Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ കോർപറേഷൻ ഭരിക്കാൻ എല്ലാവർക്കും രാഗേഷ് വേണം; കോൺഗ്രസിന്റെ മനസ് വിമതനോട് അടുക്കുന്നു; സുധാകരനും ഡിസിസിക്കും ഉത്തരം പറയേണ്ടിവരും

കണ്ണൂർ കോർപറേഷൻ ഭരിക്കാൻ എല്ലാവർക്കും രാഗേഷ് വേണം; കോൺഗ്രസിന്റെ മനസ് വിമതനോട് അടുക്കുന്നു; സുധാകരനും ഡിസിസിക്കും ഉത്തരം പറയേണ്ടിവരും

രഞ്ജിത് ബാബു

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ വിമതനായി മത്സരിച്ച പി.കെ.രാഗേഷിന് കോൺഗ്രസ്സ് അണികളുടേയും നേതാക്കളുടേയും പിൻതുണയേറുന്നു. കോർപ്പറേഷൻ ഭരിക്കാൻ രാഗേഷിന്റെ പിൻതുണ നേടണമെന്ന ആവശ്യം ശക്തമായിരിക്കയാണിത്.

കെ.സുധാകരൻ നയിക്കുന്ന ഗ്രൂപ്പ് വിട്ട്് എ. വിഭാഗത്തിൽ ചേർന്ന പി.കെ.രാഗേഷ് അന്നുമുതൽ ഡി.സി.സി.ക്കെതിരെ അങ്കം നയിക്കുകയായിരുന്നു. ഇപ്പോൾ കണ്ണൂർ കോർപ്പറേഷൻ പരിധിയിലായ പള്ളിക്കുന്ന് പഞ്ചായത്തിന്റെ പ്രസിഡണ്ടുകൂടിയായ രാഗേഷ് സുധാകരൻ ഗ്രൂപ്പ് വിട്ടതോടെയാണ് കണ്ണൂർ ഡി.സി.സി.യുടെ കണ്ണിലെ കരടായത്. കോർപ്പറേഷനിലെ പഞ്ഞിക്കൽ വാർഡിൽ മത്സരിക്കാൻ പ്രാദേശിക ഘടകവും ഒടുവിൽ ഡി.സി.സി.യും അനുമതി നൽകിയെങ്കിലും പിന്നീട് രാഗേഷിന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കുകയായിരുന്നു പാർട്ടി ചെയ്തത്. ഇതിൽ പ്രതിഷേധിച്ചിട്ടാണ് രാഗേഷ് വിമതവേഷമണിഞ്ഞ് മത്സരിച്ചത്.

എന്നാൽ കാര്യങ്ങൾ മലക്കം മറിഞ്ഞിരിക്കയാണ്. എൽ.ഡി.എഫ് ഡപൃൂട്ടി മേയർ സ്ഥാനം രാഗേഷിന് വാഗ്ദാനം ചെയ്തു കഴിഞ്ഞു. എന്നാൽ താൻ എന്നും കോൺഗ്രസ്സുകാരനാണെന്ന് രാഗേഷ് പറയുന്നു. യു.ഡി.എഫ് പ്രതിപക്ഷത്തിരുന്നാലും രാഗേഷിനെ ഒപ്പം കൂട്ടേണ്ടതില്ലെന്ന നിലപാടിലാണ് കെ.സുധാകരൻ. ഡപൃൂട്ടി മേയർ സ്ഥാനം നൽകാനാവില്ലെന്ന് മുസ്ലിം ലീഗും വ്യക്തമാക്കിയിരിക്കയാണ്. 27 വീതം സീറ്റ് നേടി എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമായതിനാൽ ആർക്ക് ഭരിക്കാനും രാഗേഷ് വേണം. അടിയന്തിര സാഹചര്യത്തെക്കുറിച്ച് ചർച്ചചെയ്യാൻ കണ്ണൂർ ജില്ലയിലെ കോൺഗ്രസ്സ് നേതാക്കളുടെ യോഗം ഇന്ന് ഡി.സി.സി.യിൽ വിളിച്ചു ചേർത്തിട്ടുമുണ്ട്. കോൺഗ്രസ്സിലെ മറ്റ് വിഭാഗക്കാർ രാഗേഷിന്റെ പിൻതുണ സ്വീകരിച്ച് കണ്ണൂർ കോർപ്പറേഷൻ ഭരിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉന്നയിക്കും.

കെപിസിസി. ഭാരവാഹികളടക്കമുള്ള കോൺഗ്രസ്സ് യോഗത്തിൽ അഭിപ്രായഭിന്നത രൂക്ഷമാകും. കെ.സുധാകരനും ഡി.സി.സി. പ്രസിഡണ്ട് കെ.സുരേന്ദ്രനുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയരും. ഡി.സി.സി. തന്നിഷ്ടപ്രകാരം നിയോഗിച്ച പത്തിലേറെ സ്ഥാനാർത്ഥികളാണ് അടിതെറ്റി വീണത്. ഡി.സി.സി. ജനറൽ സെക്രട്ടറി ടി.ജയകൃഷ്ണൻ, ഡി.സി.സി. എക്‌സികൃൂട്ടീവ് അംഗം രാജീവൻ എളയാവീർ, യൂത്ത് കോൺഗ്രസ്സ് ലോക്‌സഭാ മണ്ഡലം പ്രസിഡണ്ട് റിജിൽ മാക്കുറ്റി, യൂത്ത് കോൺഗ്രസ്സ് മുൻ ജില്ലാ സെക്രട്ടറി കല്ലിക്കോടൻ രാഗേഷ്, എന്നിവരാണ് പരാജയപ്പെട്ടത്. പ്രാദേശിക ബന്ധമില്ലാത്ത സ്ഥാനാർത്ഥികളെല്ലാം പരാജയപ്പെടുകയായിരുന്നു. യു.ഡി.എഫിനും എൽ.ഡി.എഫിനും കോർപ്പറേഷൻ പിടിക്കാൻ പി.കെ.രാഗേഷ് അനിവാര്യമായിരിക്കയാണ്. രാഗേഷ് വിമതനായി മത്സരിക്കേണ്ട സാഹചര്യം ഉണ്ടാക്കിയതിനുത്തരവാദികൾ ഡി.സി.സി. തന്നെയാണെന്നും എതിർഗ്രൂപ്പുകാർ ആരോപിക്കുന്നു.

കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ കെ.സുധാകരൻ പരാജയപ്പെട്ടതും ഇപ്പോൾ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് നഷ്ടപ്പെട്ടതിനും പുറമേ കണ്ണൂർ കോർപ്പറേഷൻ കൂടി പിടി വിട്ടുപോയാൽ കോൺഗ്രസ്സിന് ഭരണ പങ്കാളിത്തം ജില്ലാ കേന്ദ്രങ്ങളിലെവിടേയും ഇല്ലാതാകും. ഇത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ഭയവും കോൺഗ്രസ്സ് നേതാക്കന്മാർക്കുണ്ട്. അതുകൊണ്ടുതന്നെ പി.കെ.രാഗേഷിന്റെ പിൻതുണ ഭൂരിഭാഗം കോൺഗ്രസ്സ് നേതാക്കന്മാരും ആഗ്രഹിക്കുന്നു. മുഖ്യമായും കെ.സുധാകരൻ മാത്രമാണ് ഇക്കാര്യത്തിൽ ഇടഞ്ഞു നില്ക്കുന്നത്. അച്ചടക്കം ലംഘിച്ച രാഗേഷിന്റെ പിൻതുണകൊണ്ട് ഭരണം വേണ്ട എന്ന നിലപാടിലാണ് സുധാകരൻ. എന്നാൽ കെപിസിസി. ജനറൽ സെക്രട്ടറിമാരായ പി.രാമകൃഷ്ണൻ, സതീശൻ പാച്ചേനി എന്നിവരും കെ.പി.നൂറുദ്ദീൻ, എ.ഡി. മുസ്തഫ എന്നീ പ്രബല നേതാക്കളും രാഗേഷിന്റെ പിൻതുണ തേടണമെന്ന അഭിപ്രായക്കാരാണ്.

സുധാകരൻ വിഭാഗത്തിന്റെ രാഷ്ട്രീയ അപ്രമാദിത്വത്തിനുള്ള കനത്ത തിരിച്ചടിയാണ് കോർപ്പറേഷൻ തൂക്കുനിലയിലെത്താൻ കാരണമായത്. ജില്ലാ ഭാരവാഹിപ്പട്ടികയിൽ തങ്ങളോടൊപ്പമുള്ളവരെ കുത്തിത്തിരുകാൻ പ്രാദേശിക ബന്ധമുള്ളവരെ വെട്ടിനിരത്തുകയാണ് ചെയ്തത്. ഉറച്ച സീറ്റുകൾ മുഴുവനും ഇത്തരക്കാർക്കു നൽകി. അതുകൊണ്ടുതന്നെ ശക്തരായ വിമതരും രംഗത്തെത്തി. എതിരാളികൾ ജയിക്കേണ്ട ഭൂരിപക്ഷത്തേക്കാൾ വോട്ടു നേടുകയും ചെയ്തു. യു.ഡി.എഫിനു ലഭിക്കേണ്ട ഉറച്ച സീറ്റുകളും നഷ്ടമായി. എൽ.ഡി.എഫ്. സ്ഥാനാർത്ഥി നിർണ്ണയം കരുതലോടെയായിരുന്നു. കഴിയുന്നതും അതാത് വാർഡുകളിലെ പക്വമതികളായ പ്രവർത്തകരെത്തന്നെ അവർ സ്ഥാനാർത്ഥികളാക്കി. ജനസമ്മതിയുള്ളവരായിരുന്നു അധികം പേരും. വ്യക്തിപ്രഭാവത്തിൽ കോൺഗ്രസ്സിൽനിന്നും വോട്ടുകൾ ചോർന്നതിനാൽ പ്രതീക്ഷിച്ചതിന്റെ ഇരട്ടി പേർ കണ്ണൂർ കോർപ്പറേഷനിലെത്തി.

പി.കെ. രാഗേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിന്റെ കാരണം പുനരന്വേഷണം നടത്തേണ്ടിവരും. മറ്റിടങ്ങളിലെ വിമതനെപ്പോലെ രാഗേഷിനെ കാണാൻ പറ്റില്ല. മുൻ പഞ്ചായത്ത് പ്രസിഡണ്ടായ ആൾക്ക് സീറ്റ് നിഷേധിച്ചതിന്റെ ഉത്തരവാദിത്വം ഡി.സി.സി.ക്ക് മേലാകും. കണ്ണൂർ ഡി.സി.സി. പ്രസിഡണ്ടിനുതന്നെ സ്ഥാന ചലനമുണ്ടാകാനുള്ള സാധ്യതയും കാണുന്നുണ്ട്. ആദ്യം സീറ്റ് പ്രഖ്യാപിച്ചും പിന്നെ പിൻവലിച്ചും തന്നെ അപമാനിച്ചതിന് ഡി.സി.സി. നേതൃത്വത്തിനെതിരെ നടപടിവേണമെന്നാണ് രാഗേഷിന്റെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP