Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

18 വർഷങ്ങൾക്ക് ശേഷം ഇത് ചരിത്ര മുഹൂർത്തം! എസ്എഫ്‌ഐയുടെ കുത്തകയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ യൂണിറ്റ് രൂപീകരിച്ച് കെ.എസ്.യു; അമൽ ചന്ദ്രൻ യൂണിറ്റ് പ്രസിഡന്റായുള്ള ഏഴംഗ കമ്മറ്റിയിൽ അംഗങ്ങളായി രണ്ട് പെൺകുട്ടികളും; കോളേജിനുള്ളിൽ പ്രവേശിച്ച് പ്രവർത്തകർ; സംഘർഷവും കത്തിക്കുത്തും നടന്ന കോളേജിൽ ഇനി എസ്എഫ്‌ഐയ്ക്ക് പുറമേ മറ്റൊരു വിദ്യാർത്ഥി സംഘടനയുടെ യൂണിറ്റും; കനത്ത സുരക്ഷാ വലയത്തിൽ കോളേജ്

18 വർഷങ്ങൾക്ക് ശേഷം ഇത് ചരിത്ര മുഹൂർത്തം! എസ്എഫ്‌ഐയുടെ കുത്തകയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ യൂണിറ്റ് രൂപീകരിച്ച് കെ.എസ്.യു; അമൽ ചന്ദ്രൻ യൂണിറ്റ് പ്രസിഡന്റായുള്ള ഏഴംഗ കമ്മറ്റിയിൽ അംഗങ്ങളായി രണ്ട് പെൺകുട്ടികളും; കോളേജിനുള്ളിൽ പ്രവേശിച്ച് പ്രവർത്തകർ; സംഘർഷവും കത്തിക്കുത്തും നടന്ന കോളേജിൽ ഇനി എസ്എഫ്‌ഐയ്ക്ക് പുറമേ മറ്റൊരു വിദ്യാർത്ഥി സംഘടനയുടെ യൂണിറ്റും; കനത്ത സുരക്ഷാ വലയത്തിൽ കോളേജ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്.എഫ്.ഐ കുത്തകയാക്കിയ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കേളേജിൽ 18 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കെ.എസ്.യു യൂണിറ്റിട്ടു. യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷങ്ങൾക്ക് പിന്നാലെയാണ് കാമ്പസിൽ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചത്. ഇതുവരെ എസ്.എഫ്.ഐക്ക് മാത്രമായിരുന്നു കോളേജിൽ യൂണിറ്റ് ഉണ്ടായിരുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന നിരഹാര സമരവേദിയിലാണ് യൂണിറ്റ് പ്രഖ്യാപിച്ചത്. അമൽ ചന്ദ്രൻ പ്രസിഡന്റായുള്ള കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയാണ് രൂപീകരിച്ചത്.

മുന്നിട്ടിറങ്ങാൻ പലർക്കും ഭയമാണെന്നും യൂണിറ്റ് രൂപീകരിച്ചാൽ ഒപ്പം പ്രവർത്തിക്കാൻ തയ്യാറാണെന്ന് കോളേജിലെ വിദ്യാർത്ഥികൾ പറഞ്ഞതായും ഭാരവാഹികൾ അറിയിച്ചു. യൂണിവേഴ്‌സിറ്റി കോളജിൽ ഒരു സംഘടന മതിയെന്ന എസ്എഫ്‌ഐ വാദം അംഗീകരിക്കാൻ കഴിയില്ലെന്നു കെഎസ്‌യു നേതൃത്വം വ്യക്തമാക്കി.കൂടുതൽ കുട്ടികൾ കെഎസ്‌യുവിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോളജ് ക്യാംപസിൽ കൊടിമരം വയ്ക്കുന്നത് കോളജ് അധികൃതരുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും കെഎസ്‌യു നേതൃത്വം വ്യക്തമാക്കി

അമൽ ചന്ദ്രൻ അധ്യക്ഷനായ കമ്മിറ്റിയിൽ ഏഴ് അംഗങ്ങളാണുള്ളത്. രണ്ട് പെൺകുട്ടികളും കമ്മിറ്റിയിലുണ്ട്. വൈസ് പ്രസിഡന്റായി ആര്യ എസ് നായർ, സെക്രട്ടറി അച്ച്യുത്, ട്രഷറർ അമൽ.പി.ടി, ജോ.സെക്രട്ടറി ഐശ്വര്യ ജോസഫ്, ബോബൻ, സാബി എന്നിവരാണ് ഭാരവാഹികൾ. യൂണിയൻ രൂപീകരിച്ച ശേഷം വിദ്യാർത്ഥികളായ ഇവർ കോളേജ് കാമ്പസിനുള്ളിൽ പ്രവർത്തിച്ചിട്ടുണ്ട്. കനത്ത പൊലീസ് സുരക്ഷക്കിടെ ഐഡി കാർഡുകൾ കാണിച്ച ശേഷമാണ് ഇവർക്ക് കാമ്പസിൽ പ്രവേശിക്കാൻ സാഘിച്ചത്.

എസ്.എഫ്.ഐ പ്രവർത്തകൻ തന്നെയായ അഖിൽ എന്ന വിദ്യാർത്ഥിയെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ ആക്രമിച്ചതോടെ യൂണിവേഴ്സിറ്റി കോളേജ് വലിയ വിദ്യാർത്ഥി പ്രതിഷേധത്തിന് വേദിയായിരുന്നു. എസ്എഫ്ഐ യൂണിറ്റിനെതിരെ സംഘടനയിൽ ഉൾപ്പെട്ട വിദ്യാർത്ഥികളും പ്രതിഷേധത്തിന് മുൻ നിരയിൽ ഉണ്ടായിരുന്നു. ഇവരെയടക്കം ഒപ്പം നിർത്തുകയാണ് യൂണിറ്റ് രൂപീകരിച്ചതിലൂടെ കെ.എസ്.യു ലക്ഷ്യമിടുന്നത്. തിരിച്ചറിയൽ കാർഡ് പരിശോധിച്ചാണ് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും കടത്തിവിട്ടത്. ഇനി മുതൽ ഇങ്ങനെയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കോളജിന്റെ കവാടത്തിലും പുറത്തും കനത്ത പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കോളേജിൽ അച്ചടക്കം നിലനിർത്താൻ കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ അടിമുടി മാറ്റമാണ് യൂണികാമ്പസിൽ നടപ്പാക്കിയിട്ടുള്ളത്. പൂർണ്ണ ചുമതലയോടെ പുതിയ പ്രിൻസിപ്പലായി ഡോ. സി. സി. ബാബുവിനെ നിയമിച്ചതാണ് ഇതിൽ പ്രധാനം. എല്ലാവരെയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.ഏറെ നാളായി ഇൻചാർജ് ഭരണത്തിലായിരുന്നു കോളേജ്.

കോളേജിലെ രാഷ്ട്രീയ പ്രവർത്തനത്തിന് പ്രിൻസിപ്പലിന്റെ അനുമതി വേണമെന്നാണ് കോളേജ് കൗൺസിലിന്റെ നിർദ്ദേശം. കാമ്പസിലെ രാഷ്ട്രീയ ചിഹ്നങ്ങളും ബാനറുകളും എല്ലാം മാറ്റി. എന്നാൽ, കൊടിമരങ്ങളും മണ്ഡപങ്ങളും മാറ്റിയിട്ടില്ല. കോളേജിന് മുന്നിലും വിവിധ വകുപ്പുകൾക്ക് മുന്നിലും എസ്.എഫ്.ഐ.യുടെ കൊടിമരങ്ങളുണ്ട്. റീ അഡ്‌മിഷൻ നിർത്തലാക്കിയതാണ് മറ്റൊരു നടപടി.ഇതോടെ ക്ലാസ് കട്ട്ചെയ്തുള്ള സംഘടനാ പ്രവർത്തനം ഇല്ലാതാവുമെന്നാണ് വിലയിരുത്തുൽ. ഇത് നടപ്പാക്കാനുള്ള അധികാരവും കൗൺസിൽ പ്രിൻസിപ്പലിന് നൽകിയിട്ടുണ്ട്. റീ അഡ്‌മിഷൻ ഇനി വേണ്ടെന്നാണ് നിലപാട്. റഗുലർ രീതിയിൽ ഏറ്റവും ഉയർന്ന മാർക്കുള്ള വിദ്യാർത്ഥികൾക്ക് മാത്രമേ കോളേജിൽ പ്രവേശനം നൽകൂ എന്നും തീരുമാനിച്ചിട്ടുണ്ട്.

സംഘർഷത്തിൽ പുറത്തുനിന്നുള്ളവരും ഉണ്ടായിരുന്നെന്നാണ് പൊലീസ് റിപ്പോർട്ട്. ഭാവിയിൽ ഇത് ഒഴിവാക്കാൻ എല്ലാ വിദ്യാർത്ഥികളും തിരിച്ചറിയൽ കാർഡ് ഉപയോഗിക്കണം. പുറത്തുനിന്നുള്ളവരുടെ സാന്നിദ്ധ്യം പരമാവധി ഒഴിവാക്കണം. വിദ്യാർത്ഥികൾക്ക് അനർഹമായ പരിഗണന നൽകുന്നത് ഒഴിവാക്കാൻ അദ്ധ്യാപകരെയും ജീവനക്കാരെയും പുനർ വിന്യസിച്ചിട്ടുണ്ട്. അദ്ധ്യാപകരുടെ പഞ്ചിങ് പുനഃസ്ഥാപിക്കാനും നീക്കമുണ്ട്. ഹോസ്റ്റൽ വിദ്യാർത്ഥികളുടെ ലിസ്റ്റ് പൊലീസിന് കൈമാറും.കോളേജിലെ യൂണിയൻ ഓഫീസ് ഒഴിപ്പിച്ച് ക്ലാസ് മുറിയാക്കിയിട്ടുണ്ട്. ഉത്തരക്കടലാസുകൾ സൂക്ഷിക്കാൻ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ സ്ട്രോംഗ് റൂം ഒരുക്കും.

പരീക്ഷാ ആവശ്യങ്ങൾക്ക് പുതിയൊരു ഓഫീസ് തുറക്കും. കോളേജിലെ പരീക്ഷാ ചീഫ് സൂപ്രണ്ടിനെയും മൂന്ന് അനദ്ധ്യാപകരെയും മാറ്റിയതായും കോളേജ് വിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ വ്യക്തമാക്കി. 12നാണ് കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് മുൻ നേതാക്കളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ ആക്രമിച്ചത്. തുടർന്ന് പ്രതിഷേധവുമായി വിദ്യാർത്ഥികൾ തെരുവിലേക്കിറങ്ങുകയായിരുന്നു.

അതേസമയം സെക്രട്ടറിയേറ്റ് പടിക്കൽ കെ.എസ്.യു നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. കെ എസ് യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന നിരാഹാര സമരം പ്രവർത്തക പങ്കാളിത്തം കൊണ്ടും ജനപിന്തുണ കൊണ്ടും ശ്രദ്ധേയമാവുകയാണ്. എന്നാൽ ഒരാഴ്‌ച്ച പിന്നിടുമ്പോഴും സർക്കാർ സമരത്തോട് പൂർണമായും മുഖം തിരിഞ്ഞു നിൽക്കുകയാണ്. സമരത്തെ അടിച്ചമർത്തുന്ന മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധം ശക്തമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP