Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അങ്കമാലി സീറ്റ് പോയ ജോണി നെല്ലൂരിന് 'സ്വതന്ത്ര'നാകാനും പാർട്ടി അനുമതിയില്ല; സീറ്റ് നിഷേധത്തിൽ പ്രതിഷേധിക്കാൻ വിളിച്ച യോഗത്തിൽ യുഡിഎഫ് വിടേണ്ടെന്ന് പൊതുവികാരം; അങ്കമാലിയില്ലെങ്കിൽ പിറവവും വേണ്ടെന്ന നിലപാടും തള്ളിയതോടെ ദേഷ്യം കടിച്ചമർത്തി ജോണി നെല്ലൂർ

അങ്കമാലി സീറ്റ് പോയ ജോണി നെല്ലൂരിന് 'സ്വതന്ത്ര'നാകാനും പാർട്ടി അനുമതിയില്ല; സീറ്റ് നിഷേധത്തിൽ പ്രതിഷേധിക്കാൻ  വിളിച്ച യോഗത്തിൽ യുഡിഎഫ് വിടേണ്ടെന്ന് പൊതുവികാരം; അങ്കമാലിയില്ലെങ്കിൽ പിറവവും വേണ്ടെന്ന നിലപാടും തള്ളിയതോടെ ദേഷ്യം കടിച്ചമർത്തി ജോണി നെല്ലൂർ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: അങ്കമാലി സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ വിമത നീക്കം നടത്തി ഇടത്തേക്ക് പോകാനുള്ള പാർട്ടി ചെയർമാൻ ജോണി നെല്ലൂരിന്റെ നീക്കത്തിന് പാർട്ടിയിലെ ഭൂരിഭാഗം അംഗങ്ങളുടെ പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് പാളി. ഇന്ന് വൈകിട്ട് മൂവാറ്റുപുഴയിൽ പാർട്ടി സംസ്ഥാന ഭാരവാഹികളുടെ യോഗം ചേർന്നപ്പോൾ കടുത്ത തീരുമാനം വേണ്ടെന്ന അഭിപ്രായമാണ് പൊതുവേ ഉയർന്നത്. ഇതോടെ ഇടതുപാളയത്തിലേക്ക് പോകാനും സ്വതന്ത്രനാകാനുമുള്ള ജോണി നെല്ലൂരിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയേറ്റു.

ഇതോടെ ഇടുതുമുന്നണിയിലേക്ക് പോകുന്ന വാർത്തകൾ നിഷേധിച്ചു ജോണി നെല്ലൂരിന് രംഗത്തെത്തേണ്ടി വന്നു. കേരള കോൺഗ്രസ് (ജേക്കബ്) യുഡിഎഫിന്റെ ഭാഗമാണ്. പക്ഷെ, പാർട്ടിക്ക് അർഹതപ്പെട്ട സീറ്റ് നിഷേധിച്ചതിലുള്ള അമർഷം യുഡിഎഫ് നേതൃത്വത്തെ അറിയിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി മൂന്നു സീറ്റുകളിലാണ് മൽസരിച്ചത്. അത് ഇത്തവണ ഒരു സീറ്റിലൊതുങ്ങിയിരിക്കുകയാണ്. അങ്കമാലി സീറ്റ് പാർട്ടിക്ക് അവകാശപ്പെട്ടതാണ്. രാഷ്ട്രീയത്തിൽ സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അങ്കമാലി സീറ്റ് വിഷയത്തിൽ തന്നെ വഞ്ചിച്ച യു ഡി എഫുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജോണി നെല്ലൂർ അനുകൂലികൾ രംഗത്തെത്തിയിരന്നു. അങ്കമാലി ഇല്ലെങ്കിൽ പിറവവും വേണ്ടെന്ന് വെക്കണമെന്നായിരുന്നു നിലപാട്. എന്നാൽ, ഈ തീരുമാനം അംഗീകരിക്കാൻ സാധിക്കില്ലെന്ന് അനൂപ് ജേക്കബ് വിഭാഗവും വ്യക്തമാക്കി. ഇതോടെ മറ്റു വഴികൾ ഒന്നും ഇല്ലാതായ ജോണി നെല്ലൂർ പ്രതിഷേധം അറിയിച്ച് നിൽക്കുകയായിരുന്നു.യ

സീറ്റ് വിഷയത്തിൽ യുഡിഎഫ് തന്നെ വഞ്ചിച്ചതായി ജോണി നെല്ലൂർ ഇന്ന് രാവിലെ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു.ഇക്കാര്യം ചർച്ചചെയ്യാൻ. നിലവിലെ സാഹചര്യത്തിൽ അനൂപ് തനിക്ക് ലഭിച്ച സീറ്റ് ഉപേക്ഷിക്കാൻ തയ്യാറല്ല. ഇക്കാര്യത്തിൽ മാതാവ് ഡെയ്‌സിയുടെ പിൻതുണയും അനൂപ് അനുകൂലികൾക്കുണ്ട്. യോഗത്തിൽ നെല്ലൂർ വിഭാഗത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ അനൂപും കൂട്ടരും തയ്യാറായില്ല. ഇതോടെ പ്രകോപിതരായി ജോണി നെല്ലൂരും കൂട്ടരും പുതിയ രാഷ്ട്രീയ നിലപാടുമായി ഉടൻ രംഗത്തുവരുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല.

അങ്കമാലി സീറ്റ് വിഷയത്തിൽ യു ഡി എഫ് നേതൃത്വം അനൂപ് ജേക്കബ്ബിനെ നേരത്തെ വിവരങ്ങൾ ധരിപ്പിച്ചിരുന്നെന്നും എന്നാൽ ഇക്കാര്യം അനൂപ് ജോണി നെല്ലൂരുമായി പങ്കുവച്ചില്ലെന്നുമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങിൽ നിന്നും വ്യക്തമാവുന്നത്. നേരത്തെ തന്റെ സീറ്റ് വിഷയത്തിൽ അനൂപ് മൃദുസമീപനം സ്വീകരിക്കുന്നുവെന്നാരോപിച്ച് പാർട്ടിയോഗത്തിൽ ജോണി നെല്ലൂർ ക്ഷുഭിതനായി ഇറങ്ങിപ്പോയിരുന്നു. പിന്നീട് നടന്ന യു ഡി എഫ് യോഗത്തിൽ അങ്കമാലി സീറ്റ് തങ്ങൾക്ക് വേണമെന്ന് അനൂപ് ശക്തിയായി ആവശ്യപ്പെടുകയും ഇതേത്തുടർന്ന് ഇരുവരും തമ്മിൽ നിലനിന്നിരുന്ന അസ്വാരസ്യം പരിഹരിക്കപ്പെടുകയുമായിരുന്നു.

യു ഡി എഫിന്റെ സീറ്റ് നിഷേധത്തിലൂടെ വഴിയാധാരമായ ജോണി നെല്ലൂർ കോതമംഗലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയാവുമെന്ന് പ്രചാരണവും ശക്തമായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അങ്കമാലി സീറ്റ് നൽകാനാവില്ലന്ന് യുഡിഎഫ് കൺവീനർ പി പി തങ്കച്ചൻ ജോണി നെല്ലൂരിനെ അറിയിച്ചത്. ഇതിനുശേഷം സി പി എം നേതാക്കളിൽ ചിലരുമായി ജോണിനെല്ലൂർ ബന്ധപ്പെട്ടെന്നും ഇതേതുടർന്നാണ് ഇന്നലെ പ്രഖാപിക്കാനിരുന്ന കോതമംഗലത്തെ സ്ഥാനാർത്ഥി നിർണ്ണയം പാർട്ടി നേതൃത്വം നാളേക്ക് മാറ്റിയതും. ഇതോടെ നെല്ലൂർ കോതമംഗലത്ത് ടി യു കുരുവിളക്കെതിരെ ജോണി നെല്ലൂർ കളത്തിലിറങ്ങുമെന്ന വിധത്തിൽ വാർത്തകളും വന്നു.

എന്നാൽ ഇത്തരത്തിലൊരു തീരുമാനം ഇതുവരെ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അഴിമതിക്കെതിരെ ജനപക്ഷത്തു നിന്ന് പ്രവർത്തിക്കുമെന്നും കോൺഗ്രസ്സിന്റെ തീരുമാനം മൂലം താൻ രാഷ്ട്രീയ വനവാസത്തിലിരിക്കാൻ ആഗ്രഹിക്കുന്നില്ലന്നും ജോണി നെല്ലൂർ വ്യക്തമാക്കി. കോതമംഗലം സീറ്റിന്റെ കാര്യത്തിൽ എൽ ഡി എഫിൽ അധികം താമസിയാതെ സമവായമുണ്ടാകുമെന്നാണ് വിവരം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP