Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞൻ കമ്മറ്റിയും ഒരാൾക്ക് ഒരു പദവിയുമെന്ന മുല്ലപ്പള്ളിയുടെ മനസ്സിലിരിപ്പ് പൊളിച്ച് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; പുനഃസംഘടനയിൽ വിഡി സതീശനും തമ്പാനൂർ രവിയും എത്തുന്നതോടെ വർക്കിങ് പ്രസിഡന്റുമാരുടെ എണ്ണവും കൂടും; ഇരട്ട പദവി ആരോപണത്തിന് കരുത്ത് പകർന്ന് ശിവകുമാറും അടൂർ പ്രകാശും ഭാരവാഹികളാകാൻ സാധ്യത; ജംബോ കമ്മറ്റിയിലെ പേരു ദോഷം ഒഴിവാക്കാൻ സെക്രട്ടറിമാരുടെ പ്രഖ്യാപനം നീട്ടും; കെപിസിസിയിൽ എല്ലാം നിശ്ചയിക്കുന്നത് ഗ്രൂപ്പ് മാനേജർമാർ തന്നെ

കുഞ്ഞൻ കമ്മറ്റിയും ഒരാൾക്ക് ഒരു പദവിയുമെന്ന മുല്ലപ്പള്ളിയുടെ മനസ്സിലിരിപ്പ് പൊളിച്ച് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; പുനഃസംഘടനയിൽ വിഡി സതീശനും തമ്പാനൂർ രവിയും എത്തുന്നതോടെ വർക്കിങ് പ്രസിഡന്റുമാരുടെ എണ്ണവും കൂടും; ഇരട്ട പദവി ആരോപണത്തിന് കരുത്ത് പകർന്ന് ശിവകുമാറും അടൂർ പ്രകാശും ഭാരവാഹികളാകാൻ സാധ്യത; ജംബോ കമ്മറ്റിയിലെ പേരു ദോഷം ഒഴിവാക്കാൻ സെക്രട്ടറിമാരുടെ പ്രഖ്യാപനം നീട്ടും; കെപിസിസിയിൽ എല്ലാം നിശ്ചയിക്കുന്നത് ഗ്രൂപ്പ് മാനേജർമാർ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കുഞ്ഞൻ കമ്മറ്റിയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പലപ്പോഴും വീമ്പു പറഞ്ഞ് നടന്നത്. എന്നാൽ ഇത്തവണയും ജംബോ കമ്മറ്റി തന്നെ ഉണ്ടാക്കും. നിലവിൽ മൂന്ന് വർക്കിങ് പ്രസിഡന്റുമാരാണുള്ളത്. എന്നാൽ പുനഃസംഘടനയിൽ ഇത് പോലും കൂടുമെന്നാണ് സൂചന. കെപിസിസിയിൽ 4 വർക്കിങ് പ്രസിഡന്റുമാരെ നിയമിക്കുന്നത് പരിഗണനയിലെന്നാണ് സൂചന. നിലവിലുള്ള കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ എന്നിവർക്കു പുറമേ ഐ ഗ്രൂപ്പ് വി.ഡി. സതീശന്റെയും എ ഗ്രൂപ്പ് തമ്പാനൂർ രവിയുടെയും പേരു നിർദ്ദേശിച്ചതായാണു സൂചന. തമ്പാനൂർ രവിയെ വർക്കിങ് പ്രസിഡന്റാക്കിയേ മതിയാകൂവെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. അങ്ങനെ വന്നാൽ വൈസ് പ്രസിഡന്റുമാരിൽ ഇരട്ട പദവിയുടെ ഗണത്തിൽ വരാത്ത നേതാവായി തമ്പാനൂർ രവി മാറുകയും ചെയ്യും. ഇപ്പോൾ പരിഗണിക്കുന്ന നാല് പേരിൽ രണ്ട് പേർ എംപിമാരും ഒരാൾ എംഎൽഎയുമാണ്.

കഴിഞ്ഞ വർഷം എം.ഐ. ഷാനവാസ് ഉൾപ്പെടെ 3 വർക്കിങ് പ്രസിഡന്റുമാരെ നിയമിച്ചിരുന്നു. ഷാനവാസിന്റെ നിര്യാണത്തെത്തുടർന്നുള്ള ഒഴിവ് നികത്തുന്നതിനു പുറമേ ഒരാളെ കൂടി നിയമിക്കാനാണ് ആലോചന. ഏക ട്രഷറർ സ്ഥാനത്തേക്കു സി.പി. മുഹമ്മദ്, കെ.കെ. കൊച്ചുമുഹമ്മദ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. അങ്ങനെ വർക്കിങ് പ്രസിഡന്റിന്റെ പദവിയിൽ പോലും കൂടുതൽ പേരെത്തുന്ന അവസ്ഥയിലാണ് കോൺഗ്രസ്. ഇവർക്കു പുറമേ വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ എന്നിവരുടെ പേരുകൾ കൂടി ഉൾപ്പെടുത്തിയ പട്ടിക കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിനു കൈമാറി. ഇത് ജംബോ പട്ടികയാണ്. ഒരാൾക്ക് ഒരു പദവിയെന്ന മുല്ലപ്പള്ളിയുടെ നിർദ്ദേശവും ഗ്രൂപ്പ് മാനേജർമാർ അട്ടിമറിച്ചു. അങ്ങനെ മുല്ലപ്പള്ളിയുടെ നിലപാടുകളെല്ലാം അട്ടിമറിക്കപ്പെട്ടു.

സെക്രട്ടറിമാരുടെ പ്രഖ്യാപനം തൽക്കാലം മാറ്റിവച്ച് ബാക്കി പട്ടിക ആദ്യഘട്ടത്തിൽ പുറത്തിറക്കുന്നതിന്റെ സാധ്യത പാർട്ടി നേതൃത്വം പരിശോധിക്കുന്നുണ്ട്. സെക്രട്ടറിമാരുടെ പട്ടികയിൽ വനിതകൾ, യുവാക്കൾ എന്നിവർക്കു മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനു കൂടുതൽ ചർച്ചകൾ നടക്കും. അതായത് ഇനിയും ആളുകൾ സെക്രട്ടറിമാരാകും. നിലവിൽ 10-12 വൈസ് പ്രസിഡന്റുമാർ, 30-35 ജനറൽ സെക്രട്ടറിമാർ, 60 സെക്രട്ടറിമാർ എന്നിങ്ങനെയാണ് പരിഗണിക്കുന്നത്. ജംബോ കമ്മിറ്റിയിൽ അതൃപ്തി അറിയിച്ച് ഏതാനും നേതാക്കൾ അടുത്തിടെ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയെ കണ്ടിരുന്നു. ഗ്രൂപ്പുകൾക്കു പുറമേ മുതിർന്ന നേതാക്കളായ കെ. മുരളീധരൻ, വി എം. സുധീരൻ എന്നിവരും സ്വന്തം നിലയിൽ പട്ടിക കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ തങ്ങിയ മുല്ലപ്പള്ളിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സോണിയ, ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്‌നിക് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഉമ്മൻ ചാണ്ടിയും ഡൽഹിയിലെത്തി. പട്ടിക സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന നേതൃത്വം സോണിയയ്ക്കു വിട്ടു. രാഹുൽ ഗാന്ധിയുടെ അഭിപ്രായം ആരാഞ്ഞ ശേഷമാകും പ്രഖ്യാപനം. മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിനെ സമീപിച്ചു. അങ്ങനെ സ്ഥാന മോഹികളെല്ലാം ഡൽഹിയിൽ കേന്ദ്രീകരിക്കുകയാണ്. കെ സി വേണുഗോപാലിന്റേയും എ കെ ആന്റണിയുടേയും നിലപാടുകളും നിർണ്ണായകമാകും. കേരളത്തിലെ പുനഃസംഘടനയിൽ രാഹുൽ ഗാന്ധി നേരിട്ട് ഇടപെടില്ലെന്നും സൂചനയുണ്ട്.

പുതിയ കെപിസിസി ഭാരവാഹികളെ ഒരുമിച്ച് പ്രഖ്യാപിക്കാതെ ഘട്ടം ഘട്ടമായി പ്രഖാപിച്ച് കെപിസിസിയുടേത് ജംബോ പട്ടികയാണെന്ന ആക്ഷേപത്തെ തടയാനാണ് നീക്കം. ജനറൽ സെക്രട്ടറിമാർ, വർക്കിങ് പ്രസിഡന്റുമാർ, ഖജാൻജി എന്നിവരെ ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചേക്കും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ 126 പേരുടെ പട്ടികയുമായാണ് ദേശീയ നേതൃത്വത്തെ സമീപിച്ചത്. ജംബോ പട്ടികയാണെന്ന ആക്ഷേപം ഉയർന്നതിനാൽ ഭാരവാഹികളുടെ കാര്യത്തിൽ കെപിസിസി അധ്യക്ഷന് അന്തിമ തീരുമാനമെടുക്കാൻ കഴിഞ്ഞിരുന്നില്ല. ആദ്യഘട്ടത്തിൽ 30 ജനറൽ സെക്രട്ടറിമാരെയും അഞ്ച് വർക്കിങ് പ്രസിഡന്റുമാരേയും ഖജാൻജിയേയും മാത്രമായിരിക്കും പ്രഖ്യാപിക്കുക. ഇന്ന് വൈകിട്ടോ നാളെയോ പട്ടിക എഐസിസിയുടെ ഔദ്യോഗിക വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

ഇതിനൊപ്പം പുനഃസംഘടനയിൽ എംപി മാരെയും എംഎൽഎമാരെയും ഉൾപ്പെടുത്താൻ ഗ്രൂപ്പ് മാനേജർമാർ ചരടുവലിക്കുന്നെന്ന ആക്ഷേപം കോൺഗ്രസിൽ ശക്തമാണ് 'ഒരാൾക്ക് ഒരു പദവി' എന്ന എ ഐ സി സി നിർദ്ദേശം കെ പി സി സി പുനഃസംഘടനയിൽ അട്ടിമറിക്കപ്പെടുന്നെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലഘട്ടത്തിൽ ജനപ്രതിനിധികളെ ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ ഇത്തവണ മിക്ക ജനപ്രതിനിധികളും ഭാരവാഹിത്വത്തിനു വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിൽ ഏറെയും ഐ ഗ്രൂപ്പുകാരാണെന്നും ആരോപണമുയർന്നിട്ടുണ്ട്. നേരത്തെ കെപിസിസി ഭാരവാഹിത്വം വേണ്ടെന്നു വച്ച വി ഡി സതീശനെവർക്കിങ് പ്രസിഡന്റായി പരിഗണിക്കുന്നതും വിമർശനത്തിന് ഇട നൽകുന്നുണ്ട്. അടൂർ പ്രകാശ് എംപി, വി എസ് ശിവകുമാർ എംഎൽഎ എന്നിവരും വൈസ് പ്രസിന്റുമാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എ.പി അനിൽ കുമാർ എംഎൽഎയും പട്ടികയിലുണ്ട്.

അതേസമയം കോൺഗ്രസിനു വേണ്ടി ശബരിമല കേസ് നടത്തുന്ന പ്രയാർ ഗോപാലകൃഷ്ണനെ പരിഗണിച്ചില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.വി എം സുധീരന്റെ നോമിനിയായി സൂരജ് രവി, ജോൺസൻ എബ്രഹാം, ടോമി കല്ലാനി, ബീന ജോസഫ്, മണക്കാട് സുരേഷ് എന്നിവരാണ് ജനറൽ സെക്രട്ടറിമാരുടെ പട്ടികയിലുള്ളത്. പി സി ചാക്കോയുടെ നോമിനിയായി ഡി സുഗതനും, ആറ്റിപ്ര അനിലും, എം എം ഹസന്റെ നോമിനിയായി ബി എസ് ബാലചന്ദ്രൻ, പോളച്ചൻ മണിയങ്കോടൻ, കെ മുരളീധരന്റെ നോമിനായി പ്രവീൺ കുമാർ എന്നിവരും ജനറൽ സെക്രട്ടറിമാരായേക്കും. മരിയാപുരം ശ്രീകുമാർ, ഇടപ്പള്ളി ലത്തീഫ് എന്നിവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വയലാർ രവിയുടെ നോമിനിയായി അജയ് തറയിലും, മാത്യു കുഴൽനാടനും ഭാരവാഹികളാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP