Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാണിയെ മുഖ്യമന്ത്രിയാക്കുന്ന കാര്യം സിപിഎം ആലോചിച്ചിട്ടില്ല; യുഡിഎഫ് നേതാവിനെ മുഖ്യമന്ത്രിയാക്കേണ്ട കാര്യം ഇടതുപക്ഷത്തിനില്ല; സംസ്ഥാന സമിതിയിലേക്ക് വി എസിനെ ക്ഷണിച്ചെന്നും കോടിയേരി

മാണിയെ മുഖ്യമന്ത്രിയാക്കുന്ന കാര്യം സിപിഎം ആലോചിച്ചിട്ടില്ല; യുഡിഎഫ് നേതാവിനെ മുഖ്യമന്ത്രിയാക്കേണ്ട കാര്യം ഇടതുപക്ഷത്തിനില്ല; സംസ്ഥാന സമിതിയിലേക്ക് വി എസിനെ ക്ഷണിച്ചെന്നും കോടിയേരി

കണ്ണൂർ: മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു ഘട്ടത്തിലും കെ എം മാണിയുടെ പേര് സിപിഐ(എം) പരിഗണിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാണിയെ മുഖ്യമന്ത്രിയാക്കാൻ സിപിഐ(എം) ശ്രമിച്ചെന്നും സിപിഐ എതിർത്തതിനാലാണ് നടക്കാതെ പോയതെന്നും സംസ്ഥാന സമ്മേളനത്തിൽ പന്ന്യൻ രവീന്ദ്രൻ പറഞ്ഞതായി വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്തകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കോടിയേരി.

മാണി എൽഡിഎഫ് നേതാവല്ലല്ലോ. യുഡിഎഫ് നേതാവായ മാണിയെ എങ്ങനെ ഞങ്ങൾ മുഖ്യമന്ത്രിയാക്കും ? ഇത്തരം പ്രചാരണത്തിന് ഒരടിസ്ഥാനവുമില്ല. മാണിയുടെ പാർട്ടിയെ എൽഡിഎഫിലേക്ക് കൊണ്ടുവരാനായിരുന്നു ശ്രമമെന്നായിരുന്നു ആരോപണമെന്ന് മാദ്ധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ അങ്ങനെയൊരു സമീപനം ഞങ്ങൾക്കുണ്ടായിരുന്നെങ്കിൽ അക്കാര്യം എൽഡിഎഫിലും സിപിഐ എമ്മിലും ചർച്ച ചെയ്യില്ലേ എന്നായിരുന്നു മറുപടി.

സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറിൽ വി എസ് പങ്കെടുത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് ക്ഷണിച്ചിട്ടാണ് വി എസ് പോയതെന്നും അതിൽ തെറ്റില്ലെന്നും കോടിയേരി പറഞ്ഞു. സിപിഎമ്മിന്റെ പുതിയ സംസ്ഥാന സമിതിയുടെ ആദ്യ യോഗത്തിന് വി എസ് അച്യുതാനന്ദനെ ക്ഷണിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

കണ്ണൂർ സ്‌പെഷ്യൽ സബ്ജയിലിൽ ജെയിംസ് മാത്യു എംഎൽഎയെ സന്ദർശിച്ച ശേഷമാണ് കോടിയേരി മാദ്ധ്യമപ്രവർത്തകരെ കണ്ടത്. സംസ്ഥാനത്ത് ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്നതിന്റെ പ്രത്യക്ഷ തെളിവാണ് ജെയിംസ് മാത്യുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവമെന്ന് കോടിയേരി ആവർത്തിച്ചു. മുന്നിയൂർ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ അനീഷ് ആത്മഹത്യ ചെയ്തപ്പോൾ അതിന് മാനേജരാണ് ഉത്തരവാദിയെന്ന് കാണിച്ചെ് കുറിപ്പെഴുതി വച്ചിരുന്നു. ആ മാനേജർക്കെതിരെ കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. അതിനെതിരെ കെഎസ്ടിഎ തുടർച്ചയായ പ്രക്ഷോഭങ്ങൾ നടത്തി. എന്നിട്ടും കേസെടുക്കാൻ തയ്യാറാകാത്ത സർക്കാരാണ് തളിപ്പറമ്പിലെ ആത്മഹത്യയുടെ പേരിൽ ഒരു എംഎൽഎയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

ഈ മാസം ആറിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പരമാവധി ഇടതുപക്ഷ എംഎൽഎമാരെ നടപടികളിൽ നിന്ന് മാറ്റിനിർത്താനുള്ള തന്ത്രമാണ് യുഡിഎഫിന്റേത്. ഒരു കോൺഗ്രസ് എംഎൽഎ ബലാത്സംഗ കേസിൽ പ്രതിയായിട്ടും അറസ്റ്റു ചെയ്തിട്ടില്ല. ഒരു ലീഗ് എംഎൽഎക്കെതിരെ ഇരട്ടക്കൊലക്കേസിൽ എഫ്‌ഐആർ ഇട്ടു. അയാളെയും അറസ്റ്റ് ചെയ്തില്ല. ഭരണകക്ഷി എംഎൽഎമാർക്കെതിരെ എന്തുകേസുണ്ടായാലും അറസ്റ്റില്ല. മന്ത്രി കെ എം മാണിക്കെതിരെ വിജിലൻസ് കേസിൽ എഫ്‌ഐആർ ഇട്ട് കേസെടുത്തിരുന്നു. മാണിയെ അറസ്റ്റ് ചെയ്യാത്ത പൊലീസാണ് ജെയിംസ് മാത്യുവിനെ അറസ്റ്റ് ചെയ്തത്. മാണിക്ക് ഒരു നിയമവും ജെയിംസ് മാത്യുവിന് വേറൊരു നിയമവുമെന്ന തരത്തിലാണ് കാര്യങ്ങൾ. നിയമവാഴ്ച പോലും അട്ടിമറിക്കുകയാണ് സർക്കാർ എന്നും കോടിയേരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP