Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിസിസി പ്രസിഡന്റുമാർ ആയവർ കെപിസിസി ഭാരവാഹിത്വം ഒഴിയും; പുറത്താകുന്ന പ്രസിഡന്റുമാർക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുൻഗണന; മതം പ്രധാന ഘടകമായി; ഐ ഗ്രൂപ്പിന്റെ പേരിൽ പദവി കിട്ടിയ പലരും സുധീരന്റെ ആളുകൾ

ഡിസിസി പ്രസിഡന്റുമാർ ആയവർ കെപിസിസി ഭാരവാഹിത്വം ഒഴിയും; പുറത്താകുന്ന പ്രസിഡന്റുമാർക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുൻഗണന; മതം പ്രധാന ഘടകമായി; ഐ ഗ്രൂപ്പിന്റെ പേരിൽ പദവി കിട്ടിയ പലരും സുധീരന്റെ ആളുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് നിയമനത്തിന്റെ തുടർച്ചയായി ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലും കെപിസിസിയിലും അഴിച്ചുപണി നടത്താനും ബിന്ദുകൃഷ്ണയ്ക്കു പകരം മഹിളാ കോൺഗ്രസിന് പുതിയ സാരഥിയെ കണ്ടെത്താനും കോൺഗ്രസിൽ നീക്കം തുടങ്ങിയതോടെ ഇതുസംബന്ധിച്ച ഗ്രൂപ്പുചർച്ചകളും സജീവമായി. പുതിയ ഡിസിസി പ്രസിഡന്റുമാർ ആയവരിൽ കെപിസിസിയിൽ ഉള്ളവർ ആ സ്ഥാനം ഒഴിയും. പദവി നഷ്ടപ്പെട്ട ഡിസിസി അധ്യക്ഷന്മാരെ അടുത്ത ലോക്‌സഭാ സ്ഥാനാർത്ഥി നിർണയത്തിൽ മുൻഗണന നൽകി പരിഗണിക്കാനും ആലോചനകൾ നടക്കുന്നതായാണ് വിവരം. ഇതിലെല്ലാം എഐസിസി നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്നും ജാതി-മത പരിഗണനകൾ പ്രധാന ഘടകമാകുമെന്നുമുള്ള സൂചനകളാണ് പുറത്തുവരുന്നത്.

അതേസമയം, ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോൾതന്നെ തങ്ങൾക്ക് അർഹിക്കുന്ന പരിഗണന കിട്ടിയില്ലെന്ന് എ ഗ്രൂപ്പ് പരാതി ഉന്നയിച്ചുകഴിഞ്ഞു. ഏതായാലും കെപിസിസി ജനറൽ സെക്രട്ടറിമാരായ ടി.സിദ്ദീഖ്, സതീശൻ പാച്ചേനി, എം.ലിജു എന്നിവരും സെക്രട്ടറിമാരായ നെയ്യാറ്റിൻകര സനൽ, ഇബ്രാഹിംകുട്ടി കല്ലാർ, വി.വി.പ്രകാശ് എന്നിവരും കെപിസിസി ഭാരവാഹിത്വം ഒഴിയും.

ഡിസിസി പ്രസിഡന്റ് പദം ഒഴിയുന്നവർക്കു പുതിയ സ്ഥാനങ്ങൾ വേണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ഇവർക്ക് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിലും എഐസിസി നിലപാട് വ്യക്തമാക്കിയെന്നും സൂചനകളുണ്ട്. ഏതായാലും ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നതിന് പിന്നാലെ ജംബോ ഡിസിസികളിൽ അഴിച്ചുപണിയും വരുന്നുണ്ട്. പുതിയ ഡിസിസി പ്രസിഡന്റുമാർ യോഗം വിളിച്ച് അവരുടെ അഭിപ്രായംകൂടി കണക്കിലെടുത്തു പുനഃസംഘടന നടപ്പാക്കാനാണു ആലോചന. നിർജീവ ബ്‌ളോക്ക്, മണ്ഡലം കമ്മിറ്റികളും അഴിച്ചുപണിയും.

സംസ്ഥാനത്തെ സംഘടനാ അഴിച്ചുപണിയുമായി ബന്ധപ്പെട്ട് 21 അംഗ രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ചതോടെ കെപിസിസി ഭാരവാഹികൾക്ക് ഇപ്പോൾ വോയ്‌സ് ഇല്ലാത്ത സ്ഥിതിയാണ് പാർട്ടിയിൽ. ഭാരവാഹി യോഗം ചേർന്നിട്ടു നാളുകളായി. ഡിസിസി തലത്തിൽ പുനഃസംഘടന നടത്തി സംഘടനാ തിര!ഞ്ഞെടുപ്പിനു പാർട്ടിയെ സജ്ജമാക്കാനാണു നേരത്തേ ആലോചിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടേക്കാമെന്നതിനാൽ അതിനു മുന്നോടിയായി കെപിസിസിയിലും പുതിയ അംഗങ്ങളെ ചേർത്ത് അഴിച്ചുപണി നടക്കും. ഇക്കാര്യത്തിൽ എ ഗ്രൂപ്പിന് കൂടുതൽ പരിഗണന ലഭിച്ചേക്കും.

ഡിസിസി പ്രസിഡന്റ് പട്ടിക ഗ്രൂപ്പുകൾക്ക് അതീതമായ പൊതു സ്വീകാര്യത നേടിയിട്ടുണ്ടെങ്കിലും സംഘടനയിലെ തങ്ങളുടെ സ്വാധീനത്തിനു ചേർന്ന പ്രാതിനിധ്യം കിട്ടിയില്ലെന്ന പരിഭവം എ ഗ്രൂപ്പിനുണ്ട്. കൊല്ലം, ഇടുക്കി ജില്ലകൾ നഷ്ടപ്പെട്ടതും കൊല്ലത്തു പി.സി.വിഷ്ണുനാഥിനെ പ്രസിഡന്റ് ആക്കാനാകാത്തതും ഉമ്മൻ ചാണ്ടിയുടെ നീരസത്തിനു കാരണമായി. തിരുവനന്തപുരത്തു ടി.ശരത്ചന്ദ്രപ്രസാദും കൊല്ലത്തു വിഷ്ണുനാഥും എന്നായിരുന്നു ഇവിടെ ധാരണ. എന്നാൽ നായർ വിഭാഗത്തിൽപ്പെട്ട സനൽ തിരുവനനന്തപുരത്ത് വന്നതോടെ കൊല്ലത്ത് ഈഴവ പ്രതിനിധിയെ തീരുമാനിക്കുകയും വനിത എന്ന നിലയിൽ ബിന്ദുവിനു നറുക്കു വീഴുകയുമായിരുന്നു.

ഇത്തരത്തിൽ ജാതി-മത പരിഗണനകൾ ഉറപ്പിച്ചതോടെയാണ് മുസ്‌ളീം പ്രാതിനിധ്യം മുമ്പെന്നപോലെ മൂന്നു ജില്ലകളിൽ ഉണ്ടായത്. ഇടുക്കിയിൽ ഇബ്രാഹിംകുട്ടി പ്രസിഡന്റായതോടെയാണ് ഐ വിഭാഗത്തിനു പുനഃസംഘടനയിൽ മേധാവിത്വം ലഭിച്ചത്. കോഴിക്കോട്, കാസർകോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട ജില്ലകളേ എ വിഭാഗത്തിനുള്ളൂ. എന്നാൽ ഗ്രൂപ്പുകൾക്കു മുൻഗണന കൊടുക്കാതെ പട്ടിക പൊതുവെ മെച്ചപ്പെടുത്താനുള്ള ശ്രമത്തിനിടെയുണ്ടായ നീക്കുപോക്കായി മാത്രം ഇതിനെ കണ്ടാൽ മതിയെന്നാണ് സുധീരൻ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കുന്നത്.

ഇത്തരത്തിൽ ഗ്രൂപ്പിന്റെ മുൻതൂക്കംവച്ച് ചർച്ച നടക്കുമ്പോഴും സത്യത്തിൽ സുധീരൻ അനുകൂലികളാണ് പുതിയ ഡിസിസി പ്രസിഡന്റുമാരിലേറെയുമെന്നതും ശ്രദ്ധേയമാണ്. സുധീരനുമായി നല്ല ബന്ധം പുലർത്തി വരുന്നവരാണു സതീശൻ പാച്ചേനി, ബിന്ദു കൃഷ്ണ, എം.ലിജു, വി.വി.പ്രകാശ്, ഇബ്രാഹിംകുട്ടി എന്നിവർ. ഗ്രൂപ്പുകൾ നൽകിയ പട്ടികയ്‌ക്കൊപ്പം സുധീരന്റെ പട്ടികയിലും ഇവർ സ്ഥാനം പിടിച്ചത് സംസ്ഥാനത്ത് കോൺഗ്രസ്സിൽ ഗ്രൂപ്പതീത നിലപാടിന് ശക്തിപകരുമെന്നാണ് സൂചനകൾ. പുതിയ പ്രസിഡന്റുമാരെയെല്ലാം എഐസിസി നോമിനികളാണ് എന്ന നിലപാട് സുധീരൻ മുന്നോട്ടുവയ്ക്കുന്നതും അതുകൊണ്ടാണ്.

 നേതൃ ത്രയത്തിന്റെ അഭിപ്രായത്തിന് പുറമെ എംപിമാരും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും നൽകിയ പേരുകൾക്കും പ്രാധാന്യം ലഭിച്ചുവെന്നതും ശ്രദ്ധേയമാണ്. ഇതിനു പുറമെ കെ.മുരളീധരൻ, വി.ഡി.സതീശൻ തുടങ്ങിയവരെ ഡൽഹിയൽ വിളിപ്പിച്ചു ഹൈക്കമാൻഡ് ചർച്ചകൾ നടത്തിയതും വരും ദിനങ്ങളിൽ ഡിസികളിലും കെപിസിസിയിലും നടത്തുന്ന പൊളിച്ചെഴുത്തിനും അതിനു പുറമെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിലും എല്ലാ വിഭാഗത്തിന്റെയും പങ്കാളിത്തം ഉറപ്പിക്കാനും സമവായം ഉണ്ടാക്കാനും കൂടി ഉദ്ദേശിച്ചാണ്.

ഇപ്പോൾ തഴയപ്പെട്ട പി.സി.വിഷ്ണുനാഥിനെ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്കോ എഐസിസി ഭാരവാഹിത്വത്തിലേക്കോ കൊണ്ടുവരാനാണ് ആലോചന. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രത്യേക പരിപടികൾക്കായി ഗൾഫിലാണ്. ഇരുവരും തിരിച്ചെത്തിയശേഷം സുധീരനുമായി കൂടിയാലോചിച്ചു പുനഃസംഘടനാ പ്രക്രിയയുടെ അടുത്ത ഘട്ടം ആരംഭിക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് കൂടുതൽ സീറ്റു നേടാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രനേതൃത്വമെന്നതിനാൽ അതിന് മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിഷ്ണുനാഥ്, ഡീൻ കുര്യാക്കോസ് എന്നിവരെ യഥാക്രമം ചിറയിൻകീഴിലും ഇടുക്കിയിലും മത്സരിപ്പിച്ചേക്കും.

മാണി വിഭാഗം വിട്ടുപോയതിനാൽ കോൺഗ്രസിന് ലഭിക്കുന്ന കോട്ടയം സീറ്റിൽ സുധീരൻ ഡിസിസി പ്രസിഡന്റു ലിസ്റ്റിൽ നാമനിർദ്ദേശം ചെയ്‌തെങ്കിലും തഴപ്പെട്ട ടോമി കല്ലാനിയെ പരിഗണിക്കും. സംസ്ഥാനത്തെ മികച്ച ഡിസിസി അധ്യക്ഷനുള്ള ഹൈക്കമാൻഡിന്റെ അവാർഡ് നേടിയ കല്ലാനിയെ മാറ്റരുതെന്ന് സുധീരൻ ശക്തമായി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തെ ഇത്തവണ മാറ്റുകയായിരുന്നു. ഇത് തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ ഇറക്കാൻ ഉദ്ദേശിച്ചുള്ള തീരുമാനമാണെന്നാണ് വിലയിരുത്തൽ.

വനാട്ടിൽ ഷാനവാസിനു പകരം ടി സിദ്ദിഷും കാസർകോട് സതീശൻ പാച്ചേനിയും തൃശൂരിൽ ടിഎൻ പ്രതാപനം ലോക്‌സഭാ സ്ഥാനാർത്ഥികളാകുമെന്നും സൂചനകളുണ്ട്. സിദ്ദിഖും സതീശനും ഡിസിസി പുനഃസംഘടനയിൽ കയറിക്കൂടിയെങ്കിലും ഇത് താൽക്കാലികമാണെന്നും ഇരുവരും ലോക്‌സഭയിലേക്ക് മത്സരിക്കാനും നിയോഗിക്കപ്പെട്ടേക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP