Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളാ കോൺഗ്രസ് തെരഞ്ഞെടുപ്പ് കേസ് വാദം രണ്ട് ദിവസം നീട്ടി കോടതി; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിയ്‌ക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തി വിപ്പ് നൽകി ജോസഫ്; ജോസ് കെ മാണിയെ വെട്ടാൻ ജോസഫ് വിപ്പ് നൽകിയത് ജില്ലാ പ്രസിഡന്റിന്റെ അധികാരം തിരിച്ചെടുത്ത്; യുഡിഎഫിന് തലവേദനയായി പിജെ ജോസഫും ജോസ് കെ മാണിയും

കേരളാ കോൺഗ്രസ് തെരഞ്ഞെടുപ്പ് കേസ് വാദം രണ്ട് ദിവസം നീട്ടി കോടതി; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിയ്‌ക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തി വിപ്പ് നൽകി ജോസഫ്; ജോസ് കെ മാണിയെ വെട്ടാൻ ജോസഫ് വിപ്പ് നൽകിയത് ജില്ലാ പ്രസിഡന്റിന്റെ അധികാരം തിരിച്ചെടുത്ത്; യുഡിഎഫിന് തലവേദനയായി പിജെ ജോസഫും ജോസ് കെ മാണിയും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പു സംബന്ധിച്ച് കേരള കോൺഗ്രസിലെ തർക്കം മുറുകുമ്പോൾ തലവേദന യുഡിഎഫിന്. വർക്കിങ് ചെയർമാന്റെ അധികാരം ഉപയോഗിച്ച് പി.ജെ.ജോസഫ് 6 അംഗങ്ങൾക്കു രാവിലെ വിപ്പു നൽകി. അജിത് മുതിരമലയ്ക്ക് വോട്ടു ചെയ്യണമെന്നാണു നിർദ്ദേശം. അംഗങ്ങളുടെ വീടിന്റെ ഭിത്തിയിലാണു വിപ്പ് ഒട്ടിച്ചത്. ജോസ് കെ. മാണി വിഭാഗം സെബാസ്റ്റ്യൻ കുളത്തുങ്കലിനെ പ്രസിഡന്റാക്കാൻ രണ്ടു ദിവസം മുമ്പു വിപ്പു നൽകിയിരുന്നു. ജില്ല പ്രസിഡന്റ് സണ്ണി തെക്കേടമാണു വിപ്പു നൽകിയത്. നാളെയാണു പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

വിപ്പു നൽകാനുള്ള അധികാരം ജില്ലാ പ്രസിഡന്റിൽ നിന്നു തിരിച്ചെടുത്താണ് പി.ജെ. ജോസഫ് വിപ്പു നൽകിയത്. ഏതു വിപ്പിനാണു നിയമസാധുതയെന്നു തിരഞ്ഞെടുപ്പു കമ്മിഷനാണു തീരുമാനിക്കേണ്ടത്. ഇതോടെ രണ്ട് വിഭാഗവും ഏറ്റുമുട്ടലിനാണെന്ന് വ്യക്തമായി. ഇതാണ് യുഡിഎഫിന് പ്രശ്‌നമാകുന്നത്. അതിനിടെ കേരള കോൺഗ്രസ് (എം) ചെയർമാനായി ജോസ് കെ. മാണിയെ തിരഞ്ഞെടുത്ത നടപടി ചോദ്യം ചെയ്ത് പി.ജെ.ജോസഫ് നൽകിയ ഹർജി ഈ മാസം 25നു പരിഗണിക്കുന്നതിനായി ഇടുക്കി മുൻസിഫ് കോടതി വീണ്ടും മാറ്റി. ഇന്നലെ രാവിലെ കേസ് പരിഗണിക്കുന്നതിന് എടുത്ത മുൻസിഫ് ഉച്ചകഴിഞ്ഞു വാദം കേൾക്കുന്നതിനായി മാറ്റി. പരാതിക്കാരനായ പി.ജെ.ജോസഫിന്റെ അഭിഭാഷകന്റെ വാദം കേട്ട ശേഷം ജോസ് കെ.മാണിയുടെ അഭിഭാഷകൻ വാദം തുടങ്ങിയെങ്കിലും കോടതിയുടെ സമയം അവസാനിച്ചു. ഈ സാഹചര്യത്തിൽ 25നു വാദം വീണ്ടും തുടരുന്നതിനു കോടതി തീരുമാനിച്ചു. ഇതിനിടെയാണ് പുതിയ തർക്കം.

തദ്ദേശ തിരഞ്ഞെടുപ്പിൽ വിപ്പ് അനുവദിക്കാനുള്ള അധികാരം ആർക്കെന്നതിനെച്ചൊല്ലിയാണ് പാർട്ടിയിലെ തർക്കം. വിപ്പ് നൽകാൻ ചെയർമാനാണു തീരുമാനം എടുക്കുകയെന്നു പി.ജെ. ജോസഫ് ഇന്നും ആവർത്തിച്ചു. ജോസ് കെ. മാണിയെ ചെയർമാനാക്കിയ നടപടി കോടതി തടഞ്ഞതാണ്. അതിനാൽ ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് താൻ എടുക്കുമെന്നും ജോസഫ് പറഞ്ഞു. അതിനിടെ ചെയർമാന്റെ അധികാരം ഇല്ലെന്ന കാര്യം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് ഓർക്കുന്നതു നല്ലതാണെന്നു റോഷി അഗസ്റ്റിൻ എംഎൽഎ പ്രതികരിച്ചു. ജോസ് കെ. മാണിയെ പാർട്ടി ചെയർമാനായി ഭരണഘടനാപരമായി തിരഞ്ഞെടുത്തതാണ്. വിപ്പ് അധികാരം എടുത്തു മാറ്റുന്നതു പോലെയുള്ള തീരുമാനം ചെയർമാനും വർക്കിങ് ചെയർമാനും ആലോചിച്ചാണ് എടുക്കേണ്ടത്. അതിനു പാർട്ടി കമ്മിറ്റി അംഗീകാരം വേണമെന്നും റോഷി പറഞ്ഞു.

ബുധനാഴ്ച നടക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കേരള കോൺഗ്രസിൽ നിന്നുള്ള അംഗങ്ങൾക്കു 15നു തന്നെ വിപ്പ് നൽകിയെന്നു ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അറിയിച്ചു. തർക്കം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. സെബാസ്റ്റ്യൻ കുളത്തുങ്കലിനെ പ്രസിഡന്റാക്കാൻ മാണി തന്നെ തീരുമാനം എടുത്തിരുന്നു. ഇത് എല്ലാവരോടും അറിയിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് മാണിയുടെ മരണമെത്തുന്നത്. ഈ തീരുമാനമാണ് ജോസഫ് അട്ടിമറിക്കുന്നത്.അജിത് മുതിരമലയെ സ്ഥാനാർത്ഥിയാക്കുന്നതും പാർട്ടിയിലെ പ്രശ്‌നങ്ങൾ വഷളാക്കാനാണ്.

തദ്ദേശ തിരഞ്ഞെടുപ്പിൽ വിപ്പ് നൽകാനുള്ള അധികാരം കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റുമാരിൽ നിന്നു തിരിച്ചെടുത്തതായി വെള്ളിയാഴ്ച വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് തിരഞ്ഞെടുപ്പു കമ്മിഷനു കത്തയച്ചതാണു വിവാദത്തിനു തുടക്കം. വിപ്പ് നൽകാനുള്ള അധികാരം വർഷങ്ങൾക്കു മുൻപു ജില്ലാ പ്രസിഡന്റുമാർക്ക് അന്നത്തെ ചെയർമാൻ കെ.എം. മാണി നൽകിയതാണ്. ചെയർമാന്റെ അധികാരങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നു ജോസ് കെ. മാണിയെ കോടതി വിലക്കിയ സാഹചര്യം ഉപയോഗപ്പെടുത്തിയാണു ജോസഫ് വിഭാഗം പുതിയ നീക്കം നടത്തിയത്. മാണി വിഭാഗം നേതാവായ സണ്ണി തെക്കേടത്തിനു വിപ്പ് നൽകാനുള്ള അധികാരം ഇല്ലെന്നാണു ജോസഫ് വിഭാഗത്തിന്റെ കണക്കുകൂട്ടൽ. കോട്ടയം ജില്ലാ പഞ്ചായത്തിൽ ജോസഫ് വിഭാഗത്തിന് അംഗങ്ങളില്ല. മാണി വിഭാഗത്തിൽ വിഭാഗീയത സൃഷ്ടിക്കാനാണ് ജോസഫിന്റെ ഇടപെടൽ.

22 അംഗളുള്ള ജില്ല പഞ്ചായത്തിൽ കോൺഗ്രസിന്റെ 8 പേരും കേരള കോൺഗ്രസിന്റെ 6 പേരും ചേർന്നാണ് ഭരണം നടത്തുന്നത്. യുഡിഎഫിലെ ധാരണ പ്രകാരം അടുത്ത ഒന്നരവർഷം പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസിനാണ്. കേരളാ കോൺഗ്രസ് അംഗങ്ങളിൽ അഞ്ച് പേരും ജോസ് കെ മാണിയ്‌ക്കൊപ്പമാണ്. അതുകൊണ്ട് തന്നെ ബഹുഭൂരിപക്ഷമുള്ള ഇവർക്ക് വിപ്പ് ലംഘിച്ച് വോട്ട് ചെയ്യാം. അങ്ങനെ ചെയ്താലും അവരെ അയോഗ്യരാക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലും ജോസഫ് വിപ്പ് നൽകിയത് പാർട്ടിയിലെ അധികാരം ഉറപ്പിക്കാനാണ്. ആറു പേരിൽ അഞ്ചു പേരും ജോസഫിന് എതിരായിട്ടും വിപ്പ് നൽകിയത് യുഡിഎഫിനേയും വെട്ടിലാക്കുന്നുണ്ട്. ജോസഫിന്റെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണോ ജോസ് കെ മാണിക്കൊപ്പം നിൽക്കണോ എന്നതാണ് യുഡിഎഫ് ചർച്ച ചെയ്യുന്ന പ്രധാന വിഷയം.

കോട്ടയത്ത് ജോസഫ് വിഭാഗത്തിന് ശക്തികുറവാണ്. അതുകൊണ്ട് തന്നെ ജോസ് കെ മാണിയെ കൂടെ നിർത്തുന്ന തീരുമാനം തന്നെയാകും യുഡിഎഫ് എടുക്കുകയെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP