Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജോസഫിന് സീറ്റ് നൽകി കോട്ടയവും ഇടുക്കിയും വച്ചു മാറൻ സമ്മർദ്ദം ചെലുത്തി കോൺഗ്രസ് നേതാക്കളും; ആരോഗ്യപരമായ കാരണങ്ങളാൽ തീരുമാനം ജോസ് കെ മാണിക്ക് വിട്ടു നൽകി കെ എം മാണി; ജോസഫിനെ പോലൊരു മുതിർന്ന നേതാവിനെ പെട്ടെന്ന് തള്ളരുതെന്ന് ഉപദേശിക്കുന്നവരുടെ എണ്ണം കൂടിയതോടെ ഇടുക്കി സാധ്യത തള്ളിയ ജോസ് കെ മാണി ചെയർമാൻ സ്ഥാനം ഉറപ്പിച്ച് കോട്ടയത്ത് മത്സരിക്കാൻ ജോസഫിനെ അനുവദിക്കുന്നതിനെ കുറിച്ച് ചർച്ച തുടങ്ങി; കേരളാ കോൺഗ്രസിലെ പ്രതിസന്ധി ഇന്ന് തീർന്നേക്കും

ജോസഫിന് സീറ്റ് നൽകി കോട്ടയവും ഇടുക്കിയും വച്ചു മാറൻ സമ്മർദ്ദം ചെലുത്തി കോൺഗ്രസ് നേതാക്കളും; ആരോഗ്യപരമായ കാരണങ്ങളാൽ തീരുമാനം ജോസ് കെ മാണിക്ക് വിട്ടു നൽകി കെ എം മാണി; ജോസഫിനെ പോലൊരു മുതിർന്ന നേതാവിനെ പെട്ടെന്ന് തള്ളരുതെന്ന് ഉപദേശിക്കുന്നവരുടെ എണ്ണം കൂടിയതോടെ ഇടുക്കി സാധ്യത തള്ളിയ ജോസ് കെ മാണി ചെയർമാൻ സ്ഥാനം ഉറപ്പിച്ച് കോട്ടയത്ത് മത്സരിക്കാൻ ജോസഫിനെ അനുവദിക്കുന്നതിനെ കുറിച്ച് ചർച്ച തുടങ്ങി; കേരളാ കോൺഗ്രസിലെ പ്രതിസന്ധി ഇന്ന് തീർന്നേക്കും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളാ കോൺഗ്രസിലെ പ്രശ്‌നങ്ങൾ പൊട്ടിത്തെറിയിലേക്ക് പോകില്ല. ഇന്ന് പാർട്ടി നേതൃയോഗത്തോടെ തന്നെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് സൂചനയാണ് ലഭിക്കുന്നത്. കോൺഗ്രസിന്റെ സമ്മർദ്ദവും ഇതിന് പിന്നിലെ പ്രധാന ഘടകമാണ്. പിജെ ജോസഫിനെ ഒപ്പം നിർത്തിയാകും കേരളാ കോൺഗ്രസ് മുന്നോട്ട് പോവുകയെന്ന ഉറപ്പ് കെഎം മാണി നൽകി കഴിഞ്ഞു. കോട്ടയവും ഇടുക്കിയും വച്ചുമാറണമെന്ന ആവശ്യം കേരളാ കോൺഗ്രസ് അംഗീകരിക്കില്ല. എന്നാൽ കോട്ടയത്ത് പിജെ ജോസഫിനെ സ്ഥാനാർത്ഥിയാക്കും. ഇതിനൊപ്പം കേരളാ കോൺഗ്രസിന്റെ ചെയർമാൻ പദവി ജോസ് കെ മാണിക്കും നൽകുന്ന തരത്തിലാകും ഒത്തുതീർപ്പ്.

യു.പി.എ അധികാരത്തിലെത്തിയാൽ ജോസ് കെ.മാണിക്ക് മന്ത്രി സ്ഥാനം വേണമെന്ന നിബന്ധനയോടെ പി.ജെ ജോസഫിന് സ്ഥാനാർത്ഥിത്വം നൽകാൻ കെ.എം മാണിയുടെ സമ്മതം മൂളൽ. ഒപ്പം പാർട്ടി ചെയർമാൻ പദവി ജോസ് കെ മാണിക്കും നൽകും. കോട്ടയം, ഇടുക്കി സീറ്റുകൾ വച്ചുമാറാതെ കോട്ടയത്ത് പി.ജെ മൽസരിക്കട്ടെയെന്നും മാണി നിലപാട് വ്യക്തമാക്കിയതോടെയാണ് പ്രശ്‌നങ്ങൾക്ക് പരിഹാരമാകുന്നത്. ആരോഗ്യപ്രശ്‌നങ്ങളാൽ തീരുമാനം എടുക്കാനുള്ള അധികാരം ജോസ് കെ മാണിക്ക് നേരത്തെ തന്നെ മാണി നൽകിയിരുന്നു. ജോസഫിനെ തള്ളരുതെന്ന് നിരവധി പേരാണ് ജോസ് കെ മാണിയെ ഉപദേശിച്ചത്. കോൺഗ്രസിനും ഇതേ നിലപാടായിരുന്നു. ഇതോടെ ജോസ് കെ മാണിയും ജോസഫിനെ ഉൾക്കൊള്ളാൻ തയ്യാറാകുകയായിരുന്നു. കോട്ടയത്ത് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റിയിലും പാർലമെന്ററി പാർട്ടി യോഗത്തിലും തീരുമാനം വിശദീകരിക്കും. ഏറെ കരുതലുകൾ എടുത്താണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ജോസ് കെ മാണി എത്തുന്നത്.

പിജെ ജോസഫിനെ കൈവിടരുതെന്ന ആവശ്യം കോൺഗ്രസാണ് ജോസ് കെ മാണിക്ക് മുന്നിൽ പ്രധാനമായും വച്ചത്. കോൺഗ്രസ് മുന്നണിക്കൊപ്പം നിൽക്കാൻ ഏറെ താൽപ്പര്യം കാട്ടിയ നേതാവാണ് ജോസഫ്. അതുകൊണ്ടായിരുന്നു സമ്മർദ്ദം. കേരളാ കോൺഗ്രസ് ഇപ്പോൾ പിളരുന്നത് യുഡിഎഫിന്റെ സാധ്യതകളെ ബാധിക്കുമെന്നും കോൺഗ്രസ് നേതാക്കൾ വിശദീകരിച്ചു. ഇടുക്കി സീറ്റ് ജോസഫിന് കൊടുക്കണമെന്നും കോട്ടയത്ത് കോൺഗ്രസ് മത്സരിക്കാമെന്നും പറഞ്ഞു. കോട്ടയത്ത് ഉമ്മൻ ചാണ്ടിക്ക് മത്സരിക്കാൻ വേണ്ടിയായിരുന്നു ഈ നീക്കം. എന്നാൽ ഇതിൽ ചതിയുണ്ടെന്ന് ജോസ് കെ മാണി തിരിച്ചറിഞ്ഞു. ജോസഫിന്റെ സ്വന്തം തട്ടകമാണ് ഇടുക്കി. അവിടേക്ക് സീറ്റ് മാറിയാൽ ഈ സീറ്റിൽ പിന്നീട് കേരളാ കോൺഗ്രസിലെ മാണി വിഭാഗത്തിന് അവകാശമുണ്ടാകില്ല. ഫലത്തിൽ കേരളാ കോൺഗ്രസിന് അവകാശപ്പെട്ട ഏക സീറ്റ് ജോസഫിന് വിട്ടുകൊടുക്കുന്നതിന് സമാനമായി മാറും. ഇത് മനസ്സിലാക്കിയാണ് ജോസ് കെ മാണി കരുതൽ എടുക്കുന്നത്.

കോട്ടയം സീറ്റിൽ തന്നെ കേരളാ കോൺഗ്രസ് മത്സരിക്കും. ഇത്തവണ ആ സീറ്റ് ജോസഫിന് നൽകും. എന്നാൽ അഞ്ച് കൊല്ലം കഴിയുമ്പോൾ സീറ്റ് മാണി ഗ്രൂപ്പിന്റേതായി തന്നെ മാറും. ഇവിടെ സ്ഥാനാർത്ഥിയെ മാണി തീരുമാനിക്കുകയും ചെയ്യും എന്നതാണ് വ്യവസ്ഥ. ഇതിൽ എല്ലാം ഉപരി പാർട്ടിയുടെ ചെയർമാൻ സ്ഥാനം ജോസ് കെ മാണിക്ക് താമസിയാതെ കൈമാറുകയും ചെയ്യും. അതായത് കെ എം മാണിക്ക് ശേഷം പാർട്ടി ലീഡർ പദവി ജോസ് കെ മാണിക്ക് സ്വന്തമാകും. കേന്ദ്രത്തിൽ അടക്കം മന്ത്രിസ്ഥാനത്തിന് സാധ്യത വന്നാൽ ജോസ് കെ മാണിക്കാകും മുൻഗണന. ഇതെല്ലാം ജോസഫും അംഗീകരിക്കുകയാണ്. ലോക്‌സഭയിലേക്ക് മത്സരിക്കുക. തൊടുപുഴയിലെ ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ മകനെ അവിടെ സ്ഥാനാർത്ഥിയാക്കുക. ഇതിലൂടെ തന്റെ ഗ്രൂപ്പിന്റെ നേതൃത്വവും മകന് നൽകാനാണ് ജോസഫിന്റെ നീക്കം.

കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള നിർണായക സ്റ്റിയറിങ്കമ്മിറ്റി യോഗം ഇന്ന് ചേരാനിരിക്കെ നിർണ്ണായക ഇടപെടലാണ് കോൺഗ്രസ് നടത്തിയത്. സീറ്റ് വിട്ടുനൽകുന്നതിന് മാണിവിഭാഗം ഉപാധികൾ വെച്ചേക്കുമെന്ന കരുതലോടെയാണ് ജോസഫ് ഗ്രൂപ്പ് യോഗത്തിനെത്തുന്നത്. പാർലമെന്ററിപാർട്ടിയോഗ തീരുമാനമാണ് ഉച്ചയ്ക്കുചേരുന്ന സ്റ്റിയറിങ് കമ്മിറ്റിയുടെ പ്രാധാന്യം നിർണയിക്കുക. സ്ഥാനാർത്ഥിപ്പട്ടിക ഇരുവിഭാഗവും മുന്നോട്ടുവെക്കും. പ്രിൻസ് ലൂക്കോസ്, തോമസ് ചാഴിക്കാടൻ, സ്റ്റീഫൻ ജോർജ് എന്നിവരുടെ പേരിനാണ് മാണി വിഭാഗത്തിൽ മുൻഗണന. പി.ജെ. ജോസഫ് എന്ന പേരുമാത്രമാണ് മറുവിഭാഗത്തിനുള്ളത്. ഒത്തുതീർപ്പിന്റെ ഭാഗമായി ജോസഫിനെ ഏല്ലാവരും അംഗീകരിക്കുമെന്നാണ് സൂചന. കോട്ടയവും ഇടുക്കിയും വെച്ചുമാറുന്നതിനുള്ള അണിയറ നീക്കങ്ങൾക്കെതിരേ ജോസ് കെ.മാണിതന്നെ രംഗത്തെത്തിയിരുന്നു. കോട്ടയം സീറ്റ് കേരള കോൺഗ്രസ് കൈമാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാർത്ഥി ആരെന്ന പ്രഖ്യാപനം തിങ്കളാഴ്ചയോടെ ഉണ്ടാവും. ഇതിനായി പാർട്ടിയിലെ മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തും. പാർട്ടി ചെയർമാൻ കെ.എം. മാണിയും ജോസ് കെ. മാണിയുമാകും ഈ യോഗത്തിൽ പങ്കെടുക്കുക. യോഗത്തിൽ വർക്കിങ് ചെയർമാൻ ജോസഫ് ഒഴിവാക്കപ്പെട്ടേക്കാം. മത്സരിക്കാനുള്ള താത്പര്യം ജോസഫ് പരസ്യമായി പ്രകടിപ്പിച്ചതിനാലാണ് സ്ഥാനാർത്ഥി നിർണയത്തിനുള്ള അന്തിമയോഗത്തിൽ അദ്ദേഹം ഒഴിവാക്കുക. ജോസഫിനെ മുൻനിർത്തി പാർട്ടിയിൽ ഭിന്നതസൃഷ്ടിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം ശ്രമിക്കുന്നുവെന്ന വിമർശം സ്റ്റിയറിങ് കമ്മിറ്റിയിലുണ്ടാകും. ഇത്തരം ചർച്ചകൾക്കൊടുവിൽ ജോസഫിനെ സ്ഥാനാർത്ഥിയാക്കാൻ കേരളാ കോൺഗ്രസിലെ മാണി വിഭാഗം തയ്യാറാകുമെന്നാണ് സൂചന.

കേരളാ കോൺഗ്രസിന്റെ കെ എം മാണിയുടെ പിൻഗാമിയാവുകയാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. കേരളാ കോൺഗ്രസിൽ പ്രധാനികളുടെ മക്കളെല്ലാം രാഷ്ട്രീയത്തിലുണ്ട്. മാണിയുടെ മകൻ ജോസ് കെ മാണി, ബാലകൃഷ്ണ പിള്ളയുടെ മകൻ ഗണേശ് കുമാർ, ടിഎം ജേക്കബിന്റെ മകൻ അനൂപ് ജേക്കബ്.. പിന്നെ ഫ്രാൻസിസ് ജോർ, പിസി തോമസ്... അങ്ങനെ നിരവധി പേർ. തന്റെ മകനേയും അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിൽ സജീവമാക്കാനാണ് ജോസഫിന്റെ നീക്കം. അതിനുള്ള സുവർണ്ണാവസരമാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പ്. ജോസഫ് ജയിച്ച് ലോക്സഭയിലെത്തിയാൽ തൊടുപുഴയിൽ ഉപതെരഞ്ഞെടുപ്പ് വരും. അവിടെ മകൻ അപ്പുവിനെ മത്സരിക്കാനാണ് ജോസഫിന്റെ പദ്ധതി. കേരളാ കോൺഗ്രസ് എമ്മിന് നിയമസഭയിൽ ആറു പേരാണുള്ളത്. മാണിയും ജോസഫും മോൻസ് ജോസഫും ജയരാജും സിഎഫ് തോമസും റോഷി അഗസ്റ്റിനും. ഇതിൽ ജോസഫിന്റെ ഗ്രൂപ്പിലുള്ളത് മോൻസ് മാത്രമാണ്. എന്നാൽ പുതിയ പ്രതിസന്ധിയിൽ സി എഫ് തോമസും മറുപക്ഷത്താണ്. ഈ സാഹചര്യത്തിൽ കൂടിയാണ് ജോസ് കെ മാണി കോട്ടയം സീറ്റ് ജോസഫിന് നൽകുന്നത്.

ജോസഫിന് യുഡിഎഫിൽ തുടരാനാണ് താൽപ്പര്യം. കേരളാ കോൺഗ്രസി(എം)ൽ പ്രതിസന്ധി രൂക്ഷമായി പാർട്ടി പിളർന്നാൽ മാണിയും ജോസഫും ഒരു മുന്നണിയിൽ എങ്ങനെ നിൽക്കുമെന്നതാണ് ഉയരുന്ന ചോദ്യം. മാണിയെ തള്ളി ജോസഫിനെ കൂടെ കൂട്ടാൻ കോൺഗ്രസിനാകില്ല. ഇടുക്കി സീറ്റിൽ വാശി വിടാതെ ജോസഫ് കളത്തിലിറങ്ങിയത് മാണിക്കുള്ള താക്കീതുമായാണ്. പാർട്ടിയിൽ രണ്ടാമൻ താനാണെന്ന ഓർമ്മപ്പെടുത്തൽ. ഇതോടെ കേരളാ കോൺഗ്രസിൽ പ്രതിസന്ധി പുതിയ തലത്തിൽ എത്തിയിരുന്നു. പഴയ കേരളാ കോൺഗ്രസ് (ജെ) പുനരുജ്ജീവിപ്പിക്കണമെന്നാണു ജോസഫ് പക്ഷത്തെ ഭൂരിപക്ഷാഭിപ്രായം. എന്നാൽ, യു.ഡി.എഫ്. വിടാൻ ജോസഫിനു താത്പര്യമില്ല. കൂറുമാറ്റനിരോധനനിയമവും തടസമാണ്. ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോൺഗ്രസിനെ ഒപ്പം കൂട്ടി, യു.ഡി.എഫിൽ പ്രത്യേകവിഭാഗമായി നിലകൊള്ളാനാണു ജോസഫിന്റെ നീക്കമെന്നാണ് സൂചന.

പാർട്ടി ചെയർമാൻ സ്ഥാനം പിടിച്ചെടുക്കാനാണു കേരള യാത്രാ ക്യാപ്റ്റനായി ജോസ് കെ. മാണിയെ നിയോഗിച്ചതെന്നു ജോസഫ് വിഭാഗം കരുതുന്നു. കേരളാ കോൺഗ്രസിൽ ഇപ്പോൾ കെ.എം. മാണിയാണ് ചെയർമാൻ. പി.ജെ. ജോസഫ് വർക്കിങ് ചെയർമാനും ജോസ് കെ. മാണി വൈസ് ചെയർമാനും. ചെയർമാനെയും വർക്കിങ് ചെയർമാനെയും ഒഴിവാക്കി വൈസ് ചെയർമാനെ ജാഥാ ക്യാപ്റ്റനായി നിശ്ചയിച്ചത് ചെയർമാന്റെ കസേര ലക്ഷ്യമിട്ടാണെന്ന് ജോസഫ് വിഭാഗം ആരോപിച്ചിരുന്നു. എന്നാൽ പുതിയ വിവാദങ്ങൾക്കിടയിൽ ചെയർമാൻ സ്ഥാനം ഉറപ്പിക്കാനാണ് ജോസ് കെ മാണിയുടേയും ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP