Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാർട്ടി പിടിക്കാൻ സകല അടവും പയറ്റി ജോസഫ്; കേരള കോൺഗ്രസ് എം നിയമസഭാകക്ഷി നേതാവായി സ്വയം പ്രഖ്യാപനം; സി.എഫ്.തോമസ് ഉപനേതാവെന്നും ജോസഫ്; നിയമവിരുദ്ധമെന്ന് ജോസ് കെ.മാണി; കട്ടപ്പന സബ്‌കോടതി വിധി തിരിച്ചടിയായത് ജോസഫിന്; പുതിയ ചെയർമാനെ തിരഞ്ഞെടുക്കാതെ ആ ചുമതല ആർക്കും വഹിക്കാനാവില്ലെന്നും ജോസ്; പ്രതീക്ഷ തിരഞ്ഞെടുപ്പ് കമ്മീഷനിൽ

പാർട്ടി പിടിക്കാൻ സകല അടവും പയറ്റി ജോസഫ്; കേരള കോൺഗ്രസ് എം നിയമസഭാകക്ഷി നേതാവായി സ്വയം പ്രഖ്യാപനം; സി.എഫ്.തോമസ് ഉപനേതാവെന്നും ജോസഫ്; നിയമവിരുദ്ധമെന്ന് ജോസ് കെ.മാണി; കട്ടപ്പന സബ്‌കോടതി വിധി തിരിച്ചടിയായത് ജോസഫിന്; പുതിയ ചെയർമാനെ തിരഞ്ഞെടുക്കാതെ ആ ചുമതല ആർക്കും വഹിക്കാനാവില്ലെന്നും ജോസ്; പ്രതീക്ഷ തിരഞ്ഞെടുപ്പ് കമ്മീഷനിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരള കോൺഗ്രസ് എമ്മിനെ പ്രശ്‌നങ്ങൾ രൂക്ഷമാക്കി, പി.ജെ. ജോസഫിനെ കേരള കോൺഗ്രസ്-എം നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. സി.എഫ്. തോമസാണ് നിയമസഭാകക്ഷി ഉപനേതാവ്. മോൻസ് ജോസഫാണ് വിപ്പും സെക്രട്ടറിയും. പി.ജെ.ജോസഫ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അതേസമയം, കേരള കോൺഗ്രസ്-എം പാർലമെന്ററി പാർട്ടി നേതാക്കളെ തീരുമാനിച്ചത് നിയമവിരുദ്ധമെന്ന് ജോസ് കെ. മാണി. പാർലമെന്ററി പാർട്ടിയോഗം വിളിക്കാനുള്ള അധികാരം ചെയർമാനാണെന്നും ജോസ് പറഞ്ഞു.കേരള കോൺഗ്രസ് എം ഭാരവാഹികളെ പി.ജെ.ജോസഫ് ഭീഷണിപ്പെടുത്തി കൂടി നിർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പാർട്ടിയിലെ തർക്കവുമായി ബന്ധപ്പെട്ട കേസിലെ കട്ടപ്പന സബ്‌കോടതി വിധി പി.ജെ.ജോസഫിന് തിരിച്ചടിയാണ്. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ചെയർമാനെ തിരഞ്ഞെടുക്കാതെ ചെയർമാന്റെ ചുമതല ആർക്കും വഹിക്കാനാകില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. വർക്കിങ് ചെയർമാന് ചെയർമാന്റെ ചുമതല വഹിക്കാനാകില്ലെന്ന് വിധിപ്പകർപ്പ് വായിച്ചാൽ മനസിലാകും. അതേസമയം, കേരള കോൺഗ്രസ് മാണി വിഭാഗം പിളർന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ ജോസ്.കെ മാണി വിഭാഗം അറിയിച്ചു. യഥാർത്ഥ കേരള കോൺഗ്രസ് തങ്ങളാണെന്നും ചിഹ്നം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കമ്മീഷന് കത്ത് നൽകിയിരിക്കുന്നത്.

ചെയർമാൻ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാവത്തിൽ വർക്കിങ് ചെയർമാന് ചെയർമാന്റെ പദവി ലഭിക്കുമായിരുന്നു. എന്നാൽ ചെയർമാന്റെ മരണശേഷം സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്ത് പുതിയ ചെയർമാനെ തെരഞ്ഞെടുക്കണമെന്നാണ് കേരള കോൺഗ്രസ്-എം ഭരണഘടനയിൽ പറയുന്നത്. ഈ വ്യവസ്ഥ മറച്ചുവച്ച് കേരള കോൺഗ്രസ്-എം എന്ന പാർട്ടി ഹൈജാക്ക് ചെയ്യൻ പാർട്ടി പ്രവർത്തകർ അനുവദിക്കില്ലെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നത് വരെ ആ പദവി വഹിക്കാൻ ആർക്കും അവകാശമില്ലെന്നാണ് കട്ടപ്പന കോടതിയുടെ ഉത്തരവ്. ഇത് മറച്ചുവച്ചാണ് ജോസഫ് വിഭാഗം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്.

പാർട്ടി പിടിച്ചെടുക്കാൻ ഓരോ നേതാക്കളെ ഫോണിൽ വിളിച്ചു ജോസഫ് വിഭാഗം ഭീഷണി മുഴക്കുകയാണ്. തങ്ങൾ ആരെയും വിളിക്കാൻ പോയിട്ടില്ലെന്നും ഒരു പ്രവർത്തകൻ പോലും പാർട്ടി വിട്ടുപോയിട്ടില്ലെന്നും തെറ്റിദ്ധാരണ പരത്താനാണ് ജോസഫ് വിഭാഗത്തിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കട്ടപ്പന സബ്‌കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ജോസ്.കെ.മാണി പറഞ്ഞു. ജൂണിൽ കോട്ടയത്ത് ജോസ് വിഭാഗം വിളിച്ച് കൂട്ടിയ ബദൽ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത്. ഈ യോഗം ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കുകയാണ് കട്ടപ്പന സബ് കോടതി.

എന്നാൽ, വർക്കിങ് ചെയർമാനു തന്നെയാണ് പാർട്ടി ചെയർമാന്റെ സ്ഥാനമെന്നും ജോസഫ് പറഞ്ഞു. അഞ്ചു പേരിൽ മൂന്നു പേർ കമ്മിറ്റിയിൽ പങ്കെടുത്തു. കട്ടപ്പന സബ് കോടതിയുടെ വിധി വരട്ടെ എന്നു പറഞ്ഞാണ് ഇതുവരെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വിധി വന്നിട്ടും കമ്മിറ്റിയിൽ പങ്കെടുക്കാൻ ജോസ് കെ. മാണി പക്ഷം തയാറായില്ല. അവരെ കമ്മിറ്റിയുണ്ടെന്ന് അറിയിച്ചതാണ്. അവർക്ക് വ്യക്തിപരമായ കാരണങ്ങളാൽ വരാൻ കഴിയില്ലെന്നറിയിക്കുകയായിരുന്നെന്നും ജോസഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യോഗം വിളിച്ച് ചേർക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ജോസ് വിഭാഗം പാലിച്ചില്ലെന്ന് കോടതി കണ്ടെത്തി. ജോസ് കെ.മാണി ചെയർമാന്റെ സ്ഥാനം ഏറ്റെടുക്കുന്നതും അധികാരം കയ്യാളുന്നതിലും ഇതിനാൽ നിരോധനം തുടരും. തൊടുപുഴ മുൻസിഫ് കോടതിയുടെയും ഇടുക്കി മുൻസിഫ് കോടതിയുടെയും ഉത്തരവുകളിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് കട്ടപ്പന കോടതി ജോസ്.കെ മാണിയുടെ അപ്പീൽ തള്ളിയത്. കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ തിരഞ്ഞെടുപ്പ് കമ്മിഷനിലാണ് ജോസ്.കെ.മാണിയുടെ ഇനിയുള്ള പ്രതീക്ഷ. ജോസ്.കെ.മാണിക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നായിരുന്നു പി.ജെ.ജോസഫിന്റെ പ്രതികരണം.

കേരള കോൺഗ്രസ് മാണി വിഭാഗം പിളർന്നെന്ന് ജോസ്.കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഒക്ടോബർ പത്തിന് അയച്ച കത്തിൽ ജോസ് കെ മാണിയെ കൂടാതെ തോമസ് ചാഴിക്കാടനും റോഷി അഗസ്റ്റിനും ഡോ എൻ. ജയരാജനും ഒപ്പുവെച്ചിട്ടുണ്ട്. കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പി.ജെ. ജോസഫിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ഭൂരിഭാഗം അംഗങ്ങളുടേയും പിന്തുണ തങ്ങൾക്കാണെന്നും അതുകൊണ്ട് 1968 ലെ നിയമപ്രകാരം ചിഹ്നവും പാർട്ടി പേരും അനുവദിച്ച് തരണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ജോസ് ടോമിന് ചിഹ്നം നിഷേധിക്കാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഇടപെട്ടെന്നും നിയമത്തെ ലംഘിക്കുന്ന രീതിയിലാണ് ഇതെന്നും കത്തിൽ പറയുന്നു.

അതേസമയം പി.ജെ ജോസഫിനോട് പിന്തുണയുമായി ബന്ധപ്പെട്ട് കാര്യത്തിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പട്ടിക നൽകണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടത്. നവംബർ 26 ന് മുൻപ് മറുപടി നൽകണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP