Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോടികൾ വാരിയെറിഞ്ഞ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബിജെപിയും സിപിഎമ്മും കോപ്പുക്കൂട്ടുമ്പോൾ പണമില്ലാതെ നക്ഷത്രമെണ്ണി കേരളത്തിലെ കോൺഗ്രസ് പാർട്ടി; മുല്ലപ്പള്ളിയുടെ ജനമഹായാത്രയുടെ പ്രധാന ലക്ഷ്യം പ്രവർത്തന ഫണ്ട് സ്വരൂപിക്കൽ; നോട്ടെണ്ണൽ യന്ത്രം വരെ പിരിവു പണം എണ്ണാൻ ഉപയോഗിക്കുന്നെന്ന ആക്ഷേപത്തിലും കിട്ടിയത് തുച്ഛമായ തുക മാത്രം; രാഹുൽ ഗാന്ധിയുടെ പരിപാടി കൂടി കഴിഞ്ഞതോടെ പാർട്ടി ഖജനാവ് ശൂന്യം: പാർട്ടിയെ ചലിപ്പിക്കാൻ ഫണ്ട് തേടി മുല്ലപ്പള്ളിയുടെ നേട്ടോട്ടം

കോടികൾ വാരിയെറിഞ്ഞ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബിജെപിയും സിപിഎമ്മും കോപ്പുക്കൂട്ടുമ്പോൾ പണമില്ലാതെ നക്ഷത്രമെണ്ണി കേരളത്തിലെ കോൺഗ്രസ് പാർട്ടി; മുല്ലപ്പള്ളിയുടെ ജനമഹായാത്രയുടെ പ്രധാന ലക്ഷ്യം പ്രവർത്തന ഫണ്ട് സ്വരൂപിക്കൽ; നോട്ടെണ്ണൽ യന്ത്രം വരെ പിരിവു പണം എണ്ണാൻ ഉപയോഗിക്കുന്നെന്ന ആക്ഷേപത്തിലും കിട്ടിയത് തുച്ഛമായ തുക മാത്രം; രാഹുൽ ഗാന്ധിയുടെ പരിപാടി കൂടി കഴിഞ്ഞതോടെ പാർട്ടി ഖജനാവ് ശൂന്യം: പാർട്ടിയെ ചലിപ്പിക്കാൻ ഫണ്ട് തേടി മുല്ലപ്പള്ളിയുടെ നേട്ടോട്ടം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപിയെയോ സിപിഎമ്മിനെയും പോലെ കേഡർ സംവിധാനമുള്ള പാർട്ടിയല്ല കോൺഗ്രസ്. ഖദർ ചുളിയാതെ പോക്കറ്റിൽ 2000 രൂപ നോട്ടുകൾ പോക്കറ്റിലിട്ട് നടക്കുന്ന നേതാക്കൾ ഇഷ്ടം പോലെയുള്ള പാർട്ടിയാണ്. എന്നാൽ, സ്വന്തം കാര്യങ്ങൾക്ക് മാത്രം പണം കണ്ടെത്തുന്ന നേതാക്കൾക്ക് പാർട്ടിക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കാൻ തീരെ താൽപ്പര്യം പോരാ. അതിനിർണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പ് വാതിൽപ്പടിയിൽ നിൽക്കുമ്പോഴും ചെലവഴിക്കാൻ നയാപൈസ പാർട്ടിയുടെ ഖജനാവിൽ ഇല്ലാത്ത അവസ്ഥയാണ്. മുമ്പ് ഭരണം ഉണ്ടായിരുന്നപ്പോൾ ഏതുവിധേനെയും പ്രവർത്തിച്ച പാർട്ടിക്ക് ഇപ്പോൾ പ്രതിപക്ഷത്തായ ഘട്ടത്തിൽ കെപിസിസി ഓഫീസിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പണമില്ലാത്ത അവസ്ഥയിലാണ്.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുന്ന ജനമഹായാത്രയുടെ പ്രധാന ലക്ഷ്യ പോലും പാർട്ടിക്ക് പ്രവർത്തനഫണ്ട് സ്വരൂപിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. ബൂത്ത് തലത്തിൽ പണം പിരിക്കാൻ ലക്ഷ്യമിട്ട് കർശന നിർദ്ദേശം മുല്ലപ്പള്ളി നൽകിയെങ്കിലും അതും വേണ്ടവിധത്തിൽ ഗുണു ചെയ്യാത്ത അവസ്ഥയാണ്. ബാർ മുതലാളിമാർ നേരത്തെ കോൺഗ്രസിനെ കൈവിട്ടതോടെ പാർട്ടിയുടെ ഫണ്ട് വരവ് നേരത്തെ തന്നെ നിലച്ചിരുന്നു. ഇപ്പോൾ പണം പിരിക്കാനായി ആളുകളെ സമീപിക്കാനും കോൺഗ്രസ് പ്രവർത്തകർക്ക് കഴിയാത്ത അവസ്ഥയിലാണ്.

മുല്ലപ്പള്ളിയുടെ ജനമഹായാത്രയ്ക്ക് ഫണ്ട് പിരിച്ചുനൽകാത്തതിന് കണ്ണൂർ, കാസർകോട് ജില്ലകളിലെ പത്ത് മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ട അവസ്ഥയും ഉണ്ടായിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് കാലിയായ പാർട്ടി ഖജനാവിനെ കുറിച്ചു തന്നെയാണ്. കഴിഞ്ഞദിവസം കണ്ണൂരിലെത്തിയ കെപിസിസി. അധ്യക്ഷൻ കമ്മിറ്റികൾ പിരിച്ചുവിട്ടതിനെ ന്യായീകരിച്ചു. ഒരു ബൂത്ത് കമ്മിറ്റി 12,000 രൂപയാണ് പിരിച്ചുനൽകേണ്ടത്. മണ്ഡലംപരിധിയിൽ വരുന്ന ബൂത്തുകളിലെ ഫണ്ട് ശേഖരിച്ചുനൽകേണ്ടത് മണ്ഡലം കമ്മിറ്റിയുമാണ്. എന്നാൽ, ഈ പ്രവർത്തനങ്ങൾ വേണ്ടവിധത്തിൽ നടക്കുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം.

കെപിസിസിക്ക് സംസ്ഥാന തലത്തിൽ ഖജാൻജി അടക്കമുള്ള തസ്തികകൾ ഉണ്ട്. പലപ്പോഴും പണം കൈകാര്യം ചെയ്യാൻ ഭാഗ്യമില്ലാത്ത ഹതഭാഗ്യരായിരിക്കും ഇവർ. ഇത്തവണ കെപിസിസി. ഖജാൻജി ജോൺസൺ അബ്രഹാമാണ്. നയാപൈസ പാർട്ടിയുടെ പക്കലില്ലെന്ന് അദ്ദേഹം തന്നെ അടിവറയുന്നുണ്ട്. സിപിഎമ്മിനെ പോലെ സമ്പരുടെ പാർട്ടിയല്ല കോൺഗ്രസ് എന്നും പ്രവർത്തന ഫണ്ട് സ്വരൂപിക്കൽ പോലും കഷ്ടിയായി നടന്നു പോകുകയാണെന്നും അദ്ദേഹം പറയുന്നു.

പലരും പാർട്ടിഫണ്ട് സ്വരൂപിക്കാൻ വേണ്ടി യാത്ര നടത്തിയെങ്കിലും പാർട്ടി ഫണ്ടിലേക്ക് പണമൊന്നും എത്തിയില്ല. ഇത്തവണ എങ്കിലും പിരിച്ച പണം പാർട്ടിക്ക് കിട്ടണം എന്ന ഉദ്ദേശ്യത്തോടെയാണ് മുല്ലപ്പള്ളി യാത്ര നടത്തുന്നത്. പണപ്പിരിവിന്റെ കാര്യത്തിൽ കഷ്ടമാണ് കാര്യങ്ങൾ എന്നിരിക്കേയാണ് ദേശാഭിമാനിയിൽ കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജാഥയുടെ സ്വീകരണവേദിയിൽ പണപ്പിരിവിനായി നോട്ടെണ്ണൽ യന്ത്രവും സ്ഥാപിച്ചെന്ന് വാർത്ത വന്നത്. വയനാട്ടിലെ സ്വീകരണത്തിന് തുടക്കം കുറിച്ച മാനന്തവാടിയിലായിരുന്നു പരസ്യമായി യന്ത്രംവച്ച് എണ്ണി പണം പിരിച്ചത്.

സ്‌റ്റേജിനു താഴെ പ്രത്യേക പന്തലിൽ മേശയും കസേരയുമിട്ട് യന്ത്രം സ്ഥാപിച്ചായിരുന്നു തുടക്കത്തിൽ പിരിവ്. പിന്നീട്, ഇവിടെനിന്ന് സ്‌റ്റേജിനോട് ചേർന്നുള്ള കടവരാന്തയിലേക്ക് മാറ്റി. ഗാന്ധിനിന്ദക്കെതിരെ പ്രതിജ്ഞയെടുക്കുമ്പോഴും പിരിവുകാർ വേദിക്കരികിലെ ഗാന്ധി പ്രതിമയ്ക്കരികെയിരുന്ന് യന്ത്രത്തിൽ പണമെണ്ണി. കണ്ണൂർ, കാസർകോട് ജില്ലകളിലെ പണം കൊടുക്കാത്ത മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടതുപോലെ തങ്ങളുടെ കമ്മിറ്റികളും പിരിച്ചുവിടുമെന്നു ഭയന്ന് മണ്ഡലം പ്രസിഡന്റുമാർ എങ്ങനെയും പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു.

പാർട്ടി വലിയ തോതിൽ പണം പിരിക്കുന്നു എന്ന പ്രതീതി നോട്ടെണ്ണൽ യന്ത്രത്തിന്റെ വാർത്തയിലൂടെ ഉയർന്നെങ്കിലും അതല്ല സത്യമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. പ്രവർത്തിക്കാൻ ആവശ്യത്തിന് ഫണ്ടില്ലാത്ത അവസ്ഥയിലാണ് പാർട്ടി. എം.എം. ഹസൻ സ്ഥാനമൊഴിയുമ്പോൾ ചെറിയ ഫണ്ടുമാത്രമേ ഉണ്ടായിരുന്നുള്ളൂ. റഫാൽ അഴിമതി, ശബരിമല വിഷയം എന്നിവയുമായി ബന്ധപ്പെട്ട് 15 ലക്ഷത്തോളം വീടുകളിൽ ലഘുലേഖയെത്തിക്കൽ, രാഹുൽഗാന്ധിയുടെ രണ്ട് പര്യടനം എന്നിവയ്ക്കായി ചെലവുവന്നു. കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിക്ക് ലക്ഷങ്ങൾ ചിലവഴിക്കേണ്ടി വന്നു. പാർട്ടിക്കു പുറത്തുനിന്ന് ലഭിക്കുന്ന ഫണ്ട് തീരെയില്ലാത്ത അവസ്ഥയിലാണ്. അനർഹമായ ഫണ്ട് സ്വീകരിക്കാറില്ല. അക്കാര്യത്തിൽ കെപിസിസി. പ്രസിഡന്റിന്റെ ശക്തമായ നിർദ്ദേശവും നൽകിയിട്ടുണ്ട്.

മറ്റു പാർട്ടികളെപ്പോലെ പാർട്ടിയുടെ പ്രധാന ഭാരവാഹികൾക്ക് പ്രവർത്തനച്ചെലവൊന്നും കോൺഗ്രസിലില്ല. സ്വന്തം കീശയിൽനിന്നുവേണം പാർട്ടിപ്രവർത്തനം നടത്താൻ. ചുരുക്കം ചില സ്ഥലങ്ങളിൽ പാർട്ടിക്ക് സഹകരണ സ്ഥാപനങ്ങളും മറ്റുമുണ്ട്. അതിൽനിന്നൊക്കെ പാർട്ടിക്ക് വരുമാനം ലഭിക്കാറുമില്ല. മുൻപ് തിരഞ്ഞെടുപ്പുഫണ്ട് കേന്ദ്രത്തിൽനിന്ന് ലഭിക്കാറുണ്ട്. ഇപ്പോൾ കേന്ദ്രത്തിൽ ഭരണത്തിൽ അല്ലാത്ത സാഹചര്യത്തിൽ അവിടെ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ട.

കോൺഗ്രസിൽ പാർട്ടിക്കല്ല, വ്യക്തികൾക്കാണ് സമ്പാദ്യശീലമെന്ന് ഒരുവിഭാഗം പറയുന്നു. വിജയിച്ച നേതാക്കൾ പിന്നീട് പാർട്ടിക്ക് ഒന്നും നൽകുന്നില്ല. എംപി.മാരും എംഎ‍ൽഎ.മാരുമുണ്ടായിട്ടും സിപിഎമ്മിലെപ്പോലെ ലെവി സമ്പ്രദായം നിലവിലില്ല. പാർട്ടി മുഖപത്രവും സാമ്പത്തിക പ്രതിസന്ധിയിലാണ്. വീക്ഷണത്തിൽ ശമ്പളം കൊടുക്കുന്നത് പോലും വളരെ വൈകിയാണ്. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി നിറഞ്ഞതാണ്.

നേരത്തെ ജനമഹായാത്രയ്ക്ക് ഫണ്ട് പിരിച്ചു നൽകിയില്ലെന്ന കാരണം പറഞ്ഞു കോൺഗ്രസ് മണ്ഡലം കമ്മിറ്റികളെ പിരിച്ചുവിട്ടിരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലുള്ള പത്ത് മണ്ഡലം കമ്മിറ്റികളെയാണ് പിരിച്ചുവിട്ടത്. കാസർകോടുള്ള നായന്മാർ മൂലയിൽ നിന്നും ഈ മാസം മൂന്നിനാണ് യാത്ര ആരംഭിച്ചത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. 14 ജില്ലകളിലായി 26 ദിവസം നീളുന്ന പര്യടനം ഫെബ്രുവരി 28ന് തിരുവനന്തപുരത്താണ് സമാപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടാൻ പാർട്ടിയെ സജ്ജമാക്കുക എന്നതാണ് ജനമഹായാത്രയുടെ ലക്ഷ്യം. യാത്ര അവസാനിക്കുന്നതിനു മുൻപു തന്നെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി പ്രചാരണത്തിലേക്ക് കടക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP