Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കണ്ണൂരിൽ കെ.സുധാകരന്റെ വിജയത്തിൽ ഒരുപങ്ക് ഹരിതവോട്ടിനും; ദേശീയപാതാ ബൈപാസ് വിരുദ്ധ സമരത്തെ തുണച്ച സ്ഥാനാർത്ഥിയോട് ഇഷ്ടം കാട്ടി വോട്ടർമാർ; സമരകേന്ദ്രമായ കീഴാറ്റൂരിലെ രണ്ടുബൂത്തുകളിലും സിപിഎം കുത്തകയായ പാപ്പിനിശേരി തുരുത്തി ബൂത്തുകളിലും എൽഡിഎഫ് വോട്ടുകൾ ചോർന്നു; കീഴാറ്റൂരിലെ ഒരുബൂത്തിൽ സുധാകരന് മേൽക്കൈയും

കണ്ണൂരിൽ കെ.സുധാകരന്റെ വിജയത്തിൽ ഒരുപങ്ക് ഹരിതവോട്ടിനും; ദേശീയപാതാ ബൈപാസ് വിരുദ്ധ സമരത്തെ തുണച്ച സ്ഥാനാർത്ഥിയോട് ഇഷ്ടം കാട്ടി വോട്ടർമാർ; സമരകേന്ദ്രമായ കീഴാറ്റൂരിലെ രണ്ടുബൂത്തുകളിലും സിപിഎം കുത്തകയായ പാപ്പിനിശേരി തുരുത്തി ബൂത്തുകളിലും എൽഡിഎഫ് വോട്ടുകൾ ചോർന്നു; കീഴാറ്റൂരിലെ ഒരുബൂത്തിൽ സുധാകരന് മേൽക്കൈയും

രഞ്ജിത്ത് ബാബു

 കണ്ണൂർ: ദേശീയ പാതാ ബൈപാസ് വിരുദ്ധ സമരമേഖലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ. സുധാകരന് ലീഡ് നേടിയെടുക്കാൻ കഴിഞ്ഞതാണ് പുതിയ ചർച്ചാവിഷയം. പരിസ്ഥിതി വിഷയങ്ങൾ കത്തി നിൽക്കുമ്പോൾ കണ്ണൂർ മണ്ഡലത്തിലെ ഹരിത വോട്ടിൽ സുധാകരന് മേൽക്കെ നേടാൻ കഴിഞ്ഞു. പാപ്പിനിശ്ശേരി തുരുത്തി ബൈപാസ് സമരം കൊടുമ്പിരിക്കൊള്ളുമ്പോൾ സ്ഥാനാർത്ഥിയായിരിക്കേ തന്നെ കെ.സുധാകരൻ അവരുടെ പ്രശ്നത്തിൽ ഇടപെട്ടു. സമരക്കാരെ അഭിവാദ്യം ചെയ്യുന്നതിലും സുധാകരൻ മുന്നിട്ടിറങ്ങിയിരുന്നു. ദേശീയ ശ്രദ്ധ ആകർഷിച്ച കീഴാറ്റൂരിലെ രണ്ട് ബൂത്തുകളിൽ ഒരിടത്ത് മൂന്ന് വോട്ടിന്റെ ഭൂരിപക്ഷം സുധാകരൻ കരസ്ഥമാക്കിയതും ചർച്ചാ വിഷയമായിരിക്കയാണ്.

കീഴാറ്റൂരിലെ 101, 102 ബൂത്തുകളാണ് സമരകേന്ദ്രമായത്. രണ്ടിടത്തുമായി കഴിഞ്ഞ തവണ എൽ.ഡി.എഫിന് 700 ൽ പരം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇത്തവണ 102 ാം ബൂത്തിലെ 206 വോട്ടിന്റെ ലീഡ് മാത്രമാണ് എൽ.ഡി.എഫിന് നേടാൻ കഴിഞ്ഞത്. 102 ാം ബൂത്തിൽ 11 വോട്ടുകൾ നോട്ടക്കും ലഭിച്ചു. കീഴാറ്റൂർ സമരവുമായി ബന്ധപ്പെട്ട് 11 സിപിഎം. പാർട്ടി മെമ്പർമാരെ പുറത്താക്കുകയും ചെയ്തിരുന്നു. കീഴാറ്റൂർ സമരത്തിലെ പാർട്ടി നിലപാടിന് പാർട്ടിയിൽ തന്നെ എതിരഭിപ്രായമുള്ളവർ ഇപ്പോഴുമുണ്ടെന്ന സൂചനയാണ് രണ്ട് ബൂത്തുകളിലെ വോട്ടിങ്ങ് നിലയിൽ നിന്നും വ്യക്തമാവുന്നത്. 750 ലേറെ വോട്ടുകളുടെ ഭൂരിപക്ഷം എൽ.ഡി.എഫിന് ലഭിക്കേണ്ടതായിരുന്നു കീഴാറ്റൂരിൽ.

പാപ്പിനിശ്ശേരിയിലെ തുരുത്തി സിപിഎം. ന്റെ കുത്തക ബൂത്തുകളാണ്. കാലാകാലങ്ങളായി പഞ്ചായത്തു തലത്തിൽ സിപിഎം. കൈവശം വെച്ചുകൊണ്ടിരിക്കുന്ന വാർഡാണിത്. അവിടെ സംഭവിച്ചത് തുരുത്തി ബൈപാസ് വിരുദ്ധ സമരത്തിലെ സിപിഎം. നിലപാടിനെതിരെ ജനങ്ങൾ സംഘടിച്ചതാണ്. ബൈപാസ് വിരുദ്ധ സമരത്തിന്റെ ഗുണം കെ. സുധാകരന് ലഭിക്കുകയായിരുന്നു. പാപ്പിനിശ്ശേരി തുരുത്തി ബൈപാസ് വിരുദ്ധ സമരമേഖല ഉൾപ്പെടുന്ന രണ്ട് ബൂത്തുകളിലും സുധാകരനായിരുന്നു ലീഡ്. തുരുത്തി സമരക്കാർ തെരഞ്ഞെടുപ്പിൽ സുധാകരന് പരസ്യ പിൻതുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ 44, 45 ബൂത്തുകളിലാണ് തുരുത്തി പ്രദേശം ഉൾപ്പെടുന്നത്. ഇതിൽ 44 ാം നമ്പർ ബൂത്തിൽ 201 വോട്ടിന്റേയും 45 ാം നമ്പർ ബൂത്തിൽ 272 വോട്ടിന്റേയും ഭൂരിപക്ഷം സുധാകരനായിരുന്നു.

പരമാവധി നേരെ കൊണ്ടു പോകേണ്ട ദേശീയ പാതയിൽ അലൈന്മെന്റ് മാറ്റി നാല് വളവുകൾ വരുത്തിയാണ് തുരുത്തി കോളനി ഭൂമിയിലൂടെ കൊണ്ടു പോകാൻ ശ്രമിക്കുന്നത്. 500 മീറ്ററിനകം നാല് വളവുകൾ ഉൾപ്പെടുത്തിയാണ് ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന ചില വ്യവസായ ശാലകളെ സംരക്ഷിക്കാൻ വേണ്ടി കോളനിയിലൂടെ അലൈന്മെന്റ് മാറ്റിയത്. ഇതിൽ ഒരു വളവ് ഒഴിവാക്കിയാൽ തന്നെ കോളനിയെ ബാധിക്കാത്തവിധം ദേശീയപാത കൊണ്ടു പോകാൻ കഴിയും. ഈ വിഷയം ഉയർത്തിപ്പിടിച്ചാണ് സമരം ശക്തമാക്കുന്നത്. തുരുത്തി പട്ടികജാതി കോളനിയിലൂടെ റോഡ് കൊണ്ടു പോകുന്നത് കടുത്ത ജാതി വിവേചനമാണെന്ന് ആദിവാസി ഗോത്ര ജനസഭാ നേതാവ് എം. ഗീതാനന്ദൻ നേരത്തെ ആരോപിച്ചിരുന്നു. ജീവൻ കൊടുക്കേണ്ടി വന്നാലും സ്വന്തം കിടപ്പാടം വിട്ട് പോകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്നും സമരക്കാർ നിലകൊള്ളുന്നത്. വളപട്ടണം പുഴയോരത്തെ അത്യപൂർവ്വമായ ഏക്കർ കണക്കിന് കണ്ടൽകാട് നശിപ്പിച്ചുകൊണ്ടാണ് പുതിയ ബൈപാസിന്റെ രൂപ രേഖ തയ്യാറാക്കിയിട്ടുള്ളത്.

ബൈപാസിന് വേണ്ടി പാപ്പിനിശ്ശേരി തുരുത്തി പട്ടിക ജാതി കോളനിയിലെ 18 വീടുകളും പുതിയിൽ ഭഗവതി ക്ഷേത്രത്തിന്റെ ഒരു ഭാഗവും ഇല്ലാതാകും. ദേശീയ പാതാ അഥോറിറ്റി സർവ്വേ നടത്തി ത്രീ-ഡീ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടും സമരത്തിൽ നിന്നും പിന്മാറാൻ കോളനി നിവാസികൾ തയ്യാറായിട്ടില്ല. കേന്ദ്ര മന്ത്രിമാരേയും ദേശീയ പാതാ അഥോറിറ്റി ഉദ്യോഗസ്ഥരേയും ഡൽഹിയിൽ വെച്ച് സമര സമിതി നേതാക്കൾ നേരിട്ട് കണ്ട് അശാസ്ത്രീയമായ അലൈന്മെന്റ് മാറ്റുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. കോളനി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ നിയമപരമായും ജനകീയമായും സമരം ശക്തമാക്കാനാണ് സമരസമിതി തീരുമാനിച്ചിട്ടുള്ളത്.

അലൈന്മെന്റിൽ മാറ്റം വരുത്തുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അതെല്ലാം അവഗണിച്ച് തുരുത്തിയിൽ റോഡിന് സ്ഥലം ഏറ്റെടുക്കാനുള്ള അന്തിമ വിജ്ഞാാപനം പുറപ്പെടുവിച്ചിരിക്കയാണ്. ഈ അലൈന്മെന്റിൽ നിന്നും 200 മീറ്റർ മാറി നിലവിൽ പഞ്ചായത്ത് റോഡുണ്ട്. അതിനോട് ചേർന്ന് ബൈപാസ് നിർമ്മിച്ചാൽ പട്ടികജാതി കോളനി ഒഴിവാക്കാൻ കഴിയും.ഇതിനിടെയാണ് കെ.സുധാകരൻ സമരക്കാർക്ക് പിൻതുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. തുടർന്ന് തെരഞ്ഞെടുപ്പും നടന്നു. തുരുത്തിക്കാരുടെ അകമഴിഞ്ഞ പിൻതുണയും സുധാകരന് ലഭിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP