Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോട്ടയം മാണി വിഭാഗത്തിന്റെ സീറ്റ്; രണ്ടാം സീറ്റ് ലഭിച്ചാൽ അപ്പോൾ തീരുമാനിക്കാം ആരെ സ്ഥാനാർത്ഥിയാക്കണമെന്ന്; ജോസഫിനെ സന്തോഷിപ്പിക്കാൻ രണ്ടാം സീറ്റെന്ന വാദത്തിന് ഇതുവരെ നൽകിയ പിന്തുണ വേണ്ടെന്ന് വച്ച് ഉറച്ച നിലപാടുമായി മാണി; ജോസഫിന് അതൃപ്തിയെങ്കിൽ പാർട്ടി വിട്ടു പോകാനും അനുമതി നൽകി; സമ്മർദ്ദത്തിലാഴ്‌ത്തി അടുത്ത നിയസഭാ തെരഞ്ഞെടുപ്പിലെങ്കിലും കൂടുതൽ സീറ്റ് ഉറപ്പിക്കാൻ ജോസഫ് നടത്തിയ നീക്കം പാടെ തള്ളി കളഞ്ഞ് മാണി

കോട്ടയം മാണി വിഭാഗത്തിന്റെ സീറ്റ്; രണ്ടാം സീറ്റ് ലഭിച്ചാൽ അപ്പോൾ തീരുമാനിക്കാം ആരെ സ്ഥാനാർത്ഥിയാക്കണമെന്ന്; ജോസഫിനെ സന്തോഷിപ്പിക്കാൻ രണ്ടാം സീറ്റെന്ന വാദത്തിന് ഇതുവരെ നൽകിയ പിന്തുണ വേണ്ടെന്ന് വച്ച് ഉറച്ച നിലപാടുമായി മാണി; ജോസഫിന് അതൃപ്തിയെങ്കിൽ പാർട്ടി വിട്ടു പോകാനും അനുമതി നൽകി; സമ്മർദ്ദത്തിലാഴ്‌ത്തി അടുത്ത നിയസഭാ തെരഞ്ഞെടുപ്പിലെങ്കിലും കൂടുതൽ സീറ്റ് ഉറപ്പിക്കാൻ ജോസഫ് നടത്തിയ നീക്കം പാടെ തള്ളി കളഞ്ഞ് മാണി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളകോൺഗ്രസിന് ഒരു നേതാവേയുള്ളുവെന്ന് പ്രഖ്യാപിച്ച് വീണ്ടും കെ എം മാണി. പാർട്ടി ചെയർമാനെന്ന നിലയിൽ എല്ലാം തീരുമാനിക്കുക താനാകുമെന്നും മാണി നിലപാട് എടുത്തു കഴിഞ്ഞു. ലോക്‌സഭയിൽ മത്സരിക്കാനുള്ള പിജെ ജോസഫിന്റെ നീക്കം ഇതോടെ പൊളിയുകയാണ്. ജോസഫുമായി സമവായത്തിന്റെ സാധ്യതകൾ പൂർണമായും തള്ളി മാണി ഗ്രൂപ്പ് നിലപാടു കടുപ്പിച്ചു. പാർട്ടിക്ക് ലഭിക്കുന്ന ഏക സീറ്റിൽ മാണി ഗ്രൂപ്പിന്റെ പ്രതിനിധി തന്നെ സ്ഥാനാർത്ഥിയാകും. പാർട്ടിക്കു രണ്ടാംസീറ്റ് ലഭിച്ചാലും സ്റ്റിയറിങ് കമ്മിറ്റി കൂടി സ്ഥാനാർത്ഥിയെ നിശ്ചയിച്ചാൽ മതിയെന്നാണു പുതിയ തീരുമാനം. അപ്പോഴും ജോസഫിന് സീറ്റ് ലഭിക്കില്ല. കാരണം സ്റ്റിയറിങ് കമ്മറ്റിയിൽ മാണിയെ അനുകൂലിക്കുന്നവരാണ് കൂടുതൽ.

അധികസീറ്റു സംബന്ധിച്ചുള്ള രണ്ടാംഘട്ട ഉഭയകക്ഷി ചർച്ചയിൽ യുഡിഎഫിനോട് സീറ്റിന് വേണ്ടിയുള്ള നിലപാട് മാണി എടുക്കില്ല. നേരത്തെ ജോസഫിനെ സന്തോഷിപ്പിക്കാൻ സീറ്റ് വേണമെന്ന് മാണി പറഞ്ഞിരുന്നു. എന്നാൽ ജോസഫിന്റെ നീക്കങ്ങൾ കേരളാ കോൺഗ്രസിനെ വെട്ടിലാക്കി. കോട്ടയത്ത് എന്തു വന്നാലും മത്സരിക്കുമെന്ന് പറഞ്ഞു. വോട്ട് തേടി മെത്രാന്മാരെ കണ്ടു. മാണിയെ പാഠം പഠിപ്പിക്കുമെന്ന് ചിലരോട് പറഞ്ഞു. ഈ സാഹചര്യത്തിൽ പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുക്കുകയാണ് മാണി. കേരളാ കോൺഗ്രസിൽ ലയിച്ച് പിജെ ജോസഫ് വലതു പക്ഷത്ത് എത്തുേേമ്പാൾ ഇടുക്കി സീറ്റ് അവരുടെ സിറ്റിങ് മണ്ഡലമായിരുന്നില്ല. നിന്ന് തോൽക്കുന്നു സീറ്റായിരുന്നു. ഫ്രാൻസിസ് ജോർജ് ഇടതുമുന്നണയിൽ പോയതോടെ ജോസഫിന് ശക്തിയും പോയി. ഈ സാഹചര്യത്തിൽ ഇടുക്കി സീറ്റ് യുഡിഎഫ് നൽകിയാലും അവിടെ ആരെ നിർത്തണമെന്ന് താൻ നിശ്ചയിക്കുമെന്നാണ് മാണിയുടെ പക്ഷം.

പി.ജെ. ജോസഫിന് സീറ്റ് വാങ്ങി നൽകാൻ പാർട്ടി ഇനി മെനക്കെടേണ്ടെന്നാണു തീരുമാനം. കോട്ടയത്ത് കേരള കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പി.ജെ. ജോസഫിനെ മത്സരിപ്പിക്കില്ല. കോട്ടയം സീറ്റിലെ സ്ഥാനാർത്ഥിയെ ചർച്ചകൾക്കു ശേഷം കെ.എം.മാണി തന്നെ പ്രഖ്യാപിക്കും. രണ്ടാംസീറ്റു ലഭിച്ചാലും ജോസഫിനെ ഒഴിവാക്കാനുള്ള വഴികളും മാണി ഗ്രൂപ്പ് കണ്ടെത്തി. സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിക്കാനാണു തീരുമാനം. മാണിക്ക് താൽപ്പര്യമുള്ള ആളെ സ്ഥാനാർത്ഥിയാക്കും. വേണമെങ്കിൽ ജോസഫിന് പാർട്ടി വിട്ടു പോകാമെന്നും മാണി നിലപാട് എടുത്തു കഴിഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ലക്ഷ്യമിട്ടാണ് ജോസഫ് ലോക്‌സഭയിൽ സമ്മർദ്ദം ചെലുത്തിയത്. എന്നാൽ അതും മാണി ഇനി അംഗീകരിച്ചു കൊടുക്കില്ല. 105 അംഗ സ്റ്റിയറിങ് കമ്മിറ്റിയിൽ മാണി ഗ്രൂപ്പിനുള്ള ആധിപത്യം ഉണ്ട്. ഇതുപയോഗിച്ച് കാര്യങ്ങൾ തീരുമാനിക്കാനാണ് നീക്കം.

ജോസഫിനെയും കൂട്ടരെയും പുകച്ച് പാർട്ടിക്കു പുറത്തുചാടിക്കാനാണ് തീരുമാനം. കോട്ടയം സീറ്റിനായുള്ള ജോസഫിന്റെ പിടിവാശിയും പരസ്യപ്രതികരണവും മാണിയെ പ്രകോപിപ്പിച്ചു. രാജ്യസഭാ സീറ്റ് ജോസ് കെ. മാണി ഏറ്റെടുത്തതിനാൽ അടുത്ത അവസരം തനിക്കു നൽകണമെന്നായിരുന്നു ജോസഫിന്റെ ആവശ്യം. രാജ്യസഭ, ലോക്‌സഭ സീറ്റുകൾ ആദ്യകാലം മുതൽ മാണി ഗ്രൂപ്പിന്റെ കൈവശമാണ്. അത് ജോസഫിന് നൽകാനാകില്ല. കേരളാ കോൺഗ്രസ് യോജിച്ചതിന്റെ നേട്ടമൊന്നും കിട്ടിയില്ലെന്ന ജോസഫിന്റെ വാദങ്ങളും മറുപക്ഷം തള്ളി. കേരള കോൺഗ്രസിന്റെ ഉറച്ചകോട്ടയായ കടുത്തുരുത്തി മോൻസ് ജോസഫിന് കെ.എം.മാണി വിട്ടുനൽകി. സീറ്റിനു പകരം സ്ഥാനങ്ങളും നൽകി. എന്നിട്ടും നിർണ്ണായക ഘട്ടത്തിൽ തള്ളി പറഞ്ഞു. അതുകൊണ്ട് ജോസഫുമായി ഇനി ഒത്തുതീർപ്പ് വേണ്ടെന്നാണ് മാണിയുടെ നിലപാട്.

കോട്ടയം സീറ്റു പിടിക്കാനുള്ള ജോസഫിന്റെ ശ്രമങ്ങൾ പാഴ്‌വേലയാണെന്ന സന്ദേശമാണ് മാണി ഗ്രൂപ്പ് നൽകുന്നത്. ജോസഫിനെ വെല്ലുന്ന സ്ഥാനാർത്ഥിയെ സ്വന്തം പാളയത്തിൽ നിന്നു കണ്ടെത്താനാണ് ഇപ്പോൾ മാണിയുടെ ശ്രമം. മുൻ എംഎൽഎമാരായ മുതിർന്ന നേതാക്കളെയാണ് മാണി ആദ്യഘട്ടത്തിൽ കോട്ടയം സീറ്റിലേക്കു പരിഗണിച്ചത്. ഇതിനിടെ മധ്യസ്ഥനായി പികെ കുഞ്ഞാലിക്കുട്ടി എത്തി. മികച്ചത് താനാണെന്ന പിജെ ജോസഫിന്റെ വാദത്തിന് മുന്നിൽ കുഞ്ഞാലിക്കുട്ടിയും തോറ്റു. ഈ സന്ദേശം മാണിക്കും കുഞ്ഞാലിക്കുട്ടി കൈമാറി. ഇതോടെയാണ് മാണി തന്നെ മത്സരിക്കുന്നതാണ് നല്ലതെന്ന വാദം ജോസ് കെ മാണി മുന്നോട്ട് വച്ചു. എന്നാൽ അതൊന്നും വേണ്ടെന്നും ജോസഫിനെ മെരുക്കാൻ തനിക്ക് അറിയാമെന്നും മാണി നിലപാട് എടുക്കുകയാണ്. രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്ക് ലഭിച്ചതോടെ ലോക്‌സഭാ സീറ്റ് ജോസഫ് ഗ്രൂപ്പിന് വേണമെന്നും മൽസരിക്കാൻ തയാറാണെന്നുമാണ് പി.ജെ. ജോസഫിന്റെ നിലപാട്.

തനിക്ക് ലോക്സഭയിലേക്ക് മത്സരിക്കണമെന്നും അതിന് സീറ്റ് കിട്ടിയേ തീരൂ എന്നുമാണ് ജോസഫ് പറയുന്നത്. മാണി ഗ്രൂപ്പിലെ നിരവധി പേർ ജോസഫിനെ പിന്തുണയ്ക്കുന്നുണ്ട്. ഇതോടെയാണ് കേരളാ കോൺഗ്രസിൽ പൊട്ടിത്തെറിക്ക് സാധ്യത ഉയരുന്നത്. കേരളാ കോൺഗ്രസിന്റെ കെ എം മാണിയുടെ പിൻഗാമിയാവുകയാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. മാണിയുടെ മകൻ കേരള യാത്രയുമായെത്തിയത് ഇതിന് വേണ്ടി കൂടിയാണ്. എന്നാൽ കേരള യാത്രയിൽ പങ്കെടുക്കാതെ ലോക കേരള സഭയിൽ പങ്കെടുക്കാൻ ജോസഫ് ദുബായിലേക്ക് പോയി. അവിടെ ഇടത് നേതാക്കളുമായി ജോസഫ് ചർച്ച ചെയ്യുമെന്നാണ് സൂചന. കേരളാ കോൺഗ്രസിൽ നിന്ന് പുറത്തു ചാടി ഇടതു പക്ഷ സ്ഥാനാർത്ഥിയായി ഇടുക്കിയിൽ ജോസഫ് എത്താനും സാധ്യതയുണ്ട്. കേരളാ കോൺഗ്രസിൽ പ്രധാനികളുടെ മക്കളെല്ലാം രാഷ്ട്രീയത്തിലുണ്ട്. മാണിയുടെ മകൻ ജോസ് കെ മാണി, ബാലകൃഷ്ണ പിള്ളയുടെ മകൻ ഗണേശ് കുമാർ, ടിഎം ജേക്കബിന്റെ മകൻ അനൂപ് ജേക്കബ്.. പിന്നെ ഫ്രാൻസിസ് ജോർ, പിസി തോമസ്... അങ്ങനെ നിരവധി പേർ. തന്റെ മകനേയും അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിൽ സജീവമാക്കാനാണ് ജോസഫിന്റെ നീക്കം. അതിനുള്ള സുവർണ്ണാവസരമാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പ്.

ജോസഫ് ജയിച്ച് ലോക്സഭയിലെത്തിയാൽ തൊടുപുഴയിൽ ഉപതെരഞ്ഞെടുപ്പ് വരും. അവിടെ മകൻ അപ്പുവിനെ മത്സരിക്കാനാണ് ജോസഫിന്റെ പദ്ധതി. എന്നാൽ ജോസ് കെ മാണിയുടെ രാഷ്ട്രീയ സ്വപ്നങ്ങളെ തകർക്കാനാണ് ജോസഫിന്റെ നീക്കം. ജോസഫ് ജയിച്ച് പാർലമെന്റിലെത്തിയാൽ ഇല്ലാതാകുന്നത് രാജ്യ സഭാ അംഗമായ ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രിപദ മോഹമാണ്. അതുകൊണ്ടാണ് ജോസഫിനെ എംപിയാക്കാൻ മാണി താൽപ്പര്യം കാട്ടാത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP