Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ കോർപ്പറേഷനിൽ മേയർക്കെതിരായ അവിശ്വാസ പ്രമേയം അടുത്തയാഴ്‌ച്ച; യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും; ആദ്യത്തെ ആറ് മാസം മേയർ പദവി കോൺഗ്രസ്സിനും തുടർന്നുള്ള ആറ് മാസം മുസ്ലിം ലീഗിനും പങ്കിട്ടെടുക്കാൻ ധാരണയായി; ഡെപ്യൂട്ടി മേയർ സ്ഥാനത്ത് പി കെ രാഗേഷ് തന്നെ തുടരും

കണ്ണൂർ കോർപ്പറേഷനിൽ മേയർക്കെതിരായ അവിശ്വാസ പ്രമേയം അടുത്തയാഴ്‌ച്ച; യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും; ആദ്യത്തെ ആറ് മാസം മേയർ പദവി കോൺഗ്രസ്സിനും തുടർന്നുള്ള ആറ് മാസം മുസ്ലിം ലീഗിനും പങ്കിട്ടെടുക്കാൻ ധാരണയായി; ഡെപ്യൂട്ടി മേയർ സ്ഥാനത്ത് പി കെ രാഗേഷ് തന്നെ തുടരും

രഞ്ജിത്ത് ബാബു

കണ്ണൂർ: കോർപ്പറേഷൻ മേയർ ഇ.പി. ലതക്കെതിരെ അവിശ്വാസ പ്രമേയം അടുത്താഴ്ച. ഓഗസ്റ്റ് 3 ന് ചേരുന്ന യു.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. തുടർന്ന് യു.ഡി.എഫ് കൗൺസിലർമാരുടെ പ്രത്യേക യോഗം ചേർന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള അന്തിമ തീരുമാനമെടുക്കും. ഇന്നലെ ചേർന്ന യു.ഡി.എഫ് സംസ്ഥാന സമിതിയിൽ ആദ്യത്തെ ആറ് മാസം മേയർ പദവി കോൺഗ്രസ്സിനും തുടർന്നുള്ള ആറ് മാസം മുസ്ലിം ലീഗിനും പങ്കിട്ടെടുക്കാൻ ധാരണയായി. ഇതോടെ കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയറും കോൺഗ്രസ്സ് വിമതനുമായ പി.കെ. രാഗേഷിന്റെ പിൻതുണയോടെ കോർപ്പറേഷൻ ഭരണം യു.ഡി.എഫിന്റെ കൈകളിലേക്കെത്തും.

ഭരണമാറ്റത്തിന് വേണ്ടി യു.ഡി.എഫിനെ പിൻതുണക്കാൻ തീരുമാനിച്ചെങ്കിലും കോർപ്പറേഷന്റെ കാലാവധി തീരും വരെ പി.കെ. രാഗേഷിന് കോൺഗ്രസ്സിലേക്ക് തിരിച്ച് വരാനോ പാർട്ടി ഭാരവാഹിയാകാനോ കഴിയില്ല. കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കൂറുമാറ്റ നിരോധന നിയമമാണ് പാർട്ടിയിലേക്ക് വരാനുള്ള രാഗേഷിന്റെ നീക്കത്തിന് തടസ്സമാവുന്നത്. യു.ഡി.എഫിന് ഒപ്പം നിൽക്കാനും ഭരണ മാറ്റത്തിന് സഹായിക്കാനും ഡപ്യൂട്ടി മേയർ പദവിയോടൊപ്പം കോൺഗ്രസ്സ് ഭാരവാഹിത്വം കൂടി രാഗേഷിന് നൽകാൻ പാർട്ടി നേതൃത്വം സന്നദ്ധമായിരുന്നു.

എന്നാൽ കൂറുമാറ്റ നിരോധന നിയമത്തിലെ തടസ്സം കാരണം രാഗേഷിന് യു.ഡി.എഫിന് സ്വതന്ത്രനായി പിൻതുണ നൽകാൻ മാത്രമേ കഴിയൂ. ഏതെങ്കിലും മുന്നണിയിലോ പാർട്ടിയിലോ പെടാത്ത സ്വതന്ത്ര അംഗം രാഷ്ട്രീയ കക്ഷിയിലോ സഖ്യത്തിലോ ചേർന്നാൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ അംഗമായി തുടരുന്നതിന് അയോഗ്യത നേരിടേണ്ടി വരും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ എതിർത്ത് ജനാധിപത്യ സംരക്ഷണ മുന്നണി എന്ന പേരിലാണ് തികച്ചും സ്വതന്ത്രനായി രാഗേഷ് പള്ളിക്കുന്ന് ഡിവിഷനിലെ പഞ്ഞിക്കാ വാർഡിൽ നിന്നും ജനവിധി നേരിട്ടത്. ഈ സാഹചര്യത്തിൽ കോൺഗ്രസ്സിലോ യു.ഡി.എഫിലോ ചേരുകയാണെങ്കിൽ രാഗേഷിന് അയോഗ്യത കൽപ്പിക്കപ്പെടും.

രാഗേഷിനെ കോൺഗ്രസ്സിൽ തിരിച്ചെത്തിച്ച് കോർപ്പറേഷൻ ഭരണം കൈയടക്കാൻ ചർച്ചകൾ നടന്ന സമയത്തൊന്നും ഇക്കാര്യത്തെക്കുറിച്ച് യു.ഡി.എഫ് നേതൃത്വം ബോധവാന്മാരായിരുന്നില്ല. ജില്ലാ കോൺഗ്രസ്സിലെ പുനഃസംഘടനയിൽ ഭാരവാഹിത്വം ഉൾപ്പെടെ രാഗേഷിന് വാഗ്ദാനം ചെയ്തിരുന്നു. നിയമതടസ്സം ശ്രദ്ധയിൽപെട്ടതോടെ യു.ഡി.എഫും കോൺഗ്രസ്സും ഇത്തരം കാര്യങ്ങളിൽ നിന്നും പിന്മാറിയിരിക്കയാണ്. കഴിഞ്ഞ നാല് വർഷം എൽ.ഡി.എഫിനെ കോർപ്പറേഷൻ ഭരണത്തിൽ എങ്ങിനെ സഹായിച്ചുവോ അതേ നിലയിൽ മാത്രമേ രാഗേഷിന് യു.ഡി.എഫിനോടും തുടരാൻ കഴിയുകയുള്ളൂ. കോൺഗ്രസ്സുകാരനായി കോർപ്പറേഷൻ ഡപ്യൂട്ടി മേയർ പദവി അലംങ്കരിക്കണമെന്ന രാഗേഷിന്റെ മോഹത്തിനും കൂറുമാറ്റ നിരോധന നിയമം തടസ്സമാവുകയാണ്.

ചരിത്രത്തിലിന്നുവരെ കണ്ണൂർ നഗരസഭ ഭരിച്ചത് കോൺഗ്രസ്സും കോൺഗ്രസ്സ് നയിക്കുന്ന മുന്നണിയുമായിരുന്നു. എന്നാൽ മുനിസിപ്പാലിറ്റിയിൽ നിന്നും കോർപ്പറേഷൻ പദവി കൈവന്നപ്പോൾ കെ. സുധാകരനും പി.കെ. രാഗേഷും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് എൽ.ഡി.എഫിന് ഭരണത്തിലെത്താൻ കഴിഞ്ഞത്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള പള്ളിക്കുന്ന് സഹകരണ ബാങ്കിലെ തർക്കം, ഒരുകാലത്ത് ഒരേ ചേരിയിലായിരുന്ന പി.കെ രാഗേഷും കെ സുധാകരനും തമ്മിൽ തെറ്റാൻ കാരണമായി. ലീഗിനെതിരേ രാഗേഷ് വിഭാഗം ശക്തമായി നിലകൊണ്ടതോടെ കോൺഗ്രസ് രാഗേഷിനും അനുയായികൾക്കും സീറ്റ് നിഷേധിക്കുകയും ചെയ്തു. എന്നാൽ, ഏവരെയും ഞെട്ടിച്ച് വിമതനായി മത്സരിച്ച പി.കെ രാഗേഷ് വിജയിക്കുകയും യു.ഡി.എഫിനും എൽ.ഡി.എഫിനും തുല്യമായ സീറ്റുകൾ ലഭിക്കുകയുമായിരുന്നു. ഇതോടെ ഭരണം പിടിക്കാൻ രാഗേഷിന്റെ പിന്തുണ ആവശ്യമായി വന്നു.

എന്നാൽ, കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യാതിരുന്നതോടെ, മേയർ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പിന്തുണച്ച് പി.കെ രാഗേഷ് ഡെപ്യൂട്ടി മേയർ പദവിയിലെത്തി. ഒടുവിൽ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ സുധാകരൻ തന്നെ നേരിട്ട് പി.കെ രാഗേഷുമായി ചർച്ച നടത്തി തന്നെ പിന്തുണയ്ക്കുന്ന ഐക്യജനാധിപത്യ സംരക്ഷണ സമിതിയെ യു.ഡി.എഫിനൊപ്പം കൂട്ടി. ഇതോടെയാണ് മഞ്ഞുരുക്കം തുടങ്ങിയത്. എന്നാൽ, ഭരണമാറ്റമുണ്ടായാൽ മേയർ പദവി പങ്കിടണമെന്നും ആദ്യടേം ആർക്കു നൽകണമെന്നതും സംബന്ധിച്ച് ലീഗ്-കോൺഗ്രസ് പാർട്ടികൾ തമ്മിൽ ധാരണയാവാത്തതിനാൽ തീരുമാനം വൈകുകയായിരുന്നു. ഇതിനിടെയാണ് ജില്ലാ ലീഗ് നേതൃത്വം ചേർന്ന് അനുകൂല തീരുമാനത്തിലെത്തിയത്.

കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് വിമതനായ പി.കെ. രാഗേഷ് കെ. സുധാകരനെ വെല്ലുവിളിച്ചാണ് മത്സരത്തിനിറങ്ങിയത്. യു.ഡി.എഫിന്റെ മൊത്തം എതിർപ്പിനെ അവഗണിച്ച് മത്സരിച്ച രാഗേഷ് പള്ളിക്കുന്ന് ഡിവിഷനിലെ പഞ്ഞിക്കാ വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അതോടെ യു.ഡി.എഫിനും എൽ.ഡി.എഫിനും 27 വീതം അംഗങ്ങളുള്ള കോർപ്പറേഷനിൽ രാഗേഷിന് ഡപ്യൂട്ടി മേയർ സ്ഥാനം നൽകി എൽ.ഡി.എഫ് അധികാരത്തിലെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP