Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹിന്ദു സമുദായ പിന്തുണ പോയ ഇടതു പക്ഷത്തിനെ ലത്തീൻ കത്തോലിക്കർ സഹായിക്കുമോ? ഇടതു പക്ഷത്തേക്ക് വാതിൽ തുറന്ന് ബിഷപ്പ് സൂസെപാക്യം; കരുതലോടെ സിപിഐ(എം)

ഹിന്ദു സമുദായ പിന്തുണ പോയ ഇടതു പക്ഷത്തിനെ ലത്തീൻ കത്തോലിക്കർ സഹായിക്കുമോ? ഇടതു പക്ഷത്തേക്ക് വാതിൽ തുറന്ന് ബിഷപ്പ് സൂസെപാക്യം; കരുതലോടെ സിപിഐ(എം)

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടതുപക്ഷവുമായി സഹകരിക്കാൻ കേരളത്തിലെ ലത്തീൻ കത്തോലിക്കാ സഭ തയാറാണെന്ന് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം പറയുമ്പോൾ കരുതലോടെ നീങ്ങാനാണ് സിപിഐ(എം) തീരുമാനം. ചാടിപ്പിടിച്ച് പ്രസ്താവനകൾ നടത്തി വെട്ടിലാകാൻ സിപിഐ(എം) തയ്യാറല്ല. യുഡിഎഫിന് മേൽ സമ്മർദ്ദമുയർത്തി കാര്യസാധ്യത്തിനുള്ള നീക്കമാണോ സൂസപാക്യം നടത്തുന്നതെന്ന സംശയവുമുണ്ട്. ഹൈന്ദവ വോട്ടുകളിൽ ചോർച്ചയുണ്ടായ സാഹചര്യത്തിൽ തെക്കൻ കേരളത്തിൽ ലത്തീൻ സഭയുടെ പിന്തുണ സിപിഎമ്മിന് ഗുണകരവുമാണ്. അുകൊണ്ട് കൂടിയാണ് സൂക്ഷിച്ച് നീങ്ങാനുള്ള തീരുമാനം.

പാർലമെന്റെ തെരഞ്ഞെടുപ്പിലും നെയ്യാറ്റിൻകര, അരുവിക്കര ഉപതെരഞ്ഞെടുപ്പുകളിലും തിരുവനന്തപുരത്ത് കോൺഗ്രസിന് വിജയമൊരുക്കിയ പ്രധാന ഘടകം ലത്തീൻ സഭയുടെ പിന്തുണയാണ്. തീരപ്രദേശത്ത് ഏറെ സ്വാധീനം ലത്തീൻ സഭയ്ക്കുണ്ട്. നാടാർ വിഭാഗത്തിൽ വലിയൊരു ശതമാനവും ലത്തീൻ സഭയ്‌ക്കൊപ്പമാണ് നിൽക്കുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തിരുവനന്തപുരത്ത് വോട്ട് ബാങ്കായി മാറി ജയപരാജയങ്ങളെ സ്വാധീനിക്കാൻ ലത്തീൻ സഭയ്ക്ക് കഴിയും. ലത്തീൻ സഭയുടെ രാഷ്ട്രീയ നയരൂപീകരണ സംവിധാനമായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) പ്രസിഡന്റാണ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം.

അതുകൊണ്ട് തന്നെ ലത്തീൻ സഭയുടെ നീക്കം സിപിഎമ്മിന് ആശ്വാസമാണ്. തെക്കൻ മേഖലയിൽ സിപിഎമ്മിന്റെ പരമ്പരാഗത ഹിന്ദു വോട്ടുകളിൽ വലിയ തോതിൽ ബിജെപി വിള്ളലുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലത്തീൻ സഭയുടെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെ സിപിഐ(എം) കാണുന്നത്. വരും ദിനങ്ങളിൽ ലത്തീൻ സഭയുടെ ആവശ്യങ്ങളെന്തെന്ന് അറിയാൻ സിപിഐ(എം) ശ്രമിക്കും. ഇടതു പക്ഷവുമായി സഹകരിക്കാമെന്ന വാഗ്ദാനം സത്യസന്ധമാണെന്ന് ബോധ്യപ്പെട്ടാൽ ലത്തീൻ സഭയുടെ പ്രവർത്തനങ്ങളോട് സിപിഐ(എം) മുന്നിൽ നിന്ന് സഹായം നൽകും. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോലും സഭയുടെ അഭിപ്രായങ്ങൾക്ക് മുൻതൂക്കം നൽകും.

മുമ്പും സമാനമായ അഭിപ്രായങ്ങൾ ലത്തീൻ സഭ നടത്തിയിട്ടുണ്ട്. പക്ഷേ കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കി കാര്യം നേടിയ ശേഷം വീണ്ടു യുഡിഎഫ് പക്ഷത്തേക്ക് പോകും. ഇത്തവണത്തെ പ്രസ്താവനയിലും താൽപ്പര്യങ്ങളാണ് നിഴലിക്കുന്നത്. അതുകൊണ്ട് തന്നെ അജണ്ടകൾ നടപ്പാക്കാനുള്ള സൂസപാക്യത്തിന്റെ തന്ത്രമാണ് പ്രസ്താവനയെന്ന് കരുതുന്നവരും സിപിഎമ്മിലുണ്ട്. അതുകൊണ്ട് കൂടിയാണ് എടുത്തു ചാടി ഒന്നും വേണ്ടെന്ന സിപിഐ(എം) തീരുമാനം വരാൻ കാരണവും.

ഞങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ ഇടതിന് കഴിയുമെങ്കിൽ അവരോട് സഹകരിക്കാമെന്നായിരുന്നു സൂസപാക്യത്തിന്റെ പ്രഖ്യാപനം. ലത്തീൻ സഭയ്ക്ക് ഒരു രാഷ്ട്രീയ വിഭാഗത്തിനോടും പ്രത്യേക അടുപ്പമോ അകൽച്ചയോ ഇല്ല. ഇടതുപക്ഷം സമുദായത്തിനു നിഷിദ്ധമാണെന്നു കരുതുന്നില്ല. നേരത്തെ ഇടതുപക്ഷവുമായി ലത്തീൻ സമുദായത്തിന് അകൽച്ചയുണ്ടായിരുന്നു എന്നതു വാസ്തവമാണ്. വിശ്വാസം സംബന്ധിച്ച കാര്യങ്ങളിലായിരുന്നു അത്. അവരുടെ ആ മനോഭാവം ഇപ്പോൾ മാറിയിട്ടുണ്ട്. വിശാലമായി കാര്യങ്ങൾ കാണാൻ അവർ ശ്രമിക്കുന്നുണ്ടെന്നും ആർച്ച്ബിഷപ് പറഞ്ഞു.

ഇരുപതു ലക്ഷത്തോളം വരുന്ന ലത്തീൻ സമുദായത്തിനു വേണ്ടി മാത്രമല്ല ആവശ്യങ്ങൾ ഉന്നയിക്കുന്നത്. എല്ലാ പിന്നാക്കക്കാർക്കും ദുർബല വിഭാഗങ്ങൾക്കും വേണ്ടിയാണ്. കോൺഗ്രസിനോടും നേതാക്കളോടും യുഡിഎഫ് സർക്കാരിനോടും പല വട്ടം കാര്യങ്ങൾ അവതരിപ്പിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും നെയ്യാറ്റിൻകര, അരുവിക്കര ഉപതിരഞ്ഞെടുപ്പുകളിലും സമുദായംഗങ്ങൾ കോൺഗ്രസുമായി സഹകരിച്ചിട്ടുണ്ടെന്നും സൂസപാക്യം വ്യക്തമാക്കി.

തെരഞ്ഞെടുപ്പിനു മുൻപ് മുഖ്യമന്ത്രിയെ കണ്ടപ്പോൾ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പു നൽകിയതാണ്. എന്നാൽ ഇത്രകാലമായിട്ടും നടപ്പായില്ല. ആവശ്യങ്ങൾ ന്യായമല്ലെന്ന് ആരും പറയുന്നില്ല. എത്രയും പെട്ടെന്നു നടപ്പാക്കുമെന്നു പറയുകയും ചെയ്യും. പക്ഷേ ഒന്നും ഇതുവരെ ചെയ്തിട്ടില്ല. കെപിസിസി പ്രസിഡന്റ് വി എം. സുധീരനുമായും ഇക്കാര്യങ്ങൾ സംസാരിച്ചു. പ്രശ്‌നം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമെന്ന് കെആർഎൽസ ിസി രാഷ്ട്രീയകാര്യ സമിതി കൺവീനർ ഷാജി ജോർജ് അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP