; നിയമിച്ചത് നിലമ്പൂർ സ്വദേശിയായ മുൻ എൽഡിഎഫ് വനിതാ അംഗത്തെ; ജലീലിനെതിരെയുള്ള കടുത്ത ആരോപണങ്ങൾ സിപിഎം ചർച്ച ചെയ്യുക ശബരിമല പ്രശ്‌നം കെട്ടടങ്ങിയ ശേഷം

ശബരിമല വിഷയം കൊടുമ്പിരി കൊണ്ടതോടെ ബന്ധുനിയമന വിവാദത്തിൽ താൽക്കാലിക രക്ഷയായെങ്കിലും കെ.ടി.ജലീലിന് മേൽ കുരുക്ക് മുറുകുന്നു; സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ ചട്ടം പാലിക്കാതെ ഇഷ്ടനിയമനത്തിന് ഒത്താശ; നിയമിച്ചത് നിലമ്പൂർ സ്വദേശിയായ മുൻ എൽഡിഎഫ് വനിതാ അംഗത്തെ; ജലീലിനെതിരെയുള്ള കടുത്ത ആരോപണങ്ങൾ സിപിഎം ചർച്ച ചെയ്യുക ശബരിമല പ്രശ്‌നം കെട്ടടങ്ങിയ ശേഷം

എം പി റാഫി

മലപ്പുറം: ബന്ധുനിയമന വിവാദത്തിൽ അകപ്പെട്ട കെ.ടി ജലീലിനു മേൽ കുരുക്ക് മുറുകുന്നു. ചട്ട വിരുദ്ധമായി നിയമനം നടത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കരിപ്പൂരിലെ സംസ്ഥാന ഹജ് കമ്മിറ്റി ഓഫീസിൽ ചട്ടം പാലിക്കാതെ മന്ത്രി ജലീലിന്റെ താൽപര്യപ്രകാരം നിയമനം. ഓഫീസിലെ സ്ഥിരം ഒഴിവുകളിൽ മറ്റു സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നവരെ ഡെപ്യൂട്ടേഷനിൽ നിയമിക്കണമെന്ന് ചട്ടമുണ്ടായിരിക്കെ നിലമ്പൂർ സ്വദേശിയായ മുൻ എൽ.ഡി.എഫ് പഞ്ചായത്ത് മെമ്പറായ വനിതയെ കെ.ടി ജലീൽ നിയമിക്കുകയായിരുന്നു.

നേരത്തെ, മൈനോറിറ്റി ഓഫീസിൽ ജോലിയുണ്ടായിരുന്ന ഈ സ്ത്രീയെ രണ്ട് വർഷം മുമ്പാണ് കരിപ്പൂരിലെ ഹജ് കമ്മിറ്റി ഓഫീസിൽ നിയമിച്ചത്. രണ്ടുവർഷം മുമ്പ് ഒഴിവുവന്ന തസ്തികകളിലേക്ക് ഡെപ്യൂട്ടേഷനിൽ നിരവധി അപേക്ഷകളുണ്ടായിട്ടും ഇതൊന്നും പരിഗണിക്കാതെ ജലീലിന്റെ പേഴ്സണൽ സ്റ്റാഫിന്റെ അടുത്ത ബന്ധത്തിലുള്ള സ്ത്രീയെ നിയമിക്കുകയായിരുന്നു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയോ പ്രവൃത്തി പരിചയമോ ഇല്ലാത്ത വനിതയെ ഹജ് കമ്മിറ്റി ഓഫീസിൽ നിയമിച്ചതും ജലീലിന് പുതിയ തലവേദനയായിരിക്കുകയാണ്.

ഹജ് , ന്യൂനപക്ഷം, വഖഫ് തുടങ്ങിയ വകുപ്പുകൾ കൂടി കൈകാര്യം ചെയ്യുന്ന മന്ത്രി ജലീലിന്റെ കൂടുതൽ വഴിവിട്ട ഇടപെടൽ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്നാണ് സൂചന. മുമ്പ് കൈകാര്യം ചെയ്ത തദ്ദേശ സ്വയംഭരണ വകുപ്പിൽ നിരവധി ആക്ഷേപങ്ങൾക്കും പരാതികൾക്കും ജലീൽ ഇടവരുത്തിയത് സിപിഎമ്മിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉന്നത വിദ്യാഭാസ വകുപ്പ് നൽകി വകുപ്പ് മാറ്റമുണ്ടായത്.

ജലീലിനു മേൽ കുരുക്ക് മുറുകുന്ന സാഹചര്യത്തിൽ സിപിഎം കൂടുതൽ പ്രതിരോധത്തിലാകുകയാവുകയാണെങ്കിലും, ജലീലിനെ സംരക്ഷിച്ച് രംഗത്തു വരേണ്ടെന്നാണ് പാർട്ടി തീരുമാനം. അതേസമയം ജലീൽ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജറായി നിയമനം നൽകിയ പിതൃ സഹോദരന്റെ കൊച്ചുമകൻ കെ.ടി അദീബ് ജമാഅത്തേ ഇസ്ലാമി നാതാവിന്റെ മകനാണെന്നതും സിപിഎമ്മിനെ കൂടുതൽ നിശബ്ദമാക്കുന്നു. ജമാഅത്തേ ഇസ്ലാമി വളാഞ്ചേരി ഏരിയാ പ്രസിഡന്റും വെൽഫെയർ പാർട്ടി മുക്കിലപീടിക യൂണിറ്റ് പ്രസിഡന്റുമായ പ്രൊഫ.കെ.ടി ഹംസയാണ് അദീബിന്റെ പിതാവ്.

ഈ മാസം 9ന് നടക്കുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിഷയം ചർച്ച ചെയ്യാനാണ് തീരുമാനം. അടിയന്തര യോഗം വിളിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ നിന്ന് ഉയരുന്നുണ്ടെങ്കിലും ശബിരിമല വിഷയം കെട്ടടങ്ങിയ ശേഷം ചർച്ച ചെയ്യാനാണ് തീരുമാനം. ശബരിമല കൊടിമ്പിരികൊള്ളുന്ന സാഹചര്യത്തിൽ പാർട്ടിക്ക് യോഗം ചേരാനുള്ള സമയമില്ലെന്നതാണ് വസ്തുത. ഇതോടെ അയ്യപ്പ കടാക്ഷത്തിൽ ജലീലിന് താൽകാലിക രക്ഷ ഉണ്ടായിരിക്കുകയാണ്.

അതേസമയം വിഷയം പിന്തുടർന്ന് ജാലീൽ രാജിവെയ്ക്കും വരെ സമരമുഖത്ത് നിലയുറപ്പിക്കാനാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ഇതിനോടകം യൂത്ത് ലീഗിന്റെ മുഴുവൻ ഘടകങ്ങളിലും പ്രതിഷേധ പരിപാടികൾ നടന്നു. ജലീലിന്റെ തവനൂർ എടപ്പാളിലെ ഓഫീസിലേക്കും കോഴിക്കോട്ടെ മൈനോറിറ്റി ഡവലപ്മെന്റ് ആൻഡ് ഫിനാൻസ് കോർപറേഷൻ ആസ്ഥാനത്തേക്കും യൂത്ത് ലീഗ് മാർച്ച് നടത്തി. തസ്തിക ബോധപൂർവം സൃഷ്ടിച്ച് ബന്ധുവിനെ നിയമിക്കുകയായിരുന്നെന്നും നിയമന വിഷയത്തിൽ അടിയന്തിരമായി അന്വേഷണം വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

ജനറൽ മാനേജർക്കു പുറമെ 7 തസ്തികകളിലെ 16 ഒഴിവുകളിലേക്ക് രണ്ട് വർഷം മുമ്പ് അപേക്ഷ ക്ഷണിച്ച് നിയമനം നടത്തിയെങ്കിലും ജനറൽ മാനേജറൽ തസ്തിക ഒഴിച്ചിടുകയായിരുന്നു. അപേക്ഷ ക്ഷണിച്ച സമയത്ത് ഇ.പി ജയരാജന്റെ ബന്ധു നിയമനവും കത്തി നിന്നിരുന്നു. ഇതോടെ നിയമനം നടത്താൻ ബോധപൂർവം വൈകിപ്പിച്ചുവെന്ന ആരോപണം ജലീലനെ കൂടുതൽ വെട്ടിലാക്കുന്നു. നിയമനവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ട മന്ത്രിസഭാ നടപടിക്രമങ്ങളടങ്ങിയ മിനുട്സിന്റെ പകർപ്പ് ചോർന്നത് സംബന്ധിച്ച് സിപിഎമ്മിനുള്ളിൽ വിവാദം പുകയുന്നുണ്ട്. ഈ രേഖ കഴിഞ്ഞ ദിവസം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് പുറത്ത് വിട്ടിരുന്നു. മലബാറിൽ നിന്നുള്ള ഒരു സിപിഎം എംഎ‍ൽഎ മുഖേന രേഖ ചോർത്തി നൽകിയെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP