Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ സുധാകരന്റെ വിശ്വാസ സംരക്ഷണയാത്ര എട്ടിന്; പിള്ളയുടെ ശബരിമല സംരക്ഷണ യാത്രയും അന്ന് തുടങ്ങും; പാണക്കാട് മുനവ്വറലി തങ്ങളുടെ യാത്ര 24ന്; കാസർഗോഡ് വീണ്ടും യാത്രകളുടെ കാലം; സപ്തഭാഷാ സംഗമ ഭൂമിയിലേക്ക് വീണ്ടും രാഷ്ട്രീയം എത്തുമ്പോൾ

കെ സുധാകരന്റെ വിശ്വാസ സംരക്ഷണയാത്ര എട്ടിന്; പിള്ളയുടെ ശബരിമല സംരക്ഷണ യാത്രയും അന്ന് തുടങ്ങും; പാണക്കാട് മുനവ്വറലി തങ്ങളുടെ യാത്ര 24ന്; കാസർഗോഡ് വീണ്ടും യാത്രകളുടെ കാലം; സപ്തഭാഷാ സംഗമ ഭൂമിയിലേക്ക് വീണ്ടും രാഷ്ട്രീയം എത്തുമ്പോൾ

രഞ്ജിത്ത് ബാബു

കാസർഗോഡ്: ഭരിക്കുന്ന സർക്കാറുകൾക്കെതിരെ പ്രതിഷേധിക്കാനും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രചാരണത്തിനും സാമുദായിക സംഘടനകളുടെ അവകാശ സംരക്ഷണത്തിനും ജാഥകൾ ആരംഭിക്കുന്നത് കാസർഗോഡ് നിന്നാണ്. കേരളത്തിലെ പതിനാലാമത്തെ ജില്ലയായ കാസർഗോഡ് നഗരം ഒഴിവാക്കിയാൽ വികസനത്തിനായി സർക്കാറിന്റെ കൈകൾ നീളാത്ത പ്രദേശങ്ങളാണ് ഏറേയും.

കർണാടകവുമായി അതിർത്തി പങ്കിടുന്ന ഈ ജില്ലയിൽ പ്രചരണ യാത്രകൽ നയിക്കാനും പ്രക്ഷോഭ സമരങ്ങൾ ആരംഭിക്കാനുമാണ് രാഷ്ട്രീയ -സാമൂഹ്യ മണ്ഡലങ്ങളിലെ നേതാക്കൾ പ്രധാനമായും എത്തുന്നത്. സപ്തഭാഷാ സംഗമ ഭൂമി എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് വർഷാ വർഷം നവംബർ മാസത്തോടെ യാത്രകൾ പതിവ് സംഭവമാവുകയാണ്. ഇത്തവണയുള്ള പ്രത്യേകത വിവിധ സംഘടനകളുടെ മൂന്ന് യാത്രകളാണ് ഈ മാസം ആരംഭിക്കുന്നത്.

കെപിസിസി. വർക്കിങ് പ്രസിഡണ്ട് കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര 8 ാം തീയ്യതി വൈകീട്ട് ആരംഭിക്കും. മുൻ കെ.പി.സി. സി. പ്രസിഡണ്ട് എം. എം. ഹസ്സൻ അന്നേ ദിവസം ഉച്ച തിരിഞ്ഞ് മൂന്നിന് കാസർഗോഡ് പെർളയിൽ നിന്നും ഉത്ഘാടനം നിർവ്വഹിക്കും. വൈകീട്ട് ആറിന് കാസർഗോഡ് ജില്ലാ ആസ്ഥാനത്ത് സ്വീകരണത്തോടെ അന്ന് അവിടെ സമാപിക്കും. പിറ്റേ ദിവസം രാവിലെ ജാഥ പര്യടനം തുടരും.

ബിജെപി. സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി. എസ്. ശ്രീധരൻ പിള്ളയും ബി.ഡി.ജെ. എസ് സംസ്ഥാന പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ശബരിമല സംരക്ഷണ യാത്രയും 8 ന് ആരംഭിക്കും. കാസർഗോഡ് മല്ലികാർജ്ജുന ക്ഷേത്ര പരിസരത്ത് വച്ചാണ് വിശ്വാസ സംരക്ഷണ രഥയാത്രയുടെ തുടക്കം. മലബാർ ജില്ലകളിലെ പ്രയാണത്തിന് ശേഷം ശബരിമലയിൽ അവസാനിപ്പിക്കുന്ന രീതിയിലാണ് വിശ്വാസ സംരക്ഷണയാത്രയുടെ ഒരുക്കങ്ങൾ. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും കേന്ദ്രമന്ത്രിമാരുൾപ്പെടെയുള്ള ദേശീയ നേതാക്കൾ സംബന്ധിക്കുമെന്നാണ് വിവരം.

ഈ രണ്ട് യാത്രകൾക്കും ശേഷം ഈ മാസം 24 ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രയും കാസർഗോഡ് നിന്നാരംഭിക്കും. ഉപ്പളയിൽ നിന്നാരംഭിച്ച് തിരുവനനന്തപുരത്ത് അവസാനിക്കുന്ന രീതിയിലാണ് യാത്ര ഒരുക്കിയിട്ടുള്ളത്. മുനവ്വറലിയുടെ പദയാത്ര പാണക്കാട് കുടുംബത്തിൽ നിന്നും ആദ്യമായി ഒരു വ്യക്തി സംസ്ഥാനം മുഴുവൻ നടക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

വർഗ്ഗീയ മുക്തകേരളം, അക്രമരഹിത കേരളം, എന്നീ മുദ്രാ വാക്യങ്ങളുയർത്തിയാണ് മുനവ്വറലിയുടെ പദയാത്ര. വിവിധ കേന്ദ്രങ്ങളിൽ പദയാത്രാ സ്വീകരണത്തിനുള്ള ഒരുക്കങ്ങളും നടന്നു വരികയാണ്. കെ.സുധാകരൻ കെപിസിസി. വർക്കിങ് പ്രസിഡണ്ടായി സ്ഥാനമേറ്റ ശേഷം ആദ്യമായാണ് മലബാർ ജില്ലകൾ കേന്ദ്രീകരിച്ചുള്ള വാഹന യാത്ര സംഘടിപ്പിക്കുന്നത്. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികളെ അണി നിരത്താൻ സുധാകരൻ തന്നെ നേരിട്ട് ഇടപെടുന്നുണ്ട്. ജാഥ 14 ന് മലപ്പുറത്ത് സമാപിക്കും.

ബിജെപി. സംസ്ഥാന പ്രസിഡണ്ട് ശ്രീധരൻ പിള്ളയും ബി.ഡി.ജെ. എസ്. സംസ്ഥാന പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഒരുക്കാനുള്ള പ്രവർത്തനവും പുരോഗമിച്ചു വരികയാണ്. ശബരിമലയിൽ തന്ത്രി വിവാദവും ആചാര ലംഘന വിവാദവും കൊടുംപിരിക്കൊള്ളുന്ന സാഹചര്യത്തിൽ ശ്രീധരൻ പിള്ളയുടെ ജാഥ ഏറെ ശ്രദ്ധിക്കപ്പെടും. കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും ജാഥകൾ ആരംഭിക്കുന്നുതു കൊണ്ടോ പ്രക്ഷോഭങ്ങൾക്ക് തുടക്കമിടുന്നതുകൊണ്ടോ കാസർഗോഡ് ജില്ലക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP