Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജോസ് കെ മാണിയുടെ രാഷ്ട്രീയ പ്രവേശനത്തോട് ഇടഞ്ഞു അന്ന് പാർട്ടി വിട്ടത് പി സി തോമസ്; ഇപ്പോൾ ജോസ് കെ മാണിയുടെ സ്ഥാനാരോഹണത്തിന്റെ പേരിൽ ഇടഞ്ഞ് പി ജെ ജോസഫും; കേരളാ കോൺഗ്രസ് വളർന്നു പിളരുന്നത് മക്കൾ രാഷ്ട്രീയത്തിന്റെ പേരിലും; ജോസഫും ജോസും ഇടയുമ്പോൾ യുഡിഎഫിന് മുന്നിൽ കടമ്പയായി പാലയിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പും; പിളർപ്പ് കൂറുമാറ്റം അല്ലാത്തതിനാൽ എംഎൽഎമാർ അയോഗ്യരാകില്ല

ജോസ് കെ മാണിയുടെ രാഷ്ട്രീയ പ്രവേശനത്തോട് ഇടഞ്ഞു അന്ന് പാർട്ടി വിട്ടത് പി സി തോമസ്; ഇപ്പോൾ ജോസ് കെ മാണിയുടെ സ്ഥാനാരോഹണത്തിന്റെ പേരിൽ ഇടഞ്ഞ് പി ജെ ജോസഫും; കേരളാ കോൺഗ്രസ് വളർന്നു പിളരുന്നത് മക്കൾ രാഷ്ട്രീയത്തിന്റെ പേരിലും; ജോസഫും ജോസും ഇടയുമ്പോൾ യുഡിഎഫിന് മുന്നിൽ കടമ്പയായി പാലയിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പും; പിളർപ്പ് കൂറുമാറ്റം അല്ലാത്തതിനാൽ എംഎൽഎമാർ അയോഗ്യരാകില്ല

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളാ കോൺഗ്രസ് രാഷ്ട്രീയം എന്നും മക്കൾ രാഷ്ട്രീയത്തിനും വളക്കൂറുള്ള മണ്ണായിരുന്നു. മക്കൾ രാഷ്ട്രീയത്തിന്റെ പേരിലാണ് ഈ പാർട്ടി പലപ്പോഴായി വളർന്നു പിളർന്നതും. പാർട്ടിയെ വളർത്തുന്നതിലും പിളർത്തുന്നതിലും മക്കൾ രാഷ്ട്രീയത്തിന് കാര്യമായ പങ്കുണ്ട്. ഇപ്പോൾ കേരളാ കോൺഗ്രസിൽ ഉടലെടുത്ത ഭിന്നതയ്ക്ക് പിന്നിലും കാരണം മറ്റൊന്നുമല്ല. മക്കൾ രാഷ്ട്രീയം തന്നെയാണ്, ഇപ്പോഴത്തെ പ്രശ്നങ്ങൾക്കും കാരണം.

പാർട്ടിയുടെ ആദ്യതലമുറ നേതാക്കളുടെ മക്കളെല്ലാം ഇന്ന് ആറുപാർട്ടികളിലായി വിഭജിച്ചുകിടക്കുന്ന അവസ്ഥാണ് നിലവിലുള്ളത്. പി.ടി. ചാക്കോയുടെ മകൻ പി.സി. തോമസ് മുതൽ പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജുവരെ ഈ ശ്രേണിയിൽ പെടുന്നവരാണ്. ആ പാർട്ടിയുടെ ജീവനാഡിയും ഈ മക്കൾതന്നെ. പലതായി വിഭജിക്കപ്പെട്ട കേരള കോൺഗ്രസിന്റെ പുത്തൻതലമുറയ്ക്ക് മൂന്നുമുന്നണിയിലും പ്രാതിനിധ്യമുണ്ടെന്നതും ശ്രദ്ധേയം. മൂന്നുപേർ യു.ഡി.എഫിനൊപ്പമാണ്. എൽ.ഡി.എഫിലും എൻ.ഡി.എ.യിലും രണ്ടുപേർവീതം.

മക്കൾ രാഷ്ട്രീയത്തിൽ പ്രബലൻ ആരെന്ന് ചോദിച്ചാൽ ഉത്തരം ജോസ് കെ മാണി എന്നു തന്നെയാണ്. കെ എം മാണി മകനെ രാഷ്ട്രീയത്തിൽ ഇറക്കിയതും പിന്നീട് പടിപടിയായി വളർത്തുകയുമായിരുന്നു. ജോസ് കെ മാണിയുടെ ആദ്യ രാഷ്ട്രീയ പ്രവേശനം അത്രയ്ക്ക് സുഗകരമായിരുന്നില്ല. ജോസ് കെ. മാണിയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവുതന്നെ പാർട്ടിയിൽ ഭിന്നിപ്പിന് വഴിമരുന്നിട്ടായിരുന്നു. മൂവാറ്റുപുഴ എംപി.യായിരുന്ന പി.സി. തോമസ് ഇതിനിടെ ഇടഞ്ഞ് പാർട്ടിവിട്ടു. മാണിയുമായുള്ള അഭിപ്രായഭിന്നതായിരുന്നു കാരണം. മുവാറ്റുപുഴയിൽ എൻ.ഡി.എ. സ്ഥാനാർത്ഥിയായി മത്സരിച്ച് അട്ടിമറിവിജയം നേടുകയുംചെയ്തു. ജോസ് കെ. മാണിയെയാണ് തോൽപ്പിച്ചത്. ജോസ് കെ. മാണി പിന്നീട് രണ്ടുവട്ടം കോട്ടയത്തുനിന്നുള്ള എംപി.യായി. ഇപ്പോൾ രാജ്യസഭാംഗം. ഞായറാഴ്ചത്തെ പിളർപ്പോടെ ഒരു വിഭാഗത്തിന്റെ ചെയർമാനുമായി.

കേരള കോൺഗ്രസ് സ്ഥാപകനേതാവും മുന്മന്ത്രിയുമായ െപ്രാഫ. കെ. നാരായണക്കുറുപ്പിന്റെ മകനായ എൻ ജയരാജാണ് കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ മറ്റൊരു മക്കൾപ്രതിഭ. 2011 മുതൽ നിയമസഭാംഗമാണ് അദ്ദേഹം. ആദ്യം മാണിക്കൊപ്പവും ഇപ്പോൾ ജോസ് കെ. മാണിക്കൊപ്പവും അടിയുറച്ചുനിൽക്കുകയാണ് ജയരാൻ. ജോസ് കെ മാണിയെ ചെയർമാനാക്കാൻ രംഗത്തുള്ളവരിൽ പ്രധാനിയാണ് ജയരാജ്. കേരള കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളായ കെ.എം. ജോർജിന്റെ മകനായ ഫ്രാൻസിസ് ജോർജ്ജിന് ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ കാര്യമായ റോളില്ലാത്ത അവസ്ഥയാണ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തിന് മതിയായ സീറ്റ് ലഭിച്ചില്ല എന്നാരോപിച്ച് 2016-ൽ പാർട്ടി വിട്ട അട്ടേഹം ഇപ്പോൾ ഇഠടതു മുന്നണിക്കൊപ്പമാണ്. ജനാധിപത്യ കേരള കോൺഗ്രസ് എന്ന പാർട്ടിയും രൂപവത്കരിച്ചാണ് ഫ്രാൻസിസ് ജോർജ്ജ് ഒപ്പം നിൽക്കുന്നത്. എൽ.ഡി.എഫിന്റെ ഘടകകക്ഷിയായ ഈ പാർട്ടിയുടെ ചെയർമാനാണ് മുൻ ഇടുക്കി എംപി.കൂടിയായ ഫ്രാൻസിസ് ജോർജ്. മുന്മന്ത്രിയും കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ നേതാവുമായിരുന്ന ടി.എം. ജേക്കബിന്റെ മകനായ അനൂപ് ജേക്കബ് പിതാവിന്റെ പാതയിൽ രാഷ്ട്രീയത്തിൽ സജീവമാണ്. പിറവം മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന അനൂപ്, കേരള കോൺഗ്രസ് ജേക്കബിന്റെ നിയമസഭാകക്ഷി നേതാവാണിപ്പോൾ.

എൻഡിഎ പാളയത്തിലേക്ക് പോയ കേരളാ കോൺഗ്രസിലെ പ്രമുഖനാണ് പി.സി. തോമസ്. ആദ്യത്തെ പ്രതിപക്ഷനേതാവായിരുന്ന പി.ടി. ചാക്കോയുടെ മകനാണ് അദ്ദേഹം. ചാക്കോയോട് പാർട്ടി സ്വീകരിച്ച നിലപാടിൽ ഒരുവിഭാഗം കോൺഗ്രസുകാർക്കുള്ള അതൃപ്തിയായിരുന്നു 1964-ൽ കേരള കോൺഗ്രസിന്റെ രൂപവത്കരണത്തിലേക്ക് നയിച്ചത്. 2004-ൽ മൂവാറ്റുപുഴ സീറ്റിനെച്ചൊല്ലി കേരള കോൺഗ്രസ് വിട്ടു. പിന്നീട് ഐ.എഫ്.ഡി.പി. പാർട്ടി രൂപവത്കരിച്ച് അതിന്റെ ചെയർമാനായി. ഇടക്കാലത്ത് മുന്നണി വിട്ടെങ്കിലും ഇപ്പോൾ എൻ.ഡി.എ.യിൽ തുടരുന്നു.

കേരള കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളായ ആർ ബാലകൃഷ്ണപിള്ളയുടെ മകൻ കെ.ബി. ഗണേശ് കുമാരാണ് മക്കൾ രാഷ്ട്രീയത്തിന്റെ മറ്റൊരു ഗുണഭോക്താവ്. കേരള കോൺഗ്രസ് (ബി)യുടെ നിയമസഭാകക്ഷി നേതാവാണിപ്പോൾ. 2001 മുതൽ നിയമസഭാംഗവും ഇടക്കാലത്ത് മന്ത്രിയുമായിരുന്നു. പി.സി. ജോർജ് എം. എൽ.എ.യുടെ മകൻ ഷോൺ ജോർജ്ജും രാഷ്ട്രീയത്തിൽ സജീവമാണിപ്പോൾ. കേരള കോൺഗ്രസ് എന്ന പേരില്ലെങ്കിലും പാർട്ടിയിലെ ഒരുവിഭാഗത്തെ കൂട്ടിയാണ് പി.സി. ജോർജ് കേരള ജനപക്ഷം സെക്യുലർ പാർട്ടി രൂപവത്കരിച്ചത്. അതിന്റെ അധ്യക്ഷനാണ് ഷോൺ. നിലവിൽ എൻ.ഡി.എ.യുടെ ഭാഗം.

യുഡിഎഫിന് വെല്ലുവിളിയായി പാലാ ഉപതിരഞ്ഞെടുപ്പും

കേരള കോൺഗ്രസിലെ പിളർപ്പ് ഇനിയുള്ള നാളുകൾ യു.ഡി.എഫിലെ പ്രതിസന്ധി രൂക്ഷമാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീക്കുന്നത്. പിളർപ്പ് ഒഴിവാക്കുന്നതിന് യു.ഡി.എഫ്. നേതാക്കളൊക്കെ നടത്തിയ അവസാനവട്ട ശ്രമങ്ങളും പരാജയപ്പെട്ടു. പ്രധാന ഘടകകക്ഷിയായ കേരള കോൺഗ്രസിലെ ഇരുവിഭാഗവും മുന്നണിയിൽ തുടരട്ടെയെന്ന സമീപനമാണ് യു.ഡി.എഫിനുള്ളത്. 1982-ലെ സമാന സാഹചര്യമാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അന്ന് ഇടതുമുന്നണിയിലായിരുന്ന കേരള കോൺഗ്രസ് മാണി വിഭാഗം ചേരിമാറി ഐക്യമുന്നണിയിലെത്തുകയായിരുന്നു.

ഇ.കെ. നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന മാണി രാജിവച്ചാണ് എത്തിയത്. അന്ന് ഐക്യമുന്നണിയിൽ ഘടകകക്ഷിയായിരുന്ന കേരള കോൺഗ്രസിലെ പി.ജെ. ജോസഫ് മുന്നണിയുടെ കൺവീനറുമായിരുന്നു. ഇരുവിഭാഗവും യു.ഡി.എഫിന്റെ ഭാഗമായി പ്രത്യേക ഗ്രൂപ്പുകളായി നിലകൊണ്ടു. പിന്നീടാണ് ഇവർ ഒരുമിച്ചത്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണ്. പാലാ ഉപതിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ. കെ.എം. മാണിയുടെ നിര്യാണത്തോടെ ഒഴിവുവന്ന പാലായിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ തീരുമാനിക്കുകയാവും ആദ്യപ്രതിസന്ധി.

ഔദ്യോഗിക കേരള കോൺഗ്രസ് തങ്ങളാണെന്നു സ്ഥാപിക്കാൻ കിട്ടുന്ന അവസരമെന്ന നിലയിൽ ഇരുവിഭാഗവും സ്ഥാനാർത്ഥിത്വത്തിനായി പിടിമുറുക്കും. ജോസ് കെ. മാണി പക്ഷത്തെ സംബന്ധിച്ചിടത്തോളം പാലായിലെ സ്ഥാനാർത്ഥിത്വത്തിന് വൈകാരികതലംകൂടിയുണ്ട്. മാണിയുടെ സ്വന്തം മണ്ഡലമായ പാലായിൽ മാണി മത്സരിച്ച 13 തിരഞ്ഞെടുപ്പുകളിലും വിജയിച്ച ചരിത്രമാണുള്ളത്. അവിടെ മാണിക്കുശേഷം ആരെന്ന് തീരുമാനിക്കുന്നതിൽ ജോസ് കെ. മാണിവിഭാഗം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവില്ല. സ്ഥാനാർത്ഥിയായി ജോസഫ് വിഭാഗം തങ്ങളുടെ പക്ഷത്തേക്കുവന്ന സീനിയർ നേതാവിനെ നിർദേശിച്ച് തടയിടാനുള്ള തന്ത്രപരമായ നീക്കം നടത്താനാണ് സാധ്യത. മുന്നണിയിലെ ഘടക കക്ഷികൾക്കിടയിലും നേതാക്കൾക്കിടയിലും ജോസഫിനോടും ജോസ് കെ. മാണിയോടുമുള്ള അടുപ്പവും തീരുമാനത്തെ സ്വാധീനിക്കും. ഫലത്തിൽ എന്തു തീരുമാനമെടുത്താലും ഒരുകൂട്ടർ അതൃപ്തിയുമായി കടുത്ത നിലപാടിലേക്കാവും നീങ്ങുക.

അതേസമയം ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിയമസഭയിൽ ആർക്കും അംഗത്വം നഷ്ടപ്പെടില്ലെന്നാണ് ലഭിക്കുന്ന വിവരം. അവരെ സഭയിൽ ഇപ്പോഴത്തേതുപോലെ ഒരുപാർട്ടിയുടെ അംഗങ്ങളായി സ്പീക്കർ കണക്കാക്കും. ഏതാണ് യഥാർഥ കേരള കോൺഗ്രസെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചശേഷമേ ഔദ്യോഗികമായി രണ്ട് ഗ്രൂപ്പാവുകയുള്ളൂ. പാർട്ടി പിളരുന്നത് കൂറുമാറ്റത്തിന്റെ പരിധിയിൽ വരാത്തതുകൊണ്ടാണ് അംഗത്വം നഷ്ടപ്പടാത്തത്. പാർട്ടി പിളർന്ന് ഒരുവിഭാഗം മറ്റൊരു പാർട്ടിയിൽ ലയിച്ചാൽ കൂറുമാറ്റ നിരോധനനിയമം ബാധകമാവും. മൂന്നിൽ രണ്ട് അംഗങ്ങൾ ലയിച്ചില്ലെങ്കിൽ അവർ അയോഗ്യരാവും. ലയിക്കാത്ത മറ്റേ വിഭാഗത്തിന് അയോഗ്യതയുണ്ടാവുകയുമില്ല.

കേരള കോൺഗ്രസിൽ ഇത്തരമൊരു സാഹചര്യം ഇപ്പോഴില്ല. ഇപ്പോൾ പാർട്ടിയിലെ അഞ്ച് എംഎ‍ൽഎ.മാരിൽ പി.ജെ. ജോസഫും മോൻസ് ജോസഫും ഒരുവശത്തും റോഷി അഗസ്റ്റിനും ഡോ. എൻ. ജയരാജും ജോസ് കെ. മാണിക്ക് ഒപ്പവുമാണ്. സി.എഫ്. തോമസ് സമവായത്തിന് ഇനിയും സാധ്യതയുണ്ടെന്ന സമീപനവുമായി ഒറ്റയ്ക്ക് നിൽക്കുന്നു. ഇതിൽ ഏത് വിഭാഗമാണ് യഥാർഥ കേരള കോൺഗ്രസ് (എം) എന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്. പാർട്ടിയുടെ പേരും ചിഹ്നവും കമ്മിഷൻ തീരുമാനിക്കുന്ന വിഭാഗത്തിന് കിട്ടും. ഓരോ ഗ്രൂപ്പിനും പാർട്ടി സംവിധാനത്തിലുള്ള പിന്തുണ വിലയിരുത്തിയാണ് ഇത് തീരുമാനിക്കുക.

പാർട്ടി ചെയർമാനായിരുന്ന കെ.എം. മാണിയുടെ മരണശേഷം വർക്കിങ് ചെയർമാനായ പി.ജെ. ജോസഫിനാണ് ചെയർമാന്റെ ചുമതലയെന്നുകാട്ടി ജോസഫ് വിഭാഗം കമ്മിഷന് കത്തുനൽകിയിട്ടുണ്ട്. താൻ ചെയർമാനായ വിഭാഗമാണ് യഥാർഥ പാർട്ടിയെന്ന് അവകാശപ്പെട്ട് ജോസ് കെ. മാണിയും കമ്മിഷനെ സമീപിക്കും. തത്കാലം ഔദ്യോഗികമായി രണ്ട് ഗ്രൂപ്പാകാൻ കഴിയാത്തതിനാൽ സഭയിൽ ഇരുകൂട്ടർക്കും കക്ഷിനേതാവിനെയും തിരഞ്ഞെടുക്കാനാവില്ല. നിലവിലെ സ്ഥിതി ഇക്കാര്യത്തിലും തുടരും. ഇപ്പോൾ പി.ജെ. ജോസഫിനാണ് കക്ഷിനേതാവിന്റെ താത്കാലിക ചുമതല. പാർട്ടി ചെയർമാനെ തിരഞ്ഞെടുത്തശേഷം കക്ഷി നേതാവിനെ തിരഞ്ഞെടുക്കുമെന്നാണ് ജോസ് കെ. മാണി വിഭാഗം സ്പീക്കറെ അറിയിച്ചിരുന്നത്. ജൂൺ ഒമ്പതിനുമുമ്പ് കക്ഷിനേതാവിനെ തിരഞ്ഞെടുക്കണമെന്ന് സ്പീക്കർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ കത്ത് നൽകി. സ്പീക്കർ ഇത് അനുവദിച്ചിട്ടുണ്ട്. എന്നാൽ സമയപരിധി നിശ്ചയിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP