പാർട്ടി ചെയർമാൻ സ്ഥാനവും ലീഡർ പദവിയും ജോസഫിന് വിട്ടു കൊടുക്കില്ല; ചെയർമാനായി ജോസ് കെ മാണി തന്നെ എത്തും; സി എഫിനെ ലീഡറുമാക്കിയേക്കും; പാലായിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയേയും ജോസ് കെ മാണി നിശ്ചയിക്കും; പാർട്ടിയിൽ സമ്പൂർണ്ണ ആധിപത്യം നേടാനുറച്ച് മാണിയുടെ മകൻ; തുണയാകുക സംസ്ഥാന സമിതിയിലെ മൃഗീയ ഭൂരിപക്ഷം; പ്രശ്നത്തിൽ ഇടപെടില്ലെന്ന് കോൺഗ്രസും ലീഗും; നിരാശനായ ജോസഫ് പാർട്ടി പിളർത്തിയേക്കും; കേരളാ കോൺഗ്രസ് നീക്കങ്ങൾ വീക്ഷിച്ച് ഇടതുപക്ഷം
May 13, 2019 | 11:10 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: പാർട്ടി ചെയർമാനെ കണ്ടെത്താൻ നിർണായക യോഗങ്ങൾ അടുത്തദിവസം ചേരാനിരിക്കെ കേരള കോൺഗ്രസ് എമ്മിൽ സമവായ സാധ്യത തീരുന്നു. പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി.യെ ചെയർമാനാക്കണമെന്ന് മാണി വിഭാഗത്തിനൊപ്പമുള്ള എട്ട് ജില്ലാ പ്രസിഡന്റുമാർ ആവശ്യപ്പെട്ടു. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസിനെയും ജനറൽസെക്രട്ടറി ജോയ് എബ്രഹാമിനെയും സന്ദർശിച്ചാണ് ജില്ലാ പ്രസിഡന്റുമാർ ആവശ്യമുന്നയിച്ചത്. സി.എഫ്. തോമസ് പാർലമെന്ററി പാർട്ടി ലീഡറാകണമെന്നും ഇവരഭ്യർഥിച്ചു. ഈ ഫോർമുല സിഎഫ് തോമസ് അംഗീകരിച്ചു. ഇതോടെ സിഎഫ് തോമസിനെ അടർത്തിയെടുത്ത് കേരളാ കോൺഗ്രസിൽ ആധിപത്യം ഉറപ്പിക്കാനുള്ള പിജെ ജോസഫിന്റെ നീക്കവും പൊളിഞ്ഞു.
ജില്ലാ പ്രസിഡന്റുമാരുടെ ആവശ്യം പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് തള്ളിയിട്ടുണ്ട്. ജില്ലാ പ്രസിഡന്റുമാരല്ല പാർട്ടി അധ്യക്ഷനെ നിർണയിക്കുന്നതെന്നും ഒരു വിഭാഗത്തിന് മാത്രം എല്ലാ സ്ഥാനങ്ങളും നൽകണമെന്ന് ആരെങ്കിലും ആവശ്യപ്പെടുമെന്ന് കരുതുന്നില്ലെന്നും തൊടുപുഴയിൽ അദ്ദേഹം പറഞ്ഞു. ചെയർമാനെ ഉടൻ തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. പാർട്ടി സംസ്ഥാന സമിതിയിൽ ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ഇതുപയോഗിച്ച് ചെയർമാൻ പദവിയും ലീഡർ പദവിയും പിടിച്ചെടുക്കാനാണ് ജോസ് കെ മാണിയുടെ തീരുമാനം. കേരളാ കോൺഗ്രസിലെ പ്രശ്നങ്ങളിൽ ഇടപെടില്ലാന്ന് കോൺഗ്രസും മുസ്ലിം ലീഗും അടക്കമുള്ള യുഡിഎഫ് പാർട്ടികളും അറിയിച്ചിട്ടുണ്ട്.
മെയ് 17-നുശേഷം പാർട്ടി നേതൃയോഗങ്ങൾ ചേരാനിരിക്കവെയാണ് പുതിയ നീക്കങ്ങൾ. ചെയർമാനായിരുന്ന കെ.എം. മാണിയുടെ മരണമാണ് പുതിയ അധ്യക്ഷനെയും പാർലമെന്ററി പാർട്ടി ലീഡറെയും കണ്ടെത്തുന്നതിലേക്ക് പാർട്ടിയെ എത്തിച്ചത്. പത്ത് ജില്ലാ പ്രസിഡന്റുമാർ മാണി വിഭാഗത്തിനൊപ്പമാണ്. പാർട്ടി സംസ്ഥാന കമ്മിറ്റിയോഗം ചേർന്നാണ് ചെയർമാനെ കണ്ടെത്തേണ്ടത്. ഈ കമ്മിറ്റിയിലുൾപ്പെടെ പാർട്ടിയിലെ നിർണായക സ്ഥാനങ്ങളിലെല്ലാം മാണി വിഭാഗത്തിനാണ് ആധിപത്യം. 27-ന് മുന്പ് പാർട്ടി ലീഡറെ കണ്ടെത്തേണ്ടതും. ഇതിനായി 15ന് തിരുവനന്തപുരത്ത് ആദ്യഘട്ട നേതൃയോഗം ചേരും. പാർട്ടി ചെയർമാന് പുറമേ പാർലമെന്ററി പാർട്ടി ലീഡറെയും തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾക്ക് പ്രാഥമികരൂപം 15-ന് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിലുണ്ടാകുമെന്നാണ് സൂചന.
പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിനെ ചെയർമാനാക്കണമെന്ന ആവശ്യം അദ്ദേഹത്തിനൊപ്പമുള്ളവർ ഉന്നയിച്ചിട്ടുണ്ട്. ഇത് നടക്കില്ലെന്ന സൂചന ജോസ് കെ മാണി നൽകി കഴിഞ്ഞു. ഇതോടെ പാർട്ടി പിളർപ്പിലേക്കാണ് പോകുന്നതെന്ന് വ്യക്തമായി. കഴിഞ്ഞദിവസം പാലായിൽ യൂത്ത് ഫ്രണ്ട് നടത്തിയ കെ.എം. മാണി അനുസ്മരണത്തിൽ പാർട്ടി ജനറൽ സെക്രട്ടറി ജോയ് എബ്രഹാം നടത്തിയ പ്രതികരണം ശ്രദ്ധനേടി. പാർട്ടി ചെയർമാന്റെ അഭാവത്തിൽ വർക്കിങ് ചെയർമാനായ പി.ജെ. ജോസഫിന് തീരുമാനങ്ങളെടുക്കാൻ കഴിയുമെന്നായിരുന്നു ഈ പ്രതികരണം. എന്നാൽ, താൻ പാർട്ടി ഭരണഘടന വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്ന് ജോയ് എബ്രഹാം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പ് മാറിയെന്ന പ്രചാരണം നടത്തുന്നത് ചില കുബുദ്ധികളാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി അനുഭാവ പ്രസിദ്ധീകരണമായ 'പ്രതിച്ഛായ'യിൽ പ്രസിദ്ധീകരിച്ച ലേഖനം തർക്കങ്ങളുടെ വ്യക്തമായ സൂചനയായി. പ്രതിസന്ധി ഘട്ടത്തിൽ പി.ജെ. ജോസഫ്, കെ.എം. മാണിയെ കൈവിട്ടെന്ന വിമർശം ലേഖനത്തിലുണ്ടായിരുന്നു. പാലായിലും ജോസ് കെ മാണിക്ക് താൽപ്പര്യമുള്ളവർ തന്നെ മത്സരിക്കും. കെ.എം.മാണി വഹിച്ചിരുന്ന ചെയർമാൻ, ലീഡർ പദവികൾ രണ്ടും മാണി ഗ്രൂപ്പിനു തന്നെ അവകാശപ്പെട്ടതാണെന്ന അഭിപ്രായത്തിലാണ് ആ വിഭാഗം. മാണിജോസഫ് ലയനത്തിനു മുൻപു ചെയർമാൻ സി.എഫ്.തോമസും മാണി പാർട്ടി ലീഡറും എന്ന നിലയിലാണ് അധികാരം പങ്കിട്ടത്. ജോസഫ് വന്നപ്പോൾ മാണി ചെയർമാനായി, നിയമസഭയിൽ ജോസഫിനു കീഴിലല്ല, അദ്ദേഹത്തിന്റെ സ്ഥാനം എന്നതുകൊണ്ടു മാണി തന്നെ ലീഡറുമായി. പി.ജെ. ജോസഫ് വർക്കിങ് ചെയർമാനും സി.എഫ്. തോമസ് ഡപ്യൂട്ടി ലീഡറുമായി. ഇപ്പോൾ മാണിയുടെ അസാന്നിധ്യത്തിൽ ചെയർമാൻ, ലീഡർ പദവികൾ രണ്ടുപേർക്കാകും. ഇത് രണ്ടും പിടിച്ചെടുക്കാനാണ് ജോസഫിന്റെ നീക്കം.
മാണിയുടെ സ്വാഭാവിക പിൻഗാമി ജോസ് കെ. മാണിയാണെന്നു തന്നെ വിശ്വസിക്കുന്ന പാർട്ടിയിലെ വലിയ വിഭാഗം ഇതിനോടു യോജിക്കുന്നില്ല. ഇത് കേരളാ കോൺഗ്രസിലെ പുതിയൊരു പിളർപ്പിന് വഴിയൊരുക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ പിജെ ജോസഫിന് യുഡിഎഫ് വിടേണ്ടി വരുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിൽ ജോസഫിനെ ഒപ്പം കൂട്ടാൻ ഇടതുപക്ഷം തയ്യാറായേക്കും.
