Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെളിവു നശിപ്പിക്കൽ ചുമത്തി വീട്ടമ്മയെ അറസ്റ്റ് ചെയ്തത് സ്വന്തം പറമ്പിലെ ഓലമടൽ എടുത്ത് മാറ്റിയതിനോ? ആർഎസ്എസും ലീഗും ബോംബ് നിർമ്മിച്ചാൽ കുഴപ്പമില്ലാത്ത പൊലീസിന് സിപിഎം ബോംബ് നിർമ്മാണം ഭീകരവിരുദ്ധ പോരാട്ടത്തിന് തുല്യം; കണ്ണൂരിലെ സിപിഎം ആകെ അസ്വസ്ഥതയിൽ

തെളിവു നശിപ്പിക്കൽ ചുമത്തി വീട്ടമ്മയെ അറസ്റ്റ് ചെയ്തത് സ്വന്തം പറമ്പിലെ ഓലമടൽ എടുത്ത് മാറ്റിയതിനോ? ആർഎസ്എസും ലീഗും ബോംബ് നിർമ്മിച്ചാൽ കുഴപ്പമില്ലാത്ത പൊലീസിന് സിപിഎം ബോംബ് നിർമ്മാണം ഭീകരവിരുദ്ധ പോരാട്ടത്തിന് തുല്യം; കണ്ണൂരിലെ സിപിഎം ആകെ അസ്വസ്ഥതയിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഈസ്റ്റ് ചെറ്റക്കണ്ടി കാക്രോട്ട് കുന്നിലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് സിപിഐ(എം) മഹിളാ നേതാവിനെ തെളിവ് നശിപ്പിക്കൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് കണ്ണൂരിലെ സിപിഐ(എം) പ്രവർത്തകർക്കിടയിൽ അസ്വസ്ഥത പടർത്തുന്നു. മനഃപൂർവ്വമാണ് തെളിവ് നശിപ്പിക്കൽ കുറ്റം ചുമത്തി ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗർ ബ്രാഞ്ച് കമ്മിറ്റി അംഗം കുനിയിൽ നിർമല (35)യെ പാനൂർ സിഐ എ. അനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തതെന്നാണ് ഇവരുടെ വാദം.

ആർഎസ്എസും ലീഗുമെല്ലാം യഥേഷ്ടം ബോംബ് നിർമ്മിക്കുകയും നിർമ്മാണത്തിനിടെ നാദാപുരത്ത് ഒറ്റയടിക്ക് അഞ്ച് ലീഗുകാർ മരിക്കുകയും ചെയ്ത സംഭവം ഉണ്ടായപ്പോഴുമൊന്നുമില്ലാത്ത ചുറുചുറുക്കാണ് ഈ കേസിൽ മാത്രം പൊലീസ് കാട്ടുന്നതെന്ന് സിപിഐ(എം) അനുഭാവികൾ കുറ്റപ്പെടുത്തുന്നു.

നിരവധി ആർഎസ്എസ്സുകാരും ബോംബ് നിർമ്മിക്കുന്നതിനിടെ മരിച്ചിട്ടുണ്ട്. നിരവധി പേരുടെ കൈയും കാലും നഷ്ടമായിട്ടുണ്ട്. പൊലീസ് എസ്‌ഐയെ ബോംബെറിഞ്ഞ് ആക്രമിച്ച് പരിക്കേൽപ്പിച്ചതിലെ പ്രതികളായ ആർഎസ്എസ്സുകാർ വീണ്ടും പൊലീസ് സ്‌റ്റേഷനിൽ ചെന്ന് വെല്ലു വിളിക്കുന്നു. ഈ കേസുകൾ ഒക്കെ തേഞ്ഞുമാഞ്ഞു പോകുമ്പോൾ ചെറ്റക്കണ്ടി ബോബ് സ്‌ഫോടനക്കേസിൽ മാത്രം പൊലീസ് ശുഷ്‌കാന്തി കാണിക്കുന്നത് ഏകപക്ഷീയമായി ഭരണക്കാർ പ്രവർത്തിക്കുന്നതുകൊണ്ടാണെന്നും നിരപരാധികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നുമാണ് സിപിഐ(എം) പ്രവർത്തകർ പറയുന്നത്.

ഐപിസി 201 വകുപ്പ് പ്രകാരമാണ് നിർമലയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. ബോംബ് സ്‌ഫോടനത്തിൽ തെളിവു നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് രെഖപ്പെടുത്തിയിരിക്കുന്നതെന്നാണ് പൊലീസ് ഭാഷ്യം. ബോംബ് സ്‌ഫോടനക്കേസിൽ ജില്ലയിൽ ആദ്യമായാണ് ഒരു വനിതാ നേതാവ് അറസ്റ്റിലാകുന്നത്. സ്‌ഫോടനം നടന്ന സ്ഥലത്തു തീയിട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു. സ്‌ഫോടനം നടന്ന ഉടൻ സ്ഥലത്തെത്തിയവരാണ് ഇതു ചെയ്തതെന്നു പൊലീസിനു വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണത്തിന് ഒടുവിലായിരുന്നു നിർമലയുടെ അറസ്റ്റ്. ഇതേ കേസിൽ മറ്റൊരു മഹിളാ നേതാവും ബ്രാഞ്ച് സെക്രട്ടറിയും ഉടൻ അറസ്റ്റിലായേക്കുമെന്നാണ് റിപ്പോർട്ട്.

നേരത്തെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് സിപിഐ(എം) പ്രാദേശിക നേതാക്കന്മാരെ അറസ്റ്റുചെയ്തിരുന്നു. വിളക്കോട്ടൂർ ലോക്കൽ കമ്മിറ്റി അംഗം ബിജിത്ത് ലാൽ, ചേക്കാട് ബ്രാഞ്ച് സെക്രട്ടറി വി എം ചന്ദ്രൻ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ബോംബ് നിർമ്മിക്കാൻ നിർദ്ദേശം നൽകി, നിർമ്മാണത്തിന് ആവശ്യമായ സഹായം നൽകി എന്നീ കുറ്റങ്ങളാണ് ഇരുവർക്കും എതിരെ ചുമത്തിയിരിക്കുന്നത്. ഇവർ റിമാൻഡിലാണ്.

കല്ലിക്കണ്ടി ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്ക്രോട്ട് കുന്നിലെ സിപിഐഎം ന്റെ പാർട്ടിഗ്രാമമായ പ്രദേശത്തായിരുന്നു കഴിഞ്ഞ ആറിന് കുന്നിൻ മുകളിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടി സിപിഐ(എം) പ്രവർത്തകരായ തെക്കുംമുറി കിളമ്പിൽ വീട്ടിൽ ഷൈജു(33), മീത്തലെ ചെറുമംഗലത്തു വടക്കെ കരാൽ സുബീഷ് (26) എന്നിവർ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ സിപിഐ(എം) പ്രവർത്തകരായ പൊയിലൂർ തേച്ചേന്റവിട രതീശൻ, ചെറ്റക്കണ്ടി വടക്കെ കരാൽ നിജീഷ് എന്നിവർ ചികിൽസയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP