Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണങ്ങി നിന്ന വിമത കൗൺസിലർ കെ സുധാകരനുമായി അടുത്തതോടെ കണ്ണൂർ നഗരസഭ പിടിക്കാൻ കോൺഗ്രസ്; ലീഗുമായുള്ള അനുരഞ്ജന ചർച്ചയും ഫലം കണ്ടതോടെ എൽഡിഎഫ് മേയറെ താഴെയിറക്കാൻ അവിശ്വാസം കൊണ്ട് വരാൻ നീക്കം; സീറ്റുകളിൽ തുല്യത പാലിച്ചപ്പോൾ തുണയായ പികെ രാഗേഷ് യുഡിഎഫിൽ തിരിച്ചെത്തിക്കുന്നതും ഡെപ്യൂട്ടി മേയർ പദവി ഉറപ്പ് നൽകി; അപ്രതീക്ഷിതമായി കയ്യിൽ കിട്ടിയ കണ്ണൂർ നഗരസഭ കൈവിടുമോ എന്ന ഭയത്തിൽ സിപിഎം

പിണങ്ങി നിന്ന വിമത കൗൺസിലർ കെ സുധാകരനുമായി അടുത്തതോടെ കണ്ണൂർ നഗരസഭ പിടിക്കാൻ കോൺഗ്രസ്; ലീഗുമായുള്ള അനുരഞ്ജന ചർച്ചയും ഫലം കണ്ടതോടെ എൽഡിഎഫ് മേയറെ താഴെയിറക്കാൻ അവിശ്വാസം കൊണ്ട് വരാൻ നീക്കം; സീറ്റുകളിൽ തുല്യത പാലിച്ചപ്പോൾ തുണയായ പികെ രാഗേഷ് യുഡിഎഫിൽ തിരിച്ചെത്തിക്കുന്നതും ഡെപ്യൂട്ടി മേയർ പദവി ഉറപ്പ് നൽകി; അപ്രതീക്ഷിതമായി കയ്യിൽ കിട്ടിയ കണ്ണൂർ നഗരസഭ കൈവിടുമോ എന്ന ഭയത്തിൽ സിപിഎം

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ പിടിക്കാൻ യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടു വരുന്നു. കോൺഗ്രസ്സ് വിമതനായ ഡപ്യൂട്ടി മേയർ പി.കെ. രാഗേഷിനെ തൽസ്ഥാനത്ത് നിർത്തി എൽ.ഡി.എഫ് മേയർ ഇ.പി. ലതക്കെതിരെയാണ് അവിശ്വാസം കൊണ്ടു വരിക. നിലവിൽ 27 വീതം കൗൺസിലർമാരാണ് എൽ.ഡി.എഫിനും യു.ഡി.എഫിനും ഉള്ളത്. കഴിഞ്ഞ തവണ രാഗേഷിന്റെ ഒരു വോട്ടിന്റെ ബലത്തിലാണ് എൽ.ഡി.എഫ് അധികാരത്തിലെത്തിയത്. രാഗേഷും കണ്ണൂർ എംപി കെ. സുധാകരനും രമ്യതയിലെത്തിയതോടെയാണ് കണ്ണൂർ കോർപ്പറേഷൻ അധികാരം പിടിക്കാൻ യു.ഡി.എഫ് ഒരുങ്ങുന്നത്.

നാലുമാസക്കാലത്തിലേറെയായി യു.ഡി.എഫ് കണ്ണൂർ കോർപ്പറേഷൻ ഭരണം ഏറ്റെടുക്കാൻ അനുരഞ്ജന സമരം തുടങ്ങിയിട്ട്. എന്നാൽ കോർപ്പറേഷൻ ഭരണം സംബന്ധിച്ച കോൺഗ്രസ്സും ലീഗും തമ്മിൽ നടന്ന ചർച്ചയെക്കുറിച്ച് തനിക്കൊന്നുമറിയില്ല എന്നാണ് ഡപ്യൂട്ടി മേയർ പി.കെ. രാഗേഷ് ' മറുനാടൻ മലയാളിയോട് ' പറഞ്ഞത്. കെ. സുധാകരൻ എം. പി. മുൻ കൈയെടുത്ത് കഴിഞ്ഞ രാത്രി നടത്തിയ ചർച്ചയിലാണ് കോൺഗ്രസ്സും മുസ്ലിം ലീഗും തമ്മിൽ കോർപ്പറേഷൻ കാര്യത്തിൽ അനുരഞ്ജനമായത്. കോർപ്പറേഷൻ ഭരണ കാലാവധിയായ ഒരു വർഷത്തിൽ ആറുമാസം വീതം മേയർ സ്ഥാനം കോൺഗ്രസ്സും ലീഗും പങ്കിട്ടെടുക്കാനാണ് ധാരണയായത്. എന്നാൽ ആദ്യത്തെ ആറുമാസം ആര് പദവി വഹിക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

ഡപ്യൂട്ടി മേയർ പി. കെ.രാഗേഷിനെ തിരികെ കൊണ്ടു വന്ന് ഭരണം പിടിക്കുമ്പോൾ മേയർ പദവിയോ ഡപ്യൂട്ടി മേയറോ ഏതെങ്കിലും ഒന്ന് തങ്ങൾക്ക് വേണമെന്ന നിലപാടിലാണ് മുസ്ലിം ലീഗ്. എന്നാൽ ഇത് കോൺഗ്രസ്സ് അംഗീകരിച്ചിരുന്നില്ല. കോൺഗ്രസ്സ് നിലപാട് മുസ്ലിം ലീഗിന് കടുത്ത അതൃപ്തിയുണ്ടാവുകയും യു.ഡി.എഫ് പരിപാടികൾ മുസ്ലിം ലീഗ് ബഹിഷ്‌ക്കരിക്കുകയും ചെയ്തു. ലോകസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയ കെ. സുധാകരന് മുസ്ലിം ലീഗിന്റെ വിയോജിപ്പ് കാരണം കണ്ണൂർ, അഴീക്കോട് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടർമാർക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള പര്യടനം പോലും മാറ്റി വെക്കേണ്ടി വന്നു.

യു.ഡി.എഫ് പരിപാടികളും മുസ്ലിം ലീഗ് ബഹിഷ്‌ക്കരിച്ചു തുടങ്ങുകയായിരുന്നു. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് വിമതനായ പി.കെ. രാഗേഷ് കെ. സുധാകരനെ വെല്ലുവിളിച്ചാണ് മത്സരത്തിനിറങ്ങിയത്. യു.ഡി.എഫിന്റെ മൊത്തം എതിർപ്പിനെ അവഗണിച്ച് മത്സരിച്ച രാഗേഷ് പള്ളിക്കുന്ന് ഡിവിഷനിലെ പഞ്ഞിക്കാ വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അതോടെ യു.ഡി.എഫിനും എൽ.ഡി.എഫിനും 27 വീതം അംഗങ്ങളുള്ള കോർപ്പറേഷനിൽ രാഗേഷിന് ഡപ്യൂട്ടി മേയർ സ്ഥാനം നൽകി എൽ.ഡി.എഫ് അധികാരത്തിലെത്തുകയായിരുന്നു.

മേയർ സ്ഥാനം വനിതക്ക് സംവരണം ചെയ്യപ്പെട്ടതായതിനാൽ കെ.പി.സി. സി. ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണനെ മേയറാക്കാനാണ് കോൺഗ്രസ്സ് ഉദ്ദേശിച്ചിരുന്നത്.എന്നാൽ ആദ്യത്തെ ആറുമാസം മേയർ സ്ഥാനം ആർക്കെന്ന കാര്യത്തിൽ ചർച്ചചെയ്ത് രണ്ട് ദിവസത്തിനകം തീരുമാനമെടുക്കാനും ധാരണയായി. അതിനായി ഇരുപാർട്ടികളിലേയും കൗൺസിലർമാരുടെ യോഗം വിളിച്ചു ചേർത്ത് ചർച്ച ചെയ്യും. കെ. സുധാകരനു പുറമേ ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി, ഐ. എൻ.ടി.യു.സി. നേതാവ് കെ. സുരേന്ദ്രൻ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ അബ്ദുൾ ഖാദർ മൗലവി, ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞു മുഹമ്മദ്, ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP