Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ട നിലനിർത്താൻ പഴുതടച്ച് പടനയിച്ച് സിപിഎം; ഇടതുശൈലി കടമെടുത്ത് യുഡിഎഫ്; തിരിച്ചു പിടിക്കാൻ യുഡിഎഫും നിലനിർത്താൻ എൽഡിഎഫും ജീവന്മരണ പോരു നടത്തുന്ന കണ്ണൂരിൽ എൻഡിഎയുടെ അവസാനഘട്ട പ്രചരണത്തിന് പോലും ആളില്ല

കോട്ട നിലനിർത്താൻ പഴുതടച്ച് പടനയിച്ച് സിപിഎം; ഇടതുശൈലി കടമെടുത്ത് യുഡിഎഫ്; തിരിച്ചു പിടിക്കാൻ യുഡിഎഫും നിലനിർത്താൻ എൽഡിഎഫും ജീവന്മരണ പോരു നടത്തുന്ന കണ്ണൂരിൽ എൻഡിഎയുടെ അവസാനഘട്ട പ്രചരണത്തിന് പോലും ആളില്ല

രഞ്ജിത് ബാബു

കണ്ണൂർ: പരസ്യ പ്രചാരണം അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ ഒരു വട്ടം കൂടി വോട്ടുറപ്പിച്ച് വിജയം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് കണ്ണൂരിലെ ഇരുമുന്നണികളുടെയും പ്രവർത്തകർ. വീടുകൾ തോറും കയറിയിറങ്ങി വോട്ടുറപ്പിക്കാൻ എൽ.ഡി.എഫ്. പ്രവർത്തകർ സജീവമാകുന്ന കാഴ്ചയാണ് കണ്ണൂരിൽ കാണുന്നത്.

അഭിപ്രായ സർവ്വേകളെ മാറ്റിമറിക്കാനുള്ള നിർദ്ദേശമാണ് എൽ.ഡി.എഫ് നേതൃത്വം പ്രവർത്തകർക്ക് നൽകിയിട്ടുള്ളത്. ഓരോ ബൂത്തിൽ നിന്നും പരമാവധി ആളുകളെ വോട്ട് ചെയ്യിക്കാൻ അന്തിമ പോരാട്ടത്തിനാണ് പ്രവർത്തകർ ഒരുങ്ങിയിട്ടുള്ളത്. അതിനായി ഇരുപതോളം പേർ അടങ്ങുന്ന സംഘം ഓരോ വീടുകളിലും കയറിയിറങ്ങി വോട്ടുകൾ ഉറപ്പിക്കുന്ന പ്രവർത്തനത്തിലാണ്.

കഴിഞ്ഞ ദിവസം വൈകീട്ട് മുതൽ ഇത്തരമൊരു പ്രവർത്തനത്തിനാണ് എൽ.ഡി.എഫ് രംഗത്തിറങ്ങിയിട്ടുള്ളത്. ചില പ്രാദേശിക പ്രശ്നങ്ങൾ കാരണം ഇടഞ്ഞ് നിൽക്കുന്ന പാർട്ടി അനുഭാവികളെ പരമാവധി അടുപ്പിക്കാനും വോട്ട് ചെയ്യിക്കാനും ഇതു വഴി കഴിയുമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്. മാത്രമല്ല വോട്ട് ചെയ്യാതെ മാറി നിൽക്കുന്നവരെ അനുനയിപ്പിച്ചും എതിർ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഭിന്നിച്ചു നിൽക്കുന്നവരെ ഒപ്പം നിർത്തിയും ഈ സംഘം വോട്ട് തേടുകയാണ്.

എന്നാൽ എൽ.ഡി.എഫിനെ പിടിച്ചു നിർത്താൻ യു.ഡി.എഫും അവസാനവട്ട പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. മഹിളാ കോൺഗ്രസ്സ് പ്രവർത്തകരെ ഇറക്കി വീടുകൾ തോറും അവസാന വട്ട സന്ദർശനം പുരോഗമിക്കുകയാണ്. അതോടൊപ്പം വോട്ടർമാരുടെ ക്രമനമ്പർ രേഖപ്പെടുത്തിയ സ്ലിപ്പും വിതരണം ചെയ്യുന്നുണ്ട്. സമീപകാലത്തെ തെരഞ്ഞെടുപ്പ് ശൈലിയിൽ നിന്നും മാറി ഈ അവസാന വട്ട പ്രവർത്തനം യു.ഡി.എഫിന് നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് അവരുടെ വിശ്വാസം. ഇത്തരമൊരു അന്തിമഘട്ട സന്ദർശനം യു.ഡി.എഫ് ഇതാദ്യമായാണ് നടത്തുന്നത്. സിപിഎമ്മിന്റെ ശൈലി പിൻതുടർന്ന് ഇത്തരമൊരു തെരഞ്ഞെടുപ്പ് രീതി വോട്ട് പാഴായി പോകുന്നത് തടയാനാകുമെന്നാണ് നേതൃത്വത്തിന്റെ വിശ്വാസം.

ഓരോ ബൂത്ത് പരിധിയിലും വനിതകളടങ്ങുന്ന സംഘങ്ങളാണ് സിപിഎമ്മിനു വേണ്ടി വീടുകൾ കേന്ദ്രീകരിച്ച് രംഗത്ത് ഇറങ്ങിയിട്ടുള്ളത്. മണ്ഡലത്തിലെ അടിയൊഴുക്കൾ തങ്ങൾക്ക് അനുകൂലമാക്കാനുള്ള അവസാന വട്ട ശ്രമമാണ് ഇരു മുന്നണികളും നടത്തി വരുന്നത്. എന്നാൽ അടിയൊഴുക്കുകൾ ഏത് വിധത്തിലെന്ന കാര്യത്തിൽ വ്യക്തമായ അഭിപ്രായം രണ്ടു മുന്നണികൾക്കുമില്ല. സിപിഎം. ലോക്കൽ സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിമാരും നേതൃത്വം വഹിച്ചുകൊണ്ടാണ് ഇത്തരമൊരു പ്രചാരണ സംവിധാനം നടത്തുന്നത്.

എന്നാൽ യു.ഡി.എഫ് ബൂത്ത് പ്രസിഡണ്ടുമാരും ഭാരവാഹികളും മഹിളാ പ്രവർത്തകരും ചേർന്നുള്ള വോട്ട് തേടലാണ് അവസാനവട്ടമായി നടത്തുന്നത്. അന്തിമഘട്ട പ്രചാരണത്തിന് എൻ.ഡി.എ. സ്ഥാനാർത്ഥിക്കുവേണ്ടിയുള്ള പ്രചാരണത്തിന് ആരും ഇറങ്ങിയതായി സൂചനയില്ല. കഴിഞ്ഞ തവണ കണ്ണൂർ മണ്ഡലത്തിൽ നേരിട്ട പരാജയത്തിന്റെ കാരണങ്ങളിൽ പഴുതടച്ച് മണ്ഡലം തിരിച്ച് പിടിക്കുക എന്ന വാശിയിലാണ് സുധാകരൻ. ഒപ്പം പാർട്ടിയും യു.ഡി.എഫും സജീവമായതോടെ കോൺഗ്രസ്സ് അണികളിൽ വിജയ പ്രതീക്ഷ ഉടലെടുത്തിരിക്കയാണ്.

തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ കാര്യത്തിൽ കണക്ക് കൂട്ടലുകൾക്ക് ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ് കണ്ണൂർ. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കൂടി 1,02,176 വോട്ടുകളുടെ ഭൂരിപക്ഷമാണ് എൽ.ഡി.എഫ് നേടിയത്. ഈ ആത്മ വിശ്വാസത്തോടെയാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

എന്നാൽ നിയമസഭാ വോട്ട് നിലയിൽ നിന്നും ലോകസഭാ വോട്ടുകൾ മാറി മറിയുന്നത് കണ്ണൂരിൽ പതിവാണ്. രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങളുള്ള ജില്ലയാണ് സിപിഎമ്മിനെ സംബന്ധിച്ച് കണ്ണൂർ. എങ്കിലും പലപ്പോഴും ലോകസഭാ തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന് കണ്ണൂർ മണ്ഡലത്തിൽ കാലിടറിയിട്ടുണ്ട്. 2009 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായ കെ. സുധാകരൻ 43,151 വോട്ടിന് ജയിച്ചു കയറിയതാണ് ഒടുവിലത്തെ തെളിവ്. 2014 ൽ സിറ്റിങ് എം. പി. യായ കെ. സുധാകരനെ അട്ടിമറിച്ച് സിപിഎം. ലെ പി.കെ. ശ്രീമതി വിജയിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP