Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോട്ടയത്ത് പൂഴിക്കടകനായി ചാഴിക്കാടനെ ഇറക്കാൻ ഒരുങ്ങി കെഎം മാണി; മകനുവേണ്ടി ചരടുവലിക്കുന്ന ജോസഫിന് കോട്ടയം വിട്ടുകൊടുക്കാതിരിക്കാൻ പുതുതന്ത്രം; തോമസ് ചാഴിക്കാടനെ നേരിടാൻ ജനതാദളിൽ നിന്ന് സീറ്റ് ജനാധിപത്യ കേരളാ കോൺഗ്രസിന് മറിച്ചുനൽകാൻ തയ്യാറായി സിപിഎമ്മും; എൻഡിഎ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് സ്ഥാപക നേതാവിന്റെ മകൻ പിസി തോമസും എത്തുമ്പോൾ കോട്ടയം കാണുക കേരള കോൺഗ്രസുകാരുടെ ക്‌ളാസിക് പോരാട്ടം

കോട്ടയത്ത് പൂഴിക്കടകനായി ചാഴിക്കാടനെ ഇറക്കാൻ ഒരുങ്ങി കെഎം മാണി; മകനുവേണ്ടി ചരടുവലിക്കുന്ന ജോസഫിന് കോട്ടയം വിട്ടുകൊടുക്കാതിരിക്കാൻ പുതുതന്ത്രം; തോമസ് ചാഴിക്കാടനെ നേരിടാൻ ജനതാദളിൽ നിന്ന് സീറ്റ് ജനാധിപത്യ കേരളാ കോൺഗ്രസിന് മറിച്ചുനൽകാൻ തയ്യാറായി സിപിഎമ്മും; എൻഡിഎ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് സ്ഥാപക നേതാവിന്റെ മകൻ പിസി തോമസും എത്തുമ്പോൾ കോട്ടയം കാണുക കേരള കോൺഗ്രസുകാരുടെ ക്‌ളാസിക് പോരാട്ടം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോട്ടയം ഇക്കുറി മൂന്നുമുന്നണികളിലും ഉള്ള കേരള കോൺഗ്രസുകാരുടെ ഏറ്റുമുട്ടലിന് വേദിയാകുമോ? അങ്ങനെയെങ്കിൽ വളരുന്തോറും പിളർന്ന കേരള കോൺഗ്രസിൽ നിന്ന് മൂന്ന് മുന്നണികളിലേക്കായി പോയ കേരള കോൺഗ്രസുകാർ ഇക്കുറി കോട്ടയത്ത് പരസ്പരം ഏറ്റുമുട്ടും. ഇത്തരത്തിൽ കോട്ടയം മണ്ഡലം ഇക്കുറി ക്‌ളാസിക് പോരാട്ടത്തിന് സാക്ഷ്യംവഹിക്കാൻ പോകുകയാണെന്നാണ് തിരഞ്ഞെടുപ്പിനോട് കൂടുതൽ അടുക്കുമ്പോൾ വരുന്ന സൂചനകൾ.

സീറ്റുചർച്ചകളുടെ ആദ്യ ഘട്ടത്തിൽ ആവശ്യം ഉന്നയിച്ചെങ്കിലും രണ്ട് സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയേക്കില്ലെന്ന സൂചനകൾ കോൺഗ്രസ് നൽകിക്കഴിഞ്ഞു. അസംബ്‌ളിയിൽ കൂടുതൽ അംഗബലമുള്ള മുസ്‌ളീം ലീഗിന് രണ്ടു സീറ്റ് മാത്രം ഉള്ളപ്പോൾ മാണി കോൺഗ്രസിന് അത്രയും സീറ്റ് നൽകിയാൽ അത് മുന്നണിയുടെ ബാലൻസ് തെറ്റിക്കുമെന്ന വാദത്തിൽ ഉറച്ചാണ് കോൺഗ്രസ് നീക്കം. അതിനാൽ രണ്ടാമതൊരു സീറ്റിന് സാധ്യതയില്ല. എന്നാൽ മകനുവേണ്ടി കടുംപിടിത്തത്തിലാണ് പിജെ ജോസഫ്. ആ മോഹം തകർക്കാൻ ഒരു മറുതന്ത്രം പയറ്റി പാർട്ടിയിൽ സർവ്വസമ്മതൻ എന്ന നിലയിൽ മുൻ എംഎൽഎ തോമസ് ചാഴിക്കാടനെ മാണി ഇറക്കുമെന്നാണ് അറിയുന്നത്.

ഇതോടെ ജോസഫിന് സീറ്റ് വിട്ടുകൊടുക്കേണ്ട സാഹചര്യം ഒഴിവാക്കാനാകുമെന്ന് മാണി കണക്കുകൂട്ടുന്നു. ചാഴിക്കാടനെ പോലെ പാർട്ടി പാരമ്പര്യമുള്ള നേതാവിനെ ഇറക്കിയാൽ ജനസമ്മതി കൂടുമെന്നും പാർട്ടിയിൽ അഭിപ്രായമുണ്ട്. രണ്ടു സീറ്റ് കിട്ടാൻ സാധ്യതയില്ലെന്നിരിക്കെ, സിറ്റിങ് സീറ്റായ കോട്ടയം കൈവിടേണ്ടെന്നാണു തീരുമാനം. സിറ്റിങ് എംപിയായിരുന്ന മകൻ ജോസ് കെ. മാണി രാജ്യസഭയിലേക്കു പോയതിനാൽ പുതിയൊരാളെ സ്ഥാനാർത്ഥിയായി കണ്ടെത്തണം. അതിനാലാണ് ചാഴിക്കാടനെ പൂഴിക്കടകനാക്കി മാണി ജോസഫിന്റെ എതിർപ്പ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. 

ഇടുക്കിക്കു വേണ്ടിയുള്ള ജോസഫിന്റെ സമ്മർദത്തിനു വഴങ്ങേണ്ടെന്നാണു മാണി വിഭാഗത്തിന്റെ നിലപാട്. ഇതു കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 12, 13 തീയതികളിൽ കോൺഗ്രസ്-കേരളാ കോൺഗ്രസ് (എം) ഉഭയകക്ഷി ചർച്ച നടക്കും. സ്വാഭാവികമായും രണ്ടു സീറ്റ് നൽകില്ലെന്ന് കോൺഗ്രസ് അറിയിക്കും. ജോസഫ് ഇടുക്കി ആവശ്യപ്പെട്ട് പിണങ്ങുന്ന ഘട്ടം വന്നാൽ മാണിയോടൊപ്പം നിൽക്കാനാണു കോൺഗ്രസിന്റെ തീരുമാനം. അതേസമയം, മാണി-ജോസഫ് തർക്കം യു.ഡി.എഫിനെ ബാധിച്ചേക്കുമെന്ന് കോൺഗ്രസിന് ആശങ്കയുമുണ്ട്.

സീറ്റ് ആവശ്യത്തിൽ നിന്നു പിന്മാറാതെ പഴയ ലയനം മറന്ന് പിളർന്ന് ജോസഫ് തന്ത്രം പയറ്റിയാൽ ജോസഫിനെ മുന്നണിയിൽ തുടരാൻ അനുവദിക്കില്ലെന്നാണു മാണി വിഭാഗത്തിന്റെ നിലപാട്. അതിനാൽ ജോസഫിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാകും കോൺഗ്രസ് ഉഭയകക്ഷി ചർച്ചയിൽ ശ്രമിക്കുക.

അതേസമയം, കോട്ടയത്ത് ഇക്കുറി ജനതാദളിനെ മത്സരിപ്പിക്കാതെ പകരം സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിന് വച്ചുമാറി ഒരു കൈ നോക്കാനാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ. ഇക്കാര്യം ഇടതുമുന്നണിയിൽ ഏതാണ്ട് ധാരണയായെന്നാണ് സൂചന. കഴിഞ്ഞ തവണ ജനതാദൾ എസിലെ മാത്യു ടി. തോമസാണ് ഇടതുപക്ഷത്തു നിന്ന് ജോസ് കെ. മാണിയെ നേരിട്ടത്. ഇക്കുറി ജനതാദളിനു പത്തനംതിട്ട സീറ്റ് നൽകാനും ഇടതുമുന്നണിയിലേക്കു പുതുതായെത്തിയ ജനാധിപത്യ കേരളാ കോൺഗ്രസിനു കോട്ടയം നൽകാനുമാണ് സിപിഎമ്മിന്റെ ആലോചന. ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവായ കെ. ഫ്രാൻസിസ് ജോർജാണു സിപിഎമ്മിന്റെ മനസിൽ. പാലാ രൂപതാംഗമായ അദ്ദേഹം മത്സരിച്ചാൽ കോട്ടയത്തു വിജയസാധ്യതയുണ്ടെന്നാണു കണക്കുകൂട്ടൽ. കേരളാ കോൺഗ്രസ് സ്ഥാപകൻ കെ.എം. ജോർജിന്റെ മകനാണു ഫ്രാൻസിസ് ജോർജ്.

എൻഡിഎ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് സ്ഥാപക നേതാവായ പി ടി ചാക്കോയുടെ മകൻ തന്നെ എത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. മുൻ കേന്ദ്ര സഹമന്ത്രി കൂടിയായ പിസി തോമസിനെ ഇറക്കിയാകും എൻഡിയുടെ പോരാട്ടം. മുമ്പു കേരളാ കോൺഗ്രസ് എമ്മിലായിരിക്കെ മാണിയുമായി ഹൃദയബന്ധമുണ്ടായിരുന്നു തോമസിന്. അതിനാൽ തന്നെ മാണിയുടെ അടവുകളും മനപ്പാഠം. ഇത്തരത്തിൽ കേരള കോൺഗ്രസ് വോട്ടുകൾ സമാഹരിക്കാമെന്നും ഹിന്ദു വോട്ടുകളും ഏകീകരിക്കാമെന്നും എൻഡിഎയും കണക്കുകൂട്ടുന്നു. ഇത്തരത്തിൽ മൂന്ന് മുന്നണികളും കേരള കോൺഗ്രസിന്റെ അതത് മുന്നണികളിലെ ഘടകപാർട്ടികൾക്ക് സീറ്റ് നൽകുന്നതോടെ കേരള കോൺഗ്രസുകാർ തമ്മിൽ പരസ്പരം പോരടിക്കുന്ന അങ്കത്തട്ടമായി മാറും കോട്ടയം മണ്ഡലം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP