Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോണി നെല്ലൂരിനെ ജോസഫ് വലയിലാക്കിയത് അവശനായ ടിയു കുരുവിളയ്ക്ക് പകരം കോതമംഗലം സീറ്റ് വാഗ്ദാനം ചെയ്ത്; ലയനത്തിന് ആദ്യം സമ്മതം മൂളിയ അനൂപ് ജോണി നെല്ലൂരിനെ പുകച്ച് പുറത്തു ചാടിച്ച ശേഷം മടങ്ങിയത് താനല്ലാതെ മറ്റൊരാളും ജേക്കബ് ഗ്രൂപ്പിൽ വേണ്ടെന്ന നിലപാടിൽ; രണ്ടില ചിഹ്നം ജോസ് കെ മാണിക്കെന്ന സൂചന വന്നതോടെ ജോസഫും പ്രതിസന്ധിയിൽ; കേരളാ കോൺഗ്രസിലെ പ്രശ്‌നങ്ങൾ തീർക്കാനാവാതെ വലഞ്ഞ് കോൺഗ്രസ്

ജോണി നെല്ലൂരിനെ ജോസഫ് വലയിലാക്കിയത് അവശനായ ടിയു കുരുവിളയ്ക്ക് പകരം കോതമംഗലം സീറ്റ് വാഗ്ദാനം ചെയ്ത്; ലയനത്തിന് ആദ്യം സമ്മതം മൂളിയ അനൂപ് ജോണി നെല്ലൂരിനെ പുകച്ച് പുറത്തു ചാടിച്ച ശേഷം മടങ്ങിയത് താനല്ലാതെ മറ്റൊരാളും ജേക്കബ് ഗ്രൂപ്പിൽ വേണ്ടെന്ന നിലപാടിൽ; രണ്ടില ചിഹ്നം ജോസ് കെ മാണിക്കെന്ന സൂചന വന്നതോടെ ജോസഫും പ്രതിസന്ധിയിൽ; കേരളാ കോൺഗ്രസിലെ പ്രശ്‌നങ്ങൾ തീർക്കാനാവാതെ വലഞ്ഞ് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കുട്ടനാട് ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിന് വലിയ പ്രതിസന്ധിയാകും. കേരളാ കോൺഗ്രസിലെ പ്രശ്‌നങ്ങളാണ് ഇതിന് കാരണം. കേരളാ കോൺഗ്രസ് എമ്മിനാണ് കുട്ടനാട് സീറ്റിന് അവകാശം. നിലവിൽ എല്ലാ കേരളാ കോൺഗ്രസിലും പ്രതിസന്ധിയാണ്. ജേക്കബ് ഗ്രൂപ്പ് പിളർന്നു. ജോസ് കെ മാണിയും പിജെ ജോസഫും രണ്ട് വഴിക്ക്. അങ്ങനെ എന്ത് ചെയ്യണമെന്ന് അറിയാതെ വലയുകയാണ് കോൺഗ്രസ്.

കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് പിളർന്നത് ഗൗരവതരമായ പ്രശ്‌നങ്ങളുണ്ടാക്കും. ചെയർമാൻ ജോണി നെല്ലൂരിന്റെ നേതൃത്വത്തിലുള്ളവർ കേരള കോൺഗ്രസ്(എം) ജോസഫ് വിഭാഗത്തിൽ ലയിക്കാൻ തീരുമാനിച്ചു. അന്തരിച്ച ടി.എം.ജേക്കബിന്റെ മകനും പാർട്ടിലീഡറുമായ അനൂപ് ജേക്കബ് എംഎ‍ൽഎ.യുടെ നേതൃത്വത്തിലുള്ള വിഭാഗം ലയനനീക്കത്തെ തള്ളി. ജേക്കബ് ഗ്രൂപ്പ് പാർട്ടിയുമായി മുന്നോട്ടുപോകാൻ അവർ തീരുമാനിച്ചു. കോട്ടയത്ത് ഇരുവിഭാഗവും ഒരേസമയത്ത് യോഗം വിളിച്ചാണ് തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ജോണി നെല്ലൂർ കോട്ടയം പബ്ലിക് ലൈബ്രറി ഹാളിലും, അനൂപ് ജേക്കബ് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലുമാണ് യോഗം ചേർന്നത്. ജോണി നെല്ലൂരിന്റെ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് ജോസഫാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്. യോഗം ഐകകണ്‌ഠ്യേന പ്രമേയം അംഗീകരിച്ചു. 29-ന് എറണാകുളത്ത് ലയനസമ്മേളനം നടക്കും.

വളരുന്തോറും പിളരുന്ന പാർട്ടിയെന്ന് പേരുകേട്ട കേരള കോൺഗ്രസിൽ 14-ാമത്തെ പിളർപ്പിനാണ് വെള്ളിയാഴ്ച കോട്ടയം സാക്ഷ്യംവഹിച്ചത്. കേരള കോൺഗ്രസ്(എം) പിളർന്നതുമൂലമുള്ള പ്രശ്‌നങ്ങൾക്കിടെ യു.ഡി.എഫിന് പുതിയ തലവേദനയായി ജേക്കബ് ഗ്രൂപ്പിലെ പൊട്ടിത്തെറി. ജോണി നെല്ലൂരിനെ ജോസഫ് വലയിലാക്കിയത് അവശനായ ടിവി കുരുവിളയ്ക്ക് പകരം കോതമംഗലം സീറ്റ് വാഗ്ദാനം ചെയ്താണെന്നാണ് സൂചന. കോതമംഗലത്തെ എംഎൽഎയായ കുരുവിള ഇനി മത്സരിക്കില്ല. ഇവിടെ ജോണി നെല്ലൂരിന് മത്സരിക്കാനാകും. ലയനത്തിന് ആദ്യം സമ്മതം മൂളിയ അനൂപ് ജോണി നെല്ലൂരിനെ പുകച്ച് പുറത്തു ചാടിച്ച ശേഷം മടങ്ങിയത് താനല്ലാതെ മറ്റൊരാളും ജേക്കബ് ഗ്രൂപ്പിൽ വേണ്ടെന്ന നിലപാടിലാണ്. അതിനിടെ കേരളാ കോൺഗ്രസ് എമ്മിന്റെ ചിഹ്നമായ രണ്ടില്ല ജോസ് കെ മാണിക്കെന്ന സൂചന വന്നതോടെ ജോസഫും പ്രതിസന്ധിയിലാവുകയാണ്. ഇതെല്ലാം തീർക്കാനാവാതെ വലഞ്ഞ് കോൺഗ്രസും. അങ്ങനെ കേരളാ കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്.

ജോസഫ്, ജോസ് വിഭാഗങ്ങളെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം പാഴായി എന്ന നിരാശയിലിരിക്കുമ്പോഴാണു പിളർപ്പ് ജേക്കബ് വിഭാഗത്തിലേക്കു കൂടി വ്യാപിക്കുന്നത്. മാണി വിഭാഗത്തിലെ പിളർപ്പിന്റെ കാര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ തീർപ്പ് വൈകാതെ വരാനിടയുള്ള സാഹചര്യം ജേക്കബ് വിഭാഗത്തിൽ പൊട്ടിത്തെറിക്കു വഴിവച്ചിട്ടുണ്ട്. ചിഹ്ന പ്രശ്‌നത്തിൽ രണ്ട് എംപിമാർ ഒപ്പമുള്ളതിന്റെ ആനുകൂല്യം ജോസ് കെ.മാണിക്കു ലഭിച്ചേക്കും. അനൂപ് ജേക്കബ് എംഎൽഎ 'ലീഡർ' ആയ പാർട്ടിയെക്കൂടി ഒപ്പം ചേർക്കാനായാൽ 4 എംഎൽഎമാരെ അണിനിരത്തി ആധികാരികത അവകാശപ്പെടാമെന്ന വിചാരം ജോസഫിനുണ്ടായി. എന്നാൽ പാർട്ടി ചെയർമാനായ ജോണി നെല്ലൂരിനുണ്ടായ ലയന താൽപര്യം അനൂപിനുണ്ടായില്ല. ഇതോടെ ലയനത്തിന്റെ പേരിൽ കൂടി ജോണി-അനൂപ് തർക്കം രൂക്ഷമായി. അങ്ങനെ ജോണി നെല്ലൂർ മാത്രം ജോസഫിനൊപ്പമെത്തി.

മാണിഗ്രൂപ്പ് വിട്ട്, 1993-ൽ രൂപംകൊണ്ട ജേക്കബ് ഗ്രൂപ്പിൽ അന്ന് ജേക്കബിനൊപ്പം ഉറച്ചുനിന്ന ജോണി നെല്ലൂർ 27 വർഷത്തിനുശേഷം വീണ്ടും മാണിഗ്രൂപ്പിലേക്ക് എത്തുകയാണ്. യഥാർഥ കേരള കോൺഗ്രസ്(എം) ഏതാണെന്ന തർക്കം കോടതികയറിനിൽക്കുമ്പോഴാണ്, മാതൃസംഘടനയിലേക്കുള്ള ജോണി നെല്ലൂരിന്റെ മടക്കം. 1993-ൽ മാണിഗ്രൂപ്പിലെ പൊട്ടിത്തെറിയിലാണ് ടി.എം.ജേക്കബ്, ജോണി നെല്ലൂർ, മാത്യു സ്റ്റീഫൻ, പി.എം.മാത്യു എന്നിവർ പ്രത്യേകവിഭാഗമായി ജേക്കബ് ഗ്രൂപ്പായത്. കെ.എം.മാണിയെ ടി.എം.ജേക്കബ് ഫോണിൽ വിളിച്ചപ്പോൾ മാണി സംസാരിക്കാൻ കൂട്ടാക്കിയില്ലെന്നതടക്കമുള്ള കാര്യങ്ങൾ അന്ന് കേട്ടിരുന്നു. പ്രത്യേക ഗ്രൂപ്പായി നിൽക്കാൻ തീരുമാനിച്ചപ്പോൾ ടി.എം.ജേക്കബ് അടക്കമുള്ളവർ തന്നോട് സംസാരിച്ചെന്നും കൂറുമാറ്റനിരോധനനിയമപ്രകാരം നടപടിയുണ്ടാകാഞ്ഞത് താൻകൂടി ആ സംഘത്തിൽ വന്നതോടെയാണെന്നും ജോണി നെല്ലൂർ വെള്ളിയാഴ്ചത്തെ പ്രസംഗത്തിലും പറഞ്ഞു.

2004-ൽ ടി.എം.ജേക്കബ് തന്റെ ഗ്രൂപ്പുമായി കെ.കരുണാകരന്റെ ഡി.ഐ.സി.യിലേക്ക് ചേർന്നു. മുന്നണിയിൽ ഉമ്മൻ ചാണ്ടിയുമായുള്ള അഭിപ്രായവ്യത്യാസമാണ് ഈ നീക്കത്തിനിടയാക്കിയത്. തന്നെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിനിർത്തിയതടക്കമുള്ള കാര്യങ്ങൾ വല്ലാതെ വേദനിപ്പിച്ചെന്ന് അന്ന് ജേക്കബ് തന്നെ പറഞ്ഞിട്ടുണ്ട്. കെ.കരുണാകരനുമായി ടി.എം.ജേക്കബിന് ആത്മബന്ധമാണ് ഉണ്ടായിരുന്നത്. ആ അടുപ്പവും ഡി.ഐ.സി.ലയനത്തിൽ കലാശിച്ചു. പക്ഷേ, കെ.മുരളീധരനുമായുള്ള ബന്ധം ഇതിനിടെ മോശമായി. ഇതോടെ ജേക്കബ് പാർട്ടിവിട്ട് തന്റെ ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ചു. ജേക്കബിന്റെ മരണശേഷം മകൻ അനൂപ് ജേക്കബ് പിറവം സീറ്റിൽ മത്സരിച്ച് ജയിച്ചു. പാർട്ടിയിൽ ജോണി നെല്ലൂരും അനൂപുമായുള്ള രസതന്ത്രം അത്ര സുഗമമായിരുന്നില്ല. ആരാണ് നേതാവ് എന്നതുതന്നെ തർക്കവിഷമായി. നെല്ലൂരിന് സ്ഥാനങ്ങൾ നിഷേധിക്കാൻ അനൂപ് നീക്കം നടത്തിയതായും അതിന്റെ ഭാഗമായി നിയമസഭാസീറ്റ് തനിക്കുമാത്രം മതിയെന്ന് അനൂപ് സ്വയം തീരുമാനിച്ചെന്നും നെല്ലൂർ വിഭാഗം ആരോപിച്ചു. എന്നാൽ, നൽകിയ സീറ്റുകളൊന്നും നെല്ലൂർ സ്വീകരിക്കാഞ്ഞതാണെന്ന് അനൂപും മറുപടി പറഞ്ഞു.

അതിനിടെ ജോസഫ് വിഭാഗത്തിൽ ലയിക്കുന്നത് ചിലരുടെ വ്യക്തിപരമായ തീരുമാനമാണെന്ന് അനൂപ് ജേക്കബ് പ്രതികരിച്ചു. പാർട്ടിയിൽ പിളർപ്പില്ല. ഏതാനുംപേർ ഏതെങ്കിലും പാർട്ടിയിൽ ചേർന്നാൽ പിളർപ്പാകില്ല. ലയനവുമായി ബന്ധപ്പെട്ട് താൻ ഔദ്യോഗിക ചർച്ചകളൊന്നും നടത്തിയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജോണി നെല്ലൂരിന് ഉടുമ്പൻചോല സീറ്റ് നൽകാമെന്ന് അറിയിച്ചിരുന്നതാണ്. എന്നാൽ, അങ്കമാലിയോ മൂവാറ്റുപുഴയോ വേണമെന്ന ആവശ്യത്തിൽ ജോണി ഉറച്ചുനിന്നു. പ്രത്യേക സാഹചര്യങ്ങളാൽ ഈ സീറ്റുകൾ നൽകാൻ യു.ഡി.എഫിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ജേക്കബ് ഗ്രൂപ്പിനായി ലഭിച്ച യു.ഡി.എഫ്. സെക്രട്ടറിസ്ഥാനം ജോണി നെല്ലൂർ രാജിവയ്ക്കണം. സംഘടനാവിരുദ്ധ പ്രവർത്തനത്തിന് നടപടിയെടുക്കും. മൂന്നംഗം അച്ചടക്കസമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടിയെന്നും അനൂപ് പറഞ്ഞു.

സംസ്ഥാനനേതാക്കൾ ഉൾപ്പെടെ ഭൂരിഭാഗം നേതാക്കളും യോഗത്തിൽ പങ്കെടുത്തതായി ജോണി നെല്ലൂരും, 14 സംസ്ഥാനഭാരവാഹികളിൽ 11 പേരും ജില്ലാ പ്രസിഡന്റുമാരിൽ 11 പേരും യോഗത്തിൽ പങ്കെടുത്തതായി അനൂപ് ജേക്കബും അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP