Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാരായിയുടെ കാർ ദിവ്യയ്ക്ക് വേണം; തരാൻ നിവർത്തിയില്ലെന്ന പറഞ്ഞ ഉദ്യോഗസ്ഥരോട് തട്ടിക്കയറി; ജയരാജിന്റെ താക്കീതിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് പത്തിമടക്കി

കാരായിയുടെ കാർ ദിവ്യയ്ക്ക് വേണം; തരാൻ നിവർത്തിയില്ലെന്ന പറഞ്ഞ ഉദ്യോഗസ്ഥരോട് തട്ടിക്കയറി; ജയരാജിന്റെ താക്കീതിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് പത്തിമടക്കി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി. ദിവ്യക്ക് പ്രസിഡണ്ടിന്റെ കാറും സൗകര്യങ്ങളും വേണം. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കാരായി രാജന്റെ അഭാവത്തിൽ കാര്യങ്ങൾ നിർവ്വഹിക്കുന്നത് ദിവ്യയാണ്. അതാണ് കാറുൾപ്പെടെയുള്ള സൗകര്യങ്ങൾ തനിക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെടാൻ ദിവ്യയെ പ്രേരിപ്പിച്ചത്. കാര്യങ്ങളറിഞ്ഞ സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജൻ ദിവ്യയെ താക്കീത് ചെയ്യുകയും ചെയ്തു.

തലശ്ശേരിയിലെ എൻ.ഡി.എഫ് .പ്രവർത്തകനായിരുന്ന മുഹമ്മദ് ഫസൽ വധക്കേസിലെ പ്രതിയാണ് കാരായി രാജൻ. അതിനാൽ എറണാകുളം ജില്ല വിട്ട് പോകരുതെന്ന വ്യവസ്ഥയിൽ സിബിഐ.കോടതി ജാമ്യം അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപ്പത്രിക സമർപ്പിക്കാനും വോട്ടെടുപ്പ് ദിവസം വോട്ട് ചെയ്യാനും കോടതി അനുമതിയോടെയാണ് കാരായി രാജൻ മത്സരിക്കുന്ന പാട്യം ഡിവിഷനിൽ എത്തിയിരുന്നത്. എറണാകുളം ജില്ല വിട്ട് പോകാൻ കഴിയാത്തതിനാൽ രാജന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെല്ലാം വാട്ട്‌സാപ്പ്് വഴിയും ഫെയയ്‌സ് ബുക്ക് വഴിയുമാണ് സിപിഐ.(എം). നടത്തിയത്.

അത് ഏറെ ജനങ്ങളെ ആകർഷിക്കുകയും ചെയ്തിരുന്നു. എന്നാൽ അച്ഛൻ മരിച്ചാൽ കട്ടിൽ ലഭിക്കുമെന്ന ആഗ്രഹത്തോടെയാണ് സിപിഐ.(എം). പ്രവർത്തകകൂടിയായ പി.പി. ദിവ്യയുടെ ഇപ്പോഴത്തെ ആവശ്യമെന്ന് വിമർശനം ഉയർന്നു കഴിഞ്ഞു. കാരായി രാജൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിനാൽ മുഴുസമയവും കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കാൻ അവസരമൊരുക്കാൻ വേണ്ടി കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയുടെ പരിഗണനയിൽ വിഷയം നിലനിൽക്കേ സിപിഐ.(എം). നേതാവുകൂടിയായ ദിവ്യ ഇത്തരം ഒരു നീക്കം നടത്തിയതിനെ പാർട്ടി ജില്ലാ സെക്രട്ടറി കർശന താക്കീതാണ് നൽകിയിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനും കാറും മറ്റ് സൗകര്യങ്ങളും ഉണ്ടെങ്കിലും പ്രസിഡണ്ടിന്റെ കാറ് തന്നെ വേണമെന്ന് ശഠിച്ചതിൽ പാർട്ടിക്ക് കടുത്ത വിയോജിപ്പുണ്ട്. പി.പി. ദിവ്യയുടെ ആവശ്യങ്ങൾക്ക് നേരെ ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥർ വിയോജിപ്പ് അറിയിച്ചിട്ടും അവർ ഉദ്യോഗസ്ഥരുടെ മേലെ തട്ടിക്കയറുകയായിരുന്നു. പ്രസിഡണ്ടിന്റെ കാര്യത്തിൽ കോടതി തീരുമാനം വന്നാൽ മാത്രമേ അതേക്കുറിച്ച് എന്തെങ്കിലും നടപടി ആരംഭിക്കാൻ പറ്റൂ എന്നാണ് ദിവ്യയെ ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്ന് ബോർഡ് വച്ച കാറിലായിരുന്നു വൈസ് പ്രസിഡണ്ടിന്റെ നോട്ടം. ഉദ്യോഗസ്ഥർ കാര്യങ്ങൾ ബോധിപ്പിച്ചിട്ടും പി.പി. ദിവ്യ തന്റെ ആവശ്യത്തിലുറച്ചു നിന്നു.

എന്നാൽ ഉദ്യോഗസ്ഥർ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച്്് മാത്രമേ നടപടി എടുക്കാൻ പറ്റൂ എന്ന് പറഞ്ഞു. ദിവ്യ ഇത് അംഗീകരിക്കാത്തതിനാൽ സിപിഐ.(എം) ജില്ലാ നേതൃത്വത്തിൽതന്നെ കാര്യങ്ങൾ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ജില്ലാ സെക്രട്ടറി പി.ജയരാജൻ ഓഫീസിൽ വിളിച്ച് വരുത്തി അവരെ താക്കീത് ചെയ്തത്. ഇതോടെ പ്രസിഡണ്ട് പദവി മോഹം അവർ മാറ്റി വെക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ആളില്ലാത്തതിനാൽ ഒട്ടേറെ വിഷമങ്ങൾ ഭരണ സംവിധാനത്തിൽ ഉണ്ടാകുന്നുണ്ട്. പ്രസിഡണ്ട് ഒപ്പിടേണ്ടതായുള്ള നിരവധി ഫയലുകൾ ഇപ്പോൾ ആഴ്ചയിൽ ജില്ലാ പഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥൻ എറണാകുളത്തുകൊണ്ടു പോയി കാര്യങ്ങൾ ബോധിപ്പിച്ച് അംഗീകാരം നേടി വരികയാണ്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലുള്ള ഒട്ടേറെ സ്ഥാപങ്ങളുടെ സാമ്പത്തിക കാര്യത്തിലും സ്തംഭനമുണ്ടായിട്ടുണ്ട്. പ്രസിഡണ്ടിന്റെ പേരിൽ ബാങ്ക് അക്കൗണ്ടും പോരാത്തതിന് പാൻ കാർഡും വേണം. അതെല്ലാം ഇപ്പോൾ വൈസ് പ്രസിഡണ്ട് നിർവ്വഹിക്കാൻ തീരുമാനമെടുത്തിരിക്കുകയാണ്. ജില്ലാ പഞ്ചായത്ത് നിലവിൽ വന്നിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും ഇത്തരം കാര്യങ്ങളൊന്നും നീങ്ങിയിരുന്നില്ല.

സാമ്പത്തിക പ്രയാസത്താൽ നട്ടം തിരിയുന്ന ഉപസ്ഥാപനങ്ങളിലെ മേധാവികൾ എന്തു ചെയ്യണമെന്നറിയാതെ കാത്തിരിപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP