Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻഗണന വിഎസിനെ ഒപ്പം നിർത്താൻ; പാർട്ടി വിട്ടാൽ അണികളെ പിടിച്ചു നിർത്താൻ വഴികൾ തേടും; മുന്നണി വിട്ടവരെ തിരിച്ചു കൊണ്ടു വരാൻ ശ്രമിക്കും; കുറ്റവിമുക്തനാക്കിയാൽ മാണിയേയും കൊണ്ടു വരും; കോടിയേരിയുടെ ലൈൻ നയവും തന്ത്രവും തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കർശനക്കാരനായ പിണറായി വിജയനായിരുന്നു കഴിഞ്ഞ ദിവസം വരെ എകെജി സെന്ററിനെ നയിച്ചത്. ആർക്കും വഴങ്ങാത്ത കാർക്കശ്യത്തോടെ സിപിഎമ്മിനെ മുന്നോട്ട് നയിച്ച കാലം. പക്ഷേ കോട്ടവും നേട്ടവുമുണ്ട്. അതിൽ പ്രധാനം എതിർ ശബ്ദമുള്ളവരെ നിശബ്ദനാക്കാൻ പിണറായി ശ്രമിച്ചു എന്നത് തന്നെയാണ്. ഇത് പാർട്ടിയുടെ ജനകീയ അടിത്തറയ്ക്ക് കോട്ടമുണ്ടാക്കി. വി എസ് അച്യൂതാനന്ദനെ പോലും പിണറായി കാര്യമായെടുത്തില്ല. ലാവ്‌ലിൻ ഉയർത്തി തന്നെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ച വിഎസിനെ പോലും ഒറ്റപ്പെടുത്തി. ഇത് പാർട്ടിക്ക് വലിയ തിരിച്ചടി തന്നെ ഉണ്ടാക്കി. രാഷ്ട്രീയ ശത്രുക്കളോടെ കർശന നിലപാട് എടുക്കുന്ന പിണറായിയയുടെ രീതികൾ ആവില്ല ഇനി എകെജി സെന്ററിന്റെ പ്രവർത്തന ശൈലി.

പിണറായിയും കോടിയേരിയും കണ്ണൂരിലെ അടുത്തടുത്ത സ്ഥലങ്ങളാണ്. എല്ലാം കൊണ്ടും കമ്മ്യൂണിസറ്റ് പ്രസ്ഥാനത്തിലെ പിണറായിയുടെ പിൻഗാമി തന്നെയാണ് കോടിയേരി. എസ് എഫ് ഐയിൽ തുടങ്ങിത് സിപിഐ(എം) സെക്രട്ടറി പദം വരെ ആവർത്തിച്ചു. എല്ലായ്‌പ്പോഴും പ്രവർത്തന ശൈലിയിലെ മാറ്റം പ്രകടമായിരുന്നു. ഇത്തവണയും അത് ആവർത്തിക്കുമെന്നാണ് സൂചന. പിണറായിയയുടെ കാലത്ത് വിഎസിന് നൽകാത്ത പരിഗണന ഇനി എകെജി സെന്ററിൽ കിട്ടും. മുതർന്ന നേതാവെന്ന പരിഗണന എല്ലാ അർത്ഥത്തിലും പാർട്ടിയുടെ സ്ഥാപക നേതാവിന് നൽകുമെന്നാണ് കോടിയേരിയുടെ നിലപാട്. പക്ഷേ പാർട്ടിയുമായുള്ള പിണക്കം വി എസ് മാറ്റുമോ എന്നതാണ് ചോദ്യം. അതിന് എല്ലാ അനുനയ ശ്രമവും കോടിയേരി നടത്തും.

തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ചു കയറാൻ ഓരോ വോട്ടും നിർണ്ണായകമാണെന്ന് കോടിയേരിക്ക് അറിയാം. അതിന് വി എസ് എന്ന ജനകീയ നേതാവിന്റെ പ്രസക്തിയെ കുറിച്ചും നല്ല ബോധ്യമുണ്ട്. അതിനാൽ വിഎസിനെ വിട്ടൊരു കളിയില്ല. പക്ഷേ പാർട്ടിയുടെ കേഡർ സ്വഭാവത്തിന് കോട്ടമുണ്ടാക്കുന്ന തരത്തിൽ ഒന്നുമുണ്ടാവുകയുമില്ല. വി എസ് വിഷയത്തിൽ പരമാവധി വിട്ടുവീഴ്ച സിപിഐ(എം) നടത്തിയെന്ന അണികളെ ബോധ്യപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമങ്ങളും നടക്കും. ഇതിലൂടെ വി എസ് പാർട്ടിവിട്ടാലും അണികളുടെ കുത്തൊഴുക്ക് പിടിച്ചു നിർത്താനാകും ശ്രമിക്കുക.

മുന്നണി വിപൂലീകരണമാണ് കോടിയേരിയുടെ മനസ്സിലുള്ള മറ്റൊരു കാര്യം. എങ്ങനേയും സർക്കാരിന് വീഴ്‌ത്തണമെന്ന ആഗ്രഹം കോടിയേരിക്കുണ്ടെന്നാണ് സൂചന. അഴിമതിയിലും ആരോപണങ്ങളിലും ഉഴലുന്ന ഉമ്മൻ ചാണ്ടി സർക്കാരിനെ കാലം പൂർത്തിയാക്കാൻ അനുവദിക്കുന്നത് രാഷ്ട്രീയ തിരിച്ചടികളുണ്ടാക്കുമെന്ന് കോടിയേരിക്ക് നല്ലതു പോലെ അറിയാം. ഈ സാഹചര്യത്തിൽ യുഡിഎഫിൽ വിള്ളലുണ്ടാക്കി പരമാവധി എംഎൽഎമാരെ ഇടതു പക്ഷത്തേക്ക് അടുപ്പിക്കും. ഗണേശ് കുമാറും ആർഎസ്‌പിയും വീരേന്ദ്ര കുമാറിന്റെ ജനതാദള്ളുമെത്തിയാൽ സർക്കാർ വീഴും. കമ്മ്യൂണിസ്റ്റ് നയവ്യതിയാനമില്ലാത്ത ഇവരെ വേഗത്തിൽ ഇടതുപക്ഷത്ത് എത്തിക്കാനാകും കോടിയേരി ശ്രമിക്കുക.

കൊല്ലം സീറ്റ് ആർഎസ്‌പിക്ക് നൽകാത്തത് പിണറായിക്കുണ്ടായ നയപരമായ വീഴ്ചയാണെന്ന് വിലയിരുത്തലുണ്ട്. അതിനൊപ്പം പരനാറി പ്രയോഗം കൂടിയായപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു. വലതുപക്ഷത്തുള്ള ആർഎസ്‌പി ആവിടെ ഒട്ടു തൃപ്തരല്ല. ഇതെല്ലാം മനസ്സിലാക്കിയാണ് ഇടതു പക്ഷ ഐക്യമെന്ന ആശയത്തോടെ ആർഎസ്‌പിയെ വലവീശാൻ ശ്രമിക്കുക. ജനതാദള്ളിനേയും കോടിയേരിക്ക് താൽപ്പര്യമാണ്. ഇതിനെ പിണറായിയും അനുകൂലിക്കുന്നുണ്ട്. കേരളാ കോൺഗ്രസ് ബി ചെയർമാൻ ബാലകൃഷ്ണ പിള്ളയടക്കമുള്ളവരോട് വളരെ മുമ്പ് തന്നെ രാഷ്ട്രീയ ചർച്ച നടത്തിയ വ്യക്തിയാണ് കോടിയേരി. മുന്നണി മാറ്റത്തിന്റെ സാധ്യതകൾ ആരായാനായിരുന്നു ചർച്ചകളെന്ന് അന്ന് തന്നെ വിലയിരുത്തലുയർന്നു. അതുകൊണ്ട് തന്നെ പിള്ളയുടെ എംഎൽഎയായ ഗണേശ് കുമാറിന് ഇനി ഇടതു ക്യാമ്പിലെത്താൻ കടമ്പകൾ കുറയും.

ഇതിലെല്ലാം ഉപരി കെഎം മാണിയുമായി മുന്നണി മാറ്റത്തിന്റെ ചർച്ചകൾ വളരെ നേരത്തെ കോടിയേരി നടത്തിയിരുന്നു. മാറിയ സാഹചര്യത്തിൽ ബാർ കോഴയിൽ മാണി കുറ്റവിമുക്തനായാൽ അത്തരം ചർച്ച വീണ്ടു സജീവമാക്കും. ഏതായാലും 21-ാം പാർട്ടി കോൺഗ്രസ് കഴിഞ്ഞാൽ മുന്നണി മാറ്റത്തിലൂടെ ഇടതു പക്ഷത്തെ ശക്തമാക്കാൻ തന്നെയാകും കോടിയേരി ശ്രമിക്കുക. വി എസ് അച്യൂതാനന്ദനെ ഒപ്പം നിർത്തി മുന്നണി വിപുലീകരണം യാഥാർത്ഥ്യമാക്കിയാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ഫലങ്ങൾ അനുകൂലമാക്കാമെന്ന് തന്നെയാണ് സിപിഎമ്മിന്റെ കേരളത്തിലെ പുതിയ അമരക്കാരന്റെ വിലയിരുത്തൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP