Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ കെ രമ 'കുലംകുത്തി'യാകുന്നുവെന്ന് ആർഎംപിയിൽ മുറുമുറുപ്പ്; ലോ അക്കാദമിയിലെ ബിജെപി സമരപ്പന്തൽ സന്ദർശിച്ചതിനെതിരേ പാർട്ടിക്കുള്ളിൽ എതിരഭിപ്രായം; ആർഎസ്എസ് ചങ്ങാത്തം ടിപിയുടെ ആശയത്തിന് വിരുദ്ധമെന്ന് വിമർശനം

കെ കെ രമ 'കുലംകുത്തി'യാകുന്നുവെന്ന് ആർഎംപിയിൽ മുറുമുറുപ്പ്; ലോ അക്കാദമിയിലെ ബിജെപി സമരപ്പന്തൽ സന്ദർശിച്ചതിനെതിരേ പാർട്ടിക്കുള്ളിൽ എതിരഭിപ്രായം; ആർഎസ്എസ് ചങ്ങാത്തം ടിപിയുടെ ആശയത്തിന് വിരുദ്ധമെന്ന് വിമർശനം

കോഴിക്കോട് : ആർഎംപി സ്ഥാപകനേതാവിന്റെഭാര്യയും നിലവിൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായ കെ കെ രമയുടെ ബിജെപി സൗഹൃദം ചർച്ചയാകുന്നു. വലതുപക്ഷത്തേക്കോ, ബിജെപിയിലേക്കോ കൂട്ടുകൂടാതെ തീവ്ര കമ്മ്യൂണിസ്റ്റുകളായി നിലനിൽക്കും എന്നുപ്രഖ്യാപിച്ചുകൊണ്ടാണ് ടി പി ചന്ദ്രശേഖരൻ ആർഎംപി രൂപീകരിച്ചത്. എന്നാൽ ചന്ദ്രശേഖരന്റെ മരണശേഷം രമയുടെ നേതൃത്വത്തിൽ യുഡിഎഫുമായി പലവിധ നീക്കുപോക്കുകളും നടത്തിയതോടെ ആർഎംപിയിൽനിന്നും അണികൾ കൊഴിഞ്ഞു പോകാൻ തുടങ്ങി. 

ചന്ദ്രശേഖരൻ ഉയർത്തിയതുപോലുള്ള ആശയപരമായ വെല്ലുവിളി സിപിഐ എമ്മിനെതിരേയോ ഇടതുപക്ഷത്തിനെതിരേയോ ഉയർത്താനാകുന്നില്ലെന്ന വിമർശനം കെ കെ രമയ്‌ക്കെതിരേയുണ്ട്. അതിനിടയിലാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം ലോ അക്കാദമിക്കു മുന്നിൽ സമരം നടത്തുന്ന ബിജെപി നേതാവ് വി മുരളീധനെ രമ സന്ദർശിച്ചത്. സമരപ്പന്തലിലെത്തിയ രമ എല്ലാ പിന്തുണയും ബിജെപിക്ക് വാഗ്ദാനം നൽകിയാണ് മടങ്ങിയത്.

ഈ സന്ദർശനം സംസ്ഥാനനേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് വിവിധ നേതാക്കൾ മറുനാടൻ മലയാളിയോടു പറഞ്ഞു. ഇക്കാര്യം പാർട്ടി ചർച്ച ചെയ്യുമെന്ന് തിരുവനന്തപുരത്തുള്ള ഒരു നേതാവ് പറഞ്ഞു. 'രമയുടെ വരവ് പാർട്ടി അറിഞ്ഞില്ല, മറ്റെന്തെങ്കിലും ആവശ്യത്തിനു വന്നതാകും, ആവശ്യമുണ്ടെങ്കിൽ ഇക്കാര്യം പാർട്ടി യോഗത്തിൽ ഉന്നയിക്കും'-പേരു വെളിപ്പെടുത്തരുതെന്ന അഭ്യർത്ഥനയോടെ അദ്ദേഹം പറഞ്ഞു. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിനു പിന്നിലെ യഥാർത്ഥ പ്രതികളെ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയറ്റിനു മുന്നിൽ നടത്തിയ നിരാഹാര സമരപ്പന്തലിലേക്ക് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള വിവിധ ബിജെപി നേതാക്കൾ സന്ദർശിച്ചിരുന്നു. അതിലൊന്നും സ്വന്തം അണികൾപോലും രാഷ്ട്രീയമാനം നൽകിയിരുന്നില്ല.

എന്നാൽ വി മുരളീധരനെ സമരപ്പന്തലിൽ സന്ദർശിച്ചതിനെ ന്യായീകരിക്കാൻ അണികൾ ഒരുക്കമല്ല. ചന്ദ്രശേഖരൻ ഉയർത്തിപ്പിടിച്ച ആശയങ്ങളിൽനിന്ന് രമ വ്യതിചലിക്കുന്നുവെന്നുള്ള മുറുമുറുപ്പുകൾ അണികൾ ഉന്നയിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ടി പി ചന്ദ്രശേഖരനോടൊപ്പം പാർട്ടിക്ക് രൂപം നൽകിയ നേതാക്കൾ അല്ല ആർഎംപിയുടെ ശക്തി. ഒഞ്ചിയത്തും എറാമലയിലും വടകരയിലുമൊക്കെയുള്ള ആയിരക്കണക്കിന് പ്രവർത്തകരാണ് പാർട്ടിയുടെ ശക്തി. ഒരുകാലത്ത് സിപിഐ- എമ്മിനുവേണ്ടി ജീവൻപോലും കളയാൻ തയാറായി നിന്നവർ, ടിപി ചന്ദ്രശേഖരനോടൊപ്പം ചേർന്ന് പാർട്ടി വിടുമ്പോൾ, അതേ ഉശിരോടെ ആർഎംപി രൂപീകരിക്കാനും ടിപിക്ക് തുണയേകി. ഇന്നും വടകരയിൽ ആർഎംപിയെ തൊടാൻ സിപിഐ- എം മടിക്കുന്നുവെങ്കിൽ അത് രമയേയോ, വേണുവിനേയോ കണ്ടിട്ടല്ല, മറിച്ച് ഉശിരുള്ള പ്രവർത്തകരെ കണ്ടിട്ടാണെന്ന് എല്ലാവർക്കുമറിയാം.

'ചെങ്കൊടിക്കു പകരം ചെങ്കൊടി'-അതാണ് ടി പി ചന്ദ്രശേഖരന്റെ അണികളുടെ നയം. അതിനു വിരുദ്ധമായി ഷൊർണൂരിൽ പ്രവർത്തിച്ച എം ആർ മുരളിയെ ആർഎംപി സഖ്യത്തിൽനിന്ന് പുറത്താക്കിയ ടി പി ചന്ദ്രശേഖരന്റെ നിലപാടിനെയാണ് അണികൾ ഇപ്പോഴും ആരാധിക്കുന്നത്. രമ നേതൃസ്ഥാനത്തേക്ക് എത്തിയ ശേഷം യുഡിഎഫുമായി നടന്ന വിലപേശലുകളിലും ഒത്തുതീർപ്പുകളിലും എതിർപ്പ് പ്രകടിപ്പിച്ചാണ് പലരും ആർഎംപി വിട്ടത്. തങ്ങൾക്ക് ടി പി തന്ന ചെങ്കൊടി മൂവർണക്കൊടിയുമായോ, കാവിക്കൊടിയുമായോ കൂട്ടിക്കെട്ടാൻ അവർക്ക് താൽപര്യമില്ല. നിയമസഭയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ക്ഷണിച്ചിട്ടും കെ കെ രമയ്ക്ക് പിന്മാറേണ്ടിവന്നതും അണികളെ ഭയമുള്ളതുകൊണ്ടുതന്നെ.

ടി പി വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം യുഡിഎഫും, യുപിഎയും അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ബിജെപിയുമായി ചേർന്ന് കേന്ദ്ര സർക്കാരിൽ സ്വാധീനം ചെലുത്താനുള്ള നീക്കമാണ് കെ കെ രമ നടത്തുന്നത്. കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ കെ കെ രമ കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്‌തെന്നാണ് സൂചന.

സിബിഐ അന്വേഷണത്തിന് കേന്ദ്രം അനുവദിച്ചാൽ ആർഎംപി എൻഡിഎയിൽ ചേരണമെന്ന നിർദ്ദേശം ബിജെപി മുന്നോട്ടു വച്ചേയ്ക്കും. അത് അംഗീകരിച്ചാൽ ചന്ദ്രശേഖരനോടൊപ്പം സിപിഐ- എം വിട്ട പഴയ സഖാക്കൾ ആർഎംപിയോട് വിട പറയുമെന്നുതന്നെയാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP