Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാണിക്ക് വേണ്ടി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയതോടെ പ്രതിസന്ധിയിലായത് കോൺഗ്രസ് നേതൃത്വം; പിജെ കുര്യന് വീണ്ടും സീറ്റ് നൽകുന്നതിനെതിരെ കോൺഗ്രസിൽ ഉണ്ടായ കലാപം വഴിത്തിരിവായി; യുഡിഎഫിൽ മാണിയെ എത്തിക്കാൻ കുഞ്ഞാലിക്കുട്ടി രാജ്യസഭാ സീറ്റ് ഉറപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുകൾ; യുഡിഎഫിൽ എത്താൻ നിയമസഭാ സീറ്റുകളിൽ ചിലതും വച്ചു മാറിയേക്കും; പൊട്ടിത്തെറിച്ച യുവ നേതാക്കൾക്കും ഉത്തരം മുട്ടി

മാണിക്ക് വേണ്ടി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയതോടെ പ്രതിസന്ധിയിലായത് കോൺഗ്രസ് നേതൃത്വം; പിജെ കുര്യന് വീണ്ടും സീറ്റ് നൽകുന്നതിനെതിരെ കോൺഗ്രസിൽ ഉണ്ടായ കലാപം വഴിത്തിരിവായി; യുഡിഎഫിൽ മാണിയെ എത്തിക്കാൻ കുഞ്ഞാലിക്കുട്ടി രാജ്യസഭാ സീറ്റ് ഉറപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുകൾ; യുഡിഎഫിൽ എത്താൻ നിയമസഭാ സീറ്റുകളിൽ ചിലതും വച്ചു മാറിയേക്കും; പൊട്ടിത്തെറിച്ച യുവ നേതാക്കൾക്കും ഉത്തരം മുട്ടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പിജെ കുര്യന് സീറ്റ് നൽകിയാൽ വോട്ട് ചെയ്യില്ലെന്നായിരുന്നു കോൺഗ്രസിലെ യുവ തുർക്കികളുടെ പ്രഖ്യാപനം. ഈ അവസരം മുതലെടുക്കാൻ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി കരുക്കൾ നീക്കിയപ്പോൾ വെട്ടിലായത് കോൺഗ്രസ് തന്നെയാണ്. പിസി വിഷ്ണുനാഥിന് രാജ്യസഭാ സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതുറപ്പിക്കാനായിരുന്നു യുവ നേതാക്കളുടെ പടപ്പുറപ്പാട്. എന്നാൽ കരുനീക്കവുമായി കുഞ്ഞാലിക്കുട്ടി എത്തിയപ്പോൾ കോൺഗ്രസ് വെട്ടിലായി. രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് വിട്ടുകൊടുക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് ഇപ്പോൾ. കെ എം മാണിയെ വീണ്ടും യുഡിഎഫിലെത്തിക്കാൻ ഇത് അനിവാര്യമാണെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പക്ഷം. കോൺഗ്രസ് ഹൈക്കമാണ്ടുമായുള്ള ചർച്ചയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നതും മാണിക്ക് രാജ്യസഭാ സീറ്റ് ഉറപ്പിക്കാനാണ്.

കോൺഗ്രസുമായി പിണങ്ങിയാണ് മാണി യുഡിഎഫ് വിട്ടത്. ബാർ കോഴയിലെ പിണക്കം മാറ്റി മാണിയെ വീണ്ടും യുഡിഎഫ് ക്യാമ്പിലെത്തിച്ചത് കുഞ്ഞാലിക്കുട്ടിയുടെ സമർത്ഥമായ നീക്കമാണ്. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായിരുന്നു ഇത്. രാജ്യസഭയിൽനിന്ന് ഒഴിയുന്ന മൂന്നു പേരിൽ രണ്ടു പേർ യുഡിഎഫ് അംഗങ്ങളും ഒരാൾ എൽഡിഎഫ് അംഗവുമാണ്. നിയമസഭയിൽ നിലവിലെ അംഗബലം അനുസരിച്ച് എൽഡിഎഫിന് രണ്ടു സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് ഇനി കിട്ടുക. സീറ്റൊഴിയുന്ന രണ്ടു പേരിൽ ഒരാൾ കേരളാ കോൺഗ്രസ് (എം) പ്രതിനിധിയാണെന്നും ആ സാഹചര്യത്തിൽ സീറ്റിന് കേരളാ കോൺഗ്രസിനും അവകാശവാദമുണ്ട്. യുഡിഎഫിൽ തിരിച്ചെത്താൻ സീറ്റ് വേണമെന്നാണ് മാണി പറയുന്നത്.

കേരളത്തിൽ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റിൽ യുഡിഎഫിനു ലഭിക്കുന്ന ഒരെണ്ണത്തിലേക്ക് ആരെ സ്ഥാനാർത്ഥിയാക്കണമെന്നതുസംബന്ധിച്ച് കോൺഗ്രസിൽ വാക്പോര് തുടരുന്നതിനിടെയാണ് നിർണ്ണായക നീക്കവുമായി കോൺഗ്രസിനെ ഞെട്ടിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ ഉണ്ടായത്. രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിനു (എം) നൽകണമെന്ന നിലപാടുമായി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയതാണ് ചർച്ചയുടെ ഗതി മാറ്റിയത്.

മുസ്ലിം ലീഗും കേരളാ കോൺഗ്രസും മാറി നിന്നാൽ രാജ്യസഭയിൽ കോൺഗ്രസിന് ആരേയും ജയിപ്പിക്കാനാവില്ല. ഇതും കോൺഗ്രസിനെ കുഴക്കുണ്ട്. അതുകൊണ്ട് തന്നെ മാണിക്ക് സീറ്റ് കൊടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. പ്രതിസന്ധിക്കു പരിഹാരം കാണാൻ കുഞ്ഞാലിക്കുട്ടി, കേരളാ കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി എന്നിവരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചു. രാഹുലുമായുള്ള ചർച്ചയിൽ രാജ്യസഭാ സീറ്റ് ആവശ്യം ഉന്നയിക്കുമെന്ന് കേരള കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.

നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന ദിവസം അടുത്ത തിങ്കളാഴ്ച ആണെന്നിരിക്കെ, ആരു മൽസരിക്കണമെന്ന തർക്കം മുന്നണിയെ പ്രതിസന്ധിയിലാക്കി. അഭിപ്രായ ഐക്യത്തിനു വഴി തേടി കേരളാ ഹൗസിൽ ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എ. ഹസൻ എന്നിവർ രാത്രി യോഗം ചേർന്നു. തുടർന്ന് കുഞ്ഞാലിക്കുട്ടിയും ജോസ് കെ. മാണിയുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. മുന്നണി ശക്തിപ്പെടുത്താൻ രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകുന്നതാണ് ഉചിതമെന്നു കുഞ്ഞാലിക്കുട്ടി നിലപാടെടുത്തിട്ടുണ്ട്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനെ കെ.എം. മാണി പിന്തുണച്ചത് ഉപാധികളില്ലാതെയാണെന്നും ഇപ്പോൾ രാജ്യസഭാ സീറ്റ് ആവശ്യപ്പെടുന്നതിനു ന്യായമില്ലെന്നും കോൺഗ്രസ് ചാണ്ടിക്കാട്ടുന്നു. മുന്നണിക്കു രണ്ടു സീറ്റുകൾ ജയിക്കാൻ കഴിയുമ്പോഴാണ് ഒരെണ്ണം ഘടകകക്ഷിക്കു നൽകുന്നതെന്നും നിലവിൽ ഒരെണ്ണം മാത്രം ജയിക്കാവുന്ന സ്ഥിതിയിൽ അതു കോൺഗ്രസിനുള്ളതാണെന്നുമാണ് പാർട്ടി നിലപാട്.

അതിനിടെ യുഡിഎഫിലേക്കു തിരികെ പോകാൻ കേരള കോൺഗ്രസ് (എം) തീരുമാനിച്ചതായി ജോസ് കെ മാണി വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ ഉപാധികളോടെയാണു മുന്നണിയിലേക്കു തിരികെ പോകുന്നതെന്നു ജോസ് കെ.മാണി എംപി പറഞ്ഞു. നിയമസഭാ സീറ്റുകളിൽ ചിലതു വച്ചുമാറണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെടും. രാജ്യസഭാ സീറ്റിലും അവകാശവാദമുന്നയിക്കും. നിലപാട് രാഹുൽ ഗാന്ധിയെ വ്യാഴാഴ്ച നേരിട്ട് അറിയിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. കേരള കോൺഗ്രസ് നേതൃയോഗത്തിനു ശേഷമാണ് മുന്നണി പ്രവേശനത്തെക്കുറിച്ച് ജോസ്.കെ. മാണി പ്രതികരിച്ചത്.

അവസാന നിമിഷം വരെ മാറി നിന്നെങ്കിലും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മാണി യുഡിഎഫിനു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. യുഡിഎഫ് നേതാക്കൾ പാലായിൽ നേരിട്ടെത്തി ചർച്ച നടത്തിയതിനെ തുടർന്നായിരുന്നു ഇത്. ഇതു യുഡിഎഫിലേക്കുള്ള തിരിച്ചുപോക്കിന്റെ മുന്നോടിയാണെന്നു വിലയിരുത്തലുകളുമുണ്ടായി. മാണിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളിൽ നിന്ന് എൽഡിഎഫ് പിന്നോട്ടു പോവുകയും ചെയ്തു. മാണിയുടെ മടങ്ങി വരവ് നിലവിലെ സാഹചര്യത്തിൽ പ്രസക്തമല്ലെന്നു പോലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

ഉപതിരഞ്ഞെടുപ്പു ഫലവും കേരള കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനവും തമ്മിൽ ബന്ധമില്ലെന്നായിരുന്നു കെ.എം.മാണി പ്രതികരിച്ചിരുന്നത്. ഇതോടെയാണ് മാണിയുടെ കേരളാ കോൺഗ്രസ് യുഡിഎഫുമായി സഹകരിക്കാൻ തീരുമാനിച്ചത്. അതിനിടെ യുഡിഎഫിലെത്തുമ്പോൾ ചില നിയമസഭാ സീറ്റുകളും വച്ചു മാറണമെന്ന നിലപാട് കേരളാ കോൺഗ്രസിനുണ്ട്. മലബാറിലെ സീറ്റുകൾ പാർട്ടിക്ക് വേണ്ടെന്നാണ് മാണിയുടെ പക്ഷം. മധ്യകേരളത്തിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ അവസരമൊരുക്കുന്ന തരത്തിലെ പാക്കേജാണ് മുന്നോട്ട് വയ്ക്കുന്നത്. ഇതും രാഹുലുമായുള്ള ചർച്ചയിൽ കേരളാ കോൺഗ്രസ് ഉയർത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP