Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കാരായി രാജൻ ഒഴിഞ്ഞു; വേട്ടയുടെ സുഖമനുഭവിക്കുന്ന കുടിലതയുടെ വക്താക്കൾക്ക് സുഖവും സംതൃപ്തിയും ഉണ്ടാവാനാണ് രാജിയെന്ന് വിശദീകരണം; തലശ്ശേരിയിൽ ചന്ദ്രശേഖരൻ തൽകാലം തുടരും

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കാരായി രാജൻ ഒഴിഞ്ഞു; വേട്ടയുടെ സുഖമനുഭവിക്കുന്ന കുടിലതയുടെ വക്താക്കൾക്ക് സുഖവും സംതൃപ്തിയും ഉണ്ടാവാനാണ് രാജിയെന്ന് വിശദീകരണം; തലശ്ശേരിയിൽ ചന്ദ്രശേഖരൻ തൽകാലം തുടരും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കാരായി രാജൻ രാജിവച്ചു. ഇന്ന് കണ്ണൂരിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. രാജിക്കത്ത് കാരായി രാജൻ ജില്ലാകമ്മിറ്റിക്ക് കൈമാറി. തെരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് കാരായി രാജനും തലശേരി നഗരസഭാ ചെയർമാനുമായ കാരായി ചന്ദ്രശേഖരനും കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു.ഇതേ തുടർന്നാണ് രാജൻ ഒഴിയാൻ തീരുമാനിച്ചത്. അതേസമയം, കാരായി ചന്ദ്രശേഖരൻ തലശേരി മുൻസിപ്പാലിറ്റി അദ്ധ്യക്ഷ സ്ഥാനത്ത് തൽകാലം തുടരും. 

എൻ.ഡി.എഫ് പ്രവർത്തകൻ ഫസലിനെ കൊന്ന കേസിലെ പ്രതികളിലൊരാളായ സിപിഐ(എം) പ്രാദേശിക നേതാവാണ് കാരായി രാജൻ. ഇതേ കേസിൽ പ്രതിയാണ് തലശ്ശേരി നഗരസഭാ ചെയർമാനായ കാരായി ചന്ദ്രശേഖരൻ. കോടതി വിലക്ക് തുടരുന്ന സാഹചര്യത്തിൽ ഇരുവരെയും തത്സ്ഥാനത്തു നിന്ന് മാറ്റണമെന്ന് പാർട്ടിയിൽ തന്നെ അഭിപ്രായമുയർന്നിരുന്നു. കാരായിമാർ തുടരുന്നത് രാഷ്ട്രീയപരമായും സംഘടനാപരമായും ദോഷം ചെയ്യുമെന്ന അഭിപ്രായം സജീവമായി. ഇത് യുഡിഎഫ് രാഷ്ട്രീയ പ്രചരണ ആയുധവുമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലെ ഭരണ പ്രതിസന്ധി ചർച്ചയാക്കാൻ കോൺഗ്രസ് തീരുമാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. കാരായി രാജൻ ജില്ലാ പഞ്ചായത്ത് സ്ഥാനം രാജിവയ്ക്കുമെന്ന് മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണൂരിലെ ഭരണപ്രതിസന്ധിയും ആദ്യം ചർച്ചയാക്കിയത് മറുനാടനായിരുന്നു.

ഫസൽ കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കാരായിമാർ ഹർജി നൽകിയെങ്കിലും ഹൈക്കോടതി അത് തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ രാജി നീണ്ടുപോയാൽ കൂടുതൽ പ്രതിഷേധം ഉണ്ടാവുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ അത് തിരിച്ചടിയുണ്ടാക്കുമെന്നും നേതാക്കൾ പറയുന്നു. ഈ സാഹചര്യത്തിലാണ് കാരായി രാജന്റെ രാജി. കാരായി ചന്ദ്രശേഖറിന്റെ രാജിയിൽ ഏര്യാകമ്മറ്റിയാണ് തീരുമാനം എടുക്കേണ്ടത്. ചന്ദ്രശേഖരനും രാജിവയ്ക്കുമെന്നാണ് സൂചന. എന്നാൽ തലശ്ശേരി സിപിഎമ്മിന്റെ കുത്തക സീറ്റാണ്. ഈ സാഹചര്യത്തിൽ ചന്ദ്രശേഖരൻ നഗരസഭാ ചെയർമാനായി തുടരുന്നത് തിരിച്ചടിയുണ്ടാകില്ലെന്ന് കരുതുന്നവരുമുണ്ട്. കണ്ണൂർ ജില്ലയിലാകെ ഈ വിഷയം പ്രചരണത്തിൽ ഉയരാതിരിക്കാനാണ് കാരായി രാജനെ കൊണ്ട് രാജിവയ്‌പ്പിച്ചത്.

എന്നാൽ രാജി സ്വമേധയായാണെന്നാണ് കാരായി രാജന്റെ വിശദീകരണം. ഫെയ്‌സ് ബുക്കിലൂടെയാണ് രാജിയിൽ സിപിഐ(എം) നേതാവ് നിലപാട് വിശദീകരിക്കുന്നത്. ഭരണകൂടത്തിന്റെ നികൃഷ്ടമായ രാഷ്ട്രീയ വേട്ടകൾക്കിരയായി പൊതു പ്രവർത്തനവും ജനസേവനവും നടത്താൻ സാധിക്കാതെ വന്നതിനാൽ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഞാൻ സ്വമേധയാ രാജിവച്ചിരിക്കുന്നുവെന്നാണ് വിശദീകരണം. വേട്ടയുടെ സുഖമനുഭവിക്കുന്ന കുടിലതയുടെ വക്താക്കൾക്ക് സുഖവും സംതൃപ്തിയും ഉണ്ടാവട്ടെ. സ്‌നേഹിച്ച പതിനായിരക്കണക്കായ സഖാക്കളോടും നല്ലവരായ നാട്ടുകാരോടും സഹകരിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നുവെന്നും രാജൻ അറിയിക്കുന്നു.

 

ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശമനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് അനുമതിയോട് കൂടി നോമിനേഷൻ കൊടുക്കുകയും മത്സരിക്ക...

Posted by Karayi Rajan on Saturday, February 6, 2016

എൻ.ഡി.എഫ്. പ്രവർത്തകനായിരുന്ന തലശ്ശേരിയിലെ ഫസൽ വധക്കേസിൽ കാരായിമാർക്ക് ഹൈക്കോടതി എറണാകുളം ജില്ല വിടാൻ അനുമതി നിഷേധിച്ചതോടെ സിപിഐ.(എം). പ്രതിരോധത്തിലായി. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഫസൽ വധക്കേസിൽ കുറ്റാരോപിതനായ കാരായി രാജന്്് ഇനി കണ്ണൂർ ജില്ലാ പഞ്ചായത്ത് യോഗത്തിൽ ഹാജരാവാൻ സാധിക്കില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് ഇത്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ഫസൽ വധക്കേസിലെ ഏഴാം പ്രതി കാരായി രാജനേയും എട്ടാം പ്രതി കാരായി ചന്ദ്രശേഖരനേയും മത്സരിപ്പിക്കാൻ സിപിഐ.(എം). ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം സംസ്ഥാനത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

പാർട്ടിക്കകത്തും ഇതിന്റെ പ്രതികരണം ഉണ്ടായി. കാരായി രാജൻ പാട്യം ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്കും കാരായി ചന്ദ്രശേഖരൻ ചെള്ളക്കര വാർഡിൽ നിന്നും തലശ്ശേരി നഗരസഭയിലേക്കും വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പാർട്ടി നിർദ്ദേശപ്രകാരം രാജൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായും ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ ചെയർമാനായും അധികാരമേറ്റു. അതോടെ വിവാദങ്ങളും ശക്തമായി. തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാൽ അതിന്റെ ബലത്തിൽ ഹൈക്കോടതി കാരായിമാർക്ക് അധികാരത്തിലിരിക്കാൻ അനുമതി നൽകുമെന്നായിരുന്നു സിപിഐ.(എം)ന്റെ വിലയിരുത്തൽ. എന്നാൽ ഈ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്നും ഉണ്ടായത്. ഈ സ്ഥാനങ്ങളിൽ ഇരുന്ന് ജില്ലയിൽ ഭരണം തുടർന്നാൽ ന്യായവിചാരണക്ക് തടസ്സമാകുമെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. ജനവിധിയിലൂടെ കാരായിമാരെ കണ്ണൂരിലെത്തിക്കുക എന്ന തന്ത്രമാണ് ഇവിടെ പാർട്ടിക്ക് പിഴച്ചത്. അധ്യക്ഷന്മാർ, സഭാധ്യക്ഷന്മാർ ജില്ലക്ക് പുറത്തായതിനാൽ ഭരണപ്രതിസന്ധി ഉണ്ടെന്ന് ചുണ്ടിക്കാട്ടിയാണ് സിപിഐ.(എം). ഹൈക്കോടതിയെ സമീപിച്ചത്. ഇതാണ് കോടതി തള്ളിയതും.

ഇതോടെ ജില്ലാ പഞ്ചായത്തിൽ പ്രസിഡണ്ട് ഇല്ലാത്തതിനാൽ കണ്ണൂരിൽ ഭരണ പ്രതിസന്ധി ഉണ്ടെന്ന് കാട്ടി യു.ഡി.എഫ് രംഗത്തിറങ്ങി. ഇതുവരെ നടന്ന അഞ്ചുയോഗങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് കാരായി രാജൻ അധ്യക്ഷനായത്. എറണാകുളത്ത് ഫയലുകൾ കൊണ്ടുപോയാണ് പ്രസിഡണ്ടിന്റെ ഒപ്പ് വാങ്ങിയിരുന്നത്. ഇതും യുഡിഎഫ് ഉയർത്തിക്കാട്ടി. കാരായി രാജന് പകരം ഡിവൈഎഫ്‌ഐ. ജില്ലാ പ്രസിഡണ്ട് കെ.വി.സുമേഷിനെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാക്കാനുള്ള നിർദ്ദേശമാണ് ഉയർന്നുവന്നിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP