Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

2013ൽ ഭേദഗതി ചെയ്ത ഭരണഘടന അനുസിച്ച് ചെയർമാൻ അടക്കം ആരേയും അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാം; മൂന്നിലൊന്ന് ശതമാനം കമ്മറ്റി അംഗങ്ങൾ ആവശ്യപ്പെട്ടാൽ യോഗം വിളിച്ചേ മതിയാവൂ; ജോസ് കെ മാണി പ്രയോഗിക്കുന്നത് ഭരണഘടനയിലെ പഴുതു തന്നെ; ജോസിനേയും കൂട്ടരേയും പുറത്താക്കി പാർട്ടി നിയന്ത്രണം നിലനിർത്താൻ ജോസഫും; ഇന്ന് കോട്ടയത്ത് വൻ സംഘർഷത്തിന് സാധ്യതയെന്ന് ഇന്റലിജൻസ്

2013ൽ ഭേദഗതി ചെയ്ത ഭരണഘടന അനുസിച്ച് ചെയർമാൻ അടക്കം ആരേയും അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാം; മൂന്നിലൊന്ന് ശതമാനം കമ്മറ്റി അംഗങ്ങൾ ആവശ്യപ്പെട്ടാൽ യോഗം വിളിച്ചേ മതിയാവൂ; ജോസ് കെ മാണി പ്രയോഗിക്കുന്നത് ഭരണഘടനയിലെ പഴുതു തന്നെ; ജോസിനേയും കൂട്ടരേയും പുറത്താക്കി പാർട്ടി നിയന്ത്രണം നിലനിർത്താൻ ജോസഫും; ഇന്ന് കോട്ടയത്ത് വൻ സംഘർഷത്തിന് സാധ്യതയെന്ന് ഇന്റലിജൻസ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വളരും തോറും പിളരുന്നതാണ് കെ എം മാണിയുടെ കേരളാ കോൺഗ്രസ് സിദ്ധാന്തം. അതുകൊണ്ട് തന്നെ പാർട്ടി പിളരുന്നതിനേയും മാണി പ്രതീക്ഷയോടെ കണ്ടു. പിളർപ്പുകളൊന്നും വലിയ സംഘർഷത്തിലേക്ക് എത്തിയില്ല. എന്നാൽ മാണിക്ക് ശേഷമുള്ള പിളർപ്പ് അങ്ങനെയാവില്ല. കേരള കോൺഗ്രസ്സ് (എം) ചെയർമാനെ തെരെഞ്ഞെടുക്കുന്നതിനായി പാർട്ടി സംസ്ഥാന സമിതി യോഗം ജൂൺ 16 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയത്ത് സി.എസ്‌ഐ റിട്രീറ്റ് സെന്ററിൽ ചേരുമ്പോൾ സംഘർഷ സാധ്യത ഏറെയാണ്. പിജെ ജോസഫിനെ വർക്കിങ് കമ്മറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കി പിടിമുറുക്കാൻ ജോസ് കെ മാണിയാണ് യോഗം വിളിച്ചിരിക്കുന്നത്.

ചെയർമാനെ തെരെഞ്ഞെടുക്കുന്നതിനായി പാർട്ടി ഭരണഘടന അനുശാസിക്കുന്നതനുസരിച്ച് സംസ്ഥാന സമിതിയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമമറ്റിയിലെ 127 അംഗങ്ങൾ ഒപ്പിട്ട് രേഖാമൂലമുള്ള കത്ത് ജൂൺ 3 ന് വർക്കിങ് ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ, വൈസ് ചെയർമാൻ എന്നിവർക്ക് കൈമാറിയിരുന്നു. ഭരണഘടനാപ്രകാരം ഇത്തരത്തിൽ കത്ത് ലഭിച്ചാൽ യോഗം വിളിച്ചുചേർത്തേ മതിയാവൂ. സംസ്ഥാന കമ്മറ്റിയോഗം വിളിച്ച് ചേർക്കണമെന്ന് ആവർത്തിച്ചുള്ള ആവശ്യമുയർന്നിട്ടും അതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് കത്തിൽ ഒപ്പിട്ട സംസ്ഥാന കമ്മറ്റിയംഗങ്ങളിലെ മുതിർന്ന നേതാവായ പ്രൊഫ. കെ.എ ആന്റണിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർക്കുന്നത്. സംസ്ഥാന കമ്മറ്റിയോഗം വ്യവസ്ഥാപിതമായ മാർഗത്തിൽ ചെയർമാനെ തെരെഞ്ഞെടുക്കും. ഇത് ജോസ് കെ മാണിയുമാകും. ഇതിനെ വിമതയോഗമായി ചിത്രീകരിച്ച് പങ്കെടുക്കുന്നവരെ എല്ലാം പുറത്താക്കാനാണ് പിജെ ജോസഫിന്റെ നീക്കം. ഇത് പ്രശ്‌നങ്ങൾക്ക് കാരണമാകും. പാർട്ടി ഓഫീസ് പിടിച്ചെടുക്കാനും ശ്രമം നടക്കും. ഇതും കോട്ടയത്തെ സംഘർഷ മേഖലയാക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.

കോട്ടയത്ത് ചേരുന്ന യോഗത്തിൽ ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുക്കും. യോഗത്തിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. കെ എം മാണിയുടെ മരണത്തിന് ശേഷം നടന്ന അധികാര തർക്കം പാർട്ടിയെ പിളർപ്പിലേക്ക് എത്തിച്ചു. പി ജെ ജോസഫും ജോസ് കെ മാണിയും ഇനി രണ്ട് വഴിക്ക്. ഇതുവരെ നടന്നതെല്ലാം അനൗദ്യോഗിക ചർച്ചകളും സമവായ ശ്രമങ്ങളുമാണെങ്കിൽ ഇന്ന് ജോസ് കെ മാണി വിഭാഗം ഉച്ചയ്ക്ക് രണ്ടിന് കോട്ടയം സിഎസ്‌ഐ ഹാളിൽ വിളിച്ച സംസ്ഥാന കമ്മിറ്റി യോഗം പാർട്ടിയുടെ ഗതി നിർണയിക്കും. സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയർമാനെ തെരഞ്ഞെടുക്കണമെന്ന ആവശ്യം ജോസഫ് പല തവണ തള്ളിയ സാഹചര്യത്തിലാണ് ജോസ് കെ മാണി വിഭാഗം ബദൽ കമ്മിറ്റി വിളിച്ച് ചേർക്കുന്നത്. ജോസ് കെ മാണിക്ക് ഭൂരിപക്ഷമുള്ള കമ്മിറ്റി അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുക്കും. പുതിയ കമ്മിറ്റി പാർട്ടിയിലെ മറ്റ് സ്ഥാനങ്ങൾ ആർക്കൊക്കെയെന്ന് നിശ്ചയിക്കും. ജോസഫിന് നിയമസഭാ കക്ഷി നേതാവ് സ്ഥാനം വിട്ട് നൽകുന്നതിൽ ഒരു എതിർപ്പുമില്ലെന്ന് പിളർപ്പിന് തൊട്ട് മുൻപും ജോസ് വിഭാഗം നേതാക്കൾ പറയുന്നു.

തൊടുപുഴയിൽ നിന്ന് ജോസഫും കടുതുരുത്തിയിൽ നിന്നും മോൻസും ആളെ ഇറക്കി സംഘർഷം ഉണ്ടാക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതേ തുടർന്ന് വൻ പൊലീസ് സന്നാഹം കോട്ടയത്ത് നിലയറുപ്പിക്കും. സിഎഫ് തോമസിനെ പാർലമെന്ററി പാർട്ടി ലീഡറാക്കുകയും ജോസ് കെ മാണിയെ പാർട്ടി ചെയർമാനാക്കുകയും ചെയ്യുന്ന തരത്തിലാകും ഇന്നത്തെ യോഗം. സിഎഫ് യോഗത്തിനെത്തിയാൽ അത് വൻ വിജയമായി മാറും. എന്നാൽ സിഎഫ് നിലപാട് വ്യക്തമാക്കിയിട്ടില്ല. ജോയ് എബ്രഹാമാണ് ഓഫീസ് ചാർജുള്ള സംഘടനാ സെക്രട്ടറി. ജോയ് എബ്രാഹമിനേയും യോഗം മാറ്റും. മുൻ തിരുവല്ല എംഎൽഎയായ വിക്ടർ തോമസ്, കൊട്ടാരക്കര പൊന്നച്ചൻ, സജി മഞ്ഞക്കടമ്പൻ എന്നിവർക്കെതിരേയും നടപടിയെടുക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം.

പി ജെ ജോസഫ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗ്രൂപ്പ് യോഗം വിളിച്ചതും ഏകപക്ഷീയമായി പാർട്ടി സ്ഥാനങ്ങൾ പ്രഖ്യാപിച്ചതുമാണ് ജോസ് വിഭാഗത്തിനെ ചൊടിപ്പിച്ചത്. എന്നാൽ, ഇന്നത്തെ സംസ്ഥാന കമ്മിറ്റിയെ അച്ചടക്ക ലംഘനമാക്കി കണ്ട് വെട്ടാനാണ് ജോസഫിന്റെ നീക്കം. പാർട്ടി ചെയർമാന്റെ അധികാരം ഉപയോഗിച്ച് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടി എടുക്കും. ജോസ് പക്ഷം പാർട്ടി വിമതരാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകും. ജോസ് പക്ഷത്തേക്ക് മാറിയെങ്കിലും മുതിർന്ന നേതാവ് സിഎഫ് തോമസ് ഇന്നത്തെ സംസ്ഥാന സമിതിയിൽ പങ്കെടുത്തേക്കില്ല. പാല ഉപതെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കുന്ന സാഹചര്യത്തിൽ നാളെ ചേരുന്ന നിയമസഭയിലും പിളർപ്പുണ്ടാക്കുന്ന തർക്കങ്ങൾ നീളുമെന്ന കാര്യം ഉറപ്പാണ്.

2013ൽ കേരളാ കോൺഗ്രസ് ഭരണഘടന ഭേദഗതി ചെയ്തിരുന്നു. 2013 ഓഗസ്റ്റ് മുതലാണ് ഇത് നിലവിൽ വന്നത്. അവിശ്വാസ പ്രമേയത്തിലൂടെ ചെയർമാനേയും വർക്ികംഗ് ചെയർമാനേയും മാറ്റാനുള്ള വ്യവസ്ഥയാണ് ഇത്. മൂന്നിലൊന്ന് സംസ്ഥന സമിതി അംഗങ്ങളുടെ പിന്തുണയോടെ സമിതി വിളിക്കാൻ കത്ത് നൽകിയാൽ 15 ദിവസത്തിനകം വിളിച്ചു ചേർക്കണം. അല്ലാത്ത പക്ഷം സംസ്ഥാന സമിതിയിലെ ആർക്കും യോഗം വിളിച്ച് ചേർക്കാം. അവിടെ ഭൂരിപക്ഷവും തെളിയിക്കാം. ഭരണഘടനയിലെ ഈ വ്യവസ്ഥയാണ് ജോസ് കെ മാണിക്കായി മാണി വിഭാഗം പ്രയോഗിക്കുന്നത്. ഇന്ന് യോഗം ചേർന്ന് പിജെ ജോസഫിനും മറ്റുമെതിരെ അവിശ്വാസം കൊണ്ടു വരും. അതിന് ശേഷം പുതിയ തെരഞ്ഞെടുപ്പും. ഇതിലൂടെ ജോസ് കെ മാണി ചെയർമാനുമാകും.

ഇവരെ വിമത കൂട്ടായ്മയായി ചിത്രീകരിക്കാനാണ് പിജെ വിഭാഗത്തിന്റെ ശ്രമം. സ്പീക്കർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കത്തും നൽകും. എന്നാൽ സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം ജോസഫിന് വിനയകാകും. 400 അംഗ കമ്മറ്റിയിൽ 320 പേരും ജോസ് കെ മാണിക്കൊപ്പമാണ്. തോമസ് ഉണ്ണിയാടനേയും ജോയ് എബ്രഹാമിനേയും സജി മഞ്ഞകടമ്പനേയും അടർത്തിയെടുത്ത പിജെയ്ക്ക് സംസ്ഥാന സമിതിയിലെ നേതാക്കളെ കൂടെ കൂട്ടാൻ കഴിഞ്ഞില്ല. കടുത്ത മാണി അനുകൂലികളെല്ലാം പാർട്ടിയിൽ ജോസ് കെ മാണിക്കൊപ്പമാണ്. ഇതാണ് സംസ്ഥാന സമിതി വിളിക്കാനുള്ള ജോസ് കെ മാണിയുടെ നീക്കത്തിന്റെ കരുത്ത്. ഈ നീക്കങ്ങളെ അതീവ ശ്രദ്ധയോടെയാണ് യുഡിഎഫും വീക്ഷിക്കുന്നത്. പാർട്ടിയിലെ ഭഹുഭൂരിഭാഗം ജോസ് കെ മാണിക്കൊപ്പമാണെന്ന് കോൺഗ്രസിനും മുസ്ലിം ലീഗിനും അറിയാം.

ദേശീയ സംസ്ഥാന രാഷ്ട്രീയം സങ്കീർണ്ണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ കേരളാ കോൺഗ്രസ്സിന് ചെയർമാനില്ലാതായിട്ട് രണ്ടുമാസം പിന്നിടുന്നു. ആയിരക്കണക്കായ പാർട്ടി പ്രവർത്തകർക്ക് രാഷ്ട്രീയ അനാഥത്വം അനുഭവപ്പെടുന്നതവസാനിപ്പിക്കാൻഈ തീരുമാനം അനിവാര്യമാണ്.മാണിസാറിന്റെ വിയോഗത്തെതുടർന്ന് കേരളാ കോൺഗ്രസ്സ് പ്രസ്ഥാനം ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന നിലപാടാണ് ഞങ്ങൾ സ്വീകരിച്ചത്-മാണി വിഭാഗം നേതാക്കൾ പ്രതികരിക്കുന്നത് ഇങ്ങനെയാണ്. പാർട്ടിയിൽ വിയോജിപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ചത് നിയമസഭയിലെ നിയമസഭയിലെ പി.ജെ ജോസഫിന്റെ സ്ഥാനം സംബന്ധിച്ച് സ്പീക്കർക്ക് കത്തുനൽകിയ മോൻസ് ജോസഫിന്റെ നടപടിയാണ്. പാർട്ടിയിലെ എംഎ‍ൽഎമാരോട് പോലും ആലോചിക്കാതെ ഇത്തരമൊരു കത്തു നൽകിയതിന്റെ പിന്നിൽ ദുഷ്ടലാക്കുണ്ടായിരുന്നു.സമവായം എന്നു പറഞ്ഞ് പ്രസ്ഥാവന നടത്തുമ്പോൾ തന്നെ പാർട്ടിയിൽ യാതൊരു കൂടിയാലോചനയുമില്ലാതെ പാർട്ടി ചെയർമാൻ, ടെമ്പററി ചെയർമാൻ, ചെയർമാൻ ഇൻ ചാർജ് പദവികളിൽ സ്വയം അവരോധിച്ചുകൊണ്ട് പി.ജെ ജോസഫ് തെരെഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്ത് സംഘടനാ ചുമതലകളുടെ കടുത്ത ലംഘനമാണെന്നും ഇവർ പറയുന്നു.

സംസ്ഥാന കമ്മറ്റി യാതൊരു കാരണവശാലും വിളിക്കില്ലായെന്ന ആവർത്തിച്ചുള്ള നിലപാട് സമവായത്തിനും ഐക്യത്തിനുമായുള്ള പരിശ്രമങ്ങൾക്ക് തുരങ്കം വെയ്ക്കുന്നതായിരുന്നു. സമവായത്തിലൂടെ ജനാധിപത്യപരമായോ ആരെയും ചെയർമാനായി തെരെഞ്ഞടുക്കുന്നതിനായി സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന നിലപാടാണ് ജോസ് കെ മാണി പക്ഷം തുടക്കം മുതൽ സ്വീകരിച്ചത്.പാർട്ടിയിൽ വിഭാഗീയതയുടെ അന്തരീക്ഷം ഉണ്ടാക്കുന്നതിനും, ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്യുന്നതുമായ വിവാദ പ്രസ്ഥാവനകൾ തുടർച്ചയായി പി.ജെ ജോസഫ് നടത്തിയിട്ടും അതേ നിലയിൽ പ്രതികരിക്കാതെ ഐക്യം കാത്തുസൂക്ഷിക്കുന്നതിനായി പക്വവും സമചിത്തതയ്യാർന്നതുമായ നിലപാടാണ് ഞങ്ങൾ സ്വീകരിച്ചതെന്നും അവർ പറയുന്നു. ഏറ്റവും ഒടുവിൽ ഇന്നലെ തിരുവനന്തപുരത്ത് പി.ജെ ജോസഫ് നേരിട്ട് പങ്കെടുത്തുകൊണ്ട് ഗ്രൂപ്പ് യോഗം വിളിച്ചുചേർത്ത് പാർട്ടിയെ രണ്ടായി പിളർത്താൻ ശ്രമിക്കുന്നതാണ് കണ്ടത്. രാഷ്ട്രീയ മര്യാദയുടേയും സംഘടനാ ചട്ടങ്ങളുടേയും എല്ലാ അതിരുകളും ലംഘിക്കുന്നതാണ് യോഗം.

അഞ്ചു പതിറ്റാണ്ടിലേറെയായി മാണിസാർ നടത്തിയ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ഇന്നു കാണുന്ന കേരളാ കോൺഗ്രസ്സ്. നെഞ്ചിലെ പ്രാണനെപ്പോലെ മാണിസാർ സ്നേഹിച്ച ഈ പ്രസ്ഥാനം ഹൈജാക്ക് ചെയ്യാൻ കുത്സിത ശ്രമങ്ങൾ നടത്തിയവർ മരണശേഷം മാണിസാറിനെ തള്ളിപ്പറയുന്നതും അപമാനിക്കുന്നതും വേദനയോടെയാണ് പാർട്ടി പ്രവർത്തകർ കണ്ടത്. എത്രയോ കാലം മാണിസാർ ഭരണാധികാരിയായി പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ച തിരുവനന്തപുരത്ത് വെറും 100 പേർക്ക് ഇരിക്കാവുന്ന ചെറിയ ഹാളിൽ പരമദയനീയമായ നിലയിൽ നടത്തിയ അനുസ്മരണ സമ്മേളനം മാണിസാറിനോടുള്ള കടുത്ത അനാദരവായിരുന്നു. ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കന്മാർപോലും ആ യോഗത്തിന്റെ ആത്മാർത്ഥതയില്ലാത്ത സംഘാടനത്തെ വിമർശിക്കുന്നത് കേരളം കണ്ടു-ഇങ്ങനെ വികാരപരമായാണ് പ്രശ്‌നങ്ങളെ മാണിയെ അനുകൂലിക്കുന്നവർ കാണുന്നത്.

മാണിസാർ വേർപിരിഞ്ഞിട്ട് 60 ദിവസം കഴിഞ്ഞിട്ടും സംസ്ഥാന കമ്മറ്റി ചേർന്ന് ഔപചാരികമായി അനുശോചനം രേഖപ്പെടുത്താനോ, മാണി സാറിന്റെ ചിത്രം പാർട്ടി ഓഫീസിൽ അനാച്ഛാദനം ചെയ്യാൻ തയ്യാറാകാത്തത് മാണിസാറിനെ സ്നേഹിക്കുന്നവരുടെ മനസ്സിൽ വലിയ മുറിവാണ് ഉണ്ടാക്കിയത്. കേരളാ കോൺഗ്രസ്സ് വികാരമുള്ള ഒരാൾക്കും പൊറുക്കാനാവാത്ത ഇത്തരം രാഷ്ട്രീയ അനീതിയോടുള്ള പാർട്ടി പ്രവർത്തകരുടെ പ്രതികരണം കൂടി പ്രതിഫലിക്കുന്നതാണ് സംസ്ഥാന കമ്മറ്റി വിളിക്കാനുള്ള തീരുമാനമെന്നും ജോസ് കെ മാണി പക്ഷം വിവരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP