Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറുനാടൻ വാർത്ത ചർച്ചയായി; കൂടുതൽ വിവാദം ആകുമുമ്പ് സ്ഥാനം ഒഴിയാൻ കാരായിമാർ; കോടതി കനിയാത്തതും നിലപാട് മാറ്റത്തിന് കാരണമായി; അടിയന്തര സെക്രട്ടറിയേറ്റ് മറ്റെന്നാൾ

മറുനാടൻ വാർത്ത ചർച്ചയായി; കൂടുതൽ വിവാദം ആകുമുമ്പ് സ്ഥാനം ഒഴിയാൻ കാരായിമാർ; കോടതി കനിയാത്തതും നിലപാട് മാറ്റത്തിന് കാരണമായി; അടിയന്തര സെക്രട്ടറിയേറ്റ് മറ്റെന്നാൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാരായി രാജനും തലശേരി നഗരസഭാധ്യക്ഷൻ കാരായി ചന്ദ്രശേഖരനും തൽസ്ഥാനങ്ങൾ രാജിവയ്ക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇതിനുള്ള തീരുമാനം സിപിഐ(എം) സംസ്ഥാന നേതൃത്വം എടുത്തു കഴിഞ്ഞു. മറ്റെന്നാൾ നടക്കുന്ന ജില്ലാ നേതൃയോഗങ്ങൾ പിൻഗാമികളെ കണ്ടെത്തും. എൻ.ഡി.എഫ്. പ്രവർത്തകനായിരുന്ന തലശ്ശേരിയിലെ ഫസൽ വധക്കേസിൽ കാരായിമാർക്ക് ഹൈക്കോടതി എറണാകുളം ജില്ല വിടാൻ അനുമതി നിഷേധിച്ചതോടെ സിപിഐ.(എം). പ്രതിരോധത്തിലായിരിക്കയാണ്. പൊതുവെ നിഷ്‌ക്രിയരായ കണ്ണൂർ ജില്ലയിലെ യു.ഡി.എഫുകാർ വിഷയം ഉയർത്തിക്കാട്ടി പ്രക്ഷോഭത്തിന് തുടക്കമിടുകയും ചെയ്തു. ഇതോടെയാണ് സിപിഐ(എം) തീരുമാനം.

ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ ആറിനു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ സിപിഐ(എം) ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ചേരും. കാരായിമാർക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകാത്ത ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ സമർപ്പിക്കുന്ന കാര്യത്തിൽ വിധിപ്പകർപ്പു ലഭിച്ച ശേഷമേ തീരുമാനമെടുക്കൂ. ഇക്കാര്യവും ആറിനു ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് പരിഗണിക്കും. എന്നാൽ അപ്പീലും ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കാരായിമാരെ സ്ഥാനങ്ങളിൽ നിന്ന് മാറ്റും. അതിന് ശേഷം അപ്പീൽ നൽകും. ഇത് അംഗീകരിച്ച് കിട്ടിയാൽ ഇരുവരേയും പ്രസിഡന്റ് സ്ഥാനങ്ങളിൽ മടക്കിയെത്തിക്കും. കണ്ണൂരിലെ ഭരണ പ്രതിസന്ധി മറുനാടൻ മലയാളി കഴിഞ്ഞ ദിവസങ്ങളിൽ വിശദമായി നൽകിയിരുന്നു.

ഈ വിഷയം നിയമസഭാ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാനാണ് കോൺഗ്രസ് തീരുമാനം. അത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് സിപിഐ(എം) കരുതുന്നു. ഫസൽ വധക്കേസിൽ കുറ്റാരോപിതനായ കാരായി രാജന്്് ഇനി കണ്ണൂർ ജില്ലാ പഞ്ചായത്ത് യോഗത്തിൽ ഹാജരാവാൻ സാധിക്കില്ല എന്നതിനാൽ ആ സ്ഥാനത്തേക്ക് മറ്റൊരാളെ നിയോഗിക്കാൻ കോടതി വിധിയോടെ സിപിഐ.(എം) നിർബന്ധിതരായിരിക്കയാണ്. നിലവിൽ ഭരണപ്രതിസന്ധി ചൂണ്ടിക്കാട്ടി യു.ഡി.എഫ്. സമരത്തിനുകൂടി ഇറങ്ങിയപ്പോൾ അതിനുള്ള സാധ്യത മാത്രമാണ് സിപിഐ.(എം) ന്റെ മുന്നിലുള്ളത്. കാരായി രാജനും ചന്ദ്രശേഖരനും ജാമ്യം നൽകുന്നത് നിഷ്പക്ഷമായ വിചാരണയെ ബാധിക്കുമെന്നാണ് കോടതിയുടെ വിലയിരുത്തൽ. കണ്ണൂർ ജില്ലയിൽ ഇവരുടെ സ്ഥിരസാന്നിധ്യം ഫസൽ വധക്കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന സിബിഐ.യുടെ വാദത്തെ കോടതി അംഗീകരിക്കുകയായിരുന്നു.

ജില്ലാ പഞ്ചായത്തിൽ പ്രസിഡണ്ട് ഇല്ലാത്തതിനാൽ ഭരണ പ്രതിസന്ധി ഉണ്ടെന്ന് കാട്ടി യു.ഡി.എഫ് രംഗത്തിറങ്ങിയിരിക്കയാണ്. ഇതുവരെ നടന്ന അഞ്ചുയോഗങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് കാരായി രാജൻ അധ്യക്ഷനായത്. പ്രസിഡണ്ട് ഇടപെടേണ്ട കാര്യങ്ങളിൽ ഭരണപ്രതിസന്ധി ഉണ്ടെന്ന് യു.ഡി.എഫ്. ആരോപിക്കുന്നു. ഇപ്പോൾ എറണാകുളത്ത് ഫയലുകൾ കൊണ്ടുപോയാണ് പ്രസിഡണ്ടിന്റെ ഒപ്പ് വാങ്ങുന്നത്. യു.ഡി.എഫ് രംഗത്തിറങ്ങിയ സാഹചര്യത്തിൽ ഡിവൈഎഫ്‌ഐ. ജില്ലാ പ്രസിഡണ്ട് കെ.വി.സുമേഷിനെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാക്കാനുള്ള നിർദ്ദേശമാണ് ഉയർന്നുവന്നിട്ടുള്ളത്. സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജൻ പരിയാരം ഹൃദയാലയിൽ ചികിത്സയിലായതിനാൽ അന്തിമതീരുമാനം ഉണ്ടായിട്ടില്ല. പി.ജയരാജന്റെ അസാന്നിധ്യത്തിൽ കാര്യങ്ങൾ കൈവിട്ടു പോയി. വിവാദം ശക്തമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സിപിഐ(എം) സംസ്ഥാന നേതൃത്വം വിവാദം ഒഴിവാക്കാൻ തീരുമാനം എടുത്തത്.

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ഫസൽ വധക്കേസിലെ ഏഴാം പ്രതി കാരായി രാജനേയും എട്ടാം പ്രതി കാരായി ചന്ദ്രശേഖരനേയും മത്സരിപ്പിക്കാൻ സിപിഐ.(എം). ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം സംസ്ഥാനത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പാർട്ടിക്കകത്തും ഇതിന്റെ പ്രതികരണം ഉണ്ടായി. കാരായി രാജൻ പാട്യം ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്കും കാരായി ചന്ദ്രശേഖരൻ ചെള്ളക്കര വാർഡിൽ നിന്നും തലശ്ശേരി നഗരസഭയിലേക്കും വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പാർട്ടി നിർദ്ദേശപ്രകാരം രാജൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായും ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ ചെയർമാനായും അധികാരമേറ്റു.

അതോടെ വിവാദങ്ങളും ശക്തമായി. തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാൽ അതിന്റെ ബലത്തിൽ ഹൈക്കോടതി കാരായിമാർക്ക് അധികാരത്തിലിരിക്കാൻ അനുമതി നൽകുമെന്നായിരുന്നു സിപിഐ.(എം)ന്റെ വിലയിരുത്തൽ. എന്നാൽ ഈ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്നും ഉണ്ടായത്. ഈ സ്ഥാനങ്ങളിൽ ഇരുന്ന് ജില്ലയിൽ ഭരണം തുടർന്നാൽ ന്യായവിചാരണക്ക് തടസ്സമാകുമെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. ജനവിധിയിലൂടെ കാരായിമാരെ കണ്ണൂരിലെത്തിക്കുക എന്ന തന്ത്രമാണ് ഇവിടെ പാർട്ടിക്ക് പിഴച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP