Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശബരിമലയിൽ ഭക്തർ അർപ്പിക്കുന്ന കാണിക്ക സർക്കാർ കൈയിട്ടുവാരുകയാണോ? വരുമാനമെല്ലാം ദേവസ്വം ബോർഡിലേക്കാണോ വരുന്നത്? ആരോപണങ്ങളെ കണക്കുകൾ നിരത്തി ചെറുക്കും; ക്ഷേത്രങ്ങളിലെ ഒരു നയാപ്പെസ സർക്കാർ എടുക്കുന്നില്ലെന്ന് മാത്രമല്ല കോടികൾ അങ്ങോട്ട് നൽകുകയും ചെയ്യുന്നു; ക്ഷേത്രവരുമാനം സർക്കാർ കൊള്ളയടിക്കുന്നെന്ന പ്രചാരണത്തിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീണ്ടും

ശബരിമലയിൽ ഭക്തർ അർപ്പിക്കുന്ന കാണിക്ക സർക്കാർ കൈയിട്ടുവാരുകയാണോ? വരുമാനമെല്ലാം ദേവസ്വം ബോർഡിലേക്കാണോ വരുന്നത്? ആരോപണങ്ങളെ കണക്കുകൾ നിരത്തി ചെറുക്കും; ക്ഷേത്രങ്ങളിലെ ഒരു നയാപ്പെസ സർക്കാർ എടുക്കുന്നില്ലെന്ന് മാത്രമല്ല കോടികൾ അങ്ങോട്ട് നൽകുകയും ചെയ്യുന്നു; ക്ഷേത്രവരുമാനം സർക്കാർ കൊള്ളയടിക്കുന്നെന്ന പ്രചാരണത്തിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീണ്ടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ശബരിമലയിലെയും പണം സംസ്ഥാന സർക്കാർ എടുക്കുന്നുവെന്ന പ്രചാരണത്തെ കണക്കുകൾ നിരത്തി ചെറുക്കാൻ സംസ്ഥാന സർക്കാർ. ദേവസ്വം ബോർഡിന്റെ നീക്കിയിരുപ്പ് തുക ദേവസ്വം ബോർഡിന്റെ കരുതൽ നിക്ഷേപമായി നിക്ഷേപമായി സൂക്ഷിച്ചിരിക്കുകയാണെന്നും സംസ്ഥാന സർക്കാർ കൈകടത്താറില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 2017-18 കാലയളവിൽ ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന് ആകെ ലഭിച്ചത് 683 കോടി രൂപയാണ്. ദേവസ്വം ബോർഡിന് കീഴിലുള്ള 1249 ക്ഷേത്രങ്ങളിൽ ചെലവിനെക്കാൾ വരുമാനമുള്ളത് 61 ക്ഷേത്രങ്ങളിൽ മാത്രമാണ്. 1188 ക്ഷേത്രങ്ങൾ പ്രവർത്തിക്കുന്നത് ശബരിമല ഉൾപ്പെടെ 61 ക്ഷേത്രങ്ങളിലെ വരുമാനവും സർക്കാർ സഹായവും ഉപയോഗിച്ചാണ്.

ഈ കാലയളവിൽ ശബരിമലയിൽ നിന്ന് കാണിക്ക, വഴിപാട്, ലേലം, ബുക് സ്റ്റാൾ എന്നീ ഇനങ്ങളിലെല്ലാമായി ലഭിച്ചത് 342 കോടി രൂപയാണ്. ഇതിൽ 73 കോടി രൂപ ശബരിമലയിലെ ചെലവുകൾക്കായി വിനിയോഗിച്ചു. പ്രതിവർഷം തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരുടെ ശമ്പളത്തിന് വേണ്ടി മാത്രം ചെലവഴിക്കേണ്ടി വരുന്നത് 354 കോടി രൂപയാണ്. പെൻഷൻ നൽകാൻ വേണ്ടിവരുന്നത് 133 കോടി രൂപയാണ്. ശമ്പളം, പെൻഷൻ ഇനത്തിൽ ആകെ ചെലവാക്കുന്ന 487 കോടി രൂപ ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ഷേത്രങ്ങളുടെ നടത്തിപ്പിന് കഴിഞ്ഞ സാമ്പത്തിക വർഷം വേണ്ടി വന്നത് 678 കോടി രൂപയാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും, ശബരിമലയിലെയും പണം സംസ്ഥാന സർക്കാർ എടുക്കുന്നുവെന്ന വ്യാജപ്രചാരണം വ്യാപകമായ സാഹചര്യത്തിലാണ് വരവ് ചെലവ് കണക്കുകൾ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കിയിരുപ്പ് തുക ദേവസ്വം ബോർഡിന്റെ കരുതൽ നിക്ഷേപമായി സൂക്ഷിച്ചിരിക്കുകയാണ്, അതിൽ സംസ്ഥാന സർക്കാർ കൈ കടത്താറില്ല.

കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ ദേവസ്വം ബോർഡുകൾക്കായി 70 കോടി രൂപയാണ് സംസ്ഥാന സർക്കാരിന്റെ ദേവസ്വം വകുപ്പ് മാത്രം നൽകിയത്. റോഡുകൾ, ജലവിതരണം തുടങ്ങി വിവിധ സർക്കാർ വകുപ്പുകൾ ചെലവാക്കുന്ന കോടിക്കണക്കിന് രൂപ ഇതിന് പുറമെയാണ്. വസ്തുതകൾ ഇതായിരിക്കേ, തെറ്റിദ്ധാരണകൾ പരത്തി ക്ഷേത്രങ്ങളിലെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനും, നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനും ആസൂത്രിതമായ ശ്രമം നടക്കുകയാണെന്ന് കടകംപള്ളി സുരേന്ദ്രൻ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

ശബരിമലയിലെ വരുമാനം സർക്കാർ കൊണ്ടു പോകും..പള്ളിയിലും ദർഗ്ഗയിലും വീഴുന്ന പൈസ അവർ പങ്കിട്ടെടുക്കും..ഹെന്താലേ...? എന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു. ഹിന്ദുഐക്യവേദിയും ഈ ആരോപണം ശക്തമായി ഉന്നയിച്ചിരുന്നു. ശബരിമലയെ സർക്കാർ കറവപ്പശുവായി കാണുന്നുവെന്ന ആരോപണം ശക്തമായതോടെയാണ് മന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP